Mar 11

പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു

പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും

Anagha Jayan E
Comment
Share
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

കുടുംബം. ഈ വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമില്ലേ? ഉത്തരവാദിത്വമുള്ള ഒരച്ഛൻ, സ്നേഹമയിയായ ഒരമ്മ, കുസൃതി കുടുക്കകൾ ആയ കുട്ടികൾ.. ഈ ചിത്രത്തിൽ അടങ്ങിയിട്ടുള്ള ലിംഗ അനീതി തൽക്കാലം അവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ 'നോർമൽ' കുടുംബചിത്രത്തിൽ ആണും പെണ്ണും മാത്രം ഇപ്പോഴും വിഭാവനം ചെയ്യപ്പെടുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആണും ആണും സ്നേഹ സഹകരണങ്ങളോടെ പുലർത്തുന്ന ഒരു കുടുംബമോ, പെണ്ണും പെണ്ണും ഏറെ മമതയോടെ കാത്ത് സൂക്ഷിക്കുന്ന മറ്റൊരു കുടുംബമോ ഒരിക്കലും നമ്മുടെ മനസ്സിന്റെ ഏഴ് അയലത്ത് പോലും 'കുടുംബം' എന്ന വാക്ക് കേൾക്കുമ്പോൾ കടന്ന് വരുന്നില്ല.

എത്ര തന്നെ പുരോഗമന വാദികൾ ആയിരുന്നാലും സമൂഹം സൃഷ്ടിച്ച് വച്ച പൊതുബോധം നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് തന്നെയാണ് അതിനർത്ഥം. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും. കേരളത്തിൽ സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് സ്വന്തമായി കുടുംബം സ്ഥാപിച്ച് സ്വയം മാതൃകകൾ ആയി കഴിയുന്ന സ്വവർഗഗാനുരാഗികൾ ആയ പുരുഷന്മാരെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും അവരെ കുറിച്ച് വരുന്ന വാർത്തകളും എല്ലാം നമ്മൾ കൗതുകത്തോടെ വായിക്കാറും ഉണ്ട്.

പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും

എന്നാൽ കേരളത്തിലെ സ്വവർഗഗാനുരാഗികൾ ആയ സ്ത്രീകളെ കുറിച്ചോ? മുഖ്യധാരാ പത്രമാധ്യമങ്ങളിൽ എപ്പോഴെങ്കിലും സ്വവർഗ്ഗാനുരാഗികൾ ആയ സ്ത്രീകൾ കെട്ടിപ്പടുത്ത ഒരു കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ? അതെ, പെണ്ണുങ്ങൾക്ക് മനസ്സിന് ബോധിച്ച ആണുങ്ങളെ വരെ പ്രേമിക്കാൻ നൂറ് പ്രതിസന്ധികൾ ആണ്; പിന്നെയല്ലേ സ്വവർഗഗാനുരാഗം! എന്നാൽ ഇന്ന് നമുക്ക്, കേരളത്തിൽ സകല ഭീഷണികളെയും മറികടന്ന് തലയുയർത്തി ജീവിക്കുന്ന ഒരു ലെസ്ബിയൻ വനിതയെ പരിചയപ്പെടാം..

കോട്ടയം ജില്ലയിലെ മലയാറ്റൂർ ആണ് ധന്യ രവീന്ദ്രൻ എന്ന യുവ സംരംഭകയുടെ ജനനം. ലോക്കോപൈലറ്റ് ആയ അച്ഛൻ, ഉദ്യോഗസ്ഥയായ അമ്മ, സ്നേഹസമ്പന്നനായ ചേട്ടൻ. വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്ന കുടുംബം. ബാല്യത്തിൽ കുടുംബത്തിലെ ചെല്ലക്കുട്ടി ആയിട്ടാണ് ധന്യ കഴിഞ്ഞത്. കൗമാരപ്രായത്തിലാണ് ധന്യക്ക് തന്റെ ലൈംഗികതയെ കുറിച്ച് ബോധ്യം ലഭിക്കുന്നത്. ധന്യയുടെ വാക്കുകൾ ഇങ്ങനെ:

"ക്വിയർ വിഭാഗങ്ങളിൽ പെട്ട ഏതൊരു വ്യക്തിയെയും പോലെ എനിക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട് എന്ന് തന്നെയാണ് ഞാൻ ആദ്യം കരുതിയത്. ആ പ്രായത്തിൽ ഒന്നും ഞാൻ ഇത് ആരോടും തുറന്ന് പറഞ്ഞ് പോലുമില്ല. യഥാർത്ഥ പ്രണയം കൈവന്നാൽ എല്ലാം ശരിയാകും എന്നും വിവാഹം കഴിഞ്ഞാൽ എന്റെ മാനസികാവസ്ഥയിൽ മാറ്റം വരും എന്നും എല്ലാം ഞാൻ കരുതി. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞ് ബി.എഡും ചെയ്തു. അതിന് ശേഷമാണ് വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച ഒരു വിവാഹത്തിന് ഞാൻ സമ്മതിക്കുന്നത്. അതിന് മുൻപും ശേഷവും ആത്മാർത്ഥമായ ലെസ്ബിയൻ പ്രണയങ്ങളും ക്രഷുകളും എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം പാപമാണ് എന്ന ബോധമായിരുന്നു അന്നെല്ലാം.

അങ്ങനെ വിവാഹം കഴിഞ്ഞു, ഒരു കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ്. അവളെ വളർത്തുന്നതോടൊപ്പം എന്നിലെ 'പ്രശ്നങ്ങൾ' ഒഴിഞ്ഞ് പോകും എന്ന് ഞാൻ കരുതി. പക്ഷെ പ്രായം ചെല്ലുംതോറും കൂടുതൽ ശക്തമായി എന്നിലെ ലെസ്ബിയൻ ലൈംഗികത ചിറക് വിരിച്ച് വന്നു. ഭർതൃവീട്ടിൽ അതല്ലാത്ത ഒട്ടനവധി പ്രശ്നങ്ങൾ വേറെയും ഉണ്ടായിരുന്നു. അവിടെ എല്ലാം സഹിച്ച് പിടിച്ച് നിൽക്കാൻ എനിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. അങ്ങനെ ഡിവോഴ്സ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഞാനും എന്റെ ഭർത്താവും എത്തിപ്പെട്ടു. അപ്പോഴും എന്റെ ലൈംഗികത ഇതാണെന്ന് ഞാൻ ആരോടും തുറന്ന് പറഞ്ഞിരുന്നില്ല! നോക്കൂ, സമൂഹത്തെയും കുടുംബത്തെയും പേടിച്ച് എത്ര കാലമാണ് ഒരു സ്ത്രീ തന്റെ ലൈംഗിക സ്വത്വം പോലും മറച്ച് വയ്ക്കുന്നത് എന്ന്.. എന്റെ മകൾക്ക് ഇന്ന് 11 വയസ്സായി.

എന്റെ വയസ്സിനോളം തന്നെ വേണ്ടി വന്നു എനിക്ക് എന്റെ ലൈംഗികത സ്വതന്ത്രമായി എക്‌സ്‌പ്ലോർ ചെയ്യാൻ. ഇന്ന് ഞാൻ ഒരു സംരംഭകയാണ്. അമ്മയാണ്. എന്റെ ലെസ്ബിയൻ ജീവിത പങ്കാളിക്ക് ഒപ്പം സുഖമായി കഴിയുകയാണ്

കൃത്യമായി പറഞ്ഞാൽ 38 വർഷം.. എന്റെ വയസ്സിനോളം തന്നെ വേണ്ടി വന്നു എനിക്ക് എന്റെ ലൈംഗികത സ്വതന്ത്രമായി എക്‌സ്‌പ്ലോർ ചെയ്യാൻ. ഇന്ന് ഞാൻ ഒരു സംരംഭകയാണ്. അമ്മയാണ്. എന്റെ ലെസ്ബിയൻ ജീവിത പങ്കാളിക്ക് ഒപ്പം സുഖമായി കഴിയുകയാണ്. പക്ഷെ വിവാഹ മോചനത്തോടെ ഞാനും ആയുള്ള ബന്ധം ഉപേക്ഷിച്ച എന്റെ കുടുംബം ഇന്നും അകൽച്ചയിലാണ്. കണ്ടാൽ സംസാരിക്കും, ആശ്രയിക്കാത്തത് കൊണ്ട് മുഖം കറുപ്പിക്കുന്നില്ല എന്ന അവസ്ഥയിലാണ് അച്ഛനും അമ്മയും. എന്നെ ജീവനെ പോലെ സ്നേഹിച്ചിരുന്ന ചേട്ടൻ എന്നോട് മിണ്ടിയിട്ട് എട്ട് കൊല്ലം കഴിഞ്ഞു. കുടുംബ വ്യവസ്ഥയുടെ യഥാർത്ഥ മുഖവും കെട്ടുറപ്പും മനസ്സിലാകുന്നില്ലേ?"

ധന്യയുടെ ചോദ്യത്തിന് മുന്നിൽ മലയാളികൾക്ക് ഉത്തരം മുട്ടും. സ്വന്തം കുടുംബത്തിൽ ഒരു പെൺകുട്ടി - അത് മകളോ ഭാര്യയോ സഹോദരിയോ ആരും ആകട്ടെ, താൻ സ്വവർഗ്ഗാനുരാഗി ആണെന്ന് തുറന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ മറുചോദ്യങ്ങൾ ഇല്ലാതെ അതിനെ അംഗീകരിക്കും? കുടുംബത്തിന്റെ അംഗീകാരത്തോടെ, സമൂഹത്തിന്റെ സഹകരണത്തോടെ, എത്ര ലെസ്ബിയൻ ദമ്പതിമാർ ഈ നാട്ടിൽ ജീവിക്കുന്നുണ്ട്? വളരെ കുറവ് അല്ലെങ്കിൽ തീരെ ഇല്ല എന്ന് തന്നെ ആയിരിക്കും ഉത്തരം.

സ്ത്രീത്വം, പൗരുഷം എന്നീ സങ്കൽപ്പങ്ങൾക്ക് സമൂഹം കല്പിച്ച് കൊടുത്തിട്ടുള്ള റിജിഡിറ്റി അവയ്ക്ക് യഥാർത്ഥത്തിൽ ഇല്ല എന്ന് വേണം പറയാൻ. പൗരുഷം എന്നാൽ ആണധികാരത്തിന്റെ സകല ലക്ഷണങ്ങളും കാട്ടി, മീശ പിരിച്ച്, മുണ്ട് മടക്കി കുത്തി, പെണ്ണുങ്ങളെ വക വയ്ക്കാതെ, കെട്ടിയ പെണ്ണിനെ വരച്ച വരയിൽ നിർത്തി, പൂവള്ളി ഇന്ദുചൂഢന്റെയോ കണിമംഗലം ജഗന്നാഥന്റെയോ പോലെ വായിൽ ഒതുങ്ങാത്ത ഡയലോഗുകളും അധോലോകത്തെ കിടുകിടാ വിറപ്പിച്ച വീരചരിതവും മുഴക്കി സമൂഹത്തിന്റെ എല്ലാ പ്രിവിലേജുകളും കൈപ്പറ്റി നടക്കുന്ന ഗുണ്ടകൾ അല്ലെന്ന ബോധ്യം ഈ നാട്ടിലെ ആണുങ്ങൾക്ക് പോലും കൈവന്നിട്ടില്ല.

കട്ടി മീശയോ താടിയോ ബാസ് കൂടിയ ശബ്ദമോ സിക്സ് പാക്ക് മസിലോ ഒന്നും പൗരുഷത്തിന്റെ ലക്ഷണങ്ങൾ പോലുമല്ല വെറും ശാരീരിക സവിശേഷതകൾ മാത്രമാണ് എന്ന് ഈ സമൂഹം ഇനി എന്ന് തിരിച്ചറിയാനാണ്! ഈ കപട പൗരുഷ സങ്കൽപ്പങ്ങൾ പുരുഷന്മാർക്ക് വരുത്തിവയ്ക്കുന്ന അപകർഷ ബോധങ്ങളും അപകടങ്ങളും അവർ പോലും മനസ്സിലാക്കുന്നില്ല.

കട്ടി മീശയോ താടിയോ ബാസ് കൂടിയ ശബ്ദമോ സിക്സ് പാക്ക് മസിലോ ഒന്നും പൗരുഷത്തിന്റെ ലക്ഷണങ്ങൾ പോലുമല്ല വെറും ശാരീരിക സവിശേഷതകൾ മാത്രമാണ് എന്ന് ഈ സമൂഹം ഇനി എന്ന് തിരിച്ചറിയാനാണ്

അതുപോലെ തന്നെയാണ് സ്ത്രീത്വത്തിന്റെ കാര്യവും. മുട്ടോളം മുടിയും ചാരിത്ര്യ ബോധവും പാതിവ്രത്യവും 'കുല മഹിമ'യും എല്ലാം സ്ത്രീത്വത്തിന്റെ കറ കളഞ്ഞ ലക്ഷണങ്ങൾ ആയി നാം മനസ്സിൽ പ്രതിഷ്ഠിച്ച് നൂറ്റാണ്ടുകൾ ഏറെയായി. പുരുഷന് മാത്രമല്ല, സ്ത്രീയ്ക്ക് കൂടി തുണയാകാൻ കെൽപ്പുള്ളവൾ ആണ് സ്ത്രീ എന്നാണു ധന്യയെ പോലുള്ളവർ സമൂഹത്തോട് വിളിച്ച് പറയുന്നവർ. ഒരു പാടി കൂടി കടന്നാൽ, ആർക്കും തുണയാകാതെ, ആരുടേയും തുണ കൈപ്പറ്റാതെ, സ്വതന്ത്രയായി ജീവിക്കാൻ സ്ത്രീക്ക് സാധിക്കും എന്നും ഇവർ തെളിയിക്കുന്നു.

എങ്കിലും വിദ്യാഭ്യാസപരമായി ഇത്രയും ഉയർന്ന് നിൽക്കുന്ന സ്വന്തം കുടുംബം പോലും തന്നെ അംഗീകരിക്കാതിരിക്കുമ്പോൾ ഏതൊരു വ്യക്തിയെയും പോലെ ധന്യക്കും സങ്കടം കാണില്ലേ? ധന്യയുടെ ഉത്തരം ഇങ്ങനെ:

"വിഷമം എല്ലാവരെയും പോലെ എനിക്കും ഉണ്ട്. പക്ഷെ ഇതുവരെയുള്ള ജീവിതത്തിൽ നല്ലൊരു ഭാഗം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം ഇഷ്ടങ്ങൾ മറച്ചുവച്ച് ജീവിച്ചു. ഇപ്പോൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ മറന്ന് സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രയായി ജീവിക്കുന്നു. രണ്ടാമത്തെ അവസ്ഥയിൽ ചെറിയ ദുഃഖങ്ങൾ ഉണ്ടെങ്കിലും സംതൃപ്തി ഉണ്ട്. അതാണല്ലോ ഏറ്റവും വലുത്.."

ലെസ്ബിയൻ വ്യക്തി എന്നതിൽ ഉപരി ഒരു അമ്മ കൂടി ആണ് ധന്യ. തന്റെ മകളെ ഈ സമൂഹത്തിലേക്ക് ഏത് രീതിയിലാണ് വളർത്തി എടുക്കേണ്ടത് എന്ന് വ്യക്തമായ ധാരണ ഈ അമ്മയ്ക്ക് ഉണ്ട്. "എന്റെ മകൾ എന്റെയും പങ്കാളിയുടെയും കൂടെ സുരക്ഷിതയാണ്. ക്വിയർ കൂട്ടായ്മകളുടെ എല്ലാ പരിപാടികൾക്കും അവളെയും കൂട്ടിയാണ് ഞാൻ പോകാറ്. ഞാൻ മനസ്സിലാക്കാൻ വൈകിയത് എല്ലാം ചെറിയ പ്രായത്തിൽ തന്നെ അവൾ മനസ്സിലാക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. ലിംഗത്തിനും ലൈംഗികതയ്ക്കും അപ്പുറം മനുഷ്യ ബന്ധങ്ങളെയും മനുഷ്യാവകാശങ്ങളെയും മാനിക്കുന്ന നല്ലൊരു വ്യക്തിയായി ഈ സമൂഹത്തിൽ ഞങ്ങൾ അവളെ വളർത്തിയെടുക്കും. ഉന്നത വിദ്യാഭ്യാസം നൽകും. ബാക്കിയെല്ലാം അവളുടെ ഇഷ്ടം." - ധന്യ പറഞ്ഞ് നിർത്തി.

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങളും ചോദ്യങ്ങളും നേരിട്ട് ഒരു ലെസ്ബിയൻ വ്യക്തി എങ്ങനെ ഇവിടെ ജീവിക്കും എന്ന ചോദ്യത്തിന് ധന്യക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന ഒരു പിടി ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും ആണ്. അവയിലേക്ക് ഒരു എത്തിനോട്ടം ഇല്ലാതെ കേരളത്തിലെ ലെസ്ബിയൻ ജീവിതങ്ങൾ തുറന്നു പറയുന്ന ഈ കുറിപ്പ് പൂർണ്ണമാകില്ല..