Dec 15, 2021 • 9M

സാപത്ന്യത്തിൽ നീറുന്ന നമ്പൂതിരി സ്ത്രീകൾ: അവരുടെ വിമോചകയായി ലളിതാംബിക അന്തർജ്ജനം

നമ്പൂതിരിമാർക്ക് ഇടയിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ നിഷേധങ്ങളും നിശിതമായി വിമർശിച്ച ധൈര്യശാലി. ലളിതാംബികയുടെ വിശേഷണങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല

She's equal
Comment
Share
 
1.0×
0:00
-8:46
Open in playerListen on);
Episode details
Comments

മലയാള സാഹിത്യ ലോകത്ത് സ്ത്രീകളുടെ ശബ്ദം അതിശക്തമായി അടയാളപ്പെടുത്തിയ എഴുത്തുകാരിൽ മുൻപന്തിയിലാണ് സാക്ഷാൽ ലളിതാംബിക അന്തർജ്ജനം. തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ കൊണ്ട് സംപുഷ്ടയായവൾ.. ഒരൊറ്റ ജന്മം കൊണ്ട് പല ജീവിതങ്ങൾ ജീവിച്ച പ്രതിഭാ ധനയായ എഴുത്തുകാരി. നമ്പൂതിരിമാർക്ക് ഇടയിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ നിഷേധങ്ങളും നിശിതമായി വിമർശിച്ച ധൈര്യശാലി. ലളിതാംബികയുടെ വിശേഷണങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല.

'അഗ്നിസാക്ഷി' എന്ന ഒരൊറ്റ നോവലിലൂടെ മലയാള സാഹിത്യ ലോകത്ത് ചരിത്രത്തിന്റെ അത്യന്തം വ്യത്യസ്തമായ ഒരു രേഖപ്പെടുത്തൽ തന്നെ നടത്തിയ വിപ്ലവകാരിയാണ് ലളിതാംബിക അന്തർജ്ജനം. 'ആത്മകഥയ്ക്ക് ഒരു ആമുഖം' എന്ന അവരുടെ ആത്മകഥ തന്നെ മലയാള സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ്. ഇതെല്ലാം ഇവർ പടുത്തുയർത്തിയത് അടിസ്ഥാനപരമായ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാതെ ആണെങ്കിലോ? പരിചയപ്പെടാം, കേരളസ്ത്രീകളുടെ അവകാശങ്ങൾക്കായി പേന പടവാൾ ആക്കിയ എഴുത്തുകാരിയെ..

കൊല്ലം പുനലൂരിന് അടുത്ത് കോട്ടവട്ടത്ത്, 1909 മാർച്ച് മുപ്പതിനാണ് ലളിതാംബികയുടെ ജനനം. സ്ത്രീകൾക്ക് വിദ്യാഭ്യാസം തന്നെ നിഷിദ്ധമായിരുന്ന കാലമാണത്. എങ്കിലും ലളിതാംബികയെ അക്ഷരം പഠിപ്പിക്കാൻ അച്ഛൻ ദാമോദരൻ നമ്പൂതിരി, ഒരു വാധ്യാരെ നിയമിച്ചു. അത് തന്നെ അക്കാലത്ത് നാട്ടുനടപ്പിന് എതിരായിരുന്നു. ഒരുപക്ഷെ ഭാവിയിൽ വരാനിരുന്ന മാറ്റത്തിന്റെ കൊടുംകാറ്റിന് ആ അച്ഛൻ നൽകിയ ഏറ്റവും സുന്ദരമായ തുടക്കം ആയിരുന്നു അത്.

അപര്യാപ്തമായി അവസാനിച്ചു എങ്കിലും ഈ 'അക്ഷരം പഠിക്കൽ' ലളിതാംബികയുടെ ചിന്താഗതി മാറ്റി മറിച്ചു. സ്വന്തം ഭവനത്തിന്റെ പൂമുഖത്തേക്ക് പോലും സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത കാലം ആയിരുന്നു അത്. വലിയ ഭൂസ്വത്തിനും നാലും എട്ടും കെട്ട് കെട്ടിയ മാളികകളുടെ അകത്തളങ്ങൾക്കും അപ്പുറം നില കൊള്ളുന്ന ഒരു ലോകത്തെ കുറിച്ച് നമ്പൂതിരി സ്ത്രീകൾക്ക് വലിയ ജ്ഞാനം ഒന്നും ഉണ്ടായിരുന്നില്ല.

കേരളത്തിലെ ഏറ്റവും പ്രാമാണ്യം ഏറിയ 'മേൽജാതി' ആയ നമ്പൂതിരിമാർ അക്കാലത്ത് സ്വന്തം സമുദായത്തിലെ സ്ത്രീകളെ പുറം ലോകം കാണിച്ചിരുന്നില്ല. ഇല്ലങ്ങളുടെ അകത്തളങ്ങളിൽ മാത്രം കഴിഞ്ഞ് കൂടുന്നവർ എന്ന് സൂചിപ്പിക്കാനാണ് നമ്പൂതിരി സ്ത്രീകളെ 'അന്തർജ്ജനം' എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിശേഷണമാണ് ലളിതാംബികയുടെ നാമത്തിനും വാലായി ലഭിച്ചത്. അക്കാലത്ത് ബ്രാഹ്മണ സ്ത്രീകൾക്ക് സ്വന്തം ബന്ധുജനങ്ങളിൽ പോലും പലരുടെയും മുഖം കാണാൻ അനുവാദം ഉണ്ടായിരുന്നില്ല.

'കാണാൻ പാടില്ലാത്തവർ,' 'പേര് ഉച്ചരിക്കാൻ പാടില്ലാത്തവർ,' 'തൊട്ട് കൂടാത്തവർ' തുടങ്ങി സാമൂഹ്യ - കുടുംബ ബന്ധങ്ങളിൽ തന്നെ സ്ത്രീകൾക്ക് മേൽ ഒട്ടേറെ കെട്ടുപാടുകൾ അടിച്ചേൽപ്പിച്ചിരുന്നു. വയസ്സറിച്ചിട്ട് പോലും ഇല്ലാത്ത പെൺകിടാങ്ങളെ മധ്യവയസ്കരും വൃദ്ധരും വരെ 'വേളി കഴിച്ചിരുന്ന' കാലമാണ് അത്. ഒരു കുടുംബത്തിലെ ആദ്യത്തെ പുരുഷന് മാത്രം എത്ര വിവാഹം വേണമെങ്കിലും ചെയ്യാം.

അതിന് പുറമേ ശൂദ്രരുമായി - അതായത് നായർ സ്ത്രീകളുമായി - വിവാഹേതര ബന്ധങ്ങളും സ്ഥാപിക്കാം. എന്നാൽ പിന്നീടുള്ള പുരുഷന്മാർക്ക് 'നായർ സംബന്ധങ്ങൾ' മാത്രമാണ് വിധിക്കപ്പെട്ടിരുന്നത്. കുടുംബസ്വത്ത് അന്യം നിന്ന് പോകാതിരിക്കാനാണത്രേ ഇത്.

നമ്പൂതിരിമാർക്ക് ഇടയിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ നിഷേധങ്ങളും നിശിതമായി വിമർശിച്ച ധൈര്യശാലി.. ലളിതാംബികയുടെ വിശേഷണങ്ങൾ പറഞ്ഞാൽ ഒടുങ്ങില്ല

ഇത്തരം യാഥാസ്ഥിതികമായ ചുറ്റുപാടുകളിൽ നിന്നാണ് ലളിതാംബികയുടെ ഉയർച്ച. അവർക്ക് കഥകൾ പറയാൻ അവരുടെ ജീവിതം ഉരുത്തിരിഞ്ഞ ഭൂമിക തന്നെ ധാരാളം മതിയായിരുന്നു. തന്റെ ചുറ്റുപാടുകളിൽ നിന്ന് തന്നെ തീർത്തും ഹൃദയസ്പർശി ആയ കഥകൾ അവർ ഒപ്പിയെടുത്തു. പക്ഷെ അതിൽ എല്ലാം സ്ത്രീകളും അവരുടെ ജീവിത സമരങ്ങളും പ്രധാന പ്രമേയങ്ങൾ ആയി.

പുറമെ നിന്ന് നോക്കിയാൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കൊടുമുടി എന്ന് തോന്നിക്കുന്ന നമ്പൂതിരി കുടുംബങ്ങളുടെ അകത്തളങ്ങളിൽ എരിഞ്ഞ് അടങ്ങുന്ന സ്ത്രീകളുടെ കഥകൾ അങ്ങനെ ലോകം അറിയാൻ തുടങ്ങി. ലളിതാംബികയുടെ എഴുത്തുകൾ സമൂഹത്തിൽ തീയായി മാറി..

സ്വന്തം മനയ്ക്കൽ ജോലിക്ക് വരുന്നവരും വിരുന്ന് വരുന്നവരും പറഞ്ഞ് കേട്ടിട്ടുള്ള അറിവേ ലളിതാംബികയ്ക്ക് പുറം ലോകത്തെ കുറിച്ച് ചെറുപ്പത്തിൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വന്ന വിരുന്നുകാരിൽ നിന്നാണ് മഹാത്മാ ഗാന്ധി എന്ന മനുഷ്യനെ കുറിച്ചും നമ്മുടെ ജന്മനാടിന്റെ വിമോചനത്തിന് വേണ്ടി അദ്ദേഹം ദേശീയ തലത്തിൽ നടത്തുന്ന സമരങ്ങളെ കുറിച്ചും ലളിതാംബിക കേൾക്കുന്നത്. ആദ്യം കേട്ടപ്പോൾ തന്നെ അവർ ഗാന്ധിജിയുടെ വലിയ ആരാധിക ആയി മാറി.

'അഗ്നിസാക്ഷി' എന്ന ഒരൊറ്റ നോവലിലൂടെ മലയാള സാഹിത്യ ലോകത്ത് ചരിത്രത്തിന്റെ അത്യന്തം വ്യത്യസ്തമായ ഒരു രേഖപ്പെടുത്തൽ തന്നെ നടത്തിയ വിപ്ലവകാരിയാണ് ലളിതാംബിക അന്തർജ്ജനം

കൗമാരം മുതൽ തന്നെ ലളിതാംബിക ഗാന്ധിയൻ ആശയങ്ങൾ ഉൾകൊള്ളുന്ന ലളിതമായ ജീവിത ശൈലി പിന്തുടർന്നു. ദേശ സ്വാതന്ത്ര്യത്തിന് വേണ്ടിയും അവർ പേന കൊണ്ട് പട പൊരുതി. എങ്കിലും സ്ത്രീ പക്ഷ സാഹിത്യം അതിന്റെ അതി ശക്തം ആയ സാന്നിധ്യം അവരുടെ എഴുത്തുകളിൽ രേഖപ്പെടുത്തി പോന്നു.

അക്കാലത്ത് നമ്പൂതിരി സ്ത്രീകൾക്ക് സ്വന്തം ഭവനത്തിന് വെളിയിലേക്ക് ഇറങ്ങണം എങ്കിൽ ഒരു കമ്പിളി പുതപ്പ് കൊണ്ട് ദേഹം ആസകലം പുതച്ച്, വാഴയില കൊണ്ട് കണങ്കാൽ വരെ മറച്ച് പിടിക്കണമായിരുന്നു. സ്വന്തം കാൽപാദം മാത്രം കാണാവുന്ന രീതിയിലെ നമ്പൂതിരി സ്ത്രീകൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടൂ. അതേ സമയം താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം പോലും ഉണ്ടായിരുന്നില്ല. പൊതുവിടങ്ങളിലൂടെ മാറും മേനിയും കാണിച്ച് നടക്കാൻ ആയിരുന്നു അവരുടെ ദുര്യോഗം. ഈ രണ്ട് പ്രവണതകൾക്കും എതിരെ ലളിതാംബിക തന്റെ എഴുത്തുകളിലൂടെ ആഞ്ഞടിച്ചു.

പതിനാറ് വയസ്സിലാണ് ലളിതാംബിക, നാരായണൻ നമ്പൂതിരിയുടെ പത്നി ആകുന്നത്. വിവാഹ ശേഷം തീർത്തും വ്യത്യസ്തമായ, ഭീതി ജനകമായ ഒരു ലോകം ആണ് ലളിതാംബിക കണ്ടത്. അടുക്കളയിൽ മാത്രം ഒതുങ്ങി കൂടിയ നാളുകൾ. കരിയും പുകയും ഏറ്റ് നീറി തീരുന്ന സ്ത്രീ ജന്മങ്ങൾ. അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് ഇടയിലെ അനിതര സാധാരണമായ മത്സരവും വാശിയും.. താൻ അത്ര നാൾ കണ്ടതും അനുഭവിച്ചതും അല്ല സ്വസമുദായത്തിലെ സ്ത്രീകളുടെ യഥാർത്ഥ ജീവിതം എന്ന തിരിച്ചറിവ് ആയിരുന്നു ലളിതാംബികയ്ക്ക് അത്.

മലയാള സാഹിത്യത്തിന്റെ നവോത്ഥാന പ്രക്രിയയിൽ വ്യക്തമായ പങ്ക് വഹിച്ച എഴുത്തുകാരി ആയിരുന്നു ലളിതാംബിക അന്തർജ്ജനം. കഥാരംഗത്തും കവിതാ രംഗത്തും നോവൽ രംഗത്തും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരി

തടവിൽ ആക്കപ്പെട്ട കുറ്റവാളികളെ പോലെ അവർ സ്വാതന്ത്ര്യത്തിനായി മോഹിച്ചു. അതിനെല്ലാം ഇടയിൽ ലളിതാംബികയെ വിസ്മയിപ്പിച്ചത് മറ്റൊന്നായിരുന്നു - ഇത്രയെല്ലാം സഹിക്കുമ്പോഴും ഈ സ്ത്രീകൾ വച്ച് പുലർത്തുന്ന നിശ്ചയദാർഢ്യം. ഒരു കുടുംബത്തിന്റെയും, അതുവഴി സമൂഹത്തിന്റെ തന്നെയും നെടുംതൂണായി അവർ മാറുന്ന കാഴ്ച. ഈ തിരിച്ചറിവാണ് ലളിതാംബികയുടെ രചനകളുടെ കാതൽ.

ഈ ജീവിതാനുഭവങ്ങളിൽ കാലൂന്നിയാണ് ലളിതാംബിക അന്തർജ്ജനം 'അഗ്നിസാക്ഷി' രചിക്കുന്നത്. മലയാള സാഹിത്യത്തിൽ മാറ്റത്തിന്റെ അലയൊലി ആയിരുന്നു അഗ്നിസാക്ഷി തീർത്തത്. വർഷങ്ങൾക്ക് ശേഷം ആ നോവൽ ഒരു സിനിമയായും മാറി. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുമ്പോഴും നമ്പൂതിരി കുടുംബങ്ങൾക്ക് ഉള്ളിൽ നീറി പുകയുന്ന അടിച്ചമർത്തലുകളും സഹന സമരങ്ങളും ആ നോവൽ തുറന്ന് കാട്ടി. ഓരോ കുടുംബത്തിലും ഒരു പുരുഷൻ മാത്രം വിവാഹം കഴിക്കുന്ന സമ്പ്രദായം മൂലം മറ്റ് കുടുംബങ്ങളിൽ വിവാഹം കഴിയാതെ കഴിയുന്ന സ്ത്രീകൾ.

ഒരേ പുരുഷന്റെ തന്നെ ഭാര്യമാർ ആയി കഴിയുന്ന നാലോ അഞ്ചോ സ്ത്രീകൾ തമ്മിലുള്ള മത്സരങ്ങളും കുടിപ്പകകളും. സാപത്ന്യത്തിന്റെ മാനസിക സമ്മർദ്ദങ്ങൾ.. എല്ലാം ലളിതാംബികയുടെ രചനകൾക്ക് പ്രമേയമായി. അന്യ പുരുഷന്റെ നിഴൽ ദേഹത്ത് വീണാൽ പോലും സ്മാർത്ഥവിചാരത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളുടെ അനുഭവങ്ങൾ കേട്ട് സമൂഹം അതിശയിച്ചു.

1930-കളോടെ കേരളത്തിലെ പ്രബല സവർണ്ണ സമുദായങ്ങളിലെ സ്ത്രീകൾ മേൽവസ്ത്രം ധരിക്കാൻ തുടങ്ങി. അപ്പോഴും സമൂഹത്തിനെ താഴെക്കിടയിൽ ഉള്ള സ്ത്രീകൾക്ക് അതിനുള്ള അവകാശം നിഷിദ്ധമായിരുന്നു. സമൂഹത്തിന്റെ അംഗീകാരം മുതൽ തുണിയുടെ വില വരെ ദരിദ്രർക്ക് വിനയായി.

അക്കാലത്ത് നായർ സ്ത്രീകൾ മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളെക്കാൾ കൂടുതൽ ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മരുമക്കത്തായം മൂലം സ്വജാതിയിൽ നിന്ന് ഇഷ്ടപ്രകാരം പങ്കാളികളെ കണ്ടെത്താനും ത്യജിക്കാനും അവർക്ക് സാധിച്ചിരുന്നു. എന്നാൽ നമ്പൂതിരിമാരിൽ നിന്ന് അവരും നേരിട്ടിരുന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു. പുരുഷാധിപത്യ വ്യവസ്ഥിതി സമൂഹത്തിൽ സ്ത്രീകൾക്ക് തീർക്കുന്ന നരകം എല്ലാ അർത്ഥത്തിലും വെളിച്ച ത്ത് കൊണ്ട് വരികയായിരുന്നു ലളിതാംബിക അന്തർജ്ജനം.

1937-ൽ പതിനെട്ട് വയസ്സുള്ളപ്പോൾ ആയിരുന്നു ലളിതാംബികയുടെ ആദ്യ കവിതാ സമാഹാരം ആയ 'ലളിതാഞ്ജലി' പ്രസിദ്ധീകരിക്കുന്നത്. അതേ വർഷം തന്നെ 'അംബികാഞ്ജലി' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു

മലയാള സാഹിത്യത്തിന്റെ നവോത്ഥാന പ്രക്രിയയിൽ വ്യക്തമായ പങ്ക് വഹിച്ച എഴുത്തുകാരി ആയിരുന്നു ലളിതാംബിക അന്തർജ്ജനം. കഥാരംഗത്തും കവിതാ രംഗത്തും നോവൽ രംഗത്തും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരി.1937-ൽ പതിനെട്ട് വയസ്സുള്ളപ്പോൾ ആയിരുന്നു ലളിതാംബികയുടെ ആദ്യ കവിതാ സമാഹാരം ആയ 'ലളിതാഞ്ജലി' പ്രസിദ്ധീകരിക്കുന്നത്. അതേ വർഷം തന്നെ 'അംബികാഞ്ജലി' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു.

സ്ത്രീപക്ഷ സാഹിത്യത്തിന്റെ ആദ്യകാല വക്താവ് ആയിരുന്നു ലളിതാംബിക. തന്റെ സാഹചര്യങ്ങളിൽ ഒതുങ്ങി കൂടാതെ സാഹിത്യത്തിന്റെയും സാമൂഹ്യ പരിവർത്തനത്തിൻേറയും പല മേഖലകളിൽ അവർ അതിരുകൾ ഇല്ലാതെ വിഹരിച്ചു. 1965-ൽ പുറത്തിറങ്ങിയ 'ശകുന്തള' എന്ന സിനിമയുടെ സംഭാഷണവും തിരക്കഥയും രചിച്ചത് ലളിതാംബിക അന്തർജ്ജനം ആയിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ആദ്യ വയലാർ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലളിതാംബിക ഏറ്റുവാങ്ങി. സ്വന്തം കുടുംബത്തിലെ ഗ്രന്ഥശേഖരങ്ങളും, പണ്ഡിതനും സമൂഹ പരിഷ്കർത്താവും ആയിരുന്ന പിതാവിന്റെ സ്വാധീനവും, 'പ്രബുദ്ധ കേരളം' എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയിരുന്ന അമ്മാവന്റെ വാക്കുകളും ആയിരുന്നു ലളിതാംബികയ്ക്ക് ഉള്ളിലെ സാഹിത്യകാരിയെ പുറത്ത് കൊണ്ടുവന്നത്. നിരവധി തലമുറകൾക്ക് സമൂഹത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്ത് വരാൻ ഊർജ്ജമേകിയ രചനകൾ ആയിരുന്നു ലളിതാംബികയുടേത്. ഇന്നും കേരള സാഹിത്യത്തിലെ സ്ത്രീപക്ഷ രചനകളുടെ മകുടമായി ലളിതാംബിക അന്തർജനത്തിന്റെ കൃതികൾ തല ഉയർത്തി നിൽക്കുന്നു.