Mar 21 • 9M

സ്വവർഗാനുരാഗികൾ എന്നാൽ അശ്ലീലമല്ല! സമൂഹം ഇനിയും ഏറെ പഠിക്കാനുണ്ട്

സ്വന്തം ലെസ്ബിയൻ ഐഡന്റിറ്റി തിരിച്ചറിഞ്ഞ ശേഷം സമൂഹത്തിൽ തന്നെപ്പോലെ ഉള്ള നിരവധി പേരുടെ ഉന്നമനത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്ന ധന്യ രവീന്ദ്രന്റെ അനുഭവങ്ങൾ നമുക്ക് കേൾക്കാം..

Anagha Jayan E
Comment
Share
 
1.0×
0:00
-9:09
Open in playerListen on);
Episode details
Comments

ആണധികാരം കൊടി കുത്തി വാഴുന്ന കേരള സമൂഹത്തിൽ സ്വവർഗാനുരാഗികൾ ആയി കഴിയുന്ന സ്ത്രീകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒളിഞ്ഞും തെളിഞ്ഞും ഉള്ള പുച്ഛവും തുറിച്ചുനോട്ടവും സദാചാര ആക്രമണങ്ങളും ചോദ്യങ്ങളും സഹിച്ച് ജീവിക്കുന്ന സ്ത്രീകളെ കുറിച്ച്.. ഗേയ് ആണെന്ന് തുറന്നു പറയുന്ന ഒരു പുരുഷനെ തന്നെ സമൂഹം നിശ്ചയിച്ച് വച്ചിരിക്കുന്ന 'പൗരുഷ'ത്തിന്റെ അളവുകോലുകൾ വച്ച് പരിഹസിക്കുകയും തളർത്തുകയും ചെയ്യുന്ന ഈ നാട്ടിൽ സ്വന്തം വിവാഹ കാര്യത്തിൽ പോലും ഒരു പരിധി വിട്ട് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകളുടെ കാര്യം പറയാനുണ്ടോ? ഈ സാഹചര്യത്തിൽ, സ്വന്തം ലെസ്ബിയൻ ഐഡന്റിറ്റി തിരിച്ചറിഞ്ഞ ശേഷം സമൂഹത്തിൽ തന്നെപ്പോലെ ഉള്ള നിരവധി പേരുടെ ഉന്നമനത്തിനായി ആത്മാർഥമായി പ്രവർത്തിക്കുന്ന ധന്യ രവീന്ദ്രന്റെ അനുഭവങ്ങൾ നമുക്ക് കേൾക്കാം..

തെറ്റായ ലൈംഗികത ഒരു വ്യക്തിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് വിഷാദ രോഗത്തിലേക്കും അതുവഴി ആത്മഹത്യയിലേക്ക് വരെ നയിക്കാം. വല്ലാത്ത ട്രോമയാണ് അത്. എന്തായാലും ഈ പെൺകുട്ടി എന്നോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. വിവാഹം ചെയ്ത പുരുഷനിൽ എന്നല്ല, ഒരു പുരുഷനിലും സംതൃപ്തി കണ്ടെത്താൻ ആ കുട്ടിക്ക് കഴിയില്ല

"കുറച്ച് വർഷങ്ങൾക്ക് മുൻപാണ്. നഗരത്തിലെ തിരക്കുള്ള ഒരിടത്ത് വച്ച് ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെടാൻ ഇടയായി. അവൾ വിവാഹിതയായിരുന്നു. പക്ഷെ ദേഹത്ത് ആഭരണങ്ങളോ മുഖത്ത് പ്രസന്നതയോ ഇല്ല. പിന്നീടാണ് മനസ്സിലായത്, അവൾ ഒരു കന്യാസ്ത്രീ ആയിരുന്നു. മഠത്തിലെ ദുരിതങ്ങൾ സഹിക്കാതെ വന്നപ്പോൾ തിരുവസ്ത്രം ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ എത്തി. 'പ്രായം തികഞ്ഞ പെണ്ണുങ്ങൾ' സ്വന്തം വീട്ടിൽ പോലും ബാധ്യത ആണല്ലോ.. അവളെ വീട്ടുകാർ അവരുടെ ഇഷ്ടത്തിന് ഒരു പുരുഷനെ കൊണ്ട് വിവാഹം ചെയ്യിച്ചു. ആ വിവാഹത്തിൽ അവൾ ഒരിക്കലും സംതൃപ്ത ആയിരുന്നില്ല. വിവാഹബന്ധം നിലനിൽക്കുന്നതിൽ ലൈംഗികതയ്ക്ക് അതിയായ പങ്കുണ്ട്.

തെറ്റായ ലൈംഗികത ഒരു വ്യക്തിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് വിഷാദ രോഗത്തിലേക്കും അതുവഴി ആത്മഹത്യയിലേക്ക് വരെ നയിക്കാം. വല്ലാത്ത ട്രോമയാണ് അത്. എന്തായാലും ഈ പെൺകുട്ടി എന്നോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. വിവാഹം ചെയ്ത പുരുഷനിൽ എന്നല്ല, ഒരു പുരുഷനിലും സംതൃപ്തി കണ്ടെത്താൻ ആ കുട്ടിക്ക് കഴിയില്ല, കാരണം അവൾ ഒരു ലെസ്ബിയൻ ആണ്. ഒരു ലെസ്ബിയൻ ആകുക എന്നാൽ വലിയൊരു പാപമല്ല എന്ന് അവളെ പറഞ്ഞ് മനസ്സിലാക്കൽ ആയിരുന്നു എന്റെ ഏറ്റവും വലിയ ദൗത്യം.

അങ്ങനെ എറണാകുളത്തെ പ്രശസ്തയായ ഒരു അഭിഭാഷകയെ കണ്ടെത്തി അവൾക്ക് നിയമസഹായം ഉറപ്പ് വരുത്തി. പരസ്പര സമ്മതത്തോടെ ആ കുട്ടിയും ഭർത്താവും വിവാഹ മോചിതർ ആയി. ഇന്ന്, ഒരു ലെസ്ബിയൻ പങ്കാളിയോടൊപ്പം അവൾ ബാംഗ്ലൂരിൽ സ്വന്തം ജോലിയും ജീവിതവുമായി സന്തുഷ്ടയായി കഴിയുന്നു."

ധന്യ രവീന്ദ്രൻ

ഇത്തരത്തിൽ നാല്പത്തി രണ്ടോളം കേസുകളാണ് ധന്യ രവീന്ദ്രൻ മുൻകൈ എടുത്ത് പരിഹരിച്ചിട്ടുള്ളത്. ആത്മഹത്യയുടെ വക്കിൽ നിന്നും നിരവധി സ്ത്രീകളെ കൈ പിടിച്ച് കയറ്റിയ ധന്യ, തന്റെ കാഴ്ചപ്പാടുകൾ നമ്മോട് തുറന്ന് പറയുകയാണ്..

സ്ത്രീകൾക്കാണോ പുരുഷന്മാർക്ക് ആണോ കൂടുതൽ സമ്മർദ്ദം?

ധന്യയുടെ അഭിപ്രായത്തിൽ സ്വവർഗാനുരാഗികൾക്ക് ഇടയിൽ സമൂഹത്തിന്റെ സമ്മർദ്ദം ഏറ്റവും സഹിക്കുന്നത് പുരുഷന്മാർ തന്നെയാണ്. 'പൗരുഷം' എന്ന ലേബൽ ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിൽ അവർ നേരിടുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും അവരെ മരണത്തിന്റെ വക്കോളം എത്തിക്കുന്നു. സ്വവർഗാനുരാഗികൾക്ക് ഇടയിലെ ആത്മഹത്യാനിരക്കിലും പുരുഷന്മാർ തന്നെയാണ് മുന്നിൽ. അപ്പോൾ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത്? ഉത്തരം ലളിതമാണ്, വലിയൊരു ശതമാനം പേരും ഇഷ്ടമില്ലാത്ത വിവാഹങ്ങൾ ചെയ്ത് കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു!! തീരെ സഹിക്കാതെ ആകുമ്പോൾ മറ്റ് പല കാരണങ്ങളും പറഞ്ഞ് ഡിവോഴ്സ് വാങ്ങുന്നു. പിന്നീട് അവർ ഒറ്റയ്ക്കോ, ഒരു പാർട്ണർക്ക് ഒപ്പമോ ശിഷ്ടജീവിതം നയിക്കുന്നു.

ധന്യയുടെ അഭിപ്രായത്തിൽ സ്വവർഗാനുരാഗികൾക്ക് ഇടയിൽ സമൂഹത്തിന്റെ സമ്മർദ്ദം ഏറ്റവും സഹിക്കുന്നത് പുരുഷന്മാർ തന്നെയാണ്. 'പൗരുഷം' എന്ന ലേബൽ ഉപേക്ഷിക്കേണ്ടി വരുന്ന ഘട്ടത്തിൽ അവർ നേരിടുന്ന പരിഹാസങ്ങളും കുത്തുവാക്കുകളും അവരെ മരണത്തിന്റെ വക്കോളം എത്തിക്കുന്നു

എന്ത് പഠിക്കണം, എവിടെ പഠിക്കണം, ആരെ പ്രണയിക്കണം, ആരെ വിവാഹം കഴിക്കണം എന്ന് തുടങ്ങി പെൺകുട്ടികളെ സംബന്ധിച്ച എന്തും ഇന്നും കുടുംബം തന്നെയാണ് തീരുമാനിക്കുന്നത്. ലെസ്ബിയൻ ലൈംഗികത ഉള്ള പെൺകുട്ടികൾ തന്നെ കുടുംബത്തെ ഭയന്ന് തുറന്ന് പറയാൻ പോലും മടിച്ച് കഴിയുന്നുണ്ട്. സാധാരണ മനുഷ്യർ തന്നെ സമൂഹത്തിലെ മറ്റ് പല വിവേചനങ്ങൾ നേരിട്ട് ഉഴറുന്ന കാലത്ത് സ്വവർഗാനുരാഗികളുടെ കാര്യം പറയാനുണ്ടോ..

മാതാപിതാക്കൾ ഇടപെടേണ്ടത് എപ്പോൾ?

കൗമാര പ്രായം എത്തി നിൽക്കുന്ന സ്വന്തം കുട്ടിയോട് അവന്റെ/അവളുടെ ലൈംഗികത ചോദിച്ച് മനസ്സിലാക്കുക എന്ന അടിസ്ഥാനപരമായ കാര്യം കേരളത്തിൽ ഏതെങ്കിലും രക്ഷിതാക്കൾ ചെയ്യുന്നുണ്ടോ? സമൂഹത്തിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സ്വന്തം കുഞ്ഞ് സ്ട്രെയ്റ്റ് ആണ് എന്ന് സ്വയം അനുമാനിക്കുകയാണ് എല്ലാ മാതാപിതാക്കളും ചെയ്യുന്നത്. പതിനൊന്ന് വയസ്സുള്ള ഒരു മകളുടെ അമ്മ എന്ന നിലയ്ക്ക് മാതാപിതാക്കൾ കുട്ടികളുടെ ലൈംഗികതയെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ എന്ന് ധന്യ തന്നെ പറയുന്നു:

"അങ്ങനെയൊരു ചോദ്യം മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ ഇന്നില്ല. ഇനിയും അത് ചോദിക്കാത്ത ഒരു കാലം തന്നെയാണ് ഞാനും സ്വപ്നം കാണുന്നത്. പക്ഷെ ഒരു വ്യത്യാസം മാത്രം - ഇപ്പോൾ ചോദിക്കാതിരിക്കുന്നത് അഭിമുഖീകരിക്കാൻ ഭയന്നുകൊണ്ട് ആണെങ്കിൽ, ഭാവിയിൽ ചോദിക്കാതിരിക്കുന്നത്, അത് എന്ത് തന്നെയായാലും തങ്ങൾ അംഗീകരിക്കും എന്ന ഉറപ്പോടു കൂടി ആകണം എന്നുമാത്രം.”

അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ..

ധന്യയെ ഒരു ലെസ്ബിയൻ വനിതയായി അംഗീകരിച്ചിട്ടുള്ള ആളുകൾ പോലും പലതരം സംശയങ്ങളും ആയി തന്റെ അടുത്ത് വരാറുണ്ട് എന്നാണ് ധന്യ പറയുന്നത്. "നമുക്ക് മുന്നിൽ സ്നേഹത്തോടെ ഇടപഴകുന്നവർ പോലും തിരിഞ്ഞ് നിന്ന് പരിഹസിക്കാറുണ്ട്. അത് ഞാൻ കേട്ടിട്ടുമുണ്ട്. അത് എന്തെങ്കിലും ആകട്ടെ, ചിലരുടെ ചോദ്യങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്. മലയാളികളുടെ അടിസ്ഥാന സ്വഭാവമാണ് അന്യന്റെ വീടിനുള്ളിൽ, കിടപ്പറയിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള വ്യഗ്രത. സാധാരണക്കാർക്ക് കേട്ടാൽ പോലും അറയ്ക്കുന്ന ചോദ്യങ്ങൾ ആണ് ക്വിയർ വ്യക്തികൾ നിത്യേന നേരിടേണ്ടി വരുന്നത്. എങ്ങനെയാണ് നിങ്ങൾ സെക്സ് ചെയ്യുന്നത്, നിങ്ങൾക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്നുണ്ടോ തുടങ്ങി അറിയേണ്ടാത്തതായി ഒന്നുമില്ല.

തങ്ങളുടെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ; എന്തോ; ഈ നാട്ടിലെ മനുഷ്യർ ഇപ്പോഴും പഠിച്ചിട്ടില്ല. ആദ്യമെല്ലാം ഞാൻ അത്തരക്കാരെ ഒഴിവാക്കി വിടുമായിരുന്നു. ഇപ്പോൾ നേരിട്ടാണെങ്കിൽ ഞാൻ മുഖമടച്ച് മറുപടി കൊടുക്കും. മെസഞ്ചറിൽ ആണെങ്കിൽ സ്ക്രീൻഷോട്ട് എടുത്ത് അവരുടെ ബന്ധുക്കൾക്ക് വരെ അയക്കും. അതുകൊണ്ട് ചോദ്യശരങ്ങൾ ഈയിടെയായി കുറവാണ്. തുറന്ന പുസ്തകം പോലെ എല്ലാവരോടും ഇടപഴകുന്ന എന്റെ സ്ഥിതി ഇതാണെങ്കിൽ ഒരു സാധാരണ ലെസ്ബിയൻ സ്ത്രീയുടെ അവസ്ഥ ചിന്തിച്ച് നോക്കൂ.."

ധന്യ ഇന്നൊരു സംരംഭകയും ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റും ആണ്. കുടുംബവും കുഞ്ഞും വിദ്യാഭ്യാസവും ലോക പരിജ്ഞാനവും എല്ലാമുള്ള വ്യക്തി. എന്നാൽ കേരളത്തിൽ ഉള്ള മറ്റ് ലെസ്ബിയൻ പെൺകുട്ടികളുടെ കാര്യം പറയുമ്പോൾ ധന്യ വാചാലയാകും. "എന്റെ ഒരു അഭിമുഖം കണ്ട് എത്ര പേരാണെന്നോ എന്നെ ഫോൺ വിളിച്ചത്. മനസ്സിൽ കൗമാര പ്രായം തൊട്ടേ ഇത്തരം ചിന്തകളാണ്, ഇത് സ്വവർഗാനുരാഗം തന്നെയാണോ എന്നാണ് കുറെ പേര് ചോദിച്ചത്.

ആ ഒരു ഉറപ്പ് ലഭിക്കണമെങ്കിൽ ആദ്യം സ്വവർഗ ലൈംഗികത ഒരു പാപമല്ല എന്ന ഉറച്ച ബോധ്യം വേണം. അത് സമൂഹത്തിൽ ഉണ്ടാക്കി എടുക്കേണ്ടത് സർക്കാരും പൊതുജനവുമാണ്. പ്രായപൂർത്തി ആകുമ്പോഴേക്ക് യുവത്വത്തെ വിവാഹ കമ്പോളത്തിലേക്ക് തള്ളി വിടാൻ വ്യഗ്രത കാട്ടുന്ന സമൂഹം ഏത് കാലത്താണ് ഇനി സ്വവർഗ രതി നോർമലൈസ് ചെയ്യാൻ പോകുന്നത്?! അതിലേക്കെല്ലാം എത്താൻ ഇനി ഏറെ ദൂരം പോകേണ്ടതുണ്ട്.

സാധാരണക്കാർക്ക് കേട്ടാൽ പോലും അറയ്ക്കുന്ന ചോദ്യങ്ങൾ ആണ് ക്വിയർ വ്യക്തികൾ നിത്യേന നേരിടേണ്ടി വരുന്നത്. എങ്ങനെയാണ് നിങ്ങൾ സെക്സ് ചെയ്യുന്നത്, നിങ്ങൾക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്നുണ്ടോ തുടങ്ങി അറിയേണ്ടാത്തതായി ഒന്നുമില്ല

പിന്നെ കുറെ പെൺകുട്ടികൾ കുടുംബത്തിന്റെ ഇൻസൾട്ടും ഭീഷണിയും ഭയന്ന് കഴിയുന്നുണ്ട്. അവരെ കൗൺസിലിങ്ങിനും ചികിത്സയ്ക്കും മറ്റും കുടുംബം വിധേയമാക്കുന്നു എന്നാണ് പരാതി. ഞാനൊന്ന് പറയട്ടെ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഐ എം എ തുടങ്ങിയ അതോറിറ്റികൾ സ്വവർഗ ലൈംഗികത ഒരു മനോരോഗം അല്ല എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. അതിന് കൗൺസിലിങ്ങോ ട്രീറ്റ്മെന്റോ നൽകിയാൽ ആ ഡോക്ടറുടെ ലൈസൻസ് തന്നെ വിച്ഛേദിക്കപ്പെടും. തങ്ങളെ ചികിത്സയ്ക്ക് കൊണ്ട് പോകുമ്പോൾ, ചികിത്സിക്കുന്ന ഡോക്ടറോട് ഈ നിയമ വശങ്ങൾ പറയാൻ ചെറുപ്പക്കാർ തയ്യാർ ആകണം. അങ്ങനെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി ശബ്ദം ഉയർത്താവുന്ന ഒരു ജനത വന്നാലേ ഈ നശിച്ച രീതികൾക്ക് മാറ്റം ഉണ്ടാകൂ," ധന്യ പറയുന്നു.

എന്തായാലും കേരളത്തിൽ സദാചാര ആക്രമണങ്ങൾ ഭയന്ന് തലയുയർത്തി ജീവിക്കാൻ കഴിയാത്ത ലെസ്ബിയൻ സ്ത്രീകൾ ബാംഗ്ലൂരോ മറ്റ്‌ മെട്രോ നഗരങ്ങളിലോ അഭയം തേടുകയാണ്. അതല്ലാത്തവർ ഇഷ്ടമില്ലാത്ത ലൈംഗികത സഹിച്ചുകൊണ്ടോ, ഇഷ്ടമുള്ള ജീവിതം പല കാരണങ്ങൾ കൊണ്ട് ത്യജിച്ചുകൊണ്ടോ ജീവിക്കുകയാണ്.

ലോകാരോഗ്യ സംഘടന പോലും 'ഒരു സാധാരണ മാനസികാവസ്ഥ' എന്ന് സാക്ഷ്യപ്പെടുത്തിയ സ്വവർഗ്ഗ ലൈംഗികതയ്ക്ക് മേൽ മലയാളികൾ ചാർത്തിയ ഈ ടാബൂ ഇനിയെന്നാണ് മാറുക? എന്നാണ് സ്വവർഗാനുരാഗികൾക്ക് തലയുയർത്തി, തങ്ങളുടെ സ്വപ്നങ്ങൾക്ക് അനുസരിച്ച് കുടുംബം പടുത്ത് പോറ്റി ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയുക? എന്നാണു നമ്മൾ അവർക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഈ വിവേചനങ്ങൾ കാലഹരണപ്പെടുക? ഉത്തരം പറയേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.