Jan 26 • 9M

ശരീരവും മനസ്സും തളർന്ന പങ്കാളിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ കീർത്തി!

Anagha Jayan E
Comment
Share
 
1.0×
0:00
-9:18
Open in playerListen on);
Episode details
Comments

ജീവൻ കവർന്നേക്കാവുന്ന ഒരു അപകടം കൊണ്ട് വീൽചെയറിൽ ആയിട്ടും നിശ്ചയദാർഢ്യം കൊണ്ട് ചുറ്റും ഉള്ളവർക്ക് പ്രചോദനം ആകുന്ന മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ ഒട്ടേറെ പേരെ കുറിച്ച് വായിക്കുകയും നേരിൽ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്, അല്ലെ? എന്നാൽ അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച ഉറ്റബന്ധുക്കളെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

ചക്രക്കസേരയിൽ ഇരിക്കുന്ന, തന്നെക്കാൾ ഭാരമുള്ള മകനെ താങ്ങി കാതങ്ങൾ നടക്കുന്ന ഒരമ്മ, എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത തന്റെ മകളെ പൊക്കിയെടുത്ത് കടൽ കാണിക്കുന്ന ഒരച്ഛൻ.. ഒരു പക്ഷെ അപകടം തരണം ചെയ്ത വ്യക്തിയേക്കാൾ മനക്കരുത്തും ശുഭ പ്രതീക്ഷയും വച്ച് പുലർത്തുന്നത് അവർ ആയിരിക്കും. ഒരു ജീവിതം തന്നെ മറ്റൊരാൾക്ക് വളം ആകാൻ വേണ്ടി മാറ്റി വച്ചവർ..

അങ്ങനെ ഒരാളുടെ ജീവിതവും വാക്കുകളുമാണ് ഇനി കേൾക്കാൻ പോകുന്നത്. അരയ്ക്ക് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ടു എന്നറിഞ്ഞ് തളർന്നിരിക്കുന്ന ഭർത്താവിനെ കൊണ്ട് ആശുപത്രിയിൽ നിന്ന് നേരെ അയാളുടെ ചിരകാല സ്വപ്നം ആയ ഏറോപ്ലെയിൻ യാത്ര യാഥാർഥ്യം ആക്കാൻ പോയ ഇരുപത്തിയൊന്നുകാരി.

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജീവന്റെ പാതിയെ തളരാതെ ജീവിതത്തിൽ പിടിച്ച് നിർത്തിയ കീർത്തി രാജേഷ്. ഭിന്നശേഷിക്കാരോടും അവരുടെ പങ്കാളികളോടും സമൂഹം എങ്ങനെ പെരുമാറണം എന്നതിന് ഒപ്പം എങ്ങനെ എല്ലാം പെരുമാറരുത് എന്ന് കൂടി കീർത്തി തുറന്ന് പറയുന്നു.

ജീവിതം മാറി മറിഞ്ഞ ദിവസം

ആറ്റിങ്ങൽ സ്വദേശിനി ആണ് കീർത്തി. നാച്ചുറൽ സയൻസിൽ ബിരുദവും അധ്യാപന യോഗ്യതയും നേടി, തിരുവനന്തപുരം സ്വദേശി തന്നെയായ രാജേഷിന്റെ വധുവായി വന്നവൾ. "ചേട്ടന് ബിസിനസ് ആയിരുന്നു. നല്ല ഫാമിലി, നല്ല മനുഷ്യൻ. എന്റെ അച്ഛനും അമ്മയ്ക്കും കൃഷിപ്പണി ആണ്. എനിക്ക് അനിയനും ഉണ്ട്. ഇരുപത് വയസ്സ് തികഞ്ഞപ്പോൾ ആയിരുന്നു കല്യാണം. ജീവിതം എന്താണ്, എങ്ങനെയാണ് എന്ന് ചിന്തിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നില്ല.

മൂന്ന് മാസത്തോളം നീണ്ട ആശുപത്രിവാസം കഴിഞ്ഞ് വെല്ലൂരിൽ തുടര്ചികിത്സയ്ക്ക് കൊണ്ട് പോയപ്പോഴാണ് രാജേഷ്‌ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് തിരിച്ചറിഞ്ഞത്

വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഗർഭിണിയും ആയി. തുടർന്ന് ഞങ്ങളുടെ മോനും പിറന്നു. അങ്ങനെ ചേട്ടനെയും മോനെയും ചുറ്റിപ്പറ്റി മുന്നോട്ട് പോയിരുന്ന ജീവിതം. മോന് കഷ്ടി ഒരു വയസ്സ് ഉള്ളപ്പോഴാണ് ചേട്ടന് ആക്സിഡന്റ് പറ്റുന്നത്. ഒരു കാറ് വന്ന് ചേട്ടന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ചേട്ടൻ കാറിന്റെ ബോണറ്റിൽ മുതുക് ഇടിച്ച് വീണു. അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയി. നിരവധി ഫ്രാക്ച്ചറുകൾ ഉണ്ടായിരുന്നു..

വാരിയെല്ലിനും കാലിനും എല്ലാം. ഞാൻ പല തവണ ഐസിയുവിൽ കയറി ആളെ കണ്ടു. 'കാൽ അനക്കാൻ പറ്റുന്നില്ലെടി, യാതൊരു ഫീലിങ്ങും ഇല്ല' എന്നാണ് ആകെ പറഞ്ഞത്. പ്ലാസ്റ്റർ എല്ലാം ഇട്ടത് കൊണ്ടായിരിക്കും എന്ന് ഞാനും ആശ്വസിപ്പിച്ചു. അപ്പോഴൊന്നും ഇനിയുള്ള ജീവിതം ഇങ്ങനെ ആയിരിക്കും എന്ന് ഞങ്ങൾ കരുതിയിട്ടേ ഇല്ലായിരുന്നു.."

കീർത്തി ഓർത്തെടുത്തു. മൂന്ന് മാസത്തോളം നീണ്ട ആശുപത്രിവാസം കഴിഞ്ഞ് വെല്ലൂരിൽ തുടര്ചികിത്സയ്ക്ക് കൊണ്ട് പോയപ്പോഴാണ് രാജേഷ്‌ ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് തിരിച്ചറിഞ്ഞത്. "ഞങ്ങളുടെ നാട്ടുകാരി കൂടിയായ ഡോക്ടർ മുഖത്ത് നോക്കി യാതൊരു മുഖവുരയും കൂടാതെ കാര്യം പറയുകയായിരുന്നു. കണ്മുന്നിൽ ലോകം തകർന്ന് വീണത് പോലെ ഞങ്ങൾ തരിച്ച് ഇരുന്നു..! ഇനി നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ചേട്ടൻ വാശി പിടിച്ചു.

'ആരെയും കാണാൻ വയ്യ, എന്നെ ഇങ്ങനെ ആരും കാണണ്ട' എന്നെല്ലാം ആവർത്തിച്ചു. വിവരം അറിഞ്ഞ് എന്റെ അച്ഛൻ വെല്ലൂർ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടു. ചുറ്റും ഉള്ളവരെല്ലാം പരിഭ്രാന്തർ ആയി നിൽക്കുന്ന അവസ്ഥ! ഇരുപത്തിയൊന്ന് വയസ്സിന്റെ ബുദ്ധിയിൽ എനിക്ക് ഒരു ഐഡിയ തോന്നി. ഞാൻ രണ്ടും കല്പിച്ച് ചേട്ടനോട് പറഞ്ഞു: "ചേട്ടൻ കുറേ നാൾ ആയില്ലേ പ്ലെയിനിൽ കയറണം എന്ന് പറയുന്നു? നമുക്ക് തിരിച്ച് നാട്ടിലേക്ക് പ്ലെയിനിൽ പോകാം." ചുറ്റും ഉള്ളവർ എല്ലാം അന്തം വിട്ട് നിന്നു."

അങ്ങനെ നൈരാശ്യത്തിന്റെ കൊടുമുടിയിൽ ഇരുന്ന രാജേഷിൻറെ മുഖം ആദ്യമായി തെളിഞ്ഞു. എല്ലാ പ്രതീക്ഷകളും തെറ്റിച്ച്, ആരുടേയും തുറിച്ചുനോട്ടങ്ങളോ അടക്കം പറച്ചിലുകളോ അനുഭവിക്കാതെ അവർ വായുമാർഗ്ഗം തിരുവനന്തപുരത്ത് തിരിച്ചെത്തി. ജീവിതത്തിന്റെ പുത്തൻരീതികൾ രാജേഷ് പരിചയപ്പെട്ട് വരികയായിരുന്നു. അങ്ങനെ നാട്ടിൽ പറന്നിറങ്ങിയപ്പോൾ കീർത്തി അടുത്ത ഐഡിയ മുന്നോട്ട് വച്ചു: പോകുന്ന വഴിക്കല്ലേ ശംഘുമുഖം ബീച്ച്? നമുക്ക് അവിടെ കൂടി ഇറങ്ങാം!

"ചേട്ടന്റെ തിരിച്ചുവരവ് ആഘോഷം ആക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഒരു വീട്ടിൽ എല്ലാവരും ഡെസ്പ് ആയി ഇരുന്നിട്ട് കാര്യമില്ലല്ലോ.. എന്തായാലും എന്റെ ഐഡിയ വർക്ക്ഔട്ട് ആയി - എല്ലാവരും യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. പിന്നെയായിരുന്നു അതിജീവനത്തിന്റെ തുടക്കം.."

അതിജീവനത്തിന്റെ തുടക്കം

ഇരുപത്തിയൊന്ന് വയസ്സ് മാത്രം ഉള്ള കീർത്തിയോട് തന്നെ മറന്ന് മറ്റൊരു വിവാഹം കഴിച്ച് ജീവിതം ആസ്വദിക്കാൻ രാജേഷ് പല തവണ പറഞ്ഞു. കർഷക കുടുംബം ആയിരുന്നിട്ടും 'കീർത്തി തിരിച്ച് വന്നാൽ ഞങ്ങൾ യാതൊരു മുൻവിധിയും കൂടാതെ സ്വീകരിക്കും' എന്ന് സ്വന്തം കുടുംബവും ഉറപ്പ് നൽകി. "ജീവിതം ഒരു ചോയ്‌സ് ആണ്. ചേട്ടനൊപ്പം ജീവിക്കുക എന്നത് എന്റെ ചോയ്‌സ് ആയിരുന്നു. ഇത് എന്റെ വിധി അല്ല, എന്റെ തീരുമാനം ആണ്," കീർത്തി പറഞ്ഞു. രാജേഷിനെയും കൂട്ടി കീർത്തി പോകാത്ത ഇടങ്ങളില്ല. മകന്റെ സ്‌കൂളിൽ, ആശുപത്രികളിൽ, മാളിൽ, വിവാഹവേദികളിൽ.. എല്ലാം കീർത്തിയും രാജേഷും കുഞ്ഞും ഒന്നിച്ച് കയറിയിറങ്ങി.

മകന്റെ സ്‌കൂളിൽ, സൂപ്പർമാർക്കറ്റുകളിൽ, വിവാഹ ഓഡിറ്റോറിയങ്ങളിൽ എല്ലാം റാമ്പുകളും വീൽചെയർ ഫ്രണ്ട്ലി സംവിധാനങ്ങളും നിർമ്മിക്കാൻ കീർത്തി ആഗ്രഹിക്കുന്നു

"പല സ്ഥലങ്ങളിലും വീൽചെയർ പ്രവേശിപ്പിക്കാൻ ഉള്ള സൗകര്യം ഉണ്ടാകില്ല. ചേട്ടൻ എത്തുമ്പോൾ ആകും അങ്ങനെ ഒരു കാര്യം അവർ ചിന്തിക്കുക തന്നെ. അങ്ങനെ ഓരോരുത്തരും ചിന്തിക്കുക എന്നതാണ് എന്റെ ആവശ്യവും. ഞാൻ ഒരിക്കലും ചേട്ടനെ 'വയ്യാത്ത ആൾ' എന്ന് കരുതിയിട്ടില്ല. ഇനി കരുത്തുകയുമില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ വഴക്ക് കൂടും, പിണങ്ങി ഇരിക്കും, തർക്കിക്കും, മത്സരിച്ച് പ്രണയിക്കുകയും ചെയ്യും.."

ഇനിയും മാറേണ്ട സമീപനങ്ങൾ

തന്റെ ഭർത്താവിന് കൂടി സ്വാതന്ത്രം ആയി സഞ്ചരിക്കാവുന്ന ഒരു ലോകം ആണ് കീർത്തി വിഭാവനം ചെയ്യുന്നത്. മകന്റെ സ്‌കൂളിൽ, സൂപ്പർമാർക്കറ്റുകളിൽ, വിവാഹ ഓഡിറ്റോറിയങ്ങളിൽ എല്ലാം റാമ്പുകളും വീൽചെയർ ഫ്രണ്ട്ലി സംവിധാനങ്ങളും നിർമ്മിക്കാൻ കീർത്തി ആഗ്രഹിക്കുന്നു. "മോന്റെ ക്ലാസ് മൂന്നാം നിലയിൽ ആണ്. ഞാനും ചേട്ടനും ഒരുമിച്ചാണ് പേരന്റ്സ് മീറ്റിങ്ങിന് പോകുക. ചേട്ടന് സൗകര്യത്തിന് വേണ്ടി ഞാൻ അത് പറഞ്ഞ് ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റി. ഒരു സ്ഥലത്ത് നിന്നും ഈ ശാരീരികാവസ്ഥ കൊണ്ട് ചേട്ടൻ തഴയപ്പെടരുത് എന്നാണ് എന്റെ ആഗ്രഹം. എന്റെ മാത്രമല്ല, ഒരു ഭിന്നശേഷിയുള്ള വ്യക്തിയെ സപ്പോർട്ട് ചെയ്യുന്ന ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത് ഇതാണ്.

വിധിയല്ല, തെരഞ്ഞെടുപ്പ് തന്നെയാണ്!

"ഭിന്നശേഷി ഉള്ള ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടികളെ കുറിച്ച് നമ്മൾ ഒട്ടേറെ വാർത്തകൾ വായിക്കാറുണ്ട്. എന്നാൽ എന്നെപ്പോലെ വിവാഹശേഷം പങ്കാളിയ്ക്ക് ഭിന്നശേഷി കൈവന്ന എത്ര വ്യക്തികളെ കുറിച്ച് നിങ്ങൾ വായിച്ചിട്ടുണ്ട്? ആദ്യത്തെ വിഭാഗം എല്ലാം അറിഞ്ഞുകൊണ്ട് ഇത്തരം ഒരു ജീവിതത്തിലേക്ക് കാൽ വയ്ക്കുന്നവർ ആണ്. ഞങ്ങളോ? നിങ്ങൾക്ക് അറിയാമോ ഞങ്ങൾ നേരിട്ട, നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെ ആണെന്ന്?! ഡിസബിലിറ്റി, ചലഞ്ച് തുടങ്ങിയ വാക്കുകൾ ഒന്നും കേട്ട് പരിചയം പോലും ഇല്ലാതെ ജീവിതത്തിലേക്ക് കാൽവെച്ചവർ ആണ് എന്നെപ്പോലെ ഉള്ളവർ.

ഭിന്നശേഷി ഇല്ലാത്ത കുറെ മനുഷ്യർക്ക് ഒപ്പം ജീവിക്കുന്ന ഒരു ഭിന്നശേഷിക്കാരന് മാനസികമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിയന്ത്രിക്കാൻ കഴിയാത്ത വിഷാദം, ദേഷ്യം, മറ്റുള്ളവർക്ക് ഒപ്പം എത്താൻ കഴിയാതെ ആകുമ്പോൾ ഉള്ള അസ്വസ്ഥതകൾ

കണ്ട സ്വപ്‌നങ്ങൾ എല്ലാം തകർന്ന് വീഴുന്നത് കണ്ട് നിന്നവർ ആണ്. പ്രിയപ്പെട്ടവൻ തളരുന്നത് കാണാൻ വയ്യാതെ പുതിയ ജീവിതം കെട്ടിപ്പടുക്കാൻ മുൻകൈ എടുത്തവർ ആണ്. ഞങ്ങൾക്ക് തളർന്ന് ഇരിക്കാൻ നിർവാഹമില്ല, കാരണം ഞങ്ങളിൽ മറ്റൊരു വ്യക്തിയുടെ ജീവനും ജീവിതവും ഉണ്ട്. പിന്നെ, ഇതും ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്. ഈ ജീവിതം എനിക്ക് ഏത് പോയിന്റിലും ഉപേക്ഷിക്കാമായിരുന്നു. പ്രണയം കൊണ്ട് പിടിച്ച് നിൽക്കുന്നതാണ്. അതുകൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസ് വേണ്ട, പക്ഷെ 'ഇത് നിങ്ങളുടെ യോഗം അല്ലേ' എന്ന ക്ലിഷേ ചോദ്യം ചോദിക്കാതിരുന്നാൽ നന്ന്," കീർത്തിയുടെ വാക്കുകൾ ശക്തമാണ്, വ്യക്തവും.

സിമ്പതി വേണ്ട, സൗഹൃദം മാത്രം..

ഭിന്നശേഷി ഇല്ലാത്ത കുറെ മനുഷ്യർക്ക് ഒപ്പം ജീവിക്കുന്ന ഒരു ഭിന്നശേഷിക്കാരന് മാനസികമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിയന്ത്രിക്കാൻ കഴിയാത്ത വിഷാദം, ദേഷ്യം, മറ്റുള്ളവർക്ക് ഒപ്പം എത്താൻ കഴിയാതെ ആകുമ്പോൾ ഉള്ള അസ്വസ്ഥതകൾ.. ഇവയെല്ലാം അനുഭവിക്കുന്നത് അവരെ പരിചരിക്കുന്ന ആ ബന്ധു മാത്രം ആയിരിക്കും. അവർക്ക് സ്വന്തം വികാരങ്ങൾ പലപ്പോഴും പ്രകടിപ്പിക്കാൻ കഴിഞ്ഞു എന്ന് പോലും വരില്ല. അതിനൊപ്പം കാണുന്നവരുടെ എല്ലാം സിമ്പതി കലർന്ന നോട്ടം കൂടി ആയാലോ?

"ഭിന്നശേഷിക്കാർക്ക് കോവിഡ് നൽകിയത് തീരാദുരിതം ആണ്. ചെറിയ കുടിൽ വ്യവസായങ്ങൾ ചെയ്ത് ജീവിക്കുന്നവർ ആണ് ഭൂരിഭാഗവും. കുടുംബത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കാത്തവർ ആകെ തകർന്ന് ഇരിക്കുന്ന സമയം ആണ്. അതുകൊണ്ട് സിമ്പതി അല്ല, സൗഹൃദവും ജോലി സാധ്യതകളും ആണ് ഞങ്ങളെ പോലുള്ള കുടുംങ്ങൾക്ക് വച്ച് നീട്ടേണ്ടത്," കീർത്തി പുതിയൊരു സമീപനത്തിന് തുടക്കം കുറിച്ചുകൊണ്ട് പറഞ്ഞ് നിർത്തി.