Jan 10 • 9M

"ഞങ്ങൾ അമ്മയുടെ വിവാഹം നടത്തി" - അതിൽ നാട്ടുകാർ എന്തിന്‌ ആശങ്കപ്പെടണം?

തങ്ങളുടെ ഈ തീരുമാനത്തെ എതിർക്കുന്നവരോട് കീർത്തിക്കും കാർത്തിക്കിനും ഒന്നേ പറയാനുള്ളൂ: "അമ്മയുടെ കല്യാണം നടത്താൻ സാധിച്ചത് മക്കൾ ആയ തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്"

1
1
 
1.0×
0:00
-8:55
Open in playerListen on);
Episode details
1 comment

"അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ" - യുവ സംരംഭക കീർത്തി പ്രകാശ് ഇങ്ങനെ അവസാനിക്കുന്ന ഒരു കുറിപ്പ് തന്റെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത് ഈ കഴിഞ്ഞ നവംബർ 22-നാണ്. ഭർത്താവിന്റെ മരണ ശേഷം മക്കൾക്ക് താങ്ങായി നിന്ന്, അവരെ പോറ്റി വളർത്തി സ്വന്തം കാലിൽ നിർത്തിയ അമ്മയ്ക്ക് അവർ നൽകിയ സ്നേഹ സമ്മാനം ആണ് 'റെജി അങ്കിൾ.' ജാജി എന്ന അമ്മ ഇപ്പോൾ മധുവിധു ആഘോഷിക്കുകയാണ്; മക്കൾ ആകട്ടെ ആത്മ സംതൃപ്തിയുടെ നിറവിലും.. കേൾക്കാം, ആരുടേയും മനസ്സ് നിറയ്ക്കുന്ന ഈ ജീവിതകഥ.

എട്ട് വർഷങ്ങൾക്ക് മുൻപാണ് ജാജി എന്ന സംരംഭക ജീവിത പോരാട്ടത്തിൽ തനിച്ച് ആകുന്നത്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം തന്റെ രണ്ട് മക്കൾക്കുമായി സ്വന്തം ജീവിതം മാറ്റി വയ്ക്കുകയായിരുന്നു ആ നാല്പത്തിയെട്ട്കാരി. ഇരുപത് വയസ്സിലായിരുന്നു ജാജിയുടെ ആദ്യ വിവാഹം. ഇടത് രാഷ്ട്രീയ പ്രവർത്തകനും സാമൂഹ്യ സേവകനും ആയിരുന്നു ഭർത്താവ്. ഭർത്താവ് എന്ന രീതിയിൽ യാതൊരു നിയന്ത്രണങ്ങളും ജാജിക്ക് മേൽ അദ്ദേഹം ചാർത്തിയില്ല.

സ്വന്തം ആയി ഒരു സംരംഭം തുടങ്ങുക എന്നതായിരുന്നു ജാജിയുടെ സ്വപ്നം. അധികം വൈകാതെ തന്നെ രണ്ട് കുഞ്ഞുങ്ങൾ പിറന്നു. മകൾ കീർത്തി, മകൻ കാർത്തിക്. മകൾക്ക് രണ്ട് വയസ്സും മകന് ആറ് മാസവും ഉള്ളപ്പോഴാണ് ജാജി തന്റെ ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. തയ്യൽ അറിയാമായിരുന്ന ജാജി അതിനോട് ബന്ധപ്പെട്ട സംരംഭമാണ് ആദ്യം തുടങ്ങിയത്. പക്ഷെ അത് വിജയിച്ചില്ല. ഒട്ടും തളരാതെ അവർ അടുത്ത സംരംഭം തുടങ്ങി. അതും പരാജയപ്പെട്ടു. ഇത് പല തവണ ആവർത്തിച്ചപ്പോൾ ജാജി സ്വയം ഒരു തീരുമാനം എടുത്തു: ഇനി ഒരു മേഖല കേന്ദ്രീകരിച്ച്, ആഴത്തിൽ പഠനം നടത്തിയ ശേഷമേ ഒരു സംരംഭത്തിന് തുടക്കം കുറിക്കൂ.

അങ്ങനെ മുപ്പത്തിയഞ്ചാം വയസ്സിൽ ജാജി വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞു. സ്കിൻ ആൻഡ് കോസ്‌മെറ്റിക് ടെക്‌നോളജിയിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. അങ്ങനെ സ്വന്തമായി ഒരു സലൂൺ ആരംഭിച്ചു. അവരുടെ ഓരോ നീക്കവും വളരെ സൂക്ഷ്മതയോടെ ആയിരുന്നു. അതിനിടെ, എട്ട് വർഷങ്ങൾക്ക് മുൻപ്, ജാജിയുടെ ഭർത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടു.

കുടുംബത്തിന്റെ ചുമതലകൾ വഹിക്കണം, മക്കളെ സ്വന്തം കാലിൽ നിർത്തണം, ബിസിനസ് മുന്നോട്ട് കൊണ്ടുപോകണം.. ജാജിയുടെ മുന്നിൽ പിടിച്ച് നിൽക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ലാതെയായി. അപ്പോഴേക്കും ജീവിതത്തിൽ പരാജയങ്ങളും തിരിച്ചടികളും പുത്തരി അല്ലാത്ത, ഒന്നിനും തളർത്താൻ കഴിയാത്ത സംരംഭകയായി അവർ മാറിയിരുന്നു. വിശ്രമിക്കാനോ തളർന്നിരിക്കാനോ തുനിയാതെ അവർ തിരിഞ്ഞുനോക്കാതെ മുന്നേറി.

ഇന്ന് ജാജിയുടെ സലൂൺ ശൃoഘലയ്ക്ക് ഏഴോളം സ്ഥാപനങ്ങൾ സ്വന്തമായി ഉണ്ട്. അവർക്ക് കൂട്ടായി മക്കളും. അന്താരാഷ്ട്ര മത്സരങ്ങളിൽ വരെ പങ്കെടുത്ത് മിന്നും വിജയം കൈവരിക്കുന്ന ആഗോള വ്യക്തിത്വമാണ് ഇന്ന് ജാജി. മക്കൾ ഇരുവരും വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. ഒരു ശരാശരി മലയാളി വനിതയുടെ ജീവിതം ഈ പോയിന്റിൽ വിജയഗാഥയായി കണക്കാക്കപ്പെടും. പക്ഷെ ജാജിയുടെ ജീവിതത്തിൽ ഇനിയാണ് ട്വിസ്റ്റ്.

രണ്ട് മാസം മുൻപാണ് ജാജിയുടെ മകൾ കീർത്തി ഒരു ദിവസം, തന്റെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്ന ജാജിയെ അപ്രതീക്ഷിതമായി ഫോൺ ചെയ്തത്. ഏറെ നേരം വിളിച്ചിട്ടും അമ്മ ഫോൺ എടുക്കാതായപ്പോൾ കീർത്തി അനിയനെ വിളിച്ചു. വിവാഹശേഷം മറ്റൊരു വീട്ടിൽ താമസമാക്കിയ കാർത്തിക്കിനും അമ്മയെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. പരീക്ഷിക്കാൻ നിൽക്കാതെ കീർത്തി അമ്മയുടെ ഫ്ലാറ്റിലേക്ക് നേരിട്ടെത്തി. പനിക്ക് വിറച്ച് അവശയായി കിടക്കുന്ന അമ്മയെ ആണ് കീർത്തി കണ്ടത്.

അന്ന് തന്നെ കീർത്തി സഹോദരനോടും ഭാര്യയോടും അമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് പറഞ്ഞു. കീർത്തിയുടെ ആശങ്ക അതേ മനസ്സോടെ നെഞ്ചിലേറ്റിയ കാർത്തിക്കും ഭാര്യയും അങ്ങനെ അമ്മയ്ക്ക് ഒരു പങ്കാളിയെ അന്വേഷിക്കാൻ തുടങ്ങി. മക്കളുടെ ഊർജ്ജിതമായ അന്വേഷണത്തിന് ഒടുവിലാണ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ആയ റെജിയെ കുറിച്ച് അറിയുന്നത്. പത്ത് വർഷം മുൻപ് ഭാര്യയെ നഷ്ടപ്പെട്ട ശേഷം ജീവിതത്തിൽ തനിച്ച്.. ഇടത്പക്ഷ സഹയാത്രികൻ.. ജാജിയെപോലെ തന്നെ ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഒരാൾ.

ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോയ അമ്മയെ സ്വന്തം കുഞ്ഞുങ്ങളെ വളർത്താനായി മാത്രം കൂടെ നിർത്തുന്ന മക്കൾക്ക് മാതൃകയാണ് കീർത്തിയും കാർത്തിക്കും

താമസിയാതെ കീർത്തിയും കാർത്തിക്കും റെജിയെ സമീപിച്ചു. മക്കളുടെ സന്മനസ്സും സ്നേഹവും മനസ്സിലാക്കിയ റെജിയ്ക്ക് പ്രഥമദൃഷ്ടിയിൽ തന്നെ വിവാഹബന്ധത്തിന് സമ്മതം ആയിരുന്നു. പക്ഷെ ജാജിയ്ക്ക് സമ്മതം ആകുമോ? "അങ്കിൾ സമ്മതിച്ചാൽ അമ്മയെ ഞങ്ങൾ സമ്മതിപ്പിക്കും," മക്കൾ വാക്ക് നൽകി. അങ്ങനെ വിവാഹാലോചനയുമായി മക്കൾ അമ്മയുടെ അടുത്തേക്ക്..

കാര്യങ്ങൾ കരുതിയത്ര എളുപ്പം ആയിരുന്നില്ല. സ്വന്തം കാലിൽ നിന്ന് തപസ്സ് പോലെ താൻ നേടിയെടുത്ത ബിസിനസ്സും ജീവിതവും എല്ലാം അതേ സ്പിരിറ്റോടെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾ ആകും റെജി എന്ന് എന്താണുറപ്പ്?! അൻപതിയാറ് വയസ്സാണ് പ്രായം. ഇനി പരീക്ഷിക്കാൻ ജീവിതമുണ്ടോ? ഈ ആശങ്കകൾക്ക് എല്ലാം മക്കളുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നു - 'റെജി അങ്കിൾ അച്ഛനെ പോലെ തുറന്ന മനസ്ഥിതിക്കാരൻ ആണ്. നല്ലൊരു മനസ്സിന് ഉടമയാണ്. അമ്മയ്ക്ക് ഇനിയുള്ള കാലം ഒരു സംരക്ഷകൻ ആകും, തീർച്ച!' മക്കളുടെ ഈ ഉറപ്പിന് പുറത്ത് ജാജി തന്റെ ഫോൺ നമ്പർ റെജിക്ക് കൈമാറി.

ഒരു മാസത്തെ സംസാരത്തിന് ശേഷം അവർ വിവാഹത്തിന് തയ്യാർ ആയി. വർഷങ്ങൾക്ക് ശേഷം കീർത്തിയും കാർത്തിക്കും മനസ്സമാധാനത്തോടെ ഉറങ്ങുകയാണ്. ഇനി അമ്മ ഉണ്ടോ, ഉറങ്ങിയോ, തനിച്ചാണോ തുടങ്ങിയ ആശങ്കകൾ അവർക്ക് വേണ്ട. അമ്മയ്ക്ക് ആവശ്യം ഉള്ളപ്പോൾ ഓടിയെത്താൻ കഴിയുന്നില്ല എന്ന സങ്കടവും ഇനിയില്ല. സ്വന്തം വ്യക്തിജീവിതം തന്നെ പണയം വച്ച് മക്കൾക്ക് വേണ്ടി ജീവിത ഒരമ്മയ്ക്ക് മക്കൾ ഇതിലും വലിയ എന്ത് സമ്മാനം ആണ് നൽകേണ്ടത്?!

സ്വന്തം അമ്മയുടെ വിവാഹം നടത്തിയ മക്കൾ - നല്ലതും ചീത്തയും ആയി പലതരം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും നേരിട്ടും പറയുന്ന സമൂഹത്തിന് ഉത്തരം നൽകിക്കൊണ്ട് കീർത്തി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു - ഞങ്ങളുടെ അമ്മയുടെ കല്യാണം! കേൾക്കുന്നവർക്ക് തമാശ ആകാം, കുറ്റപ്പെടുത്തലുകൾ ആകാം, കളിയാക്കൽ ആകാം, പലതും ആകാം. പക്ഷെ വിവരം ഉള്ളവർക്ക് ഇതൊരു വലിയ ശരി ആകും, തീർച്ച!"

ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണം എങ്കിൽ മാറി ചിന്തിക്കണം എന്ന് ഈ മകൾ ഊന്നി പറയുന്നു. ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ടിട്ടും, പോരാടി, ഭയക്കാതെ, തോൽക്കാതെ, മക്കളെ ചിറകിന് അടിയിൽ ചേർത്ത് വച്ച് കണ്ട സ്വപ്‌നങ്ങൾ ഒക്കെയും നേടി ജീവിതത്തിൽ ജയിച്ച പെൺകരുത്ത് - ഒരു മകൾ സ്വന്തം അമ്മയെ ഇങ്ങനെ വിശേഷിപ്പിക്കുന്നു എങ്കിൽ അതിലും വലിയ അംഗീകാരം ആ അമ്മയ്ക്ക് എന്തുണ്ട്?!

തീരെ ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട എത്ര സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ പിന്നീടുള്ള കാലം മുഴുവൻ വൈധവ്യത്തിന്റെ വെള്ള വസ്ത്രം ധരിച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിരിക്കുന്നു? നമ്മുടെ സമൂഹം 'പാതിവ്രത്യം' എന്ന പേരിൽ സ്ത്രീകളുടെ മനസ്സിൽ ആലേഖനം ചെയ്തിട്ടുള്ള സദാചാര മൂല്യമാണ് ഇതിന് കാരണം

തങ്ങളുടെ ഈ തീരുമാനത്തെ എതിർക്കുന്നവരോട് കീർത്തിക്കും കാർത്തിക്കിനും ഒന്നേ പറയാനുള്ളൂ: "അമ്മയുടെ കല്യാണം നടത്താൻ സാധിച്ചത് മക്കൾ ആയ തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ്" എന്ന്.

തീരെ ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട എത്ര സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ പിന്നീടുള്ള കാലം മുഴുവൻ വൈധവ്യത്തിന്റെ വെള്ള വസ്ത്രം ധരിച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിരിക്കുന്നു? എന്തുകൊണ്ടാണ് സമൂഹം അംഗീകരിച്ചാൽ പോലും ഭർത്താവിന്റെ മരണശേഷം സ്വയം മറ്റൊരാളുടെ ഭാര്യ ആയി മാറാൻ സ്ത്രീകൾ തയ്യാറാകാത്തത്? ഭാര്യ മരിച്ച പുരുഷൻ മക്കളെ നോക്കാൻ എന്നും കുടുംബം നോക്കാൻ എന്നുമൊക്കെ പറഞ്ഞ് ഉടൻ തന്നെ പുനർവിവാഹം ചെയ്യുമ്പോഴും സ്ത്രീകൾ വൈധവ്യത്തെ ആജീവനാന്തം പുണരാൻ സന്നദ്ധത കാണിക്കുന്നു.

നമ്മുടെ സമൂഹം 'പാതിവ്രത്യം' എന്ന പേരിൽ സ്ത്രീകളുടെ മനസ്സിൽ ആലേഖനം ചെയ്തിട്ടുള്ള സദാചാര മൂല്യമാണ് ഇതിന് കാരണം. പഴകിയ സാമൂഹ്യ നിയമങ്ങൾ വലിച്ചെറിഞ്ഞ്, ജീവിതം ഒന്നേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ്, അതിന്റെ മഹോഹരിതയെ പുൽകാൻ സ്ത്രീകൾ മനസ്സ് കാണിക്കുന്ന കാലത്ത് ജാജിയെ പോലെ ജീവിതവിജയം വരിച്ച ഒട്ടേറെ പേര് നമുക്ക് ചുറ്റിലും പിറക്കും. അതിനായി കീർത്തിയെയും കാർത്തിക്കിനെയും പോലെ കൈകോർക്കേണ്ടത് ഇനിയുള്ള തലമുറയാണ്.

ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോയ അമ്മയെ സ്വന്തം കുഞ്ഞുങ്ങളെ വളർത്താനായി മാത്രം കൂടെ നിർത്തുന്ന മക്കൾക്ക് മാതൃകയാണ് കീർത്തിയും കാർത്തിക്കും. ഏത് പ്രായത്തിലും മനസ്സുണ്ടെങ്കിൽ ഇനിയും പുതുജീവിതം കെട്ടിപ്പടുക്കാം എന്ന് ജാജി തെളിയിക്കുന്നു. പ്രണയത്തിന് പ്രായമില്ലല്ലോ.. ജാജിയും റെജിയും ജീവിത സായാഹ്നം വരെ അവരുടെ പ്രണയഗാഥ രചിച്ചുകൊണ്ടിരിക്കട്ടെ!