Dec 23, 2021 • 9M

ഇസ്തിരിക്കട നടത്തി നാല്പത്തിയൊന്നാം വയസ്സിൽ ഡോക്ടറേറ്റ് നേടി അമ്പിളി!

സമൂഹത്തിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ചാൽ ഒടുക്കം നിരാശയും കുറ്റബോധവും മാത്രമാകും ബാക്കി. ഒരു നഷ്ടബോധത്തിന് ഇട കൊടുക്കാത്ത രീതിയിൽ ഞാൻ എന്റെ ജീവിതം ആനന്ദത്തോടെ ജീവിക്കും

Anagha Jayan E
Comment
Share
 
1.0×
0:00
-9:11
Open in playerListen on);
Episode details
Comments

"സ്ത്രീകൾക്ക് ജീവിതം ഒരിക്കലും നിലയ്ക്കാത്ത പോരാട്ടം തന്നെയാണ്. ഒട്ടും പോരാടാതെ വിജയം വരിച്ച സ്ത്രീകൾ ഇല്ല തന്നെ" - ലോകപ്രശസ്ത തത്വചിന്തകരുടെ മൊഴിമുത്തല്ല; മറിച്ച് പ്രതിസന്ധികളെ വളമാക്കി പൂജ്യത്തിൽ നിന്നും ഗവേഷണ ബിരുദം വരെ നേടിയെടുത്ത അമ്പിളി എന്ന നാൽപത്തിയൊന്ന്കാരിയുടെ വാക്കുകളാണ്. സോഷ്യൽ മീഡിയയിൽ താരമായ ഈ വനിതാരത്നത്തിന്റെ ജീവിതകഥ കേട്ടാൽ ആരും സല്യൂട്ട് അടിച്ച് പോകും!

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രനടയിൽ 'വിജയ വാഷിങ് സെന്റർ' എന്നപേരിൽ പഴയൊരു ഇസ്തിരിക്കട ഉണ്ടായിരുന്നു. അമ്പിളിയുടെ അച്ഛൻ ഒരു കടമുടി വാടകയ്ക്ക് എടുത്ത് നടത്തിയിരുന്ന ആ സംരംഭം ആയിരുന്നു അമ്പിളിയും അമ്മയും സഹോദരനും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക വരുമാനം.

അമ്പിളിയുടെ വാക്കുകൾ കടമെടുത്താൽ, 'ഉള്ള വരുമാനം കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞ കുടുംബം.' എന്നാൽ അമ്പിളിക്ക് പത്തൊൻപത് വയസ്സുള്ളപ്പോൾ അച്ഛൻ മരണമടഞ്ഞു. അവിടെ നിന്നാണ് ഈ സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത്.

അവസാന വർഷം മുഴുമിപ്പിക്കാൻ അമ്പിളി തൃശ്ശൂർ കൈരളി വിദ്യാപീഠത്തിൽ പ്രത്യേക പരിശീലനത്തിന് ചേർന്നു. വ്യാകരണവും ഭാഷാ ശാസ്ത്രവും വഴങ്ങാൻ അല്പം പാടായിരുന്നു. അങ്ങനെ 2011-ൽ ഡിഗ്രി പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷന് ചേർന്നു

"എല്ലാം തകിടം മറിഞ്ഞു. ഞാൻ അന്ന് പ്രീഡിഗ്രി പാസ് ആയിട്ടേ ഉള്ളൂ. പഠനം തുടരാൻ പോയിട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തന്നെ വഴിയില്ലാതെ ആയി. ഗത്യന്തരമില്ലാതെ ഞാൻ അച്ഛന്റെ ഇസ്തിരിക്കട ഏറ്റെടുത്തു. പിന്നെ നാട്ടുകാരുടെ തുണികൾ തേച്ച് മിനുക്കുന്ന ജോലിക്കിടയിൽ സ്വന്തം ജീവിതം തേച്ച് മിനുക്കാൻ മറന്നു. ഏഴ് വർഷമാണ് അങ്ങനെ കടന്നുപോയത്.." - അമ്പിളി ഓർത്തെടുത്തു.

26 വയസ്സായപ്പോഴേക്ക് വീട്ടിൽ വിവാഹാലോചനകൾ തകൃതിയായി. 26 വയസ്സ് വരെ ഒരു സ്ത്രീ അവിവാഹിതയായി കഴിയുക എന്നത് അക്കാലത്ത് പലരുടെയും നെറ്റി ചുളിച്ചു. അങ്ങനെ 26 വയസ്സിൽ അമ്പിളി വിവാഹിതയായി. ഒരു വർഷം പോലും നീണ്ടുനിൽക്കാതിരുന്ന ബന്ധം. അക്കാലം ഓർത്തെടുക്കാൻ പോലും ഇന്ന് അമ്പിളിക്ക് താത്പര്യമില്ല. ഒരു വർഷത്തിനുള്ളിൽ തന്നെ ബന്ധം വേർപെടുത്തി അമ്പിളി തിരികെ അമ്മയ്ക്ക് ഒപ്പം താമസമാക്കി.

പഴയ ഇസ്തിരിക്കട നഷ്ടപ്പെട്ടു എങ്കിലും കുറച്ച് മാറി പുതിയൊരെണ്ണം തുടങ്ങുകയും ചെയ്തു. വിരസമായ ജീവിതം. വായന മാത്രമായിരുന്നു അമ്പിളിക്ക് ആശ്വാസം എകിയിരുന്നത്. ലൈബ്രറിയിലെ സ്ഥിര സന്ദര്ശകയായിരുന്ന അമ്പിളി ആർത്തിയോടെ ഒട്ടേറെ മലയാള സാഹിത്യ കൃതികൾ വായിച്ചുകൂട്ടി. പക്ഷെ ഉന്നത വിദ്യാഭ്യാസം എന്നത് അമ്പിളിയുടെ മനസ്സിൽ അന്നും ഒരു ആഗ്രഹമായി ശേഷിച്ചു. അപ്പോഴേക്ക് അച്ഛൻ മരിച്ചിട്ട് ഒൻപത് വർഷങ്ങൾ കടന്നുപോയിരുന്നു.

2008-ൽ ആണ് വിദൂര വിദ്യാഭ്യാസം എന്നൊന്ന് ഉണ്ടെന്ന് അമ്പിളി കേൾക്കുന്നത്. "ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ എന്തും സഹിച്ച് ഞാൻ വിദ്യാഭ്യാസം തുടർന്നേനെ. അറിയാൻ വൈകി പോയെങ്കിലും അതോർത്ത് വിഷമിച്ചിരിക്കാൻ നിന്നില്ല. കോഴിക്കോട് സർവകലാശാലയിൽ മലയാളം ബിരുദത്തിന് ചേർന്നു. അപ്പോൾ അടുത്ത പ്രതിസന്ധി ഉയർന്നു. ബിഎ മലയാളം പഠിക്കുന്നതിനെ നാട്ടുകാരും ബന്ധുക്കളും എല്ലാം നഖ ശിഖാന്തം വിമർശിച്ചു.

അക്കാലത്ത് കൊമേഴ്‌സിനാണ് ഡിമാൻഡ്. 'സയൻസും കൊമേഴ്‌സും പഠിച്ചവർ ഇവിടെ പണിയില്ലാതെ നടക്കുന്നു. എന്നിട്ട് നീ മലയാളം പഠിച്ചിട്ട് എന്താക്കാനാണ്?!' ആളുകൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു. അല്ലെങ്കിൽ തന്നെ മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു എന്നായിരുന്നു മറ്റൊരു കൂട്ടം ആളുകളുടെ ചോദ്യം. 'പെണ്ണ് മറ്റൊരു വിവാഹം കഴിച്ച് കുടുംബം നോക്കുന്നതിന് പകരം ഒരു ഉപകാരവുമില്ലാത്ത വിഷയം പഠിച്ച് സമയം കളയുന്നു' എന്ന ആക്ഷേപം വേറെ. ഏക പ്രതീക്ഷ അമ്മയായിരുന്നു. 'മോൾക്ക് ഇഷ്ടമുള്ളത് പഠിക്കൂ. ഇഷ്ടമുള്ളത് പോലെ ചെയ്യൂ' എന്ന് അമ്മ തറപ്പിച്ച് പറഞ്ഞു. അമ്മയുടെ ആ വാക്കുകൾ ആണ് ഇന്നും എന്റെ ഊർജ്ജം,' അമ്പിളി പറയുന്നു.

പക്ഷെ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല മലയാള ഭാഷാ പഠനം. ഡിഗ്രി അവസാന വർഷം മുഴുമിപ്പിക്കാൻ അമ്പിളി തൃശ്ശൂർ കൈരളി വിദ്യാപീഠത്തിൽ പ്രത്യേക പരിശീലനത്തിന് ചേർന്നു. വ്യാകരണവും ഭാഷാ ശാസ്ത്രവും വഴങ്ങാൻ അല്പം പാടായിരുന്നു. അങ്ങനെ 2011-ൽ ഡിഗ്രി പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുവേഷന് ചേർന്നു. അതും വിദൂര വിദ്യാഭ്യാസ രീതിയിൽ കോഴിക്കോട് സർവകലാശാലയിൽ തന്നെ. 2013-ൽ മിന്നും വിജയത്തോടെ പിജി മുഴുമിപ്പിച്ചപ്പോൾ ഒരു മോഹം - റിസർച്ച് ചെയ്യണം!

"പുനർവിവാഹം കഴിക്കണം എന്നും ഒരു കുടുംബം നോക്കണം എന്നുമെല്ലാം ഇതിനകം കുറെ പേര് ഉപദേശിച്ചു.സമൂഹത്തിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ചാൽ ഒടുക്കം നിരാശയും കുറ്റബോധവും മാത്രമാകും ബാക്കി. ഒരു നഷ്ടബോധത്തിന് ഇട കൊടുക്കാത്ത രീതിയിൽ ഞാൻ എന്റെ ജീവിതം ആനന്ദത്തോടെ ജീവിക്കും’’

"അപ്പോഴേക്ക് നാട്ടുകാരും ബന്ധുക്കളും മുഖത്ത് നോക്കിയുള്ള ചോദ്യങ്ങൾ എല്ലാം നിർത്തി അടക്കം പറച്ചിലുകൾ തുടങ്ങിയിരുന്നു. പിജി കഴിഞ്ഞതോടെ നെറ്റ് പരീക്ഷയും പാസ് ആയിരുന്നു. ഞാൻ പഠിച്ച കൈരളി വിദ്യാപീഠത്തിൽ പാർട്ട് ടൈമായി പഠിപ്പിക്കാൻ പോയിത്തുടങ്ങി. അപ്പോഴും ഇസ്തിരിക്കട തുടർന്നു. ഞായറാഴ്ചകളിൽ പോലും കട തുറന്ന് പ്രവർത്തിച്ചിരുന്നു. രാവിലെ തന്നെ ബാഗും തൂക്കി ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ച് പല അഭ്യൂഹങ്ങളും നാട്ടിൽ പരന്നിരുന്നു. അപ്പോഴേക്ക് ഞാൻ അതെല്ലാം ഒരു ചിരിയോടെ അവഗണിക്കാൻ പഠിച്ചിരുന്നു,' അമ്പിളി ആത്മവിശ്വാസത്തോടെ പറയുന്നു.

അക്കാലത്താണ് അമ്പിളിയുടെ ഇസ്തിരിക്കടയിലെ സ്ഥിരം സന്ദർശകനായ റെയ്സൺ അമ്പിളിയോട് പഠനത്തിന്റെ കാര്യങ്ങൾ എല്ലാം ചോദിച്ചറിയുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ റെയ്സൺ അമ്പിളിയുടെ ബയോഡാറ്റ വാങ്ങി ക്രൈസ്റ്റ് കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് സമർപ്പിച്ചു.

ഭാഗ്യവശാൽ ഡിപ്പാർട്ട്മെന്റ് എച്.ഓ.ഡി തന്റെ ഗവേഷണം മുഴുമിപ്പിക്കാനായി ലീവിൽ പ്രവേശിച്ചപ്പോൾ അതിഥി അധ്യാപികയായി അമ്പിളിക്ക് കോളേജിൽ നിയമനം ലഭിച്ചു. അവിടെ നിന്നാണ് അമ്പിളിയുടെ ജീവിതത്തിന്റെ പുതിയ തുടക്കം.

സ്വപ്നം മുറുകെ പിടിച്ച്....

തന്റെ ഗവേഷണ മോഹം ഡിപ്പാർട്ട്മെന്റിലെ മറ്റ് ടീച്ചർമാരോട് പറഞ്ഞപ്പോൾ അവർ മുഖാന്തരം ശ്രീ കേരളവർമ്മ കോളേജിലെ ഒരു റിസർച്ച് ഗൈഡിനെ പരിചയപ്പെട്ടു. തന്റെ ഇഷ്ടവിഷയമായ 'മലയാളം ചെറുകഥ'യിൽ ഒരു റിസർച്ച് പ്രൊപ്പോസലും സമർപ്പിച്ചു. അങ്ങനെ ഏറെ ആശങ്കകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ അമ്പിളി ഒരു ഗവേഷണ വിദ്യാർത്ഥിനിയായി. അപ്പോഴേക്ക് അമ്പിളിക്ക് പ്രായം 36.

"എനിക്ക് എല്ലാം ടെൻഷൻ ആയിരുന്നു. റെഗുലർ ആയി ഡിഗ്രിയും പിജിയും പഠിക്കാത്ത ഞാൻ ഗവേഷണം നടത്താൻ യോഗ്യയാണോ, എന്നെക്കൊണ്ട് സാധിക്കുന്ന ഒന്നാണോ ഭാഷാ സാഹിത്യത്തിൽ ഗവേഷണ ബിരുദം നേടൽ.. തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത സംശയങ്ങൾ ആയിരുന്നു എനിക്ക്. പക്ഷെ അതിനെല്ലാം വിരാമം ഇട്ടുകൊണ്ട് ഞാൻ ഗവേഷണം ആരംഭിച്ചു.

നീണ്ട അഞ്ച് വർഷം! മലയാള സാഹിത്യത്തിലെ തെരഞ്ഞെടുത്ത കഥാകാരികളുടെ രചനകളിലെ വീട് എന്ന സങ്കല്പം' ഇതായിരുന്നു എന്റെ പ്രബന്ധത്തിന്റെ തലക്കെട്ട്. എല്ലാം കൊണ്ടും ഞാൻ എന്റെ ഗവേഷണ വിഷയത്തെ എന്റെ ജീവിതത്തോട് കൂട്ടിവായിച്ചു. സ്ത്രീകൾ വീട് എന്ന സങ്കല്പത്തെ നോക്കി കാണുന്നത് പുരുഷൻ കാണുന്നതിലും ഏറെ വ്യത്യസ്തമായാണ്. സ്വന്തമായി വീടില്ലാത്തവർ ആണ് എല്ലാ സ്ത്രീകളും.

പിറന്ന വീട്ടിൽ അവൾ 'ഇറങ്ങിപ്പോകേണ്ടവൾ' ആണ്. വിവാഹം കഴിഞ്ഞെത്തിയ വീട്ടിൽ ആകട്ടെ, അവൾ 'വന്നു കയറിയവ'ളും. എന്നും ത്യാഗം ചെയ്യേണ്ടവളും സഹിക്കേണ്ടവളും പൊറുക്കേണ്ടവളും ചിരിക്കപ്പെടേണ്ടവളും എല്ലാമാണ് സ്ത്രീ. മറ്റുള്ള കുടുംബാംഗങ്ങൾക്ക് വീട് ഒരു സുരക്ഷിതമായ ഇടമാകുന്നത് സ്ത്രീകളുടെ സഹനം ഒന്നുകൊണ്ട് മാത്രമാണ്.

നമ്മുടെ സമൂഹത്തിൽ തന്നെ എത്രയെത്ര പെൺകുട്ടികൾ ആണ് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം ചെയുന്നത്! എത്രയെത്ര പെൺകുട്ടികൾ ആണ് അവരുടെ സ്വപ്ന ജോലിയും അതിലേക്ക് എത്താനുള്ള പഠനവും എല്ലാം വെടിഞ്ഞ് വീടിന്റെ നാല് ചുവരുകള്ക്ക് ഉള്ളിൽ ഒതുങ്ങുന്നത്.. ഈ 2021-ലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണിത്.

ചെറുകഥകളിലെ കാര്യം അല്പം വ്യത്യസ്തമാണ്. ഇന്നത്തെ ചെറുകഥകളിൽ 'ഇറങ്ങിപ്പോകുന്ന പെണ്ണ്' ധീരയാണ്. പക്ഷെ അവളെ അനുനയിപ്പിച്ച് അവൾക്ക് നരകമായ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് കഥകളുടെ അന്ത്യം. സ്ത്രീയുടെ പ്രയോറിറ്റി എന്നും കുടുംബവും കുട്ടികളും തന്നെയാണ് എന്ന് ഊന്നിപ്പറയുകയാണ് ഈ നാട്ടിലെ കുടുംബ കോടതികൾ വരെ.

രണ്ട് മനുഷ്യർക്ക് ഒന്നിച്ച് ജീവിക്കാൻ താത്പര്യം ഇല്ലെങ്കിൽ കുടുംബത്തിന്റെ കെട്ടുറപ്പിനെ ചൊല്ലി അവരോട് വില പേശുന്നതും അനുനയ ചർച്ചകൾ നടത്തുന്നതും എന്ത് ക്രൂരതയാണ്! ഓരോ അംഗത്തിന്റെയും സന്തോഷത്തിൽ ഊന്നിയാക്കണ്ടേ കുടുംബത്തിന്റെ നിലനിൽപ്പ്! പക്ഷെ ഇതെല്ലാം സ്ത്രീകൾക്ക് അന്യമാണ് - സാഹിത്യത്തിലും ജീവിതത്തിലും. എന്റെ ഗവേഷണ പ്രബന്ധം എന്റെ ജീവിതവും കാഴ്ചപ്പാടുകളും അനുഭവങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു." - അമ്പിളി പറഞ്ഞു.

അമ്പിളിയുടെ സ്വപ്‌നങ്ങൾ ഇവിടെ അവസാനിച്ചിട്ടില്ല. മലയാള സാഹിത്യത്തിൽ പോസ്റ്റ് ഡോക്റ്ററൽ ഡിഗ്രി നേടണം എന്നതാണ് ഈ നാൽപത്തിയൊന്ന് കാരിയുടെ ആഗ്രഹം. അതിനായി ദിനരാത്രം പരിശ്രമിക്കുകയാണ് ഇപ്പോൾ. ക്രൈസ്റ്റ് കോളേജിലെ അധ്യാപക ജോലി ഇപ്പോഴും സ്ഥിരമായിട്ടില്ല. നേടിയെടുക്കാൻ ഒരുപിടി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് അമ്പിളി തന്റെ യാത്ര തുടരുകയാണ്.

"പുനർവിവാഹം കഴിക്കണം എന്നും ഒരു കുടുംബം നോക്കണം എന്നുമെല്ലാം ഇതിനകം കുറെ പേര് ഉപദേശിച്ചു. ഞാനും എന്റെ അമ്മയും ഇപ്പോൾ ഹാപ്പിയാണ്. എന്റെ സന്തോഷം ഞാൻ അല്ലെ തീരുമാനിക്കേണ്ടത്. സമൂഹത്തിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ചാൽ ഒടുക്കം നിരാശയും കുറ്റബോധവും മാത്രമാകും ബാക്കി. ഒരു നഷ്ടബോധത്തിന് ഇട കൊടുക്കാത്ത രീതിയിൽ ഞാൻ എന്റെ ജീവിതം ആനന്ദത്തോടെ ജീവിക്കും," അമ്പിളി ഉറച്ച ശബ്ദത്തിൽ പറഞ്ഞ് നിർത്തി.