ഹിറ്റ്ലർ മാധവൻകുട്ടി എന്ന ടോക്സിക് സിബ്ലിങ്! ഇതല്ല സഹോദരസ്നേഹം

ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയുടെ മനോനില അളക്കാൻ കേരളജനത പഠിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, അനിയത്തിയെ പീഡിപ്പിച്ച അധ്യാപകന് അവളെ കൈപിടിച്ച് കൊടുക്കുന്ന മാമംഗലത്ത് മാധവൻകുട്ടി

  
0:00
-11:35

പുത്തൻ തലമുറയിലെ വിമർശനാത്മക സിനിമാ നിരൂപകർ 'വല്യേട്ടൻ സിൻഡ്രോം' എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന 'ടോക്സിക് സിബ്ലിങ് ബോണ്ട്' ഈ അടുത്ത കാലം വരെ മലയാള സിനിമയിൽ 'ഒരു ഏട്ടന്റെ വാത്സല്യം' ആയി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഈ നിയന്ത്രങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നു കയറ്റങ്ങളും നീതി നിഷേധങ്ങളും ഉൾപ്പെടുന്ന ഈ വാത്സല്യം ചേട്ടന് മാത്രം അവകാശപ്പെട്ടതാണ്.

മൂത്ത സഹോദരി അനിയനോട് ഇതേ 'വാത്സല്യത്തിൽ' അധിഷ്ഠിതമായ നിയന്ത്രണങ്ങളും മാനസികവും ശാരീരികവുമായ കയ്യേറ്റവും ചെയ്യുന്നത് തിരക്കഥാകൃത്തുക്കൾക്കും സിനിമാസ്വാദകർക്കും ഓർക്കാൻ പോലും വയ്യ! അത് നീതിയല്ല താനും. എന്നാൽ ഒരു ഏട്ടൻ അല്ലെങ്കിൽ അച്ഛൻ ചെയ്യുമ്പോൾ ഇതെല്ലാം സ്നേഹത്തിന്റെ പേരിൽ അന്ധമായി വെള്ളപൂശപ്പെടുന്നു. സംവിധായകൻ സിദ്ദിഖ് എഴുതി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം 'ഹിറ്റ്‌ലർ' ഈ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ തന്റെ പീഡകന്റെ തലയിൽ കെട്ടി വയ്ക്കുന്ന വല്യേട്ടനെ പുരോഗമന സിനിമാസ്വാദകർ കുറച്ചൊന്നുമല്ല വിമർശിച്ചിട്ടുള്ളത്. എന്നാൽ ഹിറ്റ്ലർ എന്ന ചിത്രത്തിൽ ഈ ഒരൊറ്റ സംഭവം കാലമിത്ര ആയിട്ടും ചർച്ച ആയിട്ടുള്ളൂ എന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. ഈ അവസരത്തിൽ ഹിറ്റ്‌ലർ എന്ന മൾട്ടിസ്റ്റാറർ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സ്ത്രീപക്ഷ വായന എങ്ങനെയെന്ന് നോക്കാം..

സീതയുടെ വിവാഹം - ഒരു കടുത്ത അനീതി

ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീയുടെ മനോനില അളക്കാൻ കേരളജനത ഇന്നും പഠിച്ചിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്, സ്വന്തം അനിയത്തിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് അവളെ കൈപിടിച്ച് കൊടുക്കുന്ന മാമംഗലത്ത് മാധവൻകുട്ടി എന്ന കഥാപാത്രം.

എംജി സോമൻ അവതരിപ്പിച്ച മധ്യവയസ്കനായ അധ്യാപകന്റെ കഥാപാത്രം മദ്യലഹരിയിൽ മാധവൻകുട്ടിയുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നറിഞ്ഞിട്ടും, 'അവൾ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ.. ഉറക്കെ കരഞ്ഞിരുന്നെങ്കിൽ..' എന്ന പ്രതിയുടെ ഇരവാദം വിശ്വസിച്ച് അനിയത്തിയെ അയാൾക്ക് കൈപിടിച്ച് കൊടുക്കുന്ന ഏട്ടൻ അക്കാലത്തെ കുടുംബസദസ്സുകളിൽ ഹീറോ ആയിരുന്നു എന്നതാണ് സത്യം. ഇന്നും 'ഹിറ്റ്ലർ' എന്ന സിനിമ ചർച്ച ചെയ്യപ്പെടുന്നത് അതിലെ തമാശകളും, തിരക്കഥയുടെ ഉറപ്പും നായക കഥാപാത്രത്തിന്റെ സ്നേഹവായ്പ്പും മാത്രം പ്രകീർത്തിക്കപ്പെട്ടുകൊണ്ടാണ്.

അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു, സ്വന്തം ഭാര്യയെ അതി ക്രൂരമായി ലൈംഗികപീഡനം നടത്തിയ സ്ലീവാച്ചനെ (ഭാര്യയാണെന്റെ മാലാഖ) ഭാര്യ കഷ്ടപ്പെട്ട് പ്രണയിച്ചപ്പോൾ അത് കണ്ട് കയ്യടിച്ച പ്രേക്ഷകർ ആണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉള്ളത്. ഇനിയും സംശയം മാറാത്തവരോട്: ലൈംഗിക പീഡനത്തിനിടെ ഒച്ച വയ്ക്കാനും ഉറക്കെ കരയാനും ഒന്നും എല്ലാവര്ക്കും ഒരുപോലെ ശബ്ദം ഉയർന്നു എന്നുവരില്ല. അതിനർത്ഥം അവർ പീഡനത്തിന് സമ്മതം മൂളി എന്നല്ല.

എംജി സോമൻ അവതരിപ്പിച്ച മധ്യവയസ്കനായ അധ്യാപകന്റെ കഥാപാത്രം മദ്യലഹരിയിൽ മാധവൻകുട്ടിയുടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നറിഞ്ഞിട്ടും, 'അവൾ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ.. ഉറക്കെ കരഞ്ഞിരുന്നെങ്കിൽ..' എന്ന പ്രതിയുടെ ഇരവാദം വിശ്വസിച്ച് അനിയത്തിയെ അയാൾക്ക് കൈപിടിച്ച് കൊടുക്കുന്ന ഏട്ടൻ അക്കാലത്തെ കുടുംബസദസ്സുകളിൽ ഹീറോ ആയിരുന്നു എന്നതാണ് സത്യം

എത്രകണ്ട് അവരുടെ നിശബ്ദതയെ നിങ്ങൾ തെറ്റിദ്ധരിക്കുന്നുവോ, അവരുടെ മനസ്സിലെ മുറിവ് അത്രകണ്ട് ഭീകരമായിരിക്കും. സീത എന്ന കഥാപാത്രത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ, എന്ത് വന്നാലും സംരക്ഷിക്കും എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന വല്യേട്ടന്റെ നിറംമാറ്റം അവൾക്ക് ലൈംഗിക അതിക്രമം നൽകിയ ഷോക്കിനെക്കാൾ വലുതായിരിക്കാൻ ആണ് സാധ്യത.

പെൺകുട്ടികളെ ആരും നോക്കരുത്; അവർ തിരിച്ചും!

പണ്ട് യുദ്ധക്കളത്തിലേക്ക് അഴിച്ചുവിടുന്ന കുതിരകൾക്ക് ഫോക്കസ് നഷ്ടപ്പെടാതിരിക്കാൻ ബ്ലിങ്കറുകൾ ഘടിപ്പിച്ചിരുന്നത് പോലെയാണ് ചിത്രത്തിൽ മാധവൻകുട്ടിയുടെ സഹോദരിമാരുടെ അവസ്ഥ. മാറത്ത് പുസ്തകം കെട്ടിപ്പിടിച്ച്, വഴിയിലെ കല്ലുകളിൽ മാത്രം കണ്ണുടക്കാൻ വിധിക്കപ്പെട്ട അഞ്ച് സ്ത്രീകൾ. അവർക്ക് മുന്നിൽ പടത്തലവനായി ഒരു വല്യേട്ടനും!

മമ്മൂട്ടിയുടെ മാസ്സ് എൻട്രി എന്ന് തലമുറകൾ വാഴ്ത്തിയ ഈ വരവ് കാണാൻ ഒരു ഗുമ്മൊക്കെ ഉണ്ടെങ്കിലും കേരളത്തിലെ ശരാശരി പെൺകുട്ടികളുടെ പ്രാർത്ഥന ഇങ്ങനെയൊരു ഏട്ടൻ തങ്ങൾക്ക് ഉണ്ടാകരുതേ എന്നായിരിക്കും. തുറിച്ച നോട്ടങ്ങളും കൈയൂക്കും കൊണ്ട് അടക്കി നിർത്തേണ്ടവരാണ് സഹോദരിമാർ എന്ന് ഇന്നാട്ടിലെ പുരുഷന്മാരെ പഠിപ്പിച്ചത് ആരാണ്? ഇനി, ശരിയായ സഹോദരബന്ധം എങ്ങനെ ആയിരിക്കണം എന്ന് ഇതേ ചിത്രത്തിൽ കാണിക്കുന്നുണ്ട്. അത് ബാലചന്ദ്രനും ഗൗരിയും തമ്മിൽ ഉള്ളതാണ്.

ഒരേ വീട്ടിൽ, ഒരേ പ്രാധാന്യത്തോടെ ജീവിക്കുന്ന രണ്ട് വ്യക്തികൾ. പ്രണയിക്കാനും ലിംഗഭേദമെന്യേ നാട്ടുകാരോട് സംസാരിക്കാനും വായ്‌നോക്കാനും എന്നുവേണ്ട, യുക്തിക്ക് നിരക്കുന്ന എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ള സഹോദരങ്ങൾ. മുകേഷും ശോഭനയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവർ പരസ്പരം നിയന്ത്രിക്കുന്നില്ല. പക്ഷെ കുടുംബത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ ഒന്നിച്ച് നിൽക്കുന്നുണ്ട്.

അവർ തമ്മിൽ സംസാരിക്കുമ്പോൾ പോലും സ്ത്രീ എന്നോ പുരുഷൻ എന്നോ വ്യത്യാസം കാണാനാകില്ല. ഫലം എന്താണ്? മാധവൻകുട്ടിയുടെ സഹോദരിമാരിൽ നിന്ന് വ്യത്യസ്തയായ, സ്വന്തം അഭിപ്രായങ്ങളെയും കാഴ്ചപ്പാടിനെയും പ്രണയത്തെയും ഉയർത്തി പിടിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടി - ഗൗരി. താൻ പോലുമറിയാതെ തന്റെ ചിത്രത്തിൽ സംഭവിച്ച ഈ ലിംഗനീതി സിദ്ദിഖ് ഇന്നും മനസ്സിലാക്കിയിരിക്കാൻ സാധ്യതയില്ല.

കുടുംബത്തിനകത്തെ ജനാധിപത്യം

സമൂഹത്തിന്റെ പരിച്ഛേദം ആണ് കുടുംബം എന്നാണല്ലോ വെയ്പ്പ്. കുടുംബത്തിനകത്ത് ജനാധിപത്യം നിലനിൽക്കുന്ന വീടുകൾ കേരളത്തിൽ നന്നേ കുറവാണ്. 'ഗൃഹനാഥൻ' എന്നത് ഒരു രക്ഷാധികാരി സ്ഥാനത്തിൽ ഉപരി ഒരു വലിയ നിയന്ത്രകൻ തന്നെയാണ്. കുടുംബത്തെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് മുതൽ ക്ഷണിക്കപ്പെട്ട കല്യാണത്തിന് ആരെല്ലാം പോകണം എന്നുവരെ തീരുമാനിക്കുക ഈ കുടുംബനാഥൻ ആണ്. അയാൾക്ക് താഴെയേ സ്ത്രീകളും കുട്ടികളും വരുന്നുള്ളൂ.

സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്ന ആൾ എന്നത് മാത്രമല്ല ഈ സ്ഥാനത്തിന് കാരണം. അയാൾ ഒരു പുരുഷനാണ് എന്നതും പുരുഷൻ സ്ത്രീകളെ സംരക്ഷിക്കേണ്ടവൻ ആണ് എന്ന ചിന്തയുമാണ്. ആരാണ് പുരുഷനെ സ്ത്രീകളുടെ സംരക്ഷകനാക്കിയത്? സ്ത്രീകൾ 'അസമയങ്ങളിൽ' ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ ആരാണ് അവളെ ആക്രമിക്കുക? പുരുഷന്മാർ തന്നെ. അപ്പോൾ സ്ത്രീകൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ച്, സ്വയം അവരുടെ സുരക്ഷയും ഏറ്റെടുത്ത്, അവരെ നിയന്ത്രണത്തിൽ ആക്കുക പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ അജണ്ടയാണ്.

ഇക്കാലത്തെ ചേട്ടന്മാരോടും 'അവർ വളർത്തുന്ന' അനിയത്തിമാരോടുമാണ്: ഒരേ കുടുംബപശ്ചാത്തലത്തിൽ ഒരേ സൗകര്യങ്ങൾ അനുഭവിച്ച് വളരുന്ന രണ്ട് വ്യക്തികൾ എന്ന നിലയിൽ സഹോദരങ്ങൾക്ക് പരസ്പരം നിയന്ത്രിക്കാനും അധികാരം അടിച്ചേൽപ്പിക്കാനും യാതൊരു അവകാശവുമില്ല

പ്രായപൂർത്തിയായ സഹോദരിമാർ ഒന്ന് ഉറക്കെ തുമ്മാൻ പോലും ജ്യേഷ്ഠനെ ഭയക്കുന്നു എന്നത് കണ്ട് ആസ്വദിക്കാവുന്നതിന് അപ്പുറമുള്ള, ഭീതിജനകമായ കാഴ്ചയാണ്. 'എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ' എന്ന് സ്വപ്നം കാണുന്ന പെൺകുട്ടികൾ ആരും ഇത്തരം അധികാര പ്രയോഗങ്ങളെ കുറിച്ച് ഓർത്തിരിക്കാൻ വഴിയില്ല. ഇനി അതെല്ലാം മനസ്സിലാക്കിയ ശേഷമാണ് 'സഹോദരന്റെ തണൽ' ആസ്വദിക്കാൻ മോഹം എങ്കിൽ, പുരുഷന്റെ സംരക്ഷണയിൽ സ്ത്രീ സുരക്ഷിതയാണ് എന്ന കപട സാമൂഹ്യ ബോധത്തിന് അടിമകളാണ് അവർ. അത്രമാത്രം!

എപ്പോഴും അഞ്ച് പെങ്ങന്മാർ സ്റ്റോക്ക് വേണം പോലും!

ലോകത്ത് ഏറ്റവും മത്ത് പിടിപ്പിക്കുന്ന ലഹരി ഒന്ന് മാത്രമാണ് - അധികാരം. ഒരു വ്യക്തിക്ക് മുകളിൽ എങ്കിലും അധികാരം വിനിയോഗിക്കാൻ കഴിഞ്ഞാൽ പിന്നെ അതില്ലാതെ ജീവിക്കാൻ മനസ്സ് അനുവദിക്കാത്ത അവസ്ഥ കൈവരും എന്നാണ് തത്വചിന്തകർ പറയുന്നത്. എന്തായാലും നന്മമരമായ, എപ്പോഴും അനിയത്തിമാരെ അങ്ങോട്ട് മാത്രം നിയന്ത്രിച്ച് ശീലമുള്ള മാധവൻകുട്ടി, ജീവിതത്തിൽ ആദ്യമായി സഹോദരിമാർ പറഞ്ഞ ഒരു കാര്യം അനുസരിച്ചു - മരണം കാത്ത് കിടക്കുന്ന സ്വന്തം അച്ഛനെ അവസാനനിമിഷം വരെ തിരിഞ്ഞ് നോക്കിയില്ല. ആഹഹ, 'കുട്ടികളുടെ' വാക്ക് അനുസരിച്ച് അവരെ സന്തോഷിപ്പിക്കാൻ ചേർന്ന കഥാസന്ദർഭം.

എന്ത് തന്നെയായാലും അവിടെയും ദേഹം നനയാതെ മീൻ പിടിച്ച് മാധവേട്ടൻ തിരിച്ചെത്തി - രണ്ട് പുതിയ സഹോദരിമാർ ബോണസ്! താൻ വളർത്തി വലുതാക്കിയ അനിയത്തിമാരിൽ രണ്ട് പേര് തന്റെ കൈപ്പടിയിൽ നിന്ന് വളർന്നുപോയ വിഷമം തീർക്കാൻ വല്യേട്ടന് ആലംബഹീനരായ പുതിയ രണ്ട് സ്ത്രീകൾ ധാരാളം.

ഇനി നിങ്ങൾ ഇതേ സന്ദർഭം തിരിച്ചൊന്ന് ആലോചിച്ച് നോക്കൂ, അഞ്ച് അനിയന്മാരെ ചൊൽപ്പടിയിൽ നിർത്തി ഹിറ്റ്ലർ കളിക്കുന്ന ഒരു വലിയേട്ടത്തി! ക്ലാസ്സിക് ചിത്രം ഗോഡ്ഫാദറിലെ ആനപ്പാറ അച്ഛമ്മ തീർച്ചയായും അത്തരമൊരു കഥാപാത്രമാണ്. പക്ഷെ അവരുടെ വാക്ക് കേട്ട് ജീവിക്കുന്ന പുരുഷന്മാരെ 'ആണത്തം ഇല്ലാത്തവർ' എന്നാണ് ചിത്രത്തിൽ തന്നെ ആക്ഷേപിക്കുന്നത്. ലിംഗനീതിയിലെ ഇരട്ടത്താപ്പ് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ? അത് അങ്ങനെയാണ്; വിവേചനം പുരുഷനോട് ആയാൽ സമൂഹത്തിന് അത് ഉടൻ മനസ്സിലാകും.

സിദ്ദിഖ് ചിത്രങ്ങളിലെ സ്ത്രീകൾ

'പപ്പൻ പ്രിയപ്പെട്ട പപ്പൻ' മുതൽ 'ബിഗ് ബ്രദർ' വരെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത വിജയസംവിധായകൻ സിദ്ദിഖ്, സമകാലീനരായ മറ്റ് സംവിധായകരെ അപേക്ഷിച്ച് തന്റെ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളോട് അനുകമ്പ ഉള്ള കലാകാരനാണ്. ദൃശ്യമികവിന് വേണ്ടി ഒരു സുന്ദരിയായ നായിക എന്നതിൽ ഉപരി, സിദ്ദിഖിന്റെ നായികമാർക്ക് കഥയിൽ നിർണ്ണായകമായ ഒരു സ്ഥാനം ഉണ്ടായിരിക്കും എന്നതും ശ്രദ്ധേയമാണ്.

നാടോടിക്കാറ്റ്, റാംജിറാവ് സ്പീക്കിങ്, കാബൂളിവാല, വിയെറ്റ്നാം കോളനി മുതൽ ഇങ്ങേയറ്റത്ത് ഫക്രി, കിംഗ് ലയർ തുടങ്ങിയവ വരെ പരിശോധിച്ചാൽ ഈ വസ്തുത മനസ്സിലാക്കാം. മക്കൾ മാഹാത്മ്യം, ഹിറ്റ്ലർ, ഫ്രണ്ട്സ് തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ ലിംഗ അനീതി കടന്നുവന്നിട്ടുള്ളൂ. ഏതായാലും അതിൽ മുഴച്ച് നിൽക്കുന്നത് ഹിറ്റ്ലർ തന്നെയാണ്. മമ്മൂട്ടിയുടെ സമകാലീന ഹിറ്റുകളിൽ എല്ലാം ഈ ടോക്സിക് പാരന്റിങ് കണ്ടെത്താൻ കഴിയും. വാത്സല്യം, വല്യേട്ടൻ തുടങ്ങി അനേകം ചിത്രങ്ങൾ ഈ ശ്രേണിയിൽ ഉണ്ട്.

ടോക്സിക് പാരന്റിങ് പ്രകീർത്തിക്കപ്പെടേണ്ട ഒന്നല്ല

ഇക്കാലത്തെ ചേട്ടന്മാരോടും 'അവർ വളർത്തുന്ന' അനിയത്തിമാരോടുമാണ്: ഒരേ കുടുംബപശ്ചാത്തലത്തിൽ ഒരേ സൗകര്യങ്ങൾ അനുഭവിച്ച് വളരുന്ന രണ്ട് വ്യക്തികൾ എന്ന നിലയിൽ സഹോദരങ്ങൾക്ക് പരസ്പരം നിയന്ത്രിക്കാനും അധികാരം അടിച്ചേൽപ്പിക്കാനും യാതൊരു അവകാശവുമില്ല. ലിംഗവ്യത്യാസം ഒന്ന് കൊണ്ട് മാത്രം ഒരാൾ മറ്റൊരാളുടെ രക്ഷാകർത്താവ് ആകുന്നുമില്ല.

സഹോദരങ്ങൾക്ക് ഏറ്റവും നല്ല സുഹൃത്തുക്കൾ ആകുക എന്നതിൽ ഉപരി പരസ്പരം പിന്തുണയ്ക്കാൻ കഴിയില്ല. കാരണം ഒരു നല്ല സൗഹൃദത്തിൽ ആ ബന്ധത്തിന്റെ സൗന്ദര്യം മുഴുവൻ അടങ്ങിയിട്ടുണ്ട്. ജൻഡർ ഈഗോ, സ്വാർത്ഥത, അസൂയ, ഓവർ പ്രൊട്ടക്ടീവ്നെസ് തുടങ്ങി ഒന്നും തന്നെ സഹോദരങ്ങൾക്ക് ഇടയിലോ മറ്റ് കുടുംബാംഗങ്ങൾക്ക് ഇടയിലോ വച്ച് പുലർത്തേണ്ട കാര്യമില്ല. സ്വന്തമായി അഭിപ്രങ്ങളും തീരുമാനങ്ങളും പ്രണയവും ഉള്ള മനുഷ്യർ എന്ന നിലയിൽ നിങ്ങളെ നോക്കി കാണാത്ത ഒരു വ്യക്തിയെയും മാനസികമായി ആശ്രയിക്കേണ്ടതില്ല. ഇനിയെങ്കിലും ഇത്തരം വല്യേട്ടൻ സിൻഡ്രോമുകൾ ആരാധിക്കപ്പെടാതിരിക്കട്ടെ.