Dec 3, 2021 • 10M

ആണുങ്ങളുടെ അനീതിക്കെതിരെ കുറുവടി തല്ലുമായി ഒരു പെൺകൂട്ടം!

മദ്യപാനം, കുടുംബം നോക്കാതിരിക്കൽ, അവിഹിതം, സ്ത്രീകളെ മർദ്ദിക്കൽ, മോഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഹരം കണ്ടെത്തിയിരുന്ന പുരുഷന്മാർക്കെല്ലാം പെണ്ണുങ്ങളുടെ കുറുവടി തല്ല് യദേഷ്ടം കിട്ടും

Lakshmi Narayanan
Comment
Share
 
1.0×
0:00
-9:49
Open in playerListen on);
Episode details
Comments

ആണിന്റെ കൈയുടെ ചൂട്, ആൺ കൈക്കരുത്ത്, ആണിന്റെ കൈബലം തുടങ്ങി പെണ്ണുങ്ങളെല്ലാം ശാരീരികമായി ആണിനേക്കാൾ പിന്നിലാണെന്നും അവർ പുരുഷന്റെ മർദ്ദനം ഏൽക്കേണ്ടവർ ആണെന്നും സ്ഥാപിക്കുന്ന തരത്തിലുള്ള നിരവധി പ്രയോഗങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇത്തരം പ്രയോഗങ്ങൾക്ക് വിരാമിടുകയാണ് ഉത്തർപ്രദേശിലെ ഗുലാബി ഗാങ് എന്ന പെൺസംഘം.

2014 സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഈ പെൺപട മാധ്യമശ്രദ്ധ നേടുന്നത്. പുരുഷന്റെ എല്ലാ മേൽക്കോയ്മകളും സഹിച്ച് അവന്റെ വാശിക്ക് മുന്നിൽ കീഴടങ്ങി, പുരുഷന്റെ അടിയും ഇടിയും കൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ എന്ന തിരിച്ചറിവിൽ നിന്നുമാണ് സമ്പത് പാല്‍ ദേവി എന്ന വനിത ഗുലാബി ഗാങ് എന്ന സംഘടനക്ക് രൂപം കൊടുത്തത്. അടിക്ക് അടിയാണ് തിരിച്ചടി എന്നതാണ് ഇവരുടെ മുദ്രാവാക്യം. ശരീരം നൊന്താൽ, പുരുഷൻ നീതികേട്‌ കാണിച്ചാൽ ആ നിമിഷം ഞങ്ങൾ തിരിച്ചടിച്ചിരിക്കും. പറയുന്നത് ഗുലാബി ഗാങ് ആണ്.അതിനാൽ തന്നെ ഉത്തർ പ്രദേശിലെ ബാന്ദ ഗ്രാമത്തിലെ താന്നോന്നികളായ പുരുഷന്മാർക്ക് ഇന്നും പേടി സ്വപ്നമാണ്.

കൈക്കരുത്ത് ആണിനും പെണ്ണിനും ഒരു പോലെ !

നമ്മുടെ നാട്ടിൽ പലതരം വനിതാ മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരെണ്ണം ആദ്യമാണ്. തിരിച്ചടിക്കില്ല എന്ന ഉറപ്പുള്ളതിനാൽ സ്ത്രീകൾക്ക് നേരെ കൈ ഉയർത്തുന്ന പുരുഷന്മാർക്ക് ഒരു പാഠമാണ് ഗുലാബി ഗാങ്. 2006 ലാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. പതിവ് പോലെ ജോലി കഴിഞ്ഞ സമ്പത് പാല്‍ ദേവി വൈകുന്നേരം ബാന്ദ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് യാദൃശ്ചികമായി അവർ ഒരു കാഴ്ച കണ്ടത്.

ഒരാള്‍ തന്റെ ഭാര്യയെ മാടിനെയെന്നപോലെ അടിച്ച് അവശയാക്കുന്നു. നിന്ന് കരയുകയല്ലാതെ അവൾക്ക് മറ്റ് മാർഗങ്ങളില്ല. തന്നെ ഉപദ്രവിക്കല്ലേ എന്ന് ആ സ്ത്രീ കൈകൾ കൂപ്പി യാചിക്കുന്നുണ്ടായിരുന്നു എങ്കിലും മദ്യ ലഹരിയിൽ ആയിരുന്ന അയാൾക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.

തിരിച്ച് വീട്ടിലെത്തിയ സമ്പത് പാൽ ദേവി, അന്ന് നടന്ന സംഭവത്തെ പറ്റി ഏറെ നേരം ചിന്തിച്ചു. പുരുഷന്റെ ഇത്തരം പീഡനങ്ങൾക്ക് ഇരയായി പ്രതികരിക്കാനാവാതെ നൂറുകണക്കിന് സ്ത്രീകളാണ് തന്റെ ഗ്രാമത്തിൽ നിശബ്ദം കഴിയുന്നത് എന്ന് സമ്പത് പാൽ മനസിലാക്കി. തനിക്ക് ചുറ്റും തന്നെ ഇത്തരത്തിൽ നിരവധി വനിതകളെ കണ്ടെത്താൻ സമ്പത് പാൽ ദേവിക്ക് കഴിഞ്ഞു.

പലസന്ദര്‍ഭങ്ങളിലും ബാന്ദയിലെ സ്ത്രീകൾ ചേർന്ന് അനീതിയെ തല്ലി തോൽപ്പിച്ചു

ഇതിങ്ങനെ വിട്ടാൽ ശരിയാകില്ലെന്നു മനസ്സിൽ ഉറപ്പിച്ച സമ്പത് പാൽ ദേവി അടുത്ത ദിവസം തന്നെ ഭാര്യയെ മർദ്ദിച്ച ആ വ്യക്തിയെ തേടിയിറങ്ങി. എങ്ങോട്ടാണ്, എന്തിനാണ് എന്ന് ചോദിച്ചവരോട് സമ്പത് പാൽ ദേവി കാര്യം വിശദീകരിച്ചു. ഒപ്പം ഒന്ന് കൂടി ചേർത്ത് പറഞ്ഞു, അടിക്ക് മറുമരുന്ന് അടി തന്നെയാണ്. വേദന പെണ്ണിനും ആണിനും ഒരുപോലെയാണ് എന്ന് മനസിലാക്കണം.

ഇത് കേട്ട ഗ്രാമത്തിലെ മറ്റ് ചില വനിതകളും സമ്പത് പാൽ ദേവിക്ക് ഒപ്പം കൂടി. എല്ലാവരുടെയും കയ്യിൽ ആയുധം എന്നപോലെ ഒരു മുളവടിയും ഉണ്ടായിരുന്നു. ഭാര്യയെ തല്ലിച്ചതച്ച ആ വ്യക്തിയെ കണ്ടെത്താൻ അവർക്ക് അധികം അലയേണ്ടി വന്നില്ല. ആളെ കണ്ട് കിട്ടിയ ഉടനെ അവർ തലങ്ങും വിലങ്ങും മുളവടികൊണ്ട് തല്ലി. അങ്ങനെ വേദന ആണിനും പെണ്ണിനും ഒരുപോലെയാണ് എന്ന് സമ്പത് പാൽ അയാളെ മനസിലാക്കി.

ആ ഒരൊറ്റ സംഭവം കൊണ്ട് ഗ്രാമത്തിലെ ആണുങ്ങൾ ഒന്ന് ഭയന്നു. ഭാര്യയെ തല്ലുന്നത് ശീലമാക്കിയ പലരും നല്ല നടത്തം ശീലിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അനീതിക്കെതിരെയുള്ള സ്ത്രീകളുടെ ഈ കൂട്ടായ്മയെപ്പറ്റിയുള്ള കഥ നാട്ടിലാകെ പരന്നു. ഒരാവേശത്തിന്റെ പുറത്താണ് പലരും സംഘത്തിൽ കൂടെ കൂടിയത്.

നാട്ടുകാർ സംഘത്തെ എതിർക്കും എന്ന് കരുതിയിരുന്ന സമ്പത് പാൽ ദേവിക്ക് പീഢനത്താൽ പൊറുതിമുട്ടി കഴിഞ്ഞിരുന്ന ബാന്ദയിലെ സ്ത്രീകള്‍ ജയ് വിളിച്ചു. ബാന്ദ എന്ന ആ ഗ്രാമം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് പേരുകേട്ട ഇടമായിരുന്നു. അതിനാൽ തന്നെ അടികൊള്ളാതെ ജീവിക്കണം എന്നാഗ്രഹമുള്ള സ്ത്രീകൾ സമ്പത് പാലിനൊപ്പം ചേർന്നു. അങ്ങനെ പെൺകൂട്ടായ്മയുടെ അടിക്ക് ചൂട് കൂടി.

അനീതിക്കെതിരെ പ്രതികരിക്കുക എന്നതായിരുന്നു ഗുലാബി ഗാങ് എന്ന് പേരിട്ട സംഘത്തിന്റെ ലക്ഷ്യം. മദ്യപാനം, കുടുംബം നോക്കാതിരിക്കൽ, അവിഹിതം, സ്ത്രീകളെ മർദ്ദിക്കൽ, മോഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഹരം കണ്ടെത്തിയിരുന്ന പുരുഷന്മാർക്കെല്ലാം പെണ്ണുങ്ങളുടെ കുറുവടി തല്ല് യദേഷ്ടം കിട്ടി. പലസന്ദര്‍ഭങ്ങളിലും ബാന്ദയിലെ സ്ത്രീകൾ ചേർന്ന് അനീതിയെ തല്ലി തോൽപ്പിച്ചു.

പിങ്ക് സാരിയും കയ്യിലെ കുറുവടിയും

ഉത്തർപ്രദേശിലെ ബാന്ദ ഗ്രാമത്തിലൂടെ നടക്കുമ്പോൾ പിങ്ക് സാരി ചുറ്റി, കയ്യിൽ കുറുവടിയുമായി ഒരു വനിതയെ കണ്ടാൽ ഉറപ്പിക്കാം അവർ ഗുലാബി ഗാങ്ങിന്റെ വക്താവാണെന്ന്. ഉത്തർപ്രദേശിലെ നല്ലൊരു ശതമാനം പ്രശ്നങ്ങൾക്കും ഉള്ള പ്രാദേശിക പരിഹാരം എന്ന നിലക്ക് ഗുലാബി ഗാങ് വളർന്നത് ശരവേഗത്തിലാണ്. ജാതിവ്യവസ്ഥയുടെയും ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും എല്ലാം ഈറ്റില്ലമാണ് ഉത്തർപ്രദേശ്. അതിനൊപ്പം ശൈശവ വിവാഹവും ബാലവേലയും ഇവിടെ അനുദിനം വർദ്ധിച്ചു വരുന്നു.

മേൽപ്പറഞ്ഞ എല്ലബുദ്ധിമുട്ടുകളും ഒന്നിച്ചു കൈകോർക്കുന്ന ഗ്രാമമാണ് ബാന്ദ. അതിനാൽ തന്നെയാണ് അനീതി കാണിക്കുന്നവർക്ക് നേരെ ഒരു തടയിടാൻ ഇവിടുത്തെ പെൺസംഘം സ്വയം തീരുമാനിച്ചതും. പെണ്ണുങ്ങളിടെ കയ്യിൽ നിന്നും അടി വാങ്ങിക്കൂട്ടേണ്ട എന്ന് കരുതി നല്ല വഴി സ്വീകരിച്ചവരും നിരവധിയാണ്. ഗ്രാമത്തിൽ ഒരു അടക്കും ചിട്ടയും കൊണ്ട് വരാൻ ഗുലാബി ഗാങിന് കഴിഞ്ഞു.

ഗുലാബി ഗാങ് മൂലം ഗ്രാമത്തിൽ നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ, എന്നാൽ ഗുലാബി ഗാങ് അംഗങ്ങൾ നിയമലംഘകരാണ് എന്നാണ് പോലീസ് ഭാഷ്യം. അക്രമകാരി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍, നിയമം കൈയിലെടുക്കുന്നവർ അങ്ങനെ പരാതികൾ നിരവധിയാണ്.എന്നാൽ അതൊന്നും കേട്ട് പിന്തിരിയാൻ സമ്പദ്‌പാൽ ദേവിക്കും കൂട്ടർക്കും ഉദ്ദേശമില്ല

ഗുലാബി ഗാങിലെ അംഗങ്ങളെ കാണുമ്പോൾ തന്നെ എതിരാളികൾ ഭയക്കണം എന്ന ചിന്തയിൽ നിന്നുമാണ് സമ്പത് പാൽ ദേവി തന്റെ സംഘാംഗങ്ങൾക്ക് യൂണിഫോം നൽകിയത്. പിങ്ക് നിറമുള്ള സാരിയും മുളവടിയും ആയി ഗ്രാമത്തിൽ ഇന്ന് എവിടെയും കാണാം നീതിയുടെ കാവൽ മാലാഖാമാരായി ഗുലാബി ഗാങിലെ അംഗങ്ങൾ വിഹരിക്കുന്നു.

ഒരു ഗുണ്ടാസംഘമല്ല ഗുലാബി ഗാങ്!

അടിച്ചാൽ തിരിച്ചടിക്കും എന്ന് കരുതി ഗുലാബി ഗാങ് ഒരു ഗുണ്ടാ സംഘമാണെന്ന് കരുതണ്ട. ഏറെ ക്ലേശതകൾ അനുഭവിക്കുന്ന ബാന്ദ എന്ന ആ ഗ്രാമത്തിലെ സകല വികസനത്തിന്റെയും മുഖമാകുകയാണ് സമ്പത് പൽ ദേവിയുടെ കീഴിലുള്ള ഗുലാബി ഗാങ്. അല്പം വിപ്ലവം കയ്യിലുണ്ടെങ്കിൽ മാത്രമേ നാട്ടിൽ എല്ലാവിധത്തിലും വികസനം കൊണ്ട് വരാനാകൂ എന്ന് ഗുലാബി ഗാങ് വിശ്വസിക്കുന്നു. ആ വിശ്വാസം അത് പോലെ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട് ഇവർ.

തകര്‍ന്ന റോഡ് നേരേയാക്കാനുള്ള നിരന്തര അഭ്യര്‍ഥനയ്ക്ക് ചെവികൊടുക്കാതെ പോയ സക്കാർ ഉദ്യോഗസ്ഥനെ കാറ് തടഞ്ഞ് വലിച്ചിറക്കി റോഡിലൂടെ അവര്‍ നടത്തി. അതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. പരാതികൊടുക്കാൻ വന്ന സ്ത്രീയെ അപമാനിച്ച പോലീസുകാരനും കിട്ടി ഗുലാബി ഗാങ് വക നല്ല ചുട്ട അടി.ദലിതർക്കെതിരെ പോലീസ് നടത്തുന്ന ഗൂഢ നീക്കങ്ങൾക്കെതിരെയും ഗുലാബി ഗാങ് പലകുറി പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ചൂഷണം നേരിട്ടിരുന്ന സ്ത്രീകൾക്ക് വേണ്ടിയും ഇവരുടെ കൈകളിലെ മുളവടികൾ ചലിച്ചു.

ഇനിയുമുണ്ട് സമ്പദ് പാൽ ദേവിയുടെയും കൂട്ടരുടെയും കഥകൾ. പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത് നിഷേധിച്ചപ്പോള്‍ 2007 ൽ ബി.പി.എല്‍ അരി പൊതുവിപണിയിലേക്ക് മറിച്ചുവില്‍ക്കുന്ന റേഷന്‍ കടയുടമക്കെതിരെ തെളിവടക്കം പരാതി നൽകി, അയാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചതാണ് ഗുലാബി ഗാങ് രാജ്യശ്രദ്ധ നേടിയത്. അതായത്, എല്ലാ പ്രശ്നങ്ങൾക്കും അടിയാണ് പരിഹാരമെന്ന് ഇവർ വിശ്വസിക്കുന്നില്ല.

ഒന്നിരുത്തി ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഗുലാബി ഗാങ് പോലുള്ള സംഘടനകൾ ഇവിടെ വരേണ്ടത് അനിവാര്യമാണ്. എന്തിനും ഏതിനും സ്ത്രീകൾക്ക് നേരെ കയ്യുയർത്തുന്ന പുരുഷന്മാർക്കുള്ള താക്കീതാണ് ഗുലാബി ഗാങ്

നിയമം കൂടെ നിൽക്കും എന്ന് തോന്നുന്നിടത്തെല്ലാം നിയമത്തിന്റെ വഴി തന്നെയാണ് പിന്തുടരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിച്ചവരെയെല്ലാം അടിച്ചൊതുക്കാൻ ഗുലാബി ഗാങിനായി. ഫലമോ? സ്ത്രീധനം എന്ന വാക്ക് ഗ്രാമത്തിന്റെ പടിക്ക് പുറത്തായി.ബാന്ദയിലും പുറത്തുമായി 20000– ൽ പരം അനുയായികൾ ഗുലാബി ഗാങ്ങിനുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതകൾക്ക് പല വിധചെറുകിട വ്യവസായങ്ങളിൽ ഗുലാബി ഗാങ് പരിശീലനം നൽകുന്നു. ജൈവവളം, ആയുര്‍വേദ മരുന്നു നിര്‍മാണം, അച്ചാര്‍ നിര്‍മാണം, മെഴുകുതിരി നിര്‍മാണ യൂനിറ്റുകള്‍, എന്നിവ അവയിൽ ചിലതുമാത്രം. ഇതിനുപുറമെ ഗുലാബി ഗാങ്ങിന്റെ ഇടപെടലിനെത്തുടർന്ന് കുടിവെള്ള പദ്ധതി, വികസന പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍ എന്നിവ ഗ്രാമത്തിൽ വിജയകരമായി നടപ്പാക്കപ്പെട്ടു.

ഇന്ന് ബാന്ദ എന്ന ഗ്രാമം സ്വസ്ഥതയോടെ കഴിയുന്നു. വീട്ടിലെ പുരുഷന്മാർ വീട് നന്നായി നോക്കുന്നു, ഭാര്യയേയും മക്കളെയും സ്നേഹിക്കുന്നു, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ നല്ല വഴിക്ക് നടന്നു കഴിഞ്ഞു. ബാന്ദയിലെ സ്ത്രീകളാകട്ടെ, ചൂഷണങ്ങൾ ഇല്ലാതെ സുഖമായി ഉറങ്ങുന്നു. ദളിത് വംശത്തിൽ ജനിച്ച ദേവി 9ാം വയസിൽ വിവാഹിതയും 13 വയസ്സിൽ അമ്മയുമായി. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പല പീഡനങ്ങളിൽ നിന്നും ദേവി കരുത്താർജിക്കുകയായിരുന്നു. മദ്യപിച്ച് വന്ന ഭർത്താവിനെ എതിർത്തുകൊണ്ടായിരുന്നു സമ്പത് പാൽ ദേവി തന്റെ പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.

ഗുലാബി ഗാങ് മൂലം ഗ്രാമത്തിൽ നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ, എന്നാൽ ഗുലാബി ഗാങ് അംഗങ്ങൾ നിയമലംഘകരാണ് എന്നാണ് പോലീസ് ഭാഷ്യം. അക്രമകാരി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവര്‍, നിയമം കൈയിലെടുക്കുന്നവർ അങ്ങനെ പരാതികൾ നിരവധിയാണ്.എന്നാൽ അതൊന്നും കേട്ട് പിന്തിരിയാൻ സമ്പദ്‌പാൽ ദേവിക്കും കൂട്ടർക്കും ഉദ്ദേശമില്ല. ആഗ്രഹിക്കുന്ന ആർക്കും ഗുലാബി ഗാങ്ങിന്റെ ഭാഗമാകാം. പിങ്ക് നിറമുള്ള സാരിയുടെ തുക മാത്രമാണ് അംഗത്വ ഫീസ്.

ഒന്നിരുത്തി ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഗുലാബി ഗാങ് പോലുള്ള സംഘടനകൾ ഇവിടെ വരേണ്ടത് അനിവാര്യമാണ്. എന്തിനും ഏതിനും സ്ത്രീകൾക്ക് നേരെ കയ്യുയർത്തുന്ന പുരുഷന്മാർക്കുള്ള താക്കീതാണ് ഗുലാബി ഗാങ്. അത്കൊണ്ട് തന്നെ സമത്വം ആഗ്രഹിക്കുന്ന, സ്ത്രീകളുടെ ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഗുലാബി ഗാങ് ഒരു ആശ്വാസം തന്നെയാണ്.