Mar 4 • 9M

ഈ കുടുംബനാഥന്മാർ കാണിച്ച മാതൃക തെറ്റായിരുന്നു! സ്വേച്ഛാധിപത്യം സ്നേഹമല്ല!

മമ്മൂട്ടി നായകൻ ആയ കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യം, ജയറാം നായകൻ ആയ 'സ്നേഹം,' മമ്മൂട്ടി ചിത്രം തന്നെയായ കളിയൂഞ്ഞാൽ.. അങ്ങനെ ഗൃഹനാഥന്റെ മനോവിഷമങ്ങൾ ഒപ്പിയെടുത്ത ഹിറ്റ് സിനിമകൾ നിരവധിയാണ്

Anagha Jayan E
Comment
Share
 
1.0×
0:00
-9:29
Open in playerListen on);
Episode details
Comments

കേരള സമൂഹത്തിൽ എന്ന പോലെ മലയാള സിനിമയിലും ഏവർക്കും പ്രിയങ്കരം ആയ ഇമേജ് ആണ് ഒരു കുടുംബത്തിന്റെ ഭാരം ചുമക്കുന്ന ഗൃഹനാഥന്റേത്. 'രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥൻ' ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്ര സങ്കൽപം ആണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ മേൽ എല്ലാം അധികാരമുള്ള, വീട്ടിൽ നടക്കുന്ന ഓരോ ചെറിയ കാര്യത്തിലും അഭിപ്രായവും തീരുമാനവും പറയുന്ന, എന്തിന്, ഒരു കല്യാണത്തിന് ക്ഷണം ലഭിച്ചാൽ വരെ വീട്ടിൽ നിന്ന് ആരെല്ലാം അതിൽ പങ്കെടുക്കണം എന്ന് നിശ്ചയിക്കുന്ന ഗൃഹനാഥൻ ഒരു വീടിന്റെ മുഴുവൻ തണൽ ആയാണ് സ്ക്രീനിലും ജീവിതത്തിലും ചിത്രീകരിക്കപ്പെടുന്നത്.

വീട്ടിലെ അംഗങ്ങൾ ഓരോരുത്തരും സാമ്പത്തികമായും അത് മൂലം മാനസികമായും ഈ ഗൃഹനാഥനെ ആശ്രയിക്കുന്നു. ഈ ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ ഉള്ള വിള്ളൽ വീണാൽ അയാളുടെ മനസ്സ് പോലും പതറിപോകുന്ന അവസ്ഥയും വരുന്നു. ഈ കഥാതന്തു അടിസ്ഥാനം ആക്കി എത്രയെത്ര സിനിമകൾ ആണ് മലയാളത്തിൽ പിറന്നിരിക്കുന്നത്!! മമ്മൂട്ടി നായകൻ ആയ കൊച്ചിൻ ഹനീഫ ചിത്രം വാത്സല്യം, ജയറാം നായകൻ ആയ 'സ്നേഹം,' മമ്മൂട്ടി ചിത്രം തന്നെയായ കളിയൂഞ്ഞാൽ.. അങ്ങനെ ഗൃഹനാഥന്റെ മനോവിഷമങ്ങൾ ഒപ്പിയെടുത്ത ഹിറ്റ് സിനിമകൾ നിരവധിയാണ്. ഈ മൂന്ന് സിനിമകൾ അപഗ്രഥിച്ചു കൊണ്ട് തന്നെ, കേരള സമൂഹത്തിലെ 'ഗൃഹനാഥൻ' എന്ന സെക്സിസ്റ്റ് വികല സങ്കൽപം പരിശോധിക്കുകയാണ് ഇനി.

മേലേടത്ത് രാഘവൻ നായർ എന്ന അറുബോറൻ വല്യേട്ടൻ

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച 'വാത്സല്യം' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നായാണ് ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. ഹിറ്റ്‌ മേക്കർ ലോഹിതദാസ് തിരക്കഥ രചിച്ച ഈ ചിത്രം, മേലേടത്ത് തറവാടിനെയും അവിടം അടക്കി ഭരിക്കുന്ന ഏകാധിപതി ആയ രാഘവൻ നായരെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. രാഘവൻ നായരുടെ ഭരണത്തിൽ പ്രജകൾ എല്ലാം പഞ്ചപുച്ഛം അടക്കി കഴിയുന്ന, 'അത്യന്തം സമാധാന പൂർണമായ' ഒരു വീട്.

അവിടെ ആര് ആരെ പ്രണയിക്കണം, വിവാഹം ചെയ്യണം, എന്ന് തുടങ്ങി എപ്പോൾ നാമം ജപിക്കണം, പഠിക്കണം എന്നുവരെ രാഘവൻ നായർ തീരുമാനിക്കും. അയാളുടെ തീരുമാനങ്ങളെ എതിർക്കുന്ന കുടുംബാംഗങ്ങളെ ഇമോഷണൽ ബ്ലാക്ക്‌മെയിലിങ്, കണ്ണീർ നാടകം, പിറന്ന് വീണ ദിവസം മുതൽ താൻ ചെയ്ത ത്യാഗങ്ങൾ ഓർത്ത് പറയൽ എന്നീ സ്റ്റണ്ടുകളിലൂടെ കായികമായും അല്ലാതെയും നേരിടുന്നതായിരിക്കും. ഇതെല്ലാം ഊതിപ്പെരുപ്പിച്ച വാചകങ്ങൾ ആയി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം കേരളത്തിലെ എല്ലാ തറവാടുകളിലും ഇതുപോലെ അതിസ്വാർത്ഥൻ ആയൊരു ഗൃഹനാഥൻ ഉണ്ടായിരുന്നു എന്നതാണ്.

സഹോദരിക്ക് ഒരു പ്രണയം ഉണ്ടെന്ന് അറിയുമ്പോൾ അവളെ അതിക്രൂരമായി മർദ്ദിച്ച്, വീട്ടുതടങ്കലിൽ പാർപ്പിച്ച് തന്നിഷ്ടപ്രകാരം അവളുടെ വിവാഹം ഉറപ്പിക്കുന്ന ജ്യേഷ്ഠനെ നിങ്ങൾ ഇന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഗാർഹിക പീഡനം നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

സഹോദരിക്ക് ഒരു പ്രണയം ഉണ്ടെന്ന് അറിയുമ്പോൾ അവളെ അതിക്രൂരമായി മർദ്ദിച്ച്, വീട്ടുതടങ്കലിൽ പാർപ്പിച്ച് തന്നിഷ്ടപ്രകാരം അവളുടെ വിവാഹം ഉറപ്പിക്കുന്ന ജ്യേഷ്ഠനെ നിങ്ങൾ ഇന്നും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ ഗാർഹിക പീഡനം നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. സ്വന്തം അനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ അയാളോട് പോലും ചോദിക്കാതെ ഒരു പെൺകുട്ടിയെ വേലക്കാരി ആയി വീട്ടിൽ പാർപ്പിക്കുകയും അനിയൻ എതിർത്തപ്പോൾ സെന്റിമെൻറ് കാർഡ് ഇറക്കി ഇരവാദം കളിക്കുകയും ചെയ്ത അറുബോറൻ ആണ് മേലേടത്ത് രാഘവൻ നായർ.

ഇനി അഹങ്കാരത്തിന്റെ മൂർത്തീഭാവം ആയി ചിത്രത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ശോഭ ചെയ്ത കുറ്റങ്ങൾ പരിശോധിക്കാം: ഒന്ന്, വൃത്തിയുള്ള സാഹചര്യത്തിലെ ഭക്ഷണം കഴിക്കൂ എന്ന് ശഠിച്ചു. രണ്ട്, കുടുംബത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തിന് എതിരെ ശബ്ദം ഉയർത്തി. മൂന്ന്, ഭർത്താവിന്റെ പെങ്ങൾക്ക് തന്റെ സ്വർണ്ണം മുഴുവൻ വെറുതെ കൊടുക്കാൻ വിസമ്മതിച്ചു. നാല്, ഇനി സ്വർണ്ണം കൊടുക്കുകയാണെങ്കിൽ അതിന് തക്ക ബഹുമാനം തനിക്ക് കുടുംബത്തിൽ നിന്ന് ലഭിക്കണം എന്ന് വ്യക്തമാക്കി. ഈ നാല് കാര്യങ്ങളും പഠിപ്പും വിവേകവും ഉള്ള ഏതൊരു വ്യക്തിയും പറഞ്ഞേക്കാവുന്നവ തന്നെ. ചിത്രം അവസാനിക്കുന്നത് മേലേടത്ത് രാഘവൻ നായരുടെ ത്യാഗം കുടുംബം തിരിച്ചറിയുന്നിടത്ത് ആണ്. അതുകൊണ്ട് തന്നെ ഏത് കാലത്തും ഇഴകീറി പരിശോധിക്കപ്പെടേണ്ട ഒരു ചിത്രമാണ് വാത്സല്യം.

കളിയൂഞ്ഞാൽ അഥവാ നന്ദേട്ടന്റെ സ്വാർത്ഥത

നന്ദഗോപാലൻ എന്ന ഡെപ്പ്യൂട്ടി കളക്ടർ തന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് അനുസരിച്ച് വളർത്തി നശിപ്പിച്ച അമ്മു എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അപസ്മാരം ഉണ്ട് എന്ന കാരണത്താൽ സ്‌കൂളിൽ പോലും വിടാതെ യാതൊരു ഔദ്യോഗിക മേൽനോട്ടവും ഇല്ലാത്ത ഹോം എഡ്യൂക്കേഷൻ നൽകി, ലോകത്തിന്റെ കാപട്യങ്ങൾ അറിയിക്കാതെ, അനിയത്തിയെ വളർത്തിയ ഏട്ടൻ. അതിനെ ഒരു സ്നേഹസമ്പന്നൻ ആയ ചേട്ടന്റെ കരുതൽ ആയി ചിത്രീകരിച്ച സംവിധായകൻ.

ആഹാ, നല്ല ക്ലാസ് കോംബോ. അമ്മു ജീവിതത്തിൽ നേരിടുന്ന ഓരോ തിരിച്ചടിക്കും കാരണം നന്ദഗോപാൽ എന്ന ചേട്ടൻ ആണ്. അയാളുടെ തീരുമാനങ്ങൾക്ക് അപ്പുറം ആ വീട്ടിൽ ഒന്നും നടക്കുന്നുമില്ല. അതുകൊണ്ട് നരകം ആകുന്നത് ഗൗരി, വേണു തുടങ്ങി അവർക്ക് ചുറ്റും ഉള്ള കുറെ പേരുടെ ജീവിതമാണ്. സ്വേച്ഛാധിപത്യം സ്നേഹം ആയി തെറ്റിദ്ധരിക്കപ്പെടുന്ന കുടുംബചിത്രങ്ങളിൽ പ്രധാനം ആണ് കളിയൂഞ്ഞാൽ.

ഇത് സ്നേഹമല്ല; സൈക്കോ പരിപാടിയാണ്..

മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരുപിടി ഗാനങ്ങളും രംഗങ്ങളും ഒത്തിണങ്ങിയ ജയരാജ് ചിത്രമാണ് സ്നേഹം. ജയറാം, ജോമോൾ, ബിജു മേനോൻ തുടങ്ങി വമ്പൻ താരനിര. ഒരു യാഥാസ്ഥിതിക തറവാട്ടിലെ ഗൃഹനാഥൻ ആയ പത്മനാഭൻ നായർ, കുടുംബത്തിന് വേണ്ടി തന്റെ ജീവിതം ബലി കഴിക്കുന്നത് ആണ് കഥ. ത്യാഗം എന്നു പറഞ്ഞാൽ ഇതുവരെ മലയാളികൾ കണ്ടിട്ടുള്ള ത്യാഗത്തിന്റെ എക്സ്ട്രീം വേർഷൻ! സ്വന്തം കാമുകിയെ അനിയൻ മോഹിച്ചു എന്ന ഒരൊറ്റ കാരണത്താൽ ആ ബന്ധത്തിന് വഴി മാറി കൊടുക്കുന്ന നായകൻ..!

ഇതിനെ 'സ്നേഹം' എന്ന് വിളിക്കുന്നത് എന്ത് മാനദണ്ഡത്തിന്റെ പുറത്താണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലായി കാണില്ല. തന്നോട് സ്നേഹമുള്ള കാമുകിയെ വഞ്ചിച്ച്, തന്നോട് സ്നേഹം ഉള്ള അനിയനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാതെ, താൻ അവരെ സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞ് യുക്തിക്ക് നിരക്കാത്ത സഹന സമരങ്ങൾ നടത്തുന്നത് ആണോ സ്നേഹം? അതാണോ ഒരു ഉത്തമൻ ആയ ഗൃഹനാഥന്റെ ലക്ഷണം?

ഇതൊന്നും പത്മനാഭൻ നായർക്ക് വിഷയം അല്ല. അയാളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസം നേടിയ അനിയൻ മറ്റൊരു നഗരത്തിൽ ജോലി നോക്കി പോകുന്നത് കുടുംബത്തിന് നിരക്കാത്ത തെറ്റാണ്. പണ്ട് തങ്ങളുടെ അടിയാൻ ആയിരുന്ന വ്യക്തി വളർന്ന് പണക്കാരൻ ആയപ്പോൾ അംഗീകരിക്കാൻ മനസ്സ് കാണിക്കാത്ത പത്മനാഭൻ നായർ കേരളത്തിലെ സവർണ്ണ കുടുംബനാഥന്മാരുടെ ഒട്ടാകെയുള്ള പ്രതിനിധിയാണ്.

ആരാണ് ഗൃഹനാഥൻ? എന്താണ് അയാളുടെ റോൾ?

കാലാകാലങ്ങൾ ആയി മലയാള സിനിമയിൽ നിലനിൽക്കുന്ന 'കുടുംബനാഥൻ' സങ്കല്പത്തിന്റെ തീരെ ചെറിയൊരു നേർക്കാഴ്ച മാത്രമാണ് ഈ ലേഖനം. ആണിൽ നിന്ന് പെണ്ണിലേക്ക് - അച്ഛനിൽ നിന്ന് മകളിലേക്ക് - കുടുംബത്തിന്റെ അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ ആ അധികാര വിനിയോഗം അഹങ്കാരം ആയി കാണുന്ന ചിത്രം വരെ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് (അച്ചുവേട്ടന്റെ വീട്, 1987.) ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് അഭിനയിച്ച സൂപ്പർഹിറ്റ് കുടുംബചിത്രങ്ങളിൽ പലതിലും ഈ ആണധികാരവും ഗൃഹനാഥൻ ഈഗോയും വെള്ള പൂശപ്പെടുന്നതായി കാണാം.

ഇന്നും 'നാഥൻ ഇല്ലാത്ത കുടുംബം' എന്നത് കുത്തഴിഞ്ഞ ജീവിതത്തിന് ഒരു കാരണം ആയി മലയാള സിനിമ ഉയർത്തി കാണിക്കുന്നു. ഓരോ കുടുംബാംഗങ്ങളുടെയും മാനസിക സുരക്ഷയെ വരെ ബാധിക്കുന്ന, ആത്മവിശ്വാസത്തിനും സ്വയം പര്യാപ്തതയ്ക്കും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനും തടയിടുന്ന സ്ഥാനം ആണ് കുടുംബ നാഥന്റേത്.

പുരോഗമന സമൂഹത്തിൽ, കുടുംബം ബന്ധങ്ങൾ കൊണ്ടല്ല, സ്നേഹം കൊണ്ട് പടുത്ത് ഉയർത്തപ്പെടുന്നത് ആണ്. ഒരാൾ മറ്റുള്ളവരെ നിയന്ത്രിച്ച് ഒരു കുടക്കീഴിൽ നിർത്തുന്നത് അല്ല യഥാർത്ഥ കുടുംബബന്ധം - മറിച്ച് ആരും നിർബന്ധിച്ചില്ലെങ്കിലും സ്നേഹം കൊണ്ട് കുറച്ച് പേര് ഒരു കുടക്കീഴിൽ കഴിയുന്നതാണ്

പുരോഗമന സമൂഹത്തിൽ, കുടുംബം ബന്ധങ്ങൾ കൊണ്ടല്ല, സ്നേഹം കൊണ്ട് പടുത്ത് ഉയർത്തപ്പെടുന്നത് ആണ്. ഒരാൾ മറ്റുള്ളവരെ നിയന്ത്രിച്ച് ഒരു കുടക്കീഴിൽ നിർത്തുന്നത് അല്ല യഥാർത്ഥ കുടുംബബന്ധം - മറിച്ച് ആരും നിർബന്ധിച്ചില്ലെങ്കിലും സ്നേഹം കൊണ്ട് കുറച്ച് പേര് ഒരു കുടക്കീഴിൽ കഴിയുന്നതാണ്. അല്ലെങ്കിൽ തന്നെ, താൻ വളർത്തി കൊണ്ടു വന്ന ഒരു വ്യക്തി സ്വയം തീരുമാനങ്ങൾ എടുക്കുന്നത് കണ്ട് സന്തോഷിക്കാൻ സാധിക്കാത്ത രക്ഷിതാവ് യഥാർത്ഥത്തിൽ വൻ പരാജയം അല്ലെ?

സ്വന്തം വളർത്തുഗുണത്തെ കുറിച്ച് അയാൾക്ക് തന്നെ ആത്മവിശ്വാസം പോരാ എന്നല്ലേ അതിനർത്ഥം? കുടുംബനാഥൻ എന്ന സങ്കൽപം തന്നെ ലിംഗനീതിക്ക് എതിരാണ്. ഒരു പ്രത്യേക വ്യക്തിയുടെ രീതികൾ പിന്തുടർന്ന്, അയാൾ പറയുന്നതെല്ലാം അനുസരിച്ച് ജീവിക്കാൻ ഉള്ളതല്ല സ്വന്തം വീട്. ഓരോ കുടുംബാംഗവും സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുമ്പോഴും അവർ പരസ്പരം സ്നേഹിക്കുന്നു എന്ന അവസ്ഥയാണ് യഥാർത്ഥ കുടുംബസ്നേഹം. മാറിയ കാലത്ത് എങ്കിലും ഇത്തരം 'ഗൃഹനാഥ സങ്കൽപ്പങ്ങൾ' നമ്മൾ പൊളിച്ച് വീഴ്ത്തേണ്ടത് ആണ്.