Jan 4 • 9M

104 വയസ്സിൽ കുട്ടിയമ്മ ഇനി 'കുട്ടിക'ളോടൊപ്പം നാലാംക്ലാസുകാരി ആകും!

104 വയസ്സിൽ കുട്ടിയമ്മ സാക്ഷരതാ പരീക്ഷ വിജയിച്ചിരിക്കുന്നു - അതും മിന്നും വിജയത്തോടെ! മിഴിച്ച് നോക്കണ്ട, ഈ പ്രായത്തിൽ ഇനി സാക്ഷരത നേടിയിട്ട് എന്തിനാണ് എന്ന ചോദ്യവും ഉയർത്തണ്ട

2
1
 
1.0×
0:00
-8:46
Open in playerListen on);
Episode details
1 comment

കേരളത്തിന്റെ അക്ഷര നഗരി എന്ന് അറിയപ്പെടുന്ന കോട്ടയത്ത് ആണ് കേരളത്തിന്റെ സാക്ഷരതായജ്ഞത്തിലെ ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നത്. 104 വയസ്സിൽ കുട്ടിയമ്മ സാക്ഷരതാ പരീക്ഷ വിജയിച്ചിരിക്കുന്നു - അതും മിന്നും വിജയത്തോടെ! മിഴിച്ച് നോക്കണ്ട, ഈ പ്രായത്തിൽ ഇനി സാക്ഷരത നേടിയിട്ട് എന്തിനാണ് എന്ന ചോദ്യവും ഉയർത്തണ്ട.

കുട്ടിയമ്മ തന്റെ വിദ്യാഭ്യാസ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. ഒരു ആയുഷ്കാലത്തെ സ്വപ്നമാണ് ഈ മുത്തശ്ശി ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. അതിന് പിന്തുണ ഏകി കൂടെ നിന്നത് ആകട്ടെ, കുട്ടിയമ്മയുടെ അയൽക്കാരിയും കേരള സർക്കാർ സാക്ഷരതാ മിഷൻ പ്രചാരക് റെഹന ജോണും. ഇരുവരുടെയും വിശേഷങ്ങൾ കേൾക്കാം..

പഠിക്കാനുള്ള മോഹം..

കോട്ടയം സ്വദേശിനിയാണ് കുട്ടിയമ്മ. വീട്ടിൽ അച്ഛനും അമ്മയും ഇളയ സഹോദരങ്ങളും എല്ലാം ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ എല്ലാ കുട്ടികളെയും ഒന്നിച്ച് അക്ഷരം പഠിപ്പിക്കാൻ ഒരു ആശാൻ വീട്ടിൽ വരുമായിരുന്നു. "ആശാൻ ഓലയിൽ എഴുതി നമുക്ക് വായിക്കാൻ തരും.

അതുപോലെ നമ്മളെ കൊണ്ട് ഓലയിൽ എഴുതിക്കും. അതൊക്കെ പഴയ അക്ഷരങ്ങളും ലിപിയും ആയിരുന്നു. പിന്നെ അമ്മ പണിക്ക് പോകുമ്പോൾ ഇളയ കുഞ്ഞുങ്ങളെ നോക്കേണ്ട ചുമതല ഉള്ളത് കൊണ്ട് എന്റെ പഠിപ്പ് മുടങ്ങി. വീട്ടിലെ പണികളും മറ്റുമായി വളർന്നു," കുട്ടിയമ്മ ഓർത്തെടുക്കുന്നു.

പതിനാറ് വയസ്സിൽ ആയിരുന്നു കുട്ടിയമ്മയെ തിരുവഞ്ചൂർക്കാരൻ ആയ കോന്തി വിവാഹം ചെയ്യുന്നത്. പച്ചമരുന്ന് കടയിൽ മരുന്ന് ചെടികൾ എത്തിക്കൽ ആയിരുന്നു കോന്തിക്ക് ജോലി. "വലിയ അദ്ധ്വാനി ആയിരുന്നു. ഞങ്ങൾക്ക് അഞ്ച് മക്കൾ പിറന്നു. അങ്ങേരുടെ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ തികയുമോ.. അങ്ങനെ ഞാൻ ഒരു പച്ചക്കറി കട തുടങ്ങി.

നൂറ്റിനാലാം വയസ്സിൽ സാക്ഷരതാ മിഷൻ ജനറൽ പേപ്പറിൽ 89 ശതമാനവും കണക്കിൽ നൂറിൽ നൂറ് ശതമാനവും മാർക്ക് നേടി വിജയം വരിച്ച ഈ മുതുമുത്തശ്ശി സാമൂഹ്യ മാധ്യമങ്ങളിലും ആഗോളതലത്തിലും വൈറൽ ആയിരിക്കുകയാണ്

പിന്നെ കടയിലെ തിരക്കും പിള്ളേരുടെ കാര്യങ്ങളും ഒക്കെയായി ജീവിതം മുന്നോട്ട് പോയി.." - കുട്ടിയമ്മ സ്വന്തം റെഹന ടീച്ചറോട് പഠനത്തിന് ഇടയിൽ മനസ്സ് തുറക്കുന്നതാണ് ഇതെല്ലാം. ഒരു മകളെ പോലെ, കൂട്ടുകാരിയെ പോലെ ടീച്ചർ അതെല്ലാം കേട്ടിരിക്കും.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം ആയിരുന്നു എങ്കിലും കുട്ടിയമ്മ പല വട്ടം കോന്തിയോട് തനിക്ക് പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞു. "അങ്ങേര് സമ്മതിച്ചില്ല. അല്ല, കുറ്റം പറയാൻ പറ്റില്ല, ഈ പ്രാരാബ്ധത്തിന് ഇടയിൽ ഞാൻ പഠിക്കാൻ പോയാൽ കാര്യങ്ങൾ നടക്കുമോ.." കുട്ടിയമ്മ നെടുവീർപ്പ് ഇട്ടു. അങ്ങനെ മക്കൾ വളർന്നു.. അവരുടെ വിവാഹം കഴിഞ്ഞു, അവർക്ക് മക്കളായി, മക്കൾക്ക് മക്കളായി, അവർക്കും മക്കളായി! അഞ്ച് തലമുറകൾ കണ്ട മുതുമുത്തശ്ശി ആയി കുട്ടിയമ്മ മകൻ ഗോപാലന് ഒപ്പം സ്വസ്ഥമായി വാർദ്ധക്യവും ആസ്വദിച്ച് തുടങ്ങി.

അതിനിടെ ഭർത്താവ് കോന്തി 2002-ൽ കുട്ടിയമ്മയെ ഒറ്റയ്ക്ക് ആക്കി യാത്ര പറഞ്ഞു. അഞ്ച് മക്കളിൽ രണ്ട് പേരുടെ മരണവും ഈ അമ്മ കണ്ടു. ദുരിതവും സന്തോഷങ്ങളും നിറഞ്ഞ ജീവിതത്തിന്റെ സായം സന്ധ്യയിൽ അവർക്ക് വെറുതെ ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ ആയി. അല്ലെങ്കിലും ജീവിത കാലം മുഴുവൻ ജോലി ചെയ്ത് ഓടി നടന്നവർക്ക് എത്ര നാൾ വെറുതെ ഇരിക്കാൻ പറ്റും?! കുട്ടിയമ്മ എന്നും രാവിലെ മലയാള മനോരമ ദിനപ്പത്രം വരുന്നത് കാത്തിരിക്കും.

പത്രം വന്നാൽ പേരക്കുട്ടികളെ കൊണ്ട് അത് മുഴുവൻ ഉറക്കെ വായിപ്പിക്കും. ചെറിയൊരു കാഴ്ചക്കുറവ്, ലേശം കേൾവിക്കുറവ് - അതൊഴിച്ചാൽ സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷെ മുത്തശ്ശിയുടെ ഇഷ്ടത്തിന് പത്രത്തിലെ എല്ലാ പേജിലെയും എല്ലാ വരിയും കുത്തിരുന്ന് വായിക്കാൻ പേരക്കുട്ടികൾക്ക് ഉണ്ടോ സമയം.. അതോടെ കുട്ടിയമ്മ ഒരു കാര്യം തിരിച്ചറിഞ്ഞു - തന്റെ യഥാർത്ഥ പ്രശ്നം കാഴ്ചക്കുറവും കേൾവിക്കുറവും ഒന്നുമല്ല; എഴുത്തും വായനയും അറിയാത്തത് ആണ്.

കുട്ടിയമ്മ തനിക്ക് അക്ഷരം പഠിക്കണം എന്ന മോഹം മകൻ ഗോപാലനോട് പറഞ്ഞു. ഗോപാലന് 78 വയസ്സാണ് പ്രായം. അമ്മയുടെ വെറും തോന്നൽ ആയി കണ്ട് ഗോപാലൻ അത് അവഗണിച്ചു. അയല്ക്കാരിയും സാക്ഷരതാ പ്രചാരകും ആയ റെഹന കുട്ടിയമ്മയുടെ ഈ ആഗ്രഹം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.

ജീവിത സായാഹ്നത്തിൽ മടുപ്പോ തളർച്ചയോ കൂടാതെ, പണ്ടെങ്ങോ മാറ്റി വച്ച സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ പൂർണ്ണ മനസ്സോടെ പ്രയത്നിക്കുന്ന കുട്ടിയമ്മ യുവത്വത്തിന് ഉദാത്തമായ മാതൃകയാണ്

റെഹന നിത്യവും വീട്ടിൽ എത്തി ക്ലാസ് എടുത്തുകൊള്ളാം എന്ന ഉടമ്പടിയുടെ പേരിൽ മക്കളുടെ സമ്മതത്തോടെ കുട്ടിയമ്മ സാക്ഷരതാ ക്ലാസിന് ചേർന്നു. പിന്നീട് ഓരോ ദിവസവും ആവേശഭരിതം ആയിരുന്നു. റെഹനയുടെ വാക്കുകൾ ഇങ്ങനെ:

"മുത്തശ്ശിക്ക് വലിയ ഇന്ററസ്റ്റ് ആണ് പഠിക്കാൻ. ഒരു വട്ടം പറഞ്ഞ് കൊടുത്താൽ പിന്നെ മറക്കില്ല. ഈ പ്രായത്തിൽ ഇത്ര ഓർമ്മശക്തി ആണെങ്കിൽ നല്ല കാലത്ത് മുത്തശ്ശി ഒരു ബുദ്ധിജീവി തന്നെ ആയിരുന്നിരിക്കും. ഇത് ഞാൻ പറഞ്ഞാൽ പല്ലില്ലാത്ത മോണ കാട്ടി മുത്തശ്ശിയുടെ ഒരു ചിരിയുണ്ട്.. ഓരോ ദിവസം ഞാൻ വീട്ടിലെത്തുന്നത് കാത്ത് പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കും. മുത്തശ്ശിയുടെ ജീവിത ലക്‌ഷ്യം പൂർത്തി ആക്കാൻ സഹായിക്കുന്നതിന് എനിക്ക് നൽകുന്ന സ്നേഹ സമ്മാനങ്ങളാണ് ആ പലഹാരങ്ങൾ. " - റെഹന അഭിമാനത്തിലാണ്.

കുട്ടിയമ്മ തന്നെക്കാൾ പ്രായം കുറഞ്ഞവരെ അപേക്ഷിച്ച് വേഗം തന്നെ അക്ഷരങ്ങൾ പഠിച്ചെടുത്തു. സാക്ഷരതാ പരീക്ഷയ്ക്ക് മുന്നോടിയായി കുറച്ച് റീഡിങ് മറ്റീരിയൽ റെഹന വീട്ടിൽ എത്തിച്ചപ്പോൾ കുട്ടിയമ്മ ആർത്തിയോടെ അതെല്ലാം വായിച്ച് തീർത്തു. ആ രണ്ട് ദിവസം മുറിയിൽ അടച്ചിരുന്ന് വായന തന്നെയായിരുന്നു എന്നാണ് മക്കൾ സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും ഈ വർഷം നവംബർ 10-ന് നടന്ന സാക്ഷരതാ പരീക്ഷയിൽ മിന്നും വിജയം കാഴ്ച വച്ച് കുട്ടിയമ്മ പാസ്സ് ആയിരിക്കുകയാണ്. റെഹന ടീച്ചർക്കും ഇത് അഭിമാന നിമിഷം..

'ഭാവി'യെ കുറിച്ചുള്ള സ്വപ്‌നങ്ങൾ..

ഇന്ന് കുട്ടിയമ്മ ബിസിയാണ്. അതി രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി പത്രം വരുന്നത് കാത്തിരിക്കും. മനോരമ കൈയിൽ കിട്ടിയാൽ നിലത്ത് വയ്ക്കാതെ രണ്ട് മണിക്കൂർ കൊണ്ട് അത് മുഴുവൻ വായിച്ച് തീർക്കും. കുട്ടിയമ്മ വായിക്കാത്ത ഒരു വാർത്ത പോലും ഓരോ ദിവസത്തെയും പത്രത്തിൽ ഉണ്ടാകില്ല! "എനിക്ക് പണ്ടേ ലോക കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ താത്പര്യമാണ്.

ഓരോ നാട്ടിൽ എന്തൊക്കെ നടക്കുന്നു, എങ്ങനെ നടക്കുന്നു എന്നൊക്കെ അറിയാൻ വലിയ കൗതുകം ആണ്. പണ്ടൊന്നും അത് അറിയാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് വായിക്കാൻ അറിയാമല്ലോ..! പിന്നെ എന്താണ് തടസ്സം?!" - കുട്ടിയമ്മ അഭിമാനത്തോടെ ചോദിക്കുന്നു.

തന്റെ വിദ്യാഭ്യാസ യാത്ര ഒരു സാക്ഷരതാ പരീക്ഷ കൊണ്ട് അവസാനിപ്പിക്കാൻ കുട്ടിയമ്മ ഉദ്ദേശിക്കുന്നില്ല. നൂറ്റിനാലാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാക്കണം എന്നാണ് കുട്ടിയമ്മയുടെ ആഗ്രഹം. "ഒൻപത് വയസ്സുള്ള കുട്ടികൾ എഴുതുന്ന പരീക്ഷയാണ്. കുട്ടിയമ്മ ആ കൂട്ടത്തിൽ കൂടാൻ പറ്റിയ ആളാണ്. എന്റെ നാല് വയസ്സുള്ള മകളെയും ഈ മുത്തശ്ശിയേയും ഞാൻ ഒരുപോലെ അല്ലേ അക്ഷരം പഠിപ്പിച്ചത്.." - റെഹന ടീച്ചർ പറയുന്നു.

ഒരു നൂറ്റാണ്ട് കാലം മനസ്സിൽ കാത്ത് വച്ച സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുകയാണ് കുട്ടിയമ്മ. പ്രായം വിദ്യാഭ്യാസത്തിന് ഒരു തടസ്സമല്ല എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ മുത്തശ്ശി. അല്ലെങ്കിലും പ്രായം ശരീരത്തിനല്ലേ.. മനസ്സിനല്ലല്ലോ.

വൈറൽ മുത്തശ്ശി

നൂറ്റിനാലാം വയസ്സിൽ സാക്ഷരതാ മിഷൻ ജനറൽ പേപ്പറിൽ 89 ശതമാനവും കണക്കിൽ നൂറിൽ നൂറ് ശതമാനവും മാർക്ക് നേടി വിജയം വരിച്ച ഈ മുതുമുത്തശ്ശി സാമൂഹ്യ മാധ്യമങ്ങളിലും ആഗോളതലത്തിലും വൈറൽ ആയിരിക്കുകയാണ്. നിരവധി മാധ്യമങ്ങളാണ് കുട്ടിയമ്മയെ അഭിമുഖം ചെയ്യാനായി തിരുവഞ്ചൂരിലെ വീട്ടിൽ എത്തുന്നത്. അവരോടെല്ലാം തന്റെ മോണ കാട്ടി ചിരിച്ചുകൊണ്ട് കുട്ടിയമ്മ പറയുന്നു:

തന്റെ വിദ്യാഭ്യാസ യാത്ര ഒരു സാക്ഷരതാ പരീക്ഷ കൊണ്ട് അവസാനിപ്പിക്കാൻ കുട്ടിയമ്മ ഉദ്ദേശിക്കുന്നില്ല. നൂറ്റിനാലാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസാക്കണം എന്നാണ് കുട്ടിയമ്മയുടെ ആഗ്രഹം

"ഇത് കൊറേ മോഹങ്ങളിൽ ഒന്ന് മാത്രമല്ലേ.. എനിക്ക് പല തരം വണ്ടികളിൽ കയറാനും അതെല്ലാം ഓടിച്ച് നോക്കാനും എല്ലാം എന്ത് കൊതി ആയിരുന്നെന്നോ.. അതുപോലെ സിനിമ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം സിനിമയും സീരിയലും ആണ്. കഥയൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ ചാനലിൽ വരുന്ന എല്ലാ സീരിയലും കാണും," - കുട്ടിയമ്മ സ്വയം ഒരു ട്രോൾ ഇറക്കി ഉറക്കെ ചിരിക്കുന്നു.

ജീവിത സായാഹ്നത്തിൽ മടുപ്പോ തളർച്ചയോ കൂടാതെ, പണ്ടെങ്ങോ മാറ്റി വച്ച സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ പൂർണ്ണ മനസ്സോടെ പ്രയത്നിക്കുന്ന കുട്ടിയമ്മ യുവത്വത്തിന് ഉദാത്തമായ മാതൃകയാണ്. 'വൈകിപ്പോയി' എന്ന് കരുതി നമ്മൾ ഓരോരുത്തരും ഉപേക്ഷിക്കുന്ന ഒരുകാലത്തെ വലിയ സ്വപ്‌നങ്ങൾ ഒരു പക്ഷെ ഇന്നും നമ്മൾ തിരിച്ച് വരുന്നത് കാത്തിരിക്കുക ആയിരിക്കും. മനസ്സും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് അടിവര ഇടുകയാണ് കുട്ടിയമ്മ. ഇവരിൽ നിന്ന് പുത്തൻ തലമുറ പഠിക്കേണ്ട വലിയൊരു പാഠം ഉണ്ട്: വിദ്യാഭ്യാസം ആത്മ സംതൃപ്തിക്ക് വേണ്ടിയാണ്. അതിന് സ്വന്തം ജീവിതത്തെ മാത്രമല്ല, ചുറ്റുമുള്ള ഒരുപാട് പേരുടെ ജീവിതങ്ങളെ വരെ ആഴത്തിൽ സ്പർശിക്കാൻ സാധിക്കും.