Mar 2 • 10M

പുരുഷലിംഗവും ഉള്ളിൽ ഗർഭപാത്രവും; ഇന്റർസെക്സ് ജെണ്ടർ എന്ന ബാലികേറാമല!

ചിഞ്ചുവിന് ശരീരത്തിനുള്ളിൽ പൂർണ്ണ വളർച്ചയെത്തിയ ലിംഗം ഉണ്ട്. ശരീരത്തിൽ ഒരു സാധാരണ പുരുഷന് ആവശ്യമുള്ളതിൽ കുറവ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദിക്കപ്പെടുന്നുണ്ട്.

Anagha Jayan E
Comment
Share
 
1.0×
0:00
-9:54
Open in playerListen on);
Episode details
Comments

ജന്മനാ ആണിന്റെയും പെണ്ണിന്റെയും ശാരീരിക സവിശേഷതകളുള്ള ഇന്റർസെക്സ് വ്യക്തികളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ലിംഗം ഏതാണെന്ന ചോദ്യം വെറുക്കുന്ന, കളിയാക്കലുകളെ ഭയക്കുന്ന, ചുറ്റും കാണുന്നവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് താൻ എന്ന അറിവോടെ ഓരോ നിമിഷവും തള്ളിനീക്കുന്ന മനുഷ്യർ! കേരളത്തിലെ ഇന്റർസെക്സ് വ്യക്തികളുടെ ശബ്ദമായ ചിഞ്ചു അശ്വതി നമ്മളോട് മനസ്സ് തുറക്കുകയാണ്. ജനനം മുതൽ താൻ അനുഭവിച്ച പ്രതിസന്ധികൾക്കൊപ്പം തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ബൈനറി ചിന്താഗതിക്ക് അടിമപ്പെട്ട് ജീവിതത്തിന്റെ നിറങ്ങൾ മങ്ങുന്ന മനുഷ്യരെ കുറിച്ച് കൂടി ചിഞ്ചു തുറന്ന് പറയുന്നു..

'സഹയാത്രിക'യിൽ സ്നേഹപൂർവ്വം

ഉള്ള് ഉലയ്ക്കുന്ന ബുള്ളിയിങ് നേരിട്ട ശേഷം പോസ്റ്റ് ഗ്രാജുവേഷൻ പഠനം ഉപേക്ഷിച്ച ചിഞ്ചു, ലിംഗ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തൃശ്ശൂർ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന 'സഹയാത്രിക' എന്ന എൻ.ജി.ഓയുടെ പ്രോഗ്രാം കോഡിനേറ്റർ ആയി ചുമതലയേറ്റു. "കേരളത്തിൽ ഉടനീളം ഉള്ള ലിംഗ ന്യൂനപക്ഷങ്ങളെ പരിചയപ്പെടാനും അവരുടെ പ്രശ്നങ്ങൾ പഠിക്കാനും എല്ലാം സഹയാത്രികയിൽ എനിക്ക് അവസരം ഉണ്ടായി. വെറും രണ്ട് വർഷം ആണ് ഞാൻ സഹയാത്രികയ്ക്ക് ഒപ്പം ചെലവഴിച്ചത്.

പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നാളുകൾ ആയിരുന്നു അത്. ആ സമയത്ത് ആണ് കോഴിക്കോട് നടന്ന 'പ്രൈഡ്' പരിപാടിയിൽ ഞാൻ എന്റെ വ്യക്തിത്വം തുറന്ന് പറയുന്നത്. കേരളത്തിലെ ഇന്റർസെക്സ് വ്യക്തികൾക്ക് ശബ്ദം ലഭിച്ച മുഹൂർത്തം ആയിരുന്നു അത്. അതിന് ശേഷം എത്രയോ പേർ എന്നെ ഫോണിൽ വിളിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടിരിക്കുന്നു! ഒരു പരിധി കഴിഞ്ഞാൽ ഞാൻ എല്ലാം കേരള ട്രാൻസ്‌ജെൻഡർ സെല്ലിന് കൈമാറുകയാണ് പതിവ്. പക്ഷെ എനിക്ക് കഴിയുന്ന വിവരങ്ങൾ എല്ലാം ഞാൻ അവർക്ക് നൽകും," ചിഞ്ചു പറഞ്ഞു.

ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത്

ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞപ്പോൾ ചിഞ്ചു, എറണാകുളം അമൃത ആശുപത്രിയിൽ തന്റെ ശരീരം സ്കാൻ ചെയ്യാൻ ചെന്നു. തന്റെ യഥാർത്ഥ വ്യക്തിത്വത്തെ പുൽകാൻ ഉള്ള അതിയായ ആഗ്രഹത്തോടെയാണ് ചിഞ്ചു സ്കാനിംഗ് വിഭാഗത്തിൽ എത്തിയത്. സ്‌കാനിങ്ങിൽ തെളിഞ്ഞത് ഇതായിരുന്നു - ചിഞ്ചുവിന്റെ ക്രോമസോം എക്സ് എക്സ് തന്നെയാണ് - അതായത് ഒരു പുരുഷന്റേത്.

ചിഞ്ചുവിന് ശരീരത്തിനുള്ളിൽ പൂർണ്ണ വളർച്ചയെത്തിയ ലിംഗം ഉണ്ട്. ശരീരത്തിൽ ഒരു സാധാരണ പുരുഷന് ആവശ്യമുള്ളതിൽ കുറവ് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദിക്കപ്പെടുന്നുണ്ട്. കൂടാതെ ചിഞ്ചുവിന്റെ ഗർഭപാത്രം ചുരുങ്ങിയ അവസ്ഥയിലും ആണ്. "ഇനി മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്" - ചിഞ്ചു പറയുന്നു - "ഒന്ന്, ആന്തരികമായ ലിംഗത്തെ സർജറിയിലൂടെ പുറത്ത് എടുത്ത് ടെസ്റ്റോസ്റ്റിറോൺ ട്രീറ്റ്‌മെന്റ് തുടങ്ങുക. ചുരുങ്ങി ഇരിക്കുന്ന ഗർഭപാത്രം എടുത്ത് കളയുക.

രണ്ട്, ആന്തരിക ലിംഗം നീക്കം ചെയ്യുക, ഗർഭപാത്രം ചികിത്സിച്ച് വികസിപ്പിക്കുക. എന്നാലും ഗർഭം ധരിക്കാനുള്ള അമ്പത് ശതമാനം സാധ്യത എന്റെ ശരീരത്തിനുണ്ട്." ആണിനും പെണ്ണിനും കൃത്യം നടുവിൽ അളന്നുമുറിച്ച് വച്ച വ്യക്തിത്വം. പക്ഷെ ക്രോമസോം പുരുഷന്റേതാണ്. അതുകൊണ്ട് ചിഞ്ചു ഒരു തീരുമാനം എടുത്തു - താൻ ഒരു പുരുഷനാണ്! "കൗമാരപ്രായം മുതൽ എന്റെ ലൈംഗിക വാസന പുരുഷന്റേത് ആയിരുന്നു. ഞാൻ സ്വയംഭോഗം ചെയ്യുന്നത് പോലും പുരുഷന്മാരുടെ പോലെ ആയിരുന്നു. അതുകൊണ്ട് ഞാൻ എനിക്ക് ഒരു പേരിട്ടു - ആനന്ദ്. സ്വയം തിരിച്ചറിവിന്റെ ആനന്ദം അറിഞ്ഞവൻ.."

ഈ തിരിച്ചറിവിനോടൊപ്പം ചിഞ്ചു മറ്റൊരു തീരുമാനവും എടുത്തു - വിജയം ഉറപ്പില്ലാതെ ഒരു പരീക്ഷണ വസ്തുവായി ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയ നടത്താൻ താൻ കിടന്ന് കൊടുക്കില്ല. അങ്ങനെ ഒരു പരീക്ഷണ വസ്തു ആകാൻ സ്വയം തീരുമാനിച്ചിട്ടില്ല എന്ന്. ഇതിന് കാരണം ചിഞ്ചുവിന്റെ സുഹൃത്തുക്കൾക്ക് ഉണ്ടായ ഉള്ള് നടുക്കുന്ന അനുഭവങ്ങൾ ആണ്..

കാസർഗോഡ് ഒരു ഉൾഗ്രാമത്തിൽ ആയിരുന്നു മനുവിന്റെ ജനനം (മനു എന്നത് യഥാർത്ഥ നാമം അല്ല.) ജന്മനാ ലിംഗവും യോനിയും ഉണ്ടായിരുന്നു. പക്ഷെ വീട്ടുകാർ അവനെ ആണ്കുട്ടിയായി വളർത്താൻ തീരുമാനിച്ചു. തീരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ അവന്റെ ഗർഭപാത്രവും അണ്ടാശയവും മറ്റും നീക്കം ചെയ്തു. അവരുടെ സാമ്പത്തിക സ്ഥിതിക്ക് നിരക്കും പോലെ വളർത്തി.

ഹോർമോൺ ട്രീറ്റ്‌മെന്റ് ചെയ്യാനുള്ള ഭീമമായ തുക ആ കുടുംബത്തിന് താങ്ങാനും കഴിഞ്ഞില്ല. അങ്ങനെ പുരുഷന്റെ ജനനേന്ദ്രിയവും, സ്ത്രീയുടേത് പോലുള്ള മറ്റ് ശരീര ഭാഗങ്ങളും സർവോപരി സ്ത്രീയുടെ മനസ്സും പേറി അവൻ ആളുകളുടെ മുഖത്ത് നോക്കാൻ പോലും ഭയന്ന് ജീവിക്കുകയാണ്

പക്ഷെ കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ മനുവിന്റെ ഉള്ളിലെ സ്ത്രീ അതിശക്തമായി പുറത്ത് വരാൻ തുടങ്ങി. ഹോർമോൺ ട്രീറ്റ്‌മെന്റ് ചെയ്യാനുള്ള ഭീമമായ തുക ആ കുടുംബത്തിന് താങ്ങാനും കഴിഞ്ഞില്ല. അങ്ങനെ പുരുഷന്റെ ജനനേന്ദ്രിയവും, സ്ത്രീയുടേത് പോലുള്ള മറ്റ് ശരീര ഭാഗങ്ങളും സർവോപരി സ്ത്രീയുടെ മനസ്സും പേറി അവൻ ആളുകളുടെ മുഖത്ത് നോക്കാൻ പോലും ഭയന്ന് ജീവിക്കുകയാണ്. ശസ്ത്രക്രിയ ചെയ്ത് ഏതെങ്കിലും ഒരു ലിംഗം ആക്കാൻ വീട്ടുകാർ തിടുക്കം കൂട്ടാതെ, കൗമാരത്തിൽ സ്വയം അത് തിരിച്ചറിയാനുള്ള അവസരം ഓരോ ഇന്റർസെക്സ് വ്യക്തിക്കും ലഭിക്കണം എന്ന് ചിഞ്ചു പറയുന്നു.

ചിഞ്ചുവിന്റെ മറ്റൊരു സുഹൃത്ത് ആയ സന്ദീപിന്റെ ജീവിതം ഇതിലും ഭയാനകം ആണ്. (യഥാർത്ഥ നാമമല്ല.) രണ്ട് പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്ന് പിറന്ന കുഞ്ഞ്. അവൻ ഇന്റർസെക്സ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ കുടുംബം അത് മറച്ചുവയ്ക്കാൻ തീരുമാനിച്ചു. പൂർണ്ണമായും ഒരു ആൺകുട്ടി ആയാണ് സന്ദീപ് വളർന്നത്. പക്ഷെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന് ആർത്തവം ആരംഭിച്ചു. വീട്ടുകാർ വിറളി പിടിച്ച് അവന്റെ അനുവാദം പോലും ചോദിക്കാതെ നിർബന്ധിതമായി ഗർഭപാത്രം നീക്കം ചെയ്ത് ഹോർമോൺ ചികിത്സ തുടങ്ങിച്ചു.

പക്ഷെ പ്രായപൂർത്തി ആയപ്പോൾ സന്ദീപ് പ്രഖ്യാപിച്ചു - താനൊരു സ്ത്രീയാണ്. ഇതിനെ ഉൾക്കൊള്ളാൻ കഴിയാത്ത രക്ഷിതാക്കൾ അവളെ വീട്ടിൽ നിന്നും പുറത്താക്കി. ഇപ്പോൾ ഏതോ അന്യസംസ്ഥാനത്ത്, തന്നെപ്പോലെ തന്റേതല്ലാത്ത കുറ്റത്തിന് കുടുംബം കൈയൊഴിഞ്ഞ കുറെ പേർക്കൊപ്പം ജീവിക്കുകയാണ് അവളും.

ഇതിൽ നിന്നെല്ലാം ചിഞ്ചുവിന് പറയാനുള്ളത് ഒരൊറ്റ കാര്യമാണ് - ഒരു വ്യക്തിക്ക് പ്രായപൂർത്തി ആകുന്നതിന് മുൻപ്, ആ വ്യക്തിയുടെ സമ്മതത്തോടെ അല്ലാതെ നടത്തുന്ന ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയകൾ നിയമം മൂലം നിരോധിക്കണം. "ഒരു വ്യക്തിയുടെ ലിംഗം ഏതാണെന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് യാതൊരു അവകാശവും ഇല്ല. തന്റെ ശരീരവും വ്യക്തിത്വവും തിരിച്ചറിഞ്ഞ ശേഷം ആ വ്യക്തി സ്വയം തീരുമാനിക്കേണ്ട കാര്യമാണ് അത്. എത്ര പേരുടെ ജീവിതമാണ് ഈ രീതിയിൽ കുടുംബങ്ങൾ തകർത്തെറിഞ്ഞിട്ടുള്ളത് എന്നോ..? സമൂഹത്തിന്റെ ബൈനറി ചിന്താഗതിയ്ക്ക് അടിമപ്പെട്ട് ബന്ധുക്കൾ കാഴ്ചവയ്ക്കുന്ന ഇൻസ്റിറ്റ്യൂഷനലൈസ്ഡ് ക്രൂരത ആണത്," - ചിഞ്ചു പറഞ്ഞു.

സന്തോഷം നിറഞ്ഞ അനുഭവങ്ങളും..

ഒരു സ്വകാര്യ മാധ്യമം ആദ്യമായി ചിഞ്ചുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ശേഷം ചിഞ്ചുവിനെ ഒരമ്മ ഫോണിൽ വിളിക്കുകയുണ്ടായി. അവരുടെ സഹോദരിയുടെ രണ്ട് കുട്ടികളും ഇന്റർസെക്സ് ആണ്. സമൂഹത്തിന്റെ താഴെക്കിടയിൽ ജീവിക്കുന്ന അവർ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ആണെന്ന് വളരെ വിഷമത്തോടെ ചിഞ്ചുവിനോട് പറഞ്ഞു. ചിഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ: "മൂത്ത കുട്ടിക്ക് പതിനാല് വയസ്സുണ്ട്. ഞാൻ അവരോട് കേരളത്തിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.

നിരവധി ഇന്റർസെക്ഡ് മനുഷ്യരെ ജീവിതത്തിൽ പുതുവെളിച്ചം കിട്ടാൻ സഹായിച്ച മനുഷ്യനാണ് ആ ഡോക്ടർ. ശരീരവും ലൈംഗികതയും എല്ലാം പരിശോധിച്ച ശേഷം പെൺകുട്ടിയായി വളരുന്ന ആ കുട്ടിയെ ആണിന്റെ ലിംഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആ കുട്ടിയുടെ തന്നെ തീരുമാനം ആയിരുന്നു അത്. പക്ഷെ കൂട്ടുകാർ എന്ത് പറയും എന്ന ആശങ്ക ആ കുട്ടിയെ അലട്ടി. വിദഗ്ധ കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം ഇന്നാ കുടുംബം ഹാപ്പിയാണ്. രണ്ടാമത്തെ കുഞ്ഞിന് ഇപ്പോൾ മൂന്ന് വയസ്സ് പ്രായമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആ കുഞ്ഞിനെ ഇന്നവർ വളർത്തുന്നത്. അവരുടെ ജീവിതത്തിൽ ആശങ്ക മാറി സന്തോഷം വന്നത് എന്റെ ഇടപെടൽ കൊണ്ടാണ് എന്നത് ഏറെ കൃതാര്ഥത തരുന്ന ഒരു അനുഭവം ആണ്," ചിഞ്ചു പറയുന്നു.

പക്ഷെ ഈ വാക്കുകൾ പോലെ എളുപ്പമല്ല നമ്മുടെ സമൂഹത്തിൽ ഒരു ഇന്റർസെക്സ് വ്യക്തിയുടെ ജനനവും ജീവിതവും. സഹയാത്രികയിൽ ജോലി ചെയ്യവേ മനസ്സ് കൈവിട്ടുപോയ ചിഞ്ചുവിന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. "ഞാൻ അക്രമാസക്തമായ ആ ദിവസം ഇന്നും എനിക്ക് ഓർമ്മയുണ്ട്. ബൈപ്പോളാർ ഡയഗ്നോസ്ഡ് ആയി. എനിക്ക് എന്റെ മനസ്സിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്നും ഞാൻ മരുന്നുകൾ കഴിക്കുന്നുണ്ട്.

ശരീരവും ലൈംഗികതയും എല്ലാം പരിശോധിച്ച ശേഷം പെൺകുട്ടിയായി വളരുന്ന ആ കുട്ടിയെ ആണിന്റെ ലിംഗത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു

പിന്നീട് കുറെ കാലം ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. പിന്നെ അങ്ങനെ അടച്ചിരുന്നിട്ട് എന്താണ്? നമ്മളെ ഒറ്റപ്പെടുത്തിയ സമൂഹത്തിന് ജയിക്കാൻ നമ്മൾ തന്നെ അവസരം ഒരുക്കരുതല്ലോ.. ഞാൻ ജീവിതത്തിൽ ഒരു തിരിച്ചുവരവ് നടത്തി. തിയേറ്ററിക്സിൽ എം.എ എടുത്തു. ഇപ്പോൾ എനിക്ക് പുതിയ സ്വപ്‌നങ്ങൾ ഉണ്ട്.. പ്രണയങ്ങൾ ഉണ്ട്.. ഞാനും ഈ സമൂഹത്തിൽ സാധാരണ ജീവിതം നയിക്കും എന്ന വിശ്വാസമുണ്ട്," ചിഞ്ചു ചിരിയോടെ പറയുന്നു.

ചിഞ്ചു ഇനി ആനന്ദ് ആണ്. ഒരു ടിപ്പിക്കൽ പാട്രിയാർക്കൽ മെയിൽ ആകാൻ ആനന്ദിന് കഴിയില്ല. കാരണം ആണിനേയും പെണ്ണിന്റെയും ശരീരവും മനസ്സും ഒരുപോലെ അറിയുന്നവൻ ആണ് ആനന്ദ്

ചിഞ്ചു ഇനി ആനന്ദ് ആണ്. ഒരു ടിപ്പിക്കൽ പാട്രിയാർക്കൽ മെയിൽ ആകാൻ ആനന്ദിന് കഴിയില്ല. കാരണം ആണിനേയും പെണ്ണിന്റെയും ശരീരവും മനസ്സും ഒരുപോലെ അറിയുന്നവൻ ആണ് ആനന്ദ്. "ഋതുവായ പെണ്ണിന്റെ വേദനയും അതേ പ്രായത്തിലെ ആണിന്റെ മനസ്സും എനിക്ക് അറിയാം. ഞാൻ രണ്ട് പേർക്കും ആശ്വാസം ആകും. രണ്ട് പേരെയും ചേർത്ത് പിടിക്കും. ഒരു ലിംഗം മറ്റൊരു ലിംഗത്തിന് മുകളിൽ ആണെങ്കിൽ ഞാൻ എന്നെത്തന്നെ കീഴടക്കേണ്ടി വരില്ലേ? - ചിഞ്ചു ആനന്ദ് ചോദിക്കുന്നു.

എന്നാലും, ഒരു ഇന്റർവ്യൂ ബോർഡിന് മുന്നിൽ എല്ലാ ആത്മവിശ്വാസവും സ്വരുക്കൂട്ടി ചിരിയോടെ ഇരിക്കുമ്പോൾ, മുന്നിൽ ഇരിക്കുന്നവർ മുഖത്ത് പുച്ഛത്തോടെ 'നിങ്ങളുടെ ശബ്ദം എന്താണ് ഇങ്ങനെ? നിങ്ങൾ ശരിക്കും പെണ്ണല്ലേ? ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ..ആണും പെണ്ണും കെട്ടത് ആകരുത്' എന്നെല്ലാം പറയുന്ന അവസ്ഥ, അത് നൽകുന്ന ട്രോമ പൊതുസമൂഹത്തിന് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. സ്വന്തം തീരുമാനം കൊണ്ടല്ലാതെ, ജനനം കൊണ്ട് സമൂഹത്തിന്റെ ബൈനറിയെ തകർത്തവർ! അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും സമൂഹവും സന്തോഷങ്ങളും. അത് നമ്മൾ ഉറപ്പ് വരുത്തുക തന്നെ വേണം.