Feb 2 • 9M

'ഇതാ എന്റെ മകളും അവളുടെ ലെസ്ബിയൻ പങ്കാളിയും!' - മാറ്റങ്ങളെ ഉൾക്കൊണ്ട് ഒരച്ഛൻ !

രണ്ട് വർഷം മുൻപാണ് രേഷ്മയും സുഹൃത്ത് സഞ്ജനയും തങ്ങളുടെ പ്രണയം തിരിച്ചറിയുന്നത്

Anagha Jayan E
Comment
Share
 
1.0×
0:00
-8:31
Open in playerListen on);
Episode details
Comments

പെറ്റിട്ടത് കൊണ്ട് അമ്മയാകുമോ? ജന്മം നൽകിയത് കൊണ്ട് മാത്രം അച്ഛൻ ആകുമോ? സംരക്ഷിച്ചത് കൊണ്ട് മാത്രം രക്ഷാകർത്താവ് ആകുമോ? കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആണിത്. ആരാണ് യഥാർത്ഥ മാതാവ്, പിതാവ് എന്നതിനെല്ലാം പല നിർവ്വചനങ്ങൾ നാം കേട്ടു. അതിൽ ശ്രദ്ധേയം ആയത് കവിയും സാംസ്കാരിക പ്രവർത്തകനും ആയ ശ്രീജിത്ത് വാവ തന്റെ ജീവിതം കൊണ്ട് പറയാതെ പറഞ്ഞ് വയ്ക്കുന്ന നിർവചനം ആണ്.

തന്റെ മകളെയും അവളുടെ ലെസ്ബിയൻ ജീവിത പങ്കാളിയെയും ചേർത്ത് പിടിച്ച് കൊണ്ട് ഈ അച്ഛൻ ഫെയ്‌സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: "കഴിഞ്ഞ ദിവസം എട്ടാം തിയതി എന്റെ മകൾ രേഷ്മ, അവൾക്ക് ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പുരോഗമന വാദം പറയാൻ എളുപ്പമാണ്. ഞാൻ സന്തോഷവാൻ ആണ്. ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ..'

നല്ലതും ചീത്തയും ആയ നിരവധി പ്രതികരണങ്ങൾ ആണ് ഈ പോസ്റ്റിന് താഴെ ഒഴുകിയെത്തിയത്. അതിനെയെല്ലാം ചിരിച്ചുകൊണ്ട് നേരിടുകയാണ് ഈ അച്ഛനും മക്കളും. മൂവരും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. ഇവരുടെ ജീവിതം നിങ്ങളെ വിസ്മയിപ്പിക്കുക ഇതുകൊണ്ട് ഒന്നുമല്ല, ജന്മം കൊണ്ട് ശ്രീജിത്ത് രേഷ്മയുടെ പിതാവ് അല്ല എന്ന് അറിയുമ്പോൾ ആണ്! കർമ്മം കൊണ്ട് പലരുടെയും അച്ഛനും അമ്മയും എല്ലാം ആയ കവി.. അയാളുടെ തണലിൽ ജീവിതം ആഘോഷമാക്കി ഈ മക്കൾ. വായിച്ചറിയാം സ്നേഹം പ്രത്യയശാസ്ത്രം ആക്കിയ ഈ അച്ഛനെയും മക്കളെയും..

കളഞ്ഞ് കിട്ടിയ മകൾ..

രണ്ട് വർഷം മുൻപാണ് രേഷ്മയും സുഹൃത്ത് സഞ്ജനയും തങ്ങളുടെ പ്രണയം തിരിച്ചറിയുന്നത്. രേഷ്മയുടെ വാക്കുകൾ ഇങ്ങനെ: "തിരുവനന്തപുരം സ്വദേശികളാണ് ഞങ്ങൾ രണ്ട് പേരും. ഡിഗ്രിക്ക് ഒരേകോളേജിൽ ആണ് പഠിച്ചത്. രണ്ട് വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകൾ ആയിരുന്നു. തുടക്കം മുതലേ ഞങ്ങൾ കൂട്ടുകാർ ആയിരുന്നു. കൂട്ടുകാർ എന്ന് പറഞ്ഞാൽ വളരെ അടുത്ത കൂട്ടുകാർ. സഞ്ജന എന്നോട് പലപ്പോഴും സ്വവർഗ്ഗ രതിയെ കുറിച്ചും സ്വവർഗ്ഗ ലൈംഗികതയെ കുറിച്ചുമെല്ലാം സംസാരിക്കുമായിരുന്നു.

അപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറും. എനിക്ക് അത്തരം കാര്യങ്ങൾ സംസാരിക്കാൻ ചെറുതല്ലാത്ത മടി ഉണ്ടായിരുന്നു. എന്റെ വീട്ടിൽ അച്ഛനും അമ്മയും ചേട്ടനും ആണ് ഉള്ളത്. അച്ഛൻ ഡ്രൈവർ ആണ്. അമ്മ വീട്ടമ്മ. ചേട്ടനും ഞാനും തമ്മിൽ കഷ്ടി ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും വലിയ സംസാരം ഒന്നും പതിവില്ല. ഉള്ളിൽ സ്നേഹം ഉണ്ടെന്ന് മാത്രം.

രണ്ട് വർഷം മുൻപാണ് രേഷ്മയും സുഹൃത്ത് സഞ്ജനയും തങ്ങളുടെ പ്രണയം തിരിച്ചറിയുന്നത്

സഞ്ജനയെ എനിക്ക് ഇഷ്ടമായിരുന്നു. അവളെ പിരിഞ്ഞ് ഒരു ജീവിതം ആലോചിക്കാനും വയ്യായിരുന്നു. പക്ഷെ അത് തിരിച്ചറിയാനും സ്വയം അംഗീകരിക്കാനും സമയം എടുത്തു. അവളാണ് എന്നോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത്. ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലും പ്രണയം ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഞാൻ യെസ് മൂളി.

എന്നാൽ നിങ്ങൾ കരുതും പോലെ ഇതൊരു പ്രണയ കഥയുടെ ഹാപ്പി എൻഡിങ് അല്ല, മറിച്ച് വലിയ കോളിളക്കങ്ങളുടെ തുടക്കം ആയിരുന്നു. പിന്നീടുള്ള രണ്ട് വർഷ കാലം വലിയ പ്രതിസന്ധികളിലൂടെ ആണ് ഞങ്ങൾ കടന്ന് പോയത്.."

രേഷ്മയും സഞ്ജനയും വീട് വിട്ടിറങ്ങി. സ്വന്തം ലൈംഗിക വ്യക്തിത്വവും പ്രണയവും തിരിച്ചറിഞ്ഞ രണ്ട് പെൺകുട്ടികൾക്ക് സാമൂഹ്യ അംഗീകാരത്തിനായി വലിയ പോരാട്ടമാണ് കേരളത്തിൽ നേരിടേണ്ടി വരുന്നത്. ഈ പോരാട്ടത്തിൽ പരാജയപ്പെടുന്നവർ ഉണ്ട്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം ലൈംഗികതയ്ക്ക് എതിരായ വിവാഹങ്ങൾ കഴിക്കേണ്ടി വരുന്നവർ ഉണ്ട്. പക്ഷെ അതിൽ നിന്നെല്ലാം രേഷ്മയേയും സഞ്ജനയെയും സംരക്ഷിക്കാൻ ഒരാൾ ഉണ്ടായി - കവിയും സാംസ്കാരിക പ്രവർത്തകനും ആയ ശ്രീജിത്ത് വാവ.

സ്വന്തം ലൈംഗിക വ്യക്തിത്വവും പ്രണയവും തിരിച്ചറിഞ്ഞ രണ്ട് പെൺകുട്ടികൾക്ക് സാമൂഹ്യ അംഗീകാരത്തിനായി വലിയ പോരാട്ടമാണ് കേരളത്തിൽ നേരിടേണ്ടി വരുന്നത്

ഇവരുടെ മാത്രമല്ല, സാമൂഹ്യവും വ്യക്തിപരവുമായ കാരണങ്ങളെ തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് പുറം തള്ളപ്പെട്ട ഒരു പേരുടെ ആലയവും ആശ്രയവും ആണ് ശ്രീജിത്ത്. "നാല് പേര് എന്നെ അമ്മേ എന്നും രണ്ട് പേര് എന്നെ അച്ഛാ എന്നും വിളിക്കുന്നു. വേറെന്ത് വേണം എനിക്ക് ആനന്ദിക്കാൻ!" - ഈ വാക്കുകളിൽ ഉണ്ട് ശ്രീജിത്തിന്റെ വ്യക്തിത്വം. 'കളഞ്ഞ് കിട്ടിയ മകൾ' എന്നാണ് രേഷ്മയെ ശ്രീജിത്ത് വിശേഷിപ്പിക്കുന്നത്.

ശ്രീജിത്തിന്റെ വാക്കുകൾ ഇങ്ങനെ: "അച്ഛൻ എന്നത് ഒരു അധികാരമോ സ്ഥാനമോ ആണെന്ന് ഞാൻ കരുതുന്നില്ല. അത് ഒരു വ്യക്തി നമുക്ക് അറിഞ്ഞ് നൽകേണ്ട അംഗീകാരം ആണ്. ആ അംഗീകാരം എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ നിന്നാണ് കുഞ്ഞിന്റെ മനസ്സിൽ സ്ഥാനം ഉടലെടുക്കുന്നത്. എനിക്ക് പിറന്ന മകൾ അല്ല രേഷ്മ. പക്ഷെ അവൾക്ക് പിറന്ന അച്ഛൻ ആണ് ഞാൻ. അവൾ എന്നെ അച്ഛാ എന്നാണ് വിളിക്കുന്നത്.

എന്റെ മകൾ തന്റെ ജീവിത പങ്കാളിയായി സഞ്ജന എന്ന യുവതിയെ തെരഞ്ഞെടുത്തിരിക്കുന്നു. അതിൽ അഭിമാനിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഞാൻ ഒരച്ഛൻ ആകുമോ? എനിക്ക് തികഞ്ഞ അഭിമാനം ആണ്. എന്റെ മക്കൾ ഇവിടെ, എന്റെ വീട്ടിൽ ഉണ്ട്. അവർക്ക് സമൂഹത്തിന്റെ മുഴുവൻ അംഗീകാരവും കരുതലും പിന്തുണയും വേണം."

ശ്രീജിത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിന് നിരവധി കമന്റുകളാണ് ദിവസങ്ങൾ കൊണ്ട് ഒഴുകി എത്തിയത്. അതിൽ ഭൂരിഭാഗവും പോസിറ്റിവ് കമന്റുകൾ ആണ് എന്നതാണ് ആശാവഹം ആയ വസ്തുത. രേഷ്മ പറയുന്നു: "നെഗറ്റിവ് ആയ കമന്റുകൾ ഞാൻ ശ്രദ്ധിച്ച് പോലുമില്ല. ട്രോളുകളിൽ പോലും പോസിറ്റീവ് സന്ദേശങ്ങൾ ആയിരുന്നു.

ഇനി ആരെങ്കിലും പരിഹസിച്ചാലും എനിക്ക് വിഷയം അല്ല. ഞങ്ങൾ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നത് കൊണ്ടല്ലേ അവർക്ക് പരിഹസിക്കാൻ പോലും സാധിച്ചത്. ഞങ്ങളെ പോലെ കുറെ പേര് സ്വന്തം ലൈംഗിക വ്യക്തിത്വം മറച്ചുവച്ച് കഴിയുന്നുണ്ട്. അവർക്ക് മറ നീക്കി പുറത്ത് വരാൻ, സ്വപ്‌നങ്ങൾ യാഥാർഥ്യം ആക്കാൻ ഞങ്ങൾ ഒരു പ്രചോദനം ആകട്ടെ."

ഇരുവരുടെയും വീട്ടുകാർ ബന്ധം അംഗീകരിച്ച് കഴിഞ്ഞു. രണ്ട് പേർക്കും ഒന്നിച്ച് കയറി ചെല്ലാൻ കഴിയുമ്പോഴേ വീട്ടിലേക്ക് പോകൂ എന്നായിരുന്നു തീരുമാനം. അവസാനം അംഗീകരിച്ചത് സഞ്ജനയുടെ കുടുംബം ആണ്. അവരും ദമ്പതിമാരെ വിരുന്നിന് സ്വാഗതം ചെയ്ത് കഴിഞ്ഞു. അങ്ങനെ, കേരള സമൂഹത്തിൽ മാറ്റത്തിന്റെ വിത്തായി രേഷ്മയുടെയും സഞ്ജനയുടെയും ജീവിതവും അവരെ ചേർത്ത് പിടിച്ച അച്ഛനും പേരെടുക്കുകയാണ്.

മാറ്റം അനിവാര്യം..

തങ്ങളുടെ താത്പര്യങ്ങൾക്ക് എതിരെ സഞ്ചരിക്കുന്ന, സ്വന്തമായി ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉള്ള മക്കളെ വീട്ടിൽ നിന്ന് പുറം തള്ളുന്ന മാതാപിതാക്കൾക്ക് മാതൃകയാണ് ശ്രീജിത്ത് എന്ന പിതാവ്. ശ്രീജിത്ത് വിവാഹം ചെയ്തിട്ടില്ല. ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുമില്ല. പക്ഷെ ഒരു രക്ഷിതാവ് എങ്ങനെ ചിന്തിക്കണം എന്ന് ശ്രീജിത്ത് പ്രവൃത്തി കൊണ്ട് സമൂഹത്തിന് കാട്ടി കൊടുത്തു. രേഷ്മയും സഞ്ജനയും ചെയ്തത് തെറ്റല്ല എന്ന് ഉറച്ച് വിശ്വസിച്ച്, അവരെ സ്വന്തം കാലിൽ നിൽക്കാറാകുന്നത് വരെ തന്റെ സ്നേഹ തണലിൽ കാത്ത്, ചേർത്ത് നിർത്തുന്ന ഈ കവി യഥാർത്ഥ പിതാവ് തന്നെയാണ്.

കുട്ടികളെ സ്വന്തം ലൈംഗിക വാസനകളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ്, യഥാർത്ഥ വ്യക്തിത്വത്തെ ആശ്ലേഷിക്കാൻ പഠിപ്പിക്കാത്തത് തന്നെയാണ് ഈ നാട്ടിലെ പാരന്റിങ്ങിന്റെ ഏറ്റവും വലിയ പരാജയം. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിൽ രക്തബന്ധങ്ങൾ കൊണ്ടല്ലാതെ സ്നേഹം കൊണ്ട് മാത്രം കെട്ടി കടുത്ത ഒരു വീടും അതിൽ ഒരു സന്തുഷ്ട കുടുംബത്തെയും നിങ്ങൾക്ക് കാണാം..

ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ..

രേഷ്മയ്ക്ക് ഉപരിപഠനം ആണ് താത്പര്യം. സഞ്ജനയ്ക്ക് ആകട്ടെ, പിഎസ്ഇ എഴുതി വേഗം സർക്കാർ ജോലി കരസ്ഥം ആക്കാനാണ് താത്പര്യം. "എനിക്ക് പിഎച്ഡി ചെയ്യണം എന്നുണ്ട്. ഇപ്പോൾ ഡിഗ്രി മാത്രമേ കൈയിൽ ഉള്ളൂ. പക്ഷെ എത്രയും വേഗം സ്വന്തം കാലിൽ നിൽക്കുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ലക്‌ഷ്യം. അതിന് ആവശ്യം ഒരു ജോലിയാണ്.

കുട്ടികളെ സ്വന്തം ലൈംഗിക വാസനകളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ്, യഥാർത്ഥ വ്യക്തിത്വത്തെ ആശ്ലേഷിക്കാൻ പഠിപ്പിക്കാത്തത് തന്നെയാണ് ഈ നാട്ടിലെ പാരന്റിങ്ങിന്റെ ഏറ്റവും വലിയ പരാജയം

എത്രയും വേഗം ഒരു ജോലി നേടണം. എന്റെയും സഞ്ജനയുടെയും മാത്രമായി ഒരു വീട്ടിൽ, ഞങ്ങളുടെ മാത്രം ലോകത്ത് പ്രണയിച്ച് ജീവിക്കണം. അവളുടെ സ്വപ്നങ്ങൾക്ക് ഞാനോ എന്റെ സ്വപ്നങ്ങൾക്ക് അവളോ വിലങ്ങ് തടിയാകില്ല; മറിച്ച് ഞങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുക മാത്രം ചെയ്യും. ഇരുപത് വയസ്സിൽ ജീവിതത്തെ മാറ്റി മറിക്കുന്ന ഒരു തീരുമാനം എടുത്തപ്പോൾ ഞങ്ങൾക്ക് അതിനുള്ള പക്വത ഇല്ല എന്ന് പറഞ്ഞവരുണ്ട്. അവർക്ക് ഞങ്ങൾ ജീവിച്ച് തന്നെ കാണിച്ച് കൊടുക്കും," രേഷ്മ പറയുന്നു.

എന്തായാലും ജാതിയും മതവും നോക്കി പ്രണയത്തിന്റെ പേരിൽ സ്വന്തം മക്കളെ ദുരഭിമാനക്കൊല വരെ ചെയ്യുന്ന ഈ നാട്ടിലെ അച്ഛനമ്മമാർക്ക് മാതൃകയാണ് ശ്രീജിത്ത് വാവ. ഇനിയും ഒരുപാട് പേരുടെ അച്ഛനും അമ്മയും എല്ലാമായി ശ്രീജിത്ത് കേരളത്തിൽ ജീവിക്കും. ആ തൂലികയിലൂടെ നിരവധി ജീവിത കാവ്യങ്ങൾ പിറക്കുകയും ചെയ്യും, തീർച്ച!