Dec 21, 2021 • 7M

വിവാഹമോചിത എന്നത് സ്വപ്നങ്ങൾ ഉപേക്ഷിക്കാനുള്ള ലേബൽ അല്ല!

വിവാഹമോചിതയായ ഒരുവൾ വിവാഹത്തിനൊരുങ്ങുമ്പോൾ കേൾക്കുന്ന ആദ്യ ഉപദേശം വിഭാര്യനായ ഒരുവനെ തന്നെ തിരഞ്ഞെടുക്കുക എന്നതായിരിക്കും സാന്ദ്ര എഴുതുന്നു....

She's equal
Comment
Share
 
1.0×
0:00
-7:03
Open in playerListen on);
Episode details
Comments

വിവാഹ മോചിതയായ ഒരു സ്ത്രീ, പ്രത്യേകിച്ച് ബാധ്യതകൾ ഒന്നുമില്ലെങ്കിലും രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ കാര്യങ്ങൾ ഇഴകീറി പരിശോധിക്കാനും ഉപദേശരൂപേണ തങ്ങളുടേതായ ജഡ്ജ്‌മെന്റുകൾ നിരത്താനും സമൂഹത്തിന്റെ ഒരു വിഭാഗം ജനങ്ങൾ മുന്നിട്ടിറങ്ങും.

വിവാഹമോചിതയായ ഒരുവൾ വിവാഹത്തിനൊരുങ്ങുമ്പോൾ കേൾക്കുന്ന ആദ്യ ഉപദേശം വിഭാര്യനായ ഒരുവനെ തന്നെ തിരഞ്ഞെടുക്കുക എന്നതായിരിക്കും. വിവാഹിതയായ ഒരുവൾ ആദ്യവിവാഹത്തിനായി ഒരുങ്ങുന്ന ഒരാളെ തെരഞ്ഞെടുത്താൽ എന്താണ് സംഭവിക്കുക? നമുക്ക് നോക്കാം....

കാവും കുളവും മരങ്ങളും പക്ഷികളും അരയാലും ആൽത്തറയും അമ്പലവുമൊക്കെയുള്ള ആ നാട് അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. നഗരത്തിന്റെ തിരക്കിൽ കഴിയുമ്പോഴും മനസ് നാടിന്റെ പച്ചപ്പിലേക്കാണ് പാഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അവൾ ഒരു വിവാഹമോചിതയായതോടെയാണ് അവളുടെ നാട് അവൾ അത്രയും നാൾ കണ്ട നാട് അല്ല എന്ന് മനസിലായത്.

നഗരത്തിന്റെ തിരക്കിൽ അലിയുമ്പോൾ അവളൊരു വിവാഹമോചിതയാണെന്ന യാഥാർഥ്യം ഓർക്കാറില്ലായിരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിൽ അനുഭവിക്കാവുന്ന എല്ലാ യാതനകളും അനുഭവിച്ച ശേഷമാണ് മാനസികരോഗമുള്ള, അത് മറച്ചുവച്ച് വിവാഹം ചെയ്ത ആ ഭർത്താവിൽ നിന്നും അവൾ വിവാഹമോചനം നേടിയത്. ജീവിതം തിരികെക്കിട്ടിയ അവസ്ഥയായിരുന്നു. എന്നാൽ നാട്ടിലേക്ക് എത്തുമ്പോൾ പരിചിതമായ ഓരോ മുഖങ്ങളും ആ പച്ചയായ യാഥാർഥ്യം അവളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

27 വയസുള്ള അഭ്യസ്തവിദ്യയാണ് പ്രമുഖ സ്ഥാപനത്തിൽ അഞ്ചക്ക ശമ്പളമുള്ള ജോലിയുണ്ട്. സ്വന്തം കാലിൽ നിൽക്കുന്നുണ്ട്, സാമ്പത്തികസ്വാതന്ത്ര്യമുണ്ട്, അത്യാവശ്യം സൗന്ദര്യവുമുണ്ട്. അങ്ങനെയുള്ള ഒരുവൾക്ക് അവളേക്കാൾ പത്തോ പതിനൊന്നോ പ്രായം കൂടുതലുള്ള കുഞ്ഞുള്ള ഓരാളേ മാത്രമേ ജീവിതപങ്കാളിയായി ലഭിക്കുകയുള്ളോ?

അയാളുടെ കടുത്ത മനോവിഭ്രാന്തിയുടെ ആക്രോശങ്ങളും ഉപദ്രവങ്ങളും അവളിൽ അവശേഷിപ്പിച്ചത് ഉണങ്ങാത്ത മുറിവുകളായിരുന്നു. ഓരോ തവണ നാട്ടിലേക്കുള്ള യാത്രയും ആ മുറിവുകളെ കുത്തിനോവിച്ചു.

സഹതാപത്തിന്റെ മേമ്പൊടി ചാലിച്ച് സംസാരിക്കുന്നവർ പോലും എല്ലാം അവളുടെ കുറ്റമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. പൊരുത്തിനേടിയ ധൈര്യവുമായി വീണ്ടുമൊരു ജീവിതത്തെക്കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ ദാ വരുന്നു ഉപദേശരൂപത്തിലുള്ള ഇടപെടലുകൾ;

"മോളെ ഇനിയിപ്പോൾ ഒരു ബന്ധമൊക്കെ ഒഴിഞ്ഞ് രണ്ടു പിള്ളേരൊക്കെയുള്ള നല്ല പയ്യന്മാരുടെ ആലോചന വന്നാൽ നോ പറയരുത് കേട്ടോ, നല്ലതാണേൽ സമ്മതിക്കണം. ആണിന് ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടെങ്കിലും അതൊരു വിഷയമല്ല. കുട്ടികൾ ബാധ്യത ആകാതിരുന്നാൽ പോരേ? നിനക്ക് ഒരു ജീവിതമാണല്ലോ പ്രധാനം. കുട്ടികളുള്ളതൊന്നും സാരമില്ല കേട്ടോ? ഇനി അവൻ എന്തെങ്കിലും ചട്ടുകാലോ കോങ്കണ്ണോ എന്തെങ്കിലും ഉണ്ടെങ്കിലും അതൊന്നും നോക്കരുത്? ആണൊരുത്തനല്ലേ? കുടുംബം നോക്കുമോ എന്ന് മാത്രം നോക്കിയാൽ മതി."

ആദ്യം അവളൊന്ന് അന്തിച്ചു, എന്താണീ പറയുന്നതെന്ന്? എന്നിട്ട് സ്വയം അവളോട് തന്നെ ചോദിച്ചു, ഇങ്ങനെയൊരു ജീവിതം കിട്ടാനുള്ള അർഹതയേ അവൾക്കുള്ളോയെന്ന്? അതിനും മാത്രം അവൾക്കുള്ള കുറവ് എന്താണെന്ന്? തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അവൾക്ക് കുറവുകൾ കണ്ടെത്താനായില്ല, 27 വയസുള്ള അഭ്യസ്തവിദ്യയാണ് പ്രമുഖ സ്ഥാപനത്തിൽ അഞ്ചക്ക ശമ്പളമുള്ള ജോലിയുണ്ട്. സ്വന്തം കാലിൽ നിൽക്കുന്നുണ്ട്, സാമ്പത്തികസ്വാതന്ത്ര്യമുണ്ട്, കുട്ടികളില്ല, കാണാൻ അത്യാവശ്യം സൗന്ദര്യവുമുണ്ട്.

അങ്ങനെയുള്ള ഒരുവൾക്ക് അവളേക്കാൾ പത്തോ പതിനൊന്നോ പ്രായം കൂടുതലുള്ള കുഞ്ഞുള്ള ഓരാളേ മാത്രമേ ജീവിതപങ്കാളിയായി ലഭിക്കുകയുള്ളോ? അതോ ഒന്നാം വിവാഹം എന്ന പേരിൽ ശാരീരിക പരിമിതിയുള്ള വ്യക്തിയെ സ്വീകരിക്കേണ്ടി വരുമോ? അതിനും മാത്രം കുറവ് തനിക്ക് എന്താണ്? ആ ചോദ്യത്തിനുള്ള ഉത്തരം സമൂഹം അവളോട് പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു, നീ ഒരു വിവാഹമോചിതയാണ്, അതൊരു വലിയ കുറവാണ്, അതൊരുകുറ്റമാണെന്ന്.

ഒരു പുരുഷനെ സംബന്ധിച്ച് ഒരു വിവാഹമോചനം കുറവേയല്ല. കുട്ടിയുണ്ടെങ്കിൽ പോലും വിവാഹിതയല്ലാത്ത ഒരുവളെ ആഗ്രഹിക്കാനുള്ള അവകാശം പുരുഷനുണ്ട്, എന്നാൽ അത് ഇല്ല എന്ന് സമൂഹം പ്രത്യക്ഷമായും പരോക്ഷമായും ആവർത്തിക്കുകയായിരുന്നു.

എന്നാൽ സമൂഹം കൽപ്പിച്ചുനൽകിയ ആ കുറവ് കുറവല്ലെന്നും വിവാഹമോചനം കുറ്റമല്ലെന്നും അവൾ അവളുടെ തിരഞ്ഞെടുപ്പിലൂടെ തന്നെ തെളിയിച്ചു. സ്വയം ഞാൻ ഇതിലും മികച്ചത് അർഹിക്കുന്നുവെന്ന് അവൾ അവളോട് തന്നെ ആവർത്തിച്ചുപറഞ്ഞു. മനസിലുറപ്പിച്ചു. അവളുടെ മനസിനെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയ ഒരാളെ തിരഞ്ഞെടുത്തു. പക്ഷെ അപ്പോഴും വന്നൂ, അടുത്ത നിയമം.

രണ്ടാം കെട്ടല്ലേ? വലിയ ആഢംബരമൊന്നും വേണ്ട, മേക്കപ്പ് വേണ്ട, നിറമുള്ള സാരിവേണ്ട, ആരെയും വിളിക്കേണ്ട, വല്ല അമ്പലത്തിലും വെച്ച് അഞ്ചാറുപേരേ മാത്രം വിളിച്ച് നടത്താം. രണ്ടാമത് ഒരു വിവാഹത്തിലേക്ക് വലതുകാൽ വെയ്ക്കാൻ നേരം അവളുടെ മനസിൽ ഇങ്ങനെയായിരുന്നില്ല. ഏതൊരു വധുവിനെയും പോലെ വിവാഹത്തെക്കുറിച്ച് അവൾക്കും സങ്കൽപ്പമുണ്ടായിരുന്നു. ജീവിതത്തിന്റെ കയ്പ്പുനീരെല്ലാം കുടിച്ചശേഷമാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് കാലെടുത്തുവെയ്ക്കാനവൾ തീരുമാനിച്ചത്.

വിവാഹമോചിത എന്നുള്ള സ്വപ്നങ്ങൾ ഒപേക്ഷിക്കാനുള്ള ലേബൽ അല്ല. ഒത്തുപോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പാതിവഴിയിൽ ഇറങ്ങിപ്പോന്നു. അതിൽ യാതൊരു തെറ്റുമില്ല, സഹിച്ച് സഹിച്ച് നരകജീവിതം ജീവിച്ചുതീരുന്നതിലും എത്രയോ നല്ലതാണ് പറ്റില്ല എന്ന് തോന്നുമ്പോൾ നിയമപരമായിത്തന്നെ ഇറങ്ങിപോകുന്നത്

അതിന് നിറമുള്ള സാരി തന്നെ ധരിക്കണമെന്ന് അവൾ ആഗ്രഹിച്ചു, ഇഷ്ടമുള്ളത് പോലെ മേക്കപ്പ് ചെയ്യണമെന്ന് മോഹിച്ചു, പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോൾ അവളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവരെല്ലാം തന്നെ ഒപ്പമുണ്ടാകണമെന്ന് കൊതിച്ചു. അവർക്കെല്ലാം തൂശനിലയിൽ പായസവും കൂട്ടി സദ്യനൽകണമെന്ന് അവൾക്കുണ്ടായിരുന്നു.

കാരണം അവളെ സംബന്ധിച്ച് വീണ്ടുമൊരു വിവാഹം സന്തോഷത്തിലേക്കുള്ള ചുവടുവെയ്പ്പ് കൂടിയായിരുന്നു. നിറംമങ്ങിയ സ്വപ്നങ്ങൾ അല്ല അവൾ കണ്ടിരുന്നത്. പുതുജീവിതത്തെക്കുറിച്ച് പ്രതീക്ഷകളും സ്വപ്നങ്ങളും തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവിടേക്കാണ് കഴിഞ്ഞുപോയ വിവാഹത്തിന്റെ മുഷിഞ്ഞ ഓർമകളെ പലരും കടത്തിവിട്ടത്. കഴിഞ്ഞത് കഴിഞ്ഞു, മുന്നോട്ടുള്ള ജീവിതം ആഘോഷത്തോടെ തന്നെ മനോഹരമാക്കണമെന്ന ചിന്താഗതിയേയാണ് പലരും വീണ്ടും രണ്ടാംകെട്ട് എന്ന ലേബലിൽ ഇല്ലാതെയാക്കാൻ ശ്രമിച്ചത്. അതിനും അവൾ വഴങ്ങിയില്ല.

വീണ്ടും വധുവായപ്പോൾ പഴയതിലും ഭംഗിയായി തന്നെ ഒരുങ്ങി, ഏറെ ഇഷ്ടമുള്ള ചുവന്ന പട്ടുസാരി തന്നെ തിരഞ്ഞെടുത്തു, മുല്ലപ്പൂവ് ചൂടി. കൈകളിൽ മൈലാഞ്ചിചുവപ്പണിഞ്ഞു. അവളുടെ ഓരോ ചിരിയും പുതിയ ജീവിതത്തെ നോക്കിയുള്ള പുഞ്ചിരിയായിരുന്നു. അവിടെ കഴിഞ്ഞുപോയ കണ്ണീരുകൾക്ക് സ്ഥാനമുണ്ടായിരുന്നില്ല, മഴവില്ലഴകുള്ള സ്വപ്നങ്ങളായിരുന്നു. തീർച്ചയായും അവൾക്ക് അതിനുള്ള അവകാശമുണ്ട്.

കാരണം വിവാഹമോചിത എന്നുള്ള സ്വപ്നങ്ങൾ ഒപേക്ഷിക്കാനുള്ള ലേബൽ അല്ല. ഒത്തുപോകാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ പാതിവഴിയിൽ ഇറങ്ങിപ്പോന്നു. അതിൽ യാതൊരു തെറ്റുമില്ല, സഹിച്ച് സഹിച്ച് നരകജീവിതം ജീവിച്ചുതീരുന്നതിലും എത്രയോ നല്ലതാണ് പറ്റില്ല എന്ന് തോന്നുമ്പോൾ നിയമപരമായിത്തന്നെ ഇറങ്ങിപോകുന്നത്. അവളും അതേ ചെയ്തിട്ടുള്ളൂ.

അതൊരിക്കലും വീണ്ടും സ്വപ്നങ്ങൾ കാണാനുള്ള അവകാശത്തെ ചോദ്യംചെയ്യാനുള്ള പിടിവള്ളിയല്ല എന്നുള്ള ഉത്തമബോധ്യം അവൾക്കുണ്ടായിരുന്നു. വീണ്ടുമൊരു ഇണയെകണ്ടെത്തിയപ്പോൾ അയാളുടെ വധുവായപ്പോൾ എങ്ങനെയൊക്കെ ഒരുങ്ങണം എന്തൊക്കെ വേണം എന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്.

അവൾ നിറമുള്ള സാരി ധരിക്കണോ, കസവ് സാരി ധരിക്കണോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരവും അവകാശവും അവളുടേത് മാത്രമായിരിക്കണം. ഡിവോഴ്സ് അവളുടെ ചോയ്സ് ആയതുപോലെ തന്നെ കുട്ടിയുള്ള ആളെ വിവാഹം കഴിക്കണോ വേണ്ടായോ. കുട്ടിയില്ലാത്തയാൾ മതിയോ, ഏത് രീതിയിൽ വിവാഹിതയാകണം എന്നൊക്കെ തീരുമാനിക്കാനുള്ള ചോയിസും അവൾക്ക് നൽകേണ്ടത് വരും കാലത്തിന്റെ ബാധ്യത കൂടിയാണ്. ആണിന് രണ്ടാം വിവാഹം ആദ്യവിവാഹത്തിന്റെ കറകളില്ലാതെ ആഘോഷിക്കാമെങ്കിൽ സ്ത്രീക്കും ആകാം. കാരണം അവൾ തുല്യയാണ്. തോളോട് തോൾ ചേർന്ന് മുന്നോട്ട് പോകേണ്ടവൾ തന്നെയാണ്