Nov 25, 2021 • 11M

നിങ്ങളുടെ പ്രണയം ടോക്സിക് ആണോ? തിരിച്ചറിയാൻ വഴിയുണ്ട്!

ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ സ്ഥായീ സ്വഭാവങ്ങൾ ആയി വിദഗ്ധർ ചൂണ്ടി കാട്ടുന്ന മൂന്ന് ഘടകങ്ങൾ ആണ് കോംപ്ലക്സ്, സംശയം, സ്വാർത്ഥത എന്നിവ

Anagha Jayan E
Comment
Share
 
1.0×
0:00
-11:08
Open in playerListen on);
Episode details
Comments

പ്രണയിക്കുക...പ്രണയം തോന്നുക...പ്രണയം ആസ്വദിക്കുക എന്നതെല്ലാം തന്നെ ഒരു വ്യക്തിയുടെ ഉള്ളിലെ ജന്മസിദ്ധമായ ചോദനയാണ്. അതിൽ ശരി തെറ്റുകളില്ല. എന്നാൽ പ്രണയത്തിലായിരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് ശരിയായ വ്യക്തിയെ പ്രണയിക്കുക എന്നതും. നമുക്ക് ചുറ്റും പ്രണയത്തിന്റെ പേരിൽ നടന്നുവരുന്ന ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് ഇത്തരമൊരു ചിന്തയ്ക്ക് പിന്നിലുള്ളത്. പ്രണയം നിഷേധിച്ചാൽ, അല്ലേൽ വേണ്ടെന്നു വച്ചാൽ പങ്കാളിയിൽ നിന്നും നേരിടേണ്ടി വരുന്നത് മാനസിക സമ്മർദ്ദങ്ങളും സംഘർഷങ്ങളുമാണെങ്കിൽ ആ ബന്ധം കാലാന്തരത്തിൽ ബന്ധനമാകുന്ന ഒന്നാണെന്ന് പറയാതെ വയ്യ.

പ്രണയത്തിൽ വിഷമുള്ളത്, വിഷമില്ലാത്തത് എന്നീ തരംതിരിവുകൾ ഉണ്ടോ? വിഷമുണ്ടെങ്കിൽ അത് പ്രണയമാണോ? ടോക്സിക് റിലേഷൻഷിപ് എന്നാൽ എന്താണ്? അതെങ്ങനെ തിരിച്ചറിയാം? ലൈംഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കേരളത്തിലെ പെൺകുട്ടികൾക്ക് ലഭിക്കേണ്ട അടിസ്ഥാന ബോധവത്കരണം തന്നെയാണ് ഇതും. പാതിവ്രത്യം, ചാരിത്ര്യം, അച്ചടക്കം, അനുസരണ തുടങ്ങി നിരവധി പെരുമാറ്റ ചട്ടങ്ങളിലൂടെ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ടോക്സിസിറ്റി സമൂഹം 'നോർമൽ' ആയി കാണുകയാണ്. ഈ പ്രസ്താവനയുടെ കാതൽ തിരിച്ചറിയാൻ ഏതാനും സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ തന്നെ അറിഞ്ഞാൽ മതിയാകും.

എല്ലാമുണ്ട്, പക്ഷെ...

കൊടുങ്ങല്ലൂർ സ്വദേശിനിയാണ് സ്വാതി. അച്ഛന്റെയും അമ്മയുടെയും ഏകമകൾ. പെൺകുട്ടി എന്ന ലേബൽ ഒരിക്കലും ഒരു ബാധ്യതയായി അവൾക്ക് തോന്നിയിട്ടില്ല - കാരണം അവൾ അർഹിക്കുന്ന സകല സ്വാതന്ത്ര്യവും ഉറപ്പുവരുത്തി കൊണ്ടാണ് അച്ഛനമ്മമാർ അവളെ വളർത്തിയത്. പഠനത്തിലും മിടുക്കി. പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് അവൾക്ക് സഹപാഠിയായ വരുണിനോട് പ്രണയം തോന്നുന്നത്. അവളുടെ ഹൃദയം കീഴടക്കാൻ മാസങ്ങളോളം പെടാപ്പാട് പെട്ട വരുണിന്റെ നിർബന്ധത്തിന് ഒടുക്കം അവൾ വഴങ്ങുകയായിരുന്നു എന്ന് വേണം പറയാൻ.

ആദ്യത്തെ ഏതാനും മാസങ്ങൾ ഏത് പ്രണയജോഡികളുടെയും പോലെ അവരും ആസ്വദിച്ചു. രാവും പകലും അവർ സംസാരിച്ചുകൊണ്ടേയിരുന്നു. ഇട്ടിരിക്കുന്ന വസ്ത്രം മുതൽ കഴിക്കുന്ന ആഹാരം വരെ അവർ ചർച്ച ചെയ്തു. ഇത്ര ആഴത്തിൽ പ്രണയിക്കുന്ന കമിതാക്കൾ ലോകത്ത് വേറെ ഉണ്ടോ എന്നുതന്നെ അവർക്ക് തോന്നിപ്പോയി. അവർക്കിടയിൽ ആദ്യമായി ഒരു പ്രശ്നം ഉദിക്കുന്നത് അരക്കൊല്ല പരീക്ഷയിൽ സ്വാതി ക്ലാസ്സിൽ ഫസ്റ്റ് ആയപ്പോഴാണ്.

ക്ലാസ്സിൽ ടീച്ചർ ഉൾപ്പടെ എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി നിറചിരിയോടെ സ്വാതി നിന്നപ്പോൾ വരുണിന്റെ മുഖം ഇരുണ്ട് കൂടി. ഏറെ നേരത്തെ തർക്കങ്ങൾക്ക് ശേഷം കാമുകന് വേണ്ടി തന്റെ പഠനം അല്പം കുറയ്ക്കാൻ സ്വാതി സമ്മതിച്ചു. എന്നാൽ വരുണിന്റെ നിർബന്ധങ്ങൾ അവിടെയൊന്നും നിന്നില്ല.

പഠിപ്പിക്കുന്ന മാഷോട് സ്വാതി അധികം സംസാരിച്ചാൽ, ക്ലാസ്സിലെ മറ്റ് ആണ്കുട്ടികളോട് മിണ്ടിയാൽ, തന്റെ കൂട്ടുകാരികളോടൊത്ത് പോലും അധികനേരം ചെലവഴിച്ചാൽ എല്ലാം വരുൺ അവളോട് അതിഭീകരമായി വഴക്ക് കൂടാൻ തുടങ്ങി. "എനിക്ക് നിന്നെ കൈവിട്ട് പോകുമെന്ന് നല്ല ഭയമുണ്ട്. നീ എന്നെക്കാൾ ഉയരത്തിൽ പറന്ന് ഉയരും. അത്ര ഇഷ്ടമായതുകൊണ്ടാണ്" എന്നൊക്കെയായിരുന്നു വരുണിന്റെ ന്യായങ്ങൾ.

ആ കാലത്തെ കുറിച്ച് സ്വാതി ഓർക്കുന്നത് ഇങ്ങനെയാണ്.....

"അന്നൊക്കെ ഞാൻ കരുതിയിരുന്നത് അതാണ് പ്രണയം എന്നാണ്. അച്ഛൻ പറയുന്നത് അമ്മ അനുസരിക്കുന്നുണ്ട്. എന്റെ കാമുകൻ പറയുന്നത് ഞാനും അനുസരിക്കുന്നു. അതിന്റെ പ്രസക്തി ഞാൻ ആലോചിക്കാറില്ല. എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടെ വളർന്ന എനിക്ക് അവൻ പറയുന്നത് അനുസരിച്ച് ഒതുങ്ങി കഴിയുമ്പോൾ എന്തെന്നില്ലാത്ത ഒരു തൃപ്തി തോന്നാറുണ്ട്. ആർക്കോ വേണ്ടി ആത്മാർത്ഥമായി എന്തോ ചെയ്യുന്നു എന്ന സന്തോഷമായിരുന്നു കൂടുതൽ. തൃപ്തി ആണല്ലോ മനസ്സിന് വലുത്.."

അത്ഭുതപ്പെടാനില്ല, ആ ബന്ധം രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചു. സ്വാതിയ്ക്ക് ലോകപരിചയവും ഭാവിയുടെ കുറിച്ച് ഉറച്ച കാഴ്ചപ്പാടുകളും രൂപപ്പെട്ടപ്പോൾ അവൾ വരുണുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവന്റെ ആത്മഹത്യാ ഭീഷണി പോലും മറികടന്ന് അവൾ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോയി. എന്തായാലും യുവതലമുറയ്ക്ക് പ്രണയത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളാണ് ഇവരുടെ പ്രണയം നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. അതിൽ ചിലത് ഇങ്ങനെ:

1 - ഒരു പ്രണയബന്ധത്തിൽ പുരുഷൻ ഭരിക്കുന്നവനും സ്ത്രീ ഭരിക്കപ്പെടേണ്ടവളുമാണ്.

2 - പ്രണയം എന്നാൽ തന്നെ സ്നേഹിക്കുന്ന ആളുടെ സങ്കൽപ്പത്തിന് അനുസരിച്ച് പൂർണ്ണമായി വ്യക്തിത്വം മാറ്റുക എന്നാണ്.

3 - മനസ്സിന്റെ തൃപ്തിയാണ് ജീവിതത്തിൽ സ്വകാര്യതയെക്കാളും, വ്യക്തിത്വത്തെക്കാളും എല്ലാം വലുത്.

4 - പ്രണയം, തന്റെ തുടർച്ചയായ പ്രവൃത്തികളിലൂടെ തെളിയിക്കപ്പെടേണ്ട ഒന്നാണ്.

ഇങ്ങനെ എല്ലാം വിശ്വസിക്കുന്നതിൽ യുവ തലമുറയെ അടച്ച് ആക്ഷേപിക്കാൻ കഴിയില്ല. കാരണം അവർ മാതാപിതാക്കൾക്ക് ഇടയിലും സമൂഹത്തിലും കാണുന്നത് തന്നെയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്. നമ്മുടെ സമൂഹത്തിലെ പ്രണയബന്ധങ്ങളിൽ ടോക്സിസിറ്റി എത്ര ആഴത്തിൽ വേരോടുന്നു എന്നതിന് ഉദാഹരണമാണ് ഇത്.

ചേട്ടന്റെ ഇഷ്ടം എനിക്ക് വേദവാക്യം..

മഞ്ജു എന്ന കോട്ടയം സ്വദേശിനിയുടെ ജീവിതം തുടങ്ങുന്നത് തന്നെ വിവാഹത്തിന് ശേഷമാണ്. തീർത്തും കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മഞ്ജുവിനെ അർദ്ധ ഗവണ്മെന്റ് ജോലിക്കാരനായ ബിജു സ്ത്രീധനം ഒന്നും ആവശ്യപ്പെടാതെ വിവാഹം കഴിച്ചു എന്നത് തന്നെ അവൾക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വർഷം ഒൻപതായി. മക്കൾ മൂന്നായി. എന്നാലും മനസ്സ് കൊണ്ട് മഞ്ജുവിന് ബിജുവിനോടുള്ള വിധേയത്വത്തിന്റെ കുറവൊന്നും സംഭവിച്ചിട്ടില്ല.

"ബിജുവേട്ടൻ വലിയ നിർബന്ധക്കാരൻ ആണ്. എനിക്ക് പഴയ മോഡൽ ഫോൺ ആണ്.. കുത്തി വിളിക്കുന്നത്. അതിൽ ഇന്റർനെറ്റ് ഒന്നുമില്ല. ഞങ്ങൾക്ക് രണ്ടാൾക്കും ചേർന്ന് ഒരൊറ്റ ഫേസ്ബുക്ക് അക്കൗണ്ട് ആണ്. ചേട്ടൻ സന്ധ്യക്ക് വീട്ടിൽ വന്ന ശേഷം ചേട്ടന്റെ ഫോണിലാണ് ഞാൻ വാട്സാപ്പും ഫേസ്ബുക്കും നോക്കൽ. ഇപ്പോൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആയതിനാൽ ഒരു ടാബ് വാങ്ങി. അതിൽ സോഷ്യൽ മീഡിയ ഒന്നുമില്ല. നമുക്ക് ഇപ്പൊ ഭർത്താവ് അറിയാതെ നാട്ടുകാരോട് ഒന്നും പറയാൻ ഒന്നും ഇല്ലല്ലോ.. അപ്പോൾ എന്തിനാണ് വെവ്വേറെ ഫേസ്ബുക്ക് - വാട്സാപ്പ്‌ അക്കൗണ്ടുകൾ എന്നാണു ചേട്ടൻ ചോദിക്കുന്നത്. ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്.

ഒന്നുമില്ലെങ്കിലും പാവപ്പെട്ട വീട്ടിൽ നിന്ന് ഒന്നും ആഗ്രഹിക്കാതെ കെട്ടി കൊണ്ടുവന്ന് എന്നെ പൊന്ന് പോലെ നോക്കുന്നില്ലേ? കുടിയോ, വലിയോ അങ്ങനെ ദുശ്ശീലങ്ങൾ ഒന്നുമില്ല. പിന്നെ എന്തിന് പരാതി?! ചേട്ടന് ആണെങ്കിൽ പെണ്ണുങ്ങൾ ആണുങ്ങളോട് നേർക്കുനേർ നിന്ന് സംസാരിക്കുന്നത് പോലും ഇഷ്ടമല്ല. ഞാൻ ആയാലും ആവശ്യമില്ലാതെ കടയിലേക്ക് പോലും ഇറങ്ങില്ല. പണ്ടേ എനിക്ക് വലിയ മടിയാണ് അതൊക്കെ," മഞ്ജു ചിരിച്ചുകൊണ്ടാണ് ഇതെല്ലാം പറയുന്നത്.

സ്വകാര്യത എന്തെന്നോ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ സുഖം എന്താണെന്നോ അറിയാത്ത സ്ത്രീകളാണ് സമൂഹത്തിൽ ഇന്നും കൂടുതൽ. പുരുഷൻ പറയുന്നത് അതേപടി അനുസരിക്കാനുള്ള പാവകളാണ് സ്ത്രീകൾ എന്ന നിയമം പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി മനുഷ്യരുടെ മനസ്സിൽ ആഴത്തിൽ കുത്തി വച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിന് സ്ത്രീക്ക് ലഭിക്കുന്ന പ്രതിഫലമാണ് ജോലിയെടുത്ത് കുടുംബം നോക്കുന്ന വിശ്വസ്തനായ ഭർത്താവ്! യഥാർത്ഥത്തിൽ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉദ്യോഗവും വിദ്യാഭ്യാസവും എല്ലാം നഷ്ടപ്പെടുത്തിയിട്ടും അതിൽ സന്തോഷിക്കാൻ പഠിപ്പിച്ചിരിക്കുകയാണ് സമൂഹം സ്ത്രീകളെ.

ഒരു പ്രത്യേക തരം സ്വാതന്ത്ര്യം!

താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും ജീവിത സുഖങ്ങൾക്കും ഭർത്താവിനോട് 'താങ്ക്ഫുൾ' ആയ ഭാര്യമാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? 'ഇത്ര ഫ്രീഡം എനിക്ക് തന്നതിൽ എന്റെ ചേട്ടനോട് എനിക്ക് അത്രയും നന്ദിയുണ്ട്' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവർ? എന്നാൽ അവർ അനുഭവിക്കുന്ന പാരതന്ത്ര്യം അവർക്ക് സ്വയം സങ്കല്പിക്കാവുന്നതിലും ഏറെ വലുതാണ് എന്നുവേണം പറയാൻ.

സ്വന്തം ജീവിതത്തിൽ സ്വയം തീരുമാനങ്ങൾ എടുക്കുന്നതിന് മറ്റൊരാളോട് - അത് ഭർത്താവ് ആകട്ടെ, കാമുകൻ ആകട്ടെ, അച്ഛൻ ആകട്ടെ - നന്ദി തോന്നണ്ടേണ്ട കാര്യം ഒരു പ്രായപൂർത്തിയായ പൗരന് ഇല്ലെന്ന് തന്നെ പറയാം. തന്റെ അവകാശങ്ങളെ മറ്റുള്ളവരുടെ ഔദാര്യങ്ങൾ ആയി മനസ്സിൽ വരച്ചിടുന്നത് കൊണ്ട് സംഭവിക്കുന്ന 'സ്യൂഡോ ഹാപ്പിനെസ്' ആണിത്. ഇവരിൽ അധികാരം ചെലുത്തുന്ന പുരുഷന്മാർ തങ്ങളുടെ വിശാല മനസ്കതയെ കുറിച്ച് ഇടയ്ക്കിടെ പൊങ്ങച്ചം പറഞ്ഞുകൊണ്ടിരിക്കും.

ബന്ധത്തിന്റെ പരിചയത്തിലോ മറ്റൊരു സ്ത്രീയുടെ ദുരിതത്തെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം "അതൊക്കെ എന്റെ ഭാര്യ.. അവളെ ഞാൻ അവളുടെ ഇഷ്ടത്തിന് വിട്ടിട്ടുണ്ട്. എന്റെ വിശ്വാസം അവൾ തകർക്കില്ല എന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്. പഠനം ആകട്ടെ, ജോലിയാകട്ടെ, കൂട്ടുകെട്ടുകൾ ആകട്ടെ. എല്ലാം അവളുടെ ഇഷ്ടത്തിനാണ്.'

ഈ വാചകങ്ങൾ കേൾക്കുന്ന ഏതൊരു സാധാരണക്കാരനും കരുതും: 'ഹോ! എന്തൊരു വിശാല മനസ്കൻ! ആ സ്ത്രീയുടെ ഭാഗ്യമാണ് ഇതുപോലൊരു ഭർത്താവിനെ കിട്ടിയത്!' എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. അയാൾ പറഞ്ഞ വാചകങ്ങളുടെ വ്യംഗ്യാർത്ഥം ഇങ്ങനെ: "എന്റെ ഭാര്യ ആയിരിക്കെ എന്റെ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് അവളുടെ ഉത്തരവാദിത്വം ആണ്.

അതിനായി അവൾ എന്തൊക്കെ ചെയ്യണം എന്ന മാർഗ്ഗനിർദേശം പോലും ഞാൻ കൊടുക്കില്ല. അവൾ ചെയ്യുന്നതൊക്കെ ചെയ്യട്ടെ. ഒടുക്കം എന്തെങ്കിലും വന്നാൽ അവൾ ഈ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവും. അത് അവളുടെ മനസ്സിൽ എന്നും വേണം. കാരണം അവളുടെ സ്വാതന്ത്ര്യം എന്റെ ഔദാര്യമാണ്."

വിശ്വസിക്കാനാകുന്നില്ല,അല്ലെ? പക്ഷെ സത്യം ഇത് തന്നെയാണ്.

കോ-സം-സ്വാ: ഒരു വെറുപ്പിക്കുന്ന ഫോർമുല

ഒരു ടോക്സിക് റിലേഷൻഷിപ്പിന്റെ സ്ഥായീ സ്വഭാവങ്ങൾ ആയി വിദഗ്ധർ ചൂണ്ടി കാട്ടുന്ന മൂന്ന് ഘടകങ്ങൾ ആണ് കോംപ്ലക്സ്, സംശയം, സ്വാർത്ഥത എന്നിവ. തന്റെ പങ്കാളി തന്നെക്കാൾ മികച്ച് നിൽക്കുന്നുവോ എന്ന ആധി, തന്റെ പങ്കാളി തന്നെ വിട്ട് മറ്റുള്ളവരുമായി കൂടുതൽ അടുക്കുമോ എന്ന ഭയം, തന്റെ പങ്കാളി തന്നെ അല്ലാതെ മറ്റാരെയും സ്നേഹിക്കാൻ പോലും പാടില്ല എന്ന വാശി. ഇവ മൂന്നും കൂടിയും കുറഞ്ഞും ചേരുന്ന സങ്കീർണ്ണ ബന്ധങ്ങൾ ആണ് ടോക്സിക് റിലേഷൻഷിപ്പുകൾ. നിങ്ങളുടെ പ്രണയം ടോക്സിക് ആണോ എന്ന് തിരിച്ചറിയാൻ ഈ ചോദ്യങ്ങൾക്ക് മനസ്സിൽ ഉത്തരം പറഞ്ഞാൽ മാത്രം മതി:

1 - നിങ്ങളുടെ പങ്കാളി നിങ്ങളുടെ നേട്ടങ്ങളിൽ വ്യക്തിപരമായും പൊതുവായും അഭിനന്ദിക്കാറുണ്ടോ?

2 - നിങ്ങൾക്ക് ലിംഗഭേദമെന്യേ അടുത്ത സുഹൃത്തുക്കൾ ഉണ്ടാകുന്നതിൽ നിങ്ങളുടെ പങ്കാളിക്ക് അസ്വാരസ്യം ഉണ്ടോ?

3 - ഏറെ നേരം നിങ്ങൾ ഫോണിൽ മറ്റാരോടെങ്കിലും സംസാരിച്ചാൽ, അത് ആരായിരുന്നു, എന്തായിരുന്നു വിഷയം എന്നെല്ലാം ആവർത്തിച്ച് ചോദിച്ചറിയാൻ പങ്കാളി വ്യഗ്രത കാണിക്കാറുണ്ടോ?

4 - നിങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് നല്ലതും ചീത്തയും ആയ അഭിപ്രായങ്ങൾ അവർ പങ്കുവയ്ക്കാറുണ്ടോ?

5 - നിങ്ങൾ എന്ത് വസ്ത്രം ധരിക്കണം, ഏത് ഭക്ഷണം കഴിക്കണം/കഴിക്കരുത് തുടങ്ങി എപ്പോൾ പുറത്ത് പോകണം, വരണം എന്ന് വേണ്ട എന്തെങ്കിലും വിഷയങ്ങളിൽ വ്യക്തമായ നിയന്ത്രണങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടോ?

ഈ അഞ്ച് ചോദ്യങ്ങൾക്ക് 'ഉണ്ട്' എന്നാണ് ഉത്തരം എങ്കിൽ നിങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം നിങ്ങൾ പുനഃപരിശോധിക്കേണ്ടി ഇരിക്കുന്നു.