Jan 13 • 9M

ത്രീ ഫോർത്ത് പാന്റിട്ട് ആൺകുട്ടികളും പെൺകുട്ടികളും - സ്‌കൂൾ യൂണിഫോമിലെ വളയഞ്ചിറങ്ങര മോഡൽ!

1
 
1.0×
0:00
-9:03
Open in playerListen on);
Episode details
Comments

വസ്ത്ര സ്വാതന്ത്ര്യവും അതിനെ കുറിച്ചുള്ള അവബോധവും എത്ര വയസ്സിലാണ് കുട്ടികളിൽ പതിയേണ്ടത്? ജനിക്കുമ്പോൾ മുതൽ എന്നാണ് ഉത്തരം. എന്നാൽ പിറക്കുന്ന നാൾ മുതൽ കുഞ്ഞുങ്ങളെ തമ്മിൽ വിവേചിക്കാൻ സമൂഹം ഉപയോഗപ്പെടുത്തുന്ന ഏറ്റവും അപകടകരമായ ആയുധവും വസ്ത്രം തന്നെയാണ്. ഒരു സ്ത്രീ പ്രസവിച്ചു എന്ന് കേട്ടാൽ ആൺകുട്ടികൾക്ക് നീല നിറത്തിലുള്ള സമ്മാനങ്ങളും പെൺകുട്ടികൾക്ക് പിങ്ക് നിറത്തിലുള്ള സമ്മാനങ്ങളും വാങ്ങി കാണാൻ പോകുന്നവർ ഇന്നും നമുക്കിടയിൽ ഉണ്ട്.

അല്പം വളരുമ്പോൾ തന്നെ പെൺകുട്ടികൾക്ക് ഉടുപ്പുകളും ആൺകുട്ടികൾക്ക് ട്രൗസറുകളും സമ്മാനിക്കാൻ തുടങ്ങും. പിന്നെ പാവാടകൾ, ഫുൾ പാവാടകൾ, പാട്ടുപാവാടകൾ.. അങ്ങനെ ചലന സ്വാതന്ത്ര്യം പരിമിതം ആക്കുന്ന ഒട്ടേറെ വസ്ത്ര രീതികൾ പെൺകുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങും. ഓടിച്ചാടി ഉല്ലസിച്ച് നടക്കാൻ ഏറ്റവും സൗകര്യപ്രദമായ വേഷങ്ങൾ ആൺകുട്ടികൾക്കും.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, കുട്ടികളുടെ ചലന സ്വാതന്ത്ര്യത്തിന് മുൻ‌തൂക്കം കൊടുത്തുകൊണ്ട് തികച്ചും വിപ്ലവാത്മകം ആയ ഒരു തീരുമാനം എടുത്തിരിക്കുകയാണ് എറണാകുളം വളയഞ്ചിറങ്ങര എൽപി സ്‌കൂൾ. ആൺപെൺ വ്യത്യാസം ഇല്ലാതെ ഈ സ്‌കൂളിലെ കുട്ടികൾ എല്ലാം ഇനി ത്രീഫോർത്ത് പാന്റ്സ് ധരിച്ചാണ് സ്കൂളിൽ എത്തുക. ലിംഗഭേദമില്ലാതെ, പാവാട പൊങ്ങുമോ എന്ന പേടിയില്ലാതെ ഓടിയും ചാടിയും കളിച്ച് ഉല്ലസിച്ചും കുട്ടികൾ ഈ സ്‌കൂളിൽ പാറി നാടകക്കും. ഒരു സർക്കാർ സ്‌കൂൾ തന്നെ ഇത്ര വിപ്ലവാത്മകമായ ഒരു തീരുമാനം എടുത്തതിനെ കുറിച്ച് ഹെഡ്മിസ്ട്രസ് സുമ ടീച്ചർ പറയുന്നത് ഇങ്ങനെ:

"കുട്ടികൾ സ്വന്തം വീട് കഴിഞ്ഞാൽ - ഒരു പക്ഷെ അതിൽ അധികം തന്നെ - സമയം ചെലവഴിക്കുന്ന സ്ഥലം സ്‌കൂൾ ആണ്. തീരെ കെട്ടുപാടുകൾ ഇല്ലാത്ത, ഏറ്റവും സൗകര്യപ്രദം ആയ വസ്ത്രമാണ് കുട്ടികൾ സ്‌കൂളിൽ ധരിക്കേണ്ടത്. അതും നമ്മുടെ സ്‌കൂൾ ഒരു എൽപി സ്‌കൂൾ അല്ലെ.. തീരെ ചെറിയ കുട്ടികളാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ അവരുടെ മനസ്സിൽ വസ്ത്രത്തെ ചുറ്റിപ്പറ്റിയുള്ള അപകർഷ ബോധം വളരാൻ അനുവദിച്ച് കൂടാ. ഞാനും ഒരമ്മയല്ലേ.. ഈ ചിന്തകളൊക്കെ മനസ്സിൽ നിലനിൽക്കെ ആണ് കുട്ടികൾ എന്നോട് പാവാടയെ കുറിച്ച് പരാതി പറയാൻ തുടങ്ങിയത്. 'ഓടിക്കളിക്കാൻ പറ്റുന്നില്ല ടീച്ചറെ.. ഡാൻസ് കളിക്കാൻ പറ്റുന്നില്ല ടീച്ചറെ..' തുടങ്ങി നിരവധി പരാതികൾ. ഡാൻസ് പ്രാക്ടീസ് നടത്തുന്ന കുട്ടികൾ വീട്ടിൽ നിന്നും പാവാടയ്ക്ക് താഴെ ധരിക്കാൻ ത്രീ ഫോർത്ത് പാന്റ്സ് കൊണ്ട് വരുന്നു. സ്പോർട്ട്സ് ദിവസങ്ങളിലും അവർ പാവാടയ്ക്ക് താഴെ ത്രീ ഫോർത്ത് ധരിക്കുന്നു. ദേഹം അനങ്ങി എന്ത് ചെയ്യേണ്ടി വന്നാലും കുട്ടികൾ ത്രീ ഫോർത്ത് പാന്റുകൾ ധരിക്കുകയാണ്.

അങ്ങനെയാണ് ഈ ത്രീ ഫോർത്ത് തന്നെ നമ്മുടെ യൂണിഫോം ആക്കിയാൽ എന്താണ് എന്ന ചിന്ത ഞങ്ങൾക്ക് വന്നത്. കൂടുതൽ ആലോചിച്ചില്ല; പിടിഎയുടെ മുന്നിൽ കാര്യം അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് സന്തോഷമേ ഉള്ളൂ - കുഞ്ഞുങ്ങൾ വീട്ടിൽ സ്ഥിരം ധരിക്കുന്ന വേഷമാണ്. അധ്യാപകർക്കും സന്തോഷം. അങ്ങനെ ഞങ്ങൾ ഒരേ മനസ്സോടെ എടുത്ത തീരുമാനം അക്കാദമിക്ക് കമ്മിറ്റിയ്ക്ക് മുന്നിൽ സമർപ്പിച്ചു. അവരും അത് അംഗീകരിച്ചു. ഇതെല്ലാം നടന്നത് 2019 അവസാനത്തോടെയാണ്. പക്ഷെ വെറും മാസങ്ങൾ കഴിഞ്ഞപ്പോൾ കോവിഡ് 19 പടർന്ന് പിടിക്കുകയും സ്‌കൂളുകൾ എല്ലാം അടക്കുകയും ചെയ്തില്ലേ..

ഓൺലൈൻ ക്ലാസ്സുകളിൽ കുട്ടികൾക്ക് യൂണിഫോമും നിർബന്ധമല്ല. പിന്നെ 2021 നവംബർ ഒന്നിന് സ്‌കൂളുകൾ പുനരാരംഭിച്ചപ്പോൾ ആണ് ഞങ്ങളുടെ കുഞ്ഞുങ്ങൾ ഈ യൂണിഫോം ധരിച്ച് വീണ്ടും സ്‌കൂളുകളിൽ എത്താൻ തുടങ്ങിയത്. അത് ഏതോ പത്രപ്രവർത്തകർ കാണാൻ ഇടയായി. അങ്ങനെയാണ് ഈ സംഭവം ഇപ്പോൾ വാർത്ത ആയത്," - സുമ ടീച്ചർ പറയുന്നു.

യൂണിഫോമിന്റെ ഭാഗം ആയ ത്രീ ഫോർത്ത് പാന്റ് ഡിസൈൻ ചെയ്തതിലും സ്‌കൂൾ അധികൃതർ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അഴഞ്ഞ് കിടക്കുന്ന തരം പാന്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ സൗകര്യപ്രദമാണ്. അരക്കെട്ടിൽ ഹുക്കിന് പകരം സോഫ്റ്റ് ആയ എലാസ്ടിക്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്.

സ്ത്രീ പുരുഷ സമത്വം തീരെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിൽ രേഖപ്പെടുത്താൻ ഉള്ള ഏറ്റവും ഫലപ്രദം ആയ മാർഗ്ഗം വസ്ത്രധാരണം മെച്ചപ്പെടുത്തൽ തന്നെയാണ് എന്ന് ഇവർ ഉറപ്പിച്ച് പറയുന്നു

അതിനാൽ ഹുക്ക് പൊട്ടുമോ എന്ന ടെൻഷൻ പോലും വേണ്ട. മുകളിൽ സാധാരണ കോട്ടൺ ഷർട്ടാണ് വേഷം. വായുസഞ്ചാരമുള്ള, ഒന്ന് ഓടി വീണാൽ തന്നെ മുട്ട് പൊട്ടാത്ത തരത്തിൽ ഉള്ള വേഷമാണ്‌ ഈ സ്‌കൂളിലെ കുഞ്ഞുങ്ങൾ ഇനി ധരിക്കുക. എന്തായാലും പുതിയ യൂണിഫോമിൽ കുട്ടികൾ ഏറെ ഹാപ്പിയാണ്, രക്ഷിതാക്കളും.

എന്നാൽ വളയഞ്ചിറങ്ങര എൽപി സ്‌കൂൾ മുന്നോട്ട് വച്ച ഈ മാതൃക സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ ആണ് നേടുന്നത്. ലിംഗസമത്വം ഉറപ്പ് വരുത്താൻ പെൺകുട്ടികളെ ട്രൗസർ ധരിപ്പിക്കുകയല്ല വേണ്ടത് എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. നിർബന്ധപൂർവ്വം ട്രൗസർ ധരിപ്പിച്ചാൽ എത്ര വിദ്യാർഥികൾ അതിൽ കംഫർട്ടബിൾ ആയിരിക്കും എന്നതും വലിയൊരു ചോദ്യം ആയിരുന്നു. എൽപി സ്‌കൂൾ താളം കഴിഞ്ഞാൽ ഈ മാതൃക പിന്തുടരാൻ യോഗ്യമാണോ എന്നും നിരവധി പേർ ചോദിച്ചു.

പെൺകുട്ടികൾക്ക് പാവാട നൽകുന്ന സുഖവും വായു സഞ്ചാരവും എല്ലാം ഇറുകിയ ട്രൗസറുകൾ നൽകുമോ എന്നാണ് ഒരു കൂട്ടം ആശങ്കപ്പെട്ടത്. ഒരു പടി കൂടി കടന്നാൽ ആർത്തവ കാലത്ത് പാഡ് മാറ്റാനും ശുചിമുറികൾ ഉപയോഗിക്കാനും എല്ലാം സൗകര്യം പാവാട തന്നെയല്ലേ എന്നാണ് ഒരു പക്ഷത്തിന്റെ ആശങ്ക. കൂടാതെ, സാനിറ്ററി പാഡ് മാറ്റണമെങ്കിൽ ട്രൗസർ മുഴുവനായും അഴിച്ച് മാറ്റി തൂക്കിയിടാൻ തക്ക കൊളുത്തുകളോ സംവിധാനങ്ങളോ നമ്മുടെ സർക്കാർ സ്‌കൂളുകളിൽ ലഭ്യം ആയിരിക്കുമോ എന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെല്ലാം ഉത്തരം പറയേണ്ടത് കുട്ടികൾ തന്നെയാണ്. സ്‌കൂൾ യൂണിഫോം ത്രീ ഫോർത്ത് ആക്കുന്നതിനെ കുറിച്ച് കുട്ടികളോട് ചോദിച്ചപ്പോൾ അവരുടെ ഉത്തരങ്ങൾ ഇങ്ങനെ:

"ഞങ്ങൾ കട്ട സപ്പോർട്ടാണ്. വീട്ടിലെ പോലെ ഫ്രീ ആയി നടക്കാം. ഓടാം, ചാടാം. ഇപ്പൊ ഒന്ന് ആഞ്ഞ് ഓടിയാൽ കൂട്ടുകാർ പറയും, 'എടി, നിന്റെ പാവാട പൊങ്ങുന്നു' എന്ന്. വീട്ടിലെ പോലെ ഫ്രീ ആയി സ്‌കൂളിൽ നടക്കാനേ പറ്റുന്നില്ല. ത്രീ ഫോർത്ത് ആണെങ്കിൽ സുഖമല്ലേ.. ഞങ്ങളുടെ സ്‌കൂളിലും എന്നാണാവോ ത്രീ ഫോർത്ത് യൂണിഫോം ആകുക," തൃശ്ശൂർ സ്വദേശിനി ദിയ ബാബു പറയുന്നു.

"ബാത്‌റൂമിൽ [പോകാൻ ഒക്കെ സൗകര്യം ത്രീ ഫോർത്ത് ആകും. പാവാട എത്ര തന്നെ അടുക്കി പിടിച്ചാലും തിരക്ക് പിടിച്ച് പോയി ഇരുന്നാൽ പുറകുവശം നിലത്ത് മുട്ടും. പിന്നെ ആ ദിവസം മുഴുവൻ വല്ലാത്ത അസ്വസ്ഥതയാണ്. ത്രീ ഫോർത്ത് ആണെങ്കിൽ വീട്ടിലെ പോലെ സുഖമായി ബാത്‌റൂമിൽ പോകാം," - അഞ്ചാം ക്ലാസുകാരിയായ ശ്രീലക്ഷ്മി നന്ദന്റെ വാക്കുകൾ ഇങ്ങനെ.

"മഴ വരുമ്പോൾ ആണ് ഏറ്റവും സുഖം. ഫുൾ പാന്റ് ആണെങ്കിൽ നിലത്ത് മുട്ടില്ലേ.. ചെരുപ്പിട്ട് നടക്കുമ്പോൾ പാന്റിൽ ചെളി തെറിക്കില്ലേ.. ഇത് ആ പ്രശ്നം ഒന്നുമില്ല. ത്രീ ഫോർത്ത് അല്ലെ.. ടെൻഷൻ ഇല്ലാതെ മഴവെള്ളത്തിലൂടെ പോലും നടക്കാം," വളയഞ്ചിറങ്ങര എൽപി സ്‌കൂളിലെ തന്നെ ഒരു കുട്ടി പറഞ്ഞു.

ബാത്‌റൂമിൽ [പോകാൻ ഒക്കെ സൗകര്യം ത്രീ ഫോർത്ത് ആകും. പാവാട എത്ര തന്നെ അടുക്കി പിടിച്ചാലും തിരക്ക് പിടിച്ച് പോയി ഇരുന്നാൽ പുറകുവശം നിലത്ത് മുട്ടും. പിന്നെ ആ ദിവസം മുഴുവൻ വല്ലാത്ത അസ്വസ്ഥതയാണ്

ഇതിനെല്ലാം പുറമെ ഇനി സ്പോർട്ട്സ് ദിവസങ്ങളിലോ യുവജനോത്സവത്തിനോ എൻഎസ്എസ് ക്യാമ്പിലോ ഒന്നും ധരിക്കാൻ വീട്ടിൽ നിന്ന് വേറെ പാന്റ് കൊണ്ട് വരേണ്ടതില്ല. എല്ലാ കുട്ടികളും ഒരേ പോലെ, യാതൊരു വ്യത്യാസങ്ങളും ഇല്ലാതെ ഈ ദിവസങ്ങളിൽ സ്‌കൂളിൽ വിഹരിക്കും. എന്ത് സമത്വ സുന്ദരമായ കാഴ്ച ആയിരിക്കും അത്!

മലയാളികൾക്ക് ഇതൊരു പുത്തൻ കാഴ്ച ആണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും മെട്രോ നഗരങ്ങളിലും പണ്ടേ നിലനിൽക്കുന്ന യൂണിഫോം സംസ്കാരം തന്നെയാണ് ഇത്. ഒരു പടി കൂടി കടന്ന് എൽപി തലത്തിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ ഷോർട്ട്സ് ധരിക്കാൻ ആണ് പുറമെയുള്ള മിക്ക സ്‌കൂളുകളും പ്രേരിപ്പിക്കുന്നത്. പുറകിൽ നിന്ന് കണ്ടാൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വസ്ത്രം കൊണ്ട് തിരിച്ചറിയാൻ പോലും സാധിക്കില്ല. പുരോഗമന നിലപാടുകൾ സ്വീകരിക്കുന്ന രക്ഷിതാക്കളും മറ്റും ഈ മാതൃക കേരളത്തിലെ സ്‌കൂളുകളും പിന്തുടരണം എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.

പെൺകുട്ടികളെ തീരെ ചെറുപ്പം മുതലേ ചലന സൗകര്യം പരിമിതപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിപ്പിച്ച് വേഷത്തെ കുറിച്ച് ബോധവതികൾ ആക്കി വളർത്തി കൊണ്ട് വരേണ്ടതില്ല എന്ന് അവർ ശക്തമായി അഭിപ്രായപ്പെടുന്നു. സ്ത്രീ പുരുഷ സമത്വം തീരെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിൽ രേഖപ്പെടുത്താൻ ഉള്ള ഏറ്റവും ഫലപ്രദം ആയ മാർഗ്ഗം വസ്ത്രധാരണം മെച്ചപ്പെടുത്തൽ തന്നെയാണ് എന്ന് ഇവർ ഉറപ്പിച്ച് പറയുന്നു. ചില രക്ഷിതാക്കളുടെ വാക്കുകൾ ഇങ്ങനെ:

"ആൺകുട്ടികൾ ഒരു ഷർട്ടും ട്രൗസറും ധരിച്ച് സ്‌കൂളിൽ പോകുമ്പോൾ പെൺകുട്ടികൾ എന്തൊക്കെ വസ്ത്രങ്ങൾ ഒരു ദിവസം ധരിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പെറ്റിക്കോട്ട്, പാന്റീസ്, ഷോർട്ട്, ഷർട്ട്, പാവാട, പിന്നെ ചില കുട്ടികൾ മഫ്ത.. പിന്നെ ഇതെല്ലാം ഉറപ്പിക്കാൻ യൂണിഫോമിന്റെ ഭാഗം ആയ ബെൽറ്റ്, അതിനെല്ലാം പുറമെ ചില സ്‌കൂളുകൾ ഓവര്കോട്ടും ടൈയും വരെ നിർബന്ധം ആക്കിയിട്ടുണ്ട്. സോക്‌സും ഷൂസും കൂടി ആകുമ്പോൾ പിന്നെ പറയണ്ട.

ഉച്ചയാകുമ്പോഴേക്ക് ഇവർക്ക് ചൂടെടുത്ത് പുഴുകാൻ തുടങ്ങും. എന്തുകൊണ്ടും നല്ല തീരുമാനം ആണ് ത്രീ ഫോർത്ത് പാന്റ് യൂണിഫോം ആക്കൽ. ഇപ്പോഴേ ശീലിച്ചാൽ നാളെ യൂപി തലത്തിലോ ഹൈസ്‌കൂൾ തലത്തിലോ ഈ പരിഷ്കരണം വന്നാലും കുട്ടികൾ അതുമായി പൊരുത്തപ്പെട്ട് പോകും," ഒൻപത് വയസ്സ് കാറി ആമിയുടെ 'അമ്മ രശ്മി അഭിപ്രായപ്പെടുന്നു. എന്തായാലും സ്‌കൂൾ യൂണിഫോമിലെ വളയഞ്ചിറങ്ങര മാതൃക ഏറെ കൈയടികൾ ഏറ്റുവാങ്ങിയിരിക്കുകയാണ്.