
നന്ദി, സിദ്ദിഖ്-ലാൽ.. മലയാളിയുടെ നായികാ സങ്കൽപ്പങ്ങൾ പൊളിച്ച് എഴുതിയതിന്!
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും അനേകം ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്, സിദ്ദിഖ് - ലാൽ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളെ ഒരു പുനർവായനയ്ക്ക് വിധേയമാക്കാം..
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരുപിടി ഓൾടൈം സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കോംബോ ആണ് സിദ്ദിഖ്-ലാൽ. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളും തൊഴിലില്ലായ്മയും മറ്റും അത്രമേൽ രസകരമായി തിരശ്ശീലയിൽ ഒപ്പിയെടുത്ത തിരക്കഥാകൃത്തുക്കൾ വേറെ ഇല്ലതന്നെ! യുവാക്കൾക്കിടയിലെ സൗഹൃദം, പുത്തൻ തൊഴിൽ സാദ്ധ്യതകൾ, പ്രണയം, അസ്തിത്വ പ്രശ്നങ്ങൾ തുടങ്ങിയവ എല്ലാ കാലത്തെയും സിനിമാസ്വാദകർക്കായി ഉപ്പിലിട്ട് വയ്ക്കാൻ ഈ സംവിധായകർക്ക് കഴിഞ്ഞു.
എന്നാൽ അതിനൊപ്പം അധികം ബഹളം ഒന്നും ഇല്ലാതെ മറ്റൊരു വിപ്ലവവും അവർ നടത്തി. ഒരു പക്ഷെ സമൂഹത്തിന്റെ നേർക്കാഴ്ച ആയത് കൊണ്ടാകാം, അധികം ആരും ചർച്ച ചെയ്യാതെ പോയ ഒരു മാറ്റം സിദ്ദിഖ്-ലാൽ തങ്ങളുടെ ചിത്രങ്ങളിൽ കൊണ്ട് വന്നു. സ്വതന്ത്രരായ, സാമ്പത്തികവും സാമൂഹ്യവും ആയി സുരക്ഷിതരും സ്വാശ്രയരും ആയ നായികമാരെ പരിചയപ്പെടുത്തി എന്നതാണ് അത്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും അനേകം ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്, സിദ്ദിഖ് - ലാൽ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങളെ ഒരു പുനർവായനയ്ക്ക് വിധേയമാക്കാം..
ഉണ്ണി - പ്രണയം മാത്രം കൈമുതലാക്കിയ ഫെമെയിൽ റോമിയോ
അസാമാന്യമായ തിരക്കഥ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മറ്റും ക്ലാസിക് എന്ന് നിസ്സംശയം വിളിക്കാവുന്ന ചിത്രമാണ് വിയെറ്റ്നാം കോളനി. എത്ര വട്ടം കണ്ടാലും മതിവരാത്ത ഈ മോഹൻലാൽ - കനക ചിത്രത്തിൽ ഉണ്ണി എന്ന നായികാ കഥാപാത്രം തീർത്തും വ്യത്യസ്തമായ ഒരു നായികാ സങ്കൽപം ആണ്. ജീവിത പ്രാരാബ്ധങ്ങൾ, മനസ്സാക്ഷി, സാമൂഹ്യ പ്രതിബദ്ധത, ജാതി ചിന്ത, സദാചാര ബോധം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഒരുപിടി പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന നായകനെ ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സാൽ വരിച്ച് പിന്നാലെ നടന്ന് പ്രേമിച്ച് വളക്കുന്ന നായിക.
സാധാരണ മലയാള സിനിമയിൽ നായകന്മാർക്കും സഹനടന്മാർക്കും മാത്രം പറഞ്ഞിട്ടുള്ള വായ്നോട്ടം, കമന്റടി, 'പണി കൊടുക്കൽ,' അഹങ്കാരം, വളച്ചെടുക്കൽ എന്നിവ നിർവ്യാജം ചെയ്യുന്ന ഒരു അടിപൊളി നായിക! നായികയുമായി ഇന്റിമേറ്റ് രംഗങ്ങൾ ഒത്തുകിട്ടാൻ നായകൻ പെടാപ്പാട് പെടുന്ന കാലത്ത്, നായകനെ അത്യന്തം തീക്ഷ്ണമായ പ്രണയ രംഗങ്ങൾക്ക് നടുവിൽ കൊണ്ട് നിർത്തുന്ന നായിക.
ഒടുക്കം തന്റെ മേൽജാതി ഈഗോ മുഴുവൻ വെടിഞ്ഞ് ഉണ്ണിയുടെ പ്രണയം മനസ്സാൽ സ്വീകരിക്കുന്ന നായകൻ! സിനിമയുടെ മറ്റ് സാമൂഹ്യ തലങ്ങൾ എല്ലാം മാറ്റി നിർത്തിയാൽ തന്നെ, വിയെറ്റ്നാം കോളനി പ്രണയം കൊണ്ട് വ്യത്യസ്തമാണ്. ഒരു പെണ്ണിന്റെ പ്രണയം യാതൊരു മുൻവിധിയും കൂടാതെ, ലളിതവും രസകരവുമായ പറഞ്ഞ് വച്ചു എന്നത് തന്നെ ഈ ചിത്രത്തിന്റെ വിജയമാണ്.
റാണി – വീറും വാശിയും അലിവുമുള്ള പെണ്ണ്
റാംജിറാവ് സ്പീക്കിങ് എന്ന ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് മലയാളികൾക്ക് ഒരു ആമുഖം ആവശ്യമില്ല. ഇന്നും പ്രേക്ഷകർ ഒട്ടും മടിക്കാതെ കണ്ടിരിക്കുന്ന മുഴുനീള എന്റർടെയ്നർ ഒരു എവർഗ്രീൻ ബ്ലോക്ക്ബസ്റ്റർ ആവാൻ കാരണങ്ങൾ ഒരുപാട് ആണ്. എന്നാൽ അതിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു സവിശേഷതയാണ് നായികാ കഥാപാത്രം ആയ റാണിയുടെ വ്യക്തിത്വം. റാണി അധ്വാനിച്ച് കുടുംബം പുലർത്തുന്ന പെണ്ണാണ്. തന്റെ കുടുംബത്തെ കര കയറ്റാൻ ഏതറ്റം വരെയും പോകുന്ന ശക്തയായ സ്ത്രീ.
കണ്ണീർ ഉതിർക്കുന്ന കദനനായികമാർ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്ന കാലത്താണ് സൺഗ്ലാസസ് ധരിച്ച്, മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റയാൾ പട്ടാളമായി റാണി സ്ക്രീനിൽ എത്തുന്നത്
ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും നടുവിൽ നിൽക്കുമ്പോഴും അവരുടെ കരയുന്ന മുഖം അവർ സമൂഹത്തെ കാണിക്കുന്നില്ല. കണ്ണീർ ഉതിർക്കുന്ന കദനനായികമാർ പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്ന കാലത്താണ് സൺഗ്ലാസസ് ധരിച്ച്, മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് ഒറ്റയാൾ പട്ടാളമായി റാണി സ്ക്രീനിൽ എത്തുന്നത്. റാണിയുടെ നിശ്ചയദാർഢ്യവും വാശിയും കൊണ്ട് മാത്രമാണ് റാംജിറാവ് സ്പീക്കിങ് എന്ന ചിത്രം മുന്നോട്ട് പോകുന്നത്.
നായക കഥാപാത്രമായ ബാലകൃഷ്ണന്റെ മുന്നിൽ ഒരു ഘട്ടത്തിലും തല കുനിക്കാതെ, താഴ്ന്ന് കൊടുക്കാതെ തന്റെ തീരുമാനത്തിൽ ഉറച്ച് നിന്ന റാണി കഥയുടെ ഒരു ഭാഗത്തും നെഗറ്റിവ് ഷെയ്ഡിൽ എത്തുന്നില്ല. പകരം അവരിലെ ശരി മനസ്സിലാക്കി നായകൻ അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. കുടുംബം പോറ്റാൻ പാട് പെടുന്ന നായകന്മാരെ ആരാധിച്ചിരുന്ന മലയാളി കുടുംബ പ്രേക്ഷകരുടെ മുന്നിലേക്കാണ് 'എന്റെ ബാധ്യതകൾ ഞാൻ മാത്രം അറിഞ്ഞാൽ മതി' എന്ന സ്റ്റേറ്റ്മെന്റോടെ റാണി തല ഉയർത്തി കടന്ന് വന്നത്.
മാലു - നന്മയ്ക്കായി ഗൂഢാലോചന ചെയ്ത പെണ്ണ്
മലയാള സിനിമയിലെ ഏറ്റവും കെട്ടുറപ്പുള്ള തിരക്കഥ എന്നാണ് സിദ്ദിഖ്-ലാൽ ചിത്രമായ ഗോഡ്ഫാദറിന്റെ തിരക്കഥ വിശേഷിപ്പിക്കപ്പെടുന്നത്. ഹാസ്യം കൊണ്ടും ഡ്രാമ കൊണ്ടും സസ്പെൻസ് കൊണ്ടും ത്രില്ല് കൊണ്ടും ആക്ഷൻ കൊണ്ടുമെല്ലാം പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഫോർമുലകൾ എല്ലാം നിറഞ്ഞ ഔട്ട് ആൻഡ് ഔട്ട് എന്റർടെയ്ൻമെന്റ് പാക്കേജ്! അതിൽ അതിശക്തമായ വില്ലൻ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീയാണ് എന്നത് വിമർശകർ പോലും അന്നേ എടുത്ത് പറഞ്ഞിരുന്നു. എന്നാൽ മാലു എന്ന നായികാ കഥാപാത്രത്തിന്റെ നിർമ്മിതി എടുത്ത് പറയേണ്ടത് തന്നെയാണ്.
മുഖത്ത് നാണവും മനസ്സിൽ പ്രണയവുമുള്ള ഒരു ടിപ്പിക്കൽ കോളേജ് കുമാരിയല്ല മാലു; മറിച്ച് നായകനായ രാമഭദ്രൻ മനസ്സിൽ കണ്ടത് തത്ക്ഷണം മാനത്ത് കണ്ട മിടുമിടുക്കിയാണ്. മാലു അവതരിപ്പിച്ച പ്രണയനാടകം ഒന്നുകൊണ്ട് മാത്രമാണ് കുടിപ്പക മറന്ന് രണ്ട് കുടുംബങ്ങൾ ഒന്നാകുന്നത്. കോളേജിൽ പോകുന്ന പെൺകുട്ടികളെ കലുങ്കിൽ ഇരുന്ന് കമന്റ് അടിക്കുന്ന നായകനും സംഘവും അതിസാധാരണം ആയിരുന്ന കാലത്താണ് യാതൊരു ഭാവഭേദവും ഇല്ലാതെ ബോയ്സ് ഹോസ്റ്റലിലേക്ക് ആത്മവിശ്വാസത്തോടെ കയറിച്ചെന്ന ഒരു നായികയെ പ്രേക്ഷകർ കൈയടിച്ച് സ്വീകരിച്ചത്. 'മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ' എന്ന ഗാനം ഒരു കാലഘട്ടത്തിലെ കോളേജ് കാമ്പസുകളിൽ തരംഗം തന്നെ ആയിരുന്നു.
ഈവ് ടീസിങ്ങിനെ നോർമലൈസ് ചെയ്യുന്ന പ്രവണത ഗാനരംഗത്തിൽ ഉണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ അവസാനം കാവ്യനീതി സംഭവിക്കുന്നുമുണ്ട്. കുടുംബത്തിനും സമൂഹത്തിനും എല്ലാം എതിരായ തന്റെ പ്രണയം മുറുകെ പിടിച്ച മാലുവിൻറെ ഭാഗം തന്നെ ജയിക്കുക തന്നെ ചെയ്യുന്നു. മാറ്റം കൊണ്ട് വരുന്നതിലല്ല, അത് എത്ര കണ്ട് തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു എന്നതിലാണ് കാര്യം എന്ന് സിദ്ദിഖ്-ലാൽ തെളിയിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രാധ - അഭിമാനിയായ നായിക
മോഹൻലാൽ-ശ്രീനിവാസൻ കോംബോയിൽ കേരളക്കര ഒന്നാകെ നെഞ്ചിലേറ്റിയ എവർഗ്രീൻ ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥ രചിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ സിദ്ദിഖ്-ലാലിന്റേതാണ്. അതുകൊണ്ട് തന്നെ ശ്രീനിവാസൻ തിരക്കഥ രചിച്ച മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തയാണ് ഇതിലെ നായികാ കഥാപാത്രവും. ജീവിത പ്രാരാബ്ദങ്ങളിൽ പെട്ട് നാറ്റം തിരിയുന്ന നായകന് കൂനിന്മേൽ കുരു എന്നപോലെ വിവാഹമോ പ്രണയമോ പ്രതിഷ്ഠിക്കുന്ന 'മിഥുനം,' 'തലയണമന്ത്രം' സ്റ്റൈൽ കഥയല്ല നാടോടിക്കാറ്റിന്റേത്. നായകനെ അപേക്ഷിച്ച് സാമ്പത്തികമായി ഭദ്രതയുള്ള, സ്വയം പര്യാപ്തയായ നായികയാണ് രാധ.
ശോഭന അവതരിപ്പിച്ച ഈ നായികാ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. നായകൻ നാണം മറന്ന് പണം കടം ചോദിക്കുന്നതും ഭക്ഷണം ആവശ്യപ്പെടുന്നതുമെല്ലാം ഈ നായികയ്ക്ക് മുന്നിലാണ്. നായകനെ തന്റെ ജീവിത പ്രശ്നങ്ങളിൽ നിന്ന് കര കയറ്റാൻ കൈത്താങ്ങ് ആകുന്ന വിധത്തിലുള്ള നായികാ കഥാപാത്രമാണ് രാധ. അവർ അഭിമാനിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയുമാണ്. തന്റെ പ്രണയവും താത്പര്യങ്ങളും പറഞ്ഞ് നായകനെ വട്ടം തിരിയിക്കുന്ന പൈങ്കിളി നായികയല്ല രാധ. അത് തന്നെയാണ് അക്കാലത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് നാടോടിക്കാറ്റിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന കാര്യവും.
സ്വയം പര്യാപ്തരായ നായികമാർ
വ്യക്തിത്വമുള്ള നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു എന്നതാണ് സിദ്ദിഖ്-ലാൽ തങ്ങളുടെ ചിത്രങ്ങളിലൂടെ കൊണ്ടുവന്ന ഒരു സുപ്രധാന മാറ്റം. നായകന്റെ പ്രണയം മാത്രം കൊതിച്ച്, പൈങ്കിളി സ്വപ്നങ്ങൾ നെയ്ത് കൂട്ടി സ്വപ്ന ലോകത്ത് വിഹരിക്കുന്ന നായികമാരെ അല്ല സിദ്ദിഖ്- ലാൽ ചിത്രങ്ങളിൽ നമുക്ക് കാണാൻ ആകുക. സ്വന്തമായി ജോലിയും ജീവിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ഉള്ള ഉറച്ച മനസ്സുള്ള സ്ത്രീകളെ ആണ്.
എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, ഈ ഹിറ്റ്മേക്കർ കോംബോ രണ്ടായി പിരിഞ്ഞ ശേഷം അവർ സ്വതന്ത്രമായി ചെയ്ത ചിത്രങ്ങളിൽ ഇത്തരത്തിൽ യാതൊരു ലിംഗസമത്വവും കാണാൻ സാധിക്കില്ല. സിദ്ദിഖ് കഥയിലോ സംവിധാനത്തിന്റെ തിരക്കഥയിലോ പങ്ക് വഹിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഈ വ്യത്യാസം എളുപ്പം തിരിച്ചറിയാം
തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്നമായിരുന്ന കാലത്ത്, അത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ തന്നെ ഇത്തരത്തിൽ സ്വയം പര്യാപ്തരായ നായികമാരെ പ്രതിഷ്ഠിച്ചു എന്നത് അത്യന്തം പ്രശംസനീയം ആയ ചുവടാണ്. അത്രകണ്ട് തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടത് കൊണ്ടാകാം, അതാരും ചർച്ച ചെയ്യാൻ പോലും മെനക്കെട്ടില്ല.
എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, ഈ ഹിറ്റ്മേക്കർ കോംബോ രണ്ടായി പിരിഞ്ഞ ശേഷം അവർ സ്വതന്ത്രമായി ചെയ്ത ചിത്രങ്ങളിൽ ഇത്തരത്തിൽ യാതൊരു ലിംഗസമത്വവും കാണാൻ സാധിക്കില്ല. സിദ്ദിഖ് കഥയിലോ സംവിധാനത്തിന്റെ തിരക്കഥയിലോ പങ്ക് വഹിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഈ വ്യത്യാസം എളുപ്പം തിരിച്ചറിയാം. അയാൾ കഥയെഴുതുകയാണ്, ക്രോണിക് ബാച്ചിലർ, ഹിറ്റ്ലർ തുടങ്ങിയവയാണ് ചിത്രങ്ങൾ.
തീർത്തും മുഖ്യധാരാ നായികാ സങ്കല്പത്തെ ഉയർത്തി പിടിക്കുന്ന ചിത്രങ്ങളാണ് അവയിൽ ഭൂരിഭാഗവും. ഇനി ലാൽ തിരക്കഥയോ നിർമ്മാണമോ സംവിധാനമോ നിർവഹിച്ച ഹണിബീ, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെയും അവസ്ഥ ഇതുതന്നെ. ഈ രണ്ട് തിരക്കഥാകൃത്തുക്കൾ ഒന്നിച്ച് നിൽക്കുമ്പോൾ മാത്രം സംഭവിക്കുന്ന പ്രതിഭയുടെ രസതന്ത്രത്തിൽ മലയാള സിനിമയ്ക്ക് ലഭിച്ചത് വില മതിക്കാനാകാത്ത ഗോൾഡൻ ചിത്രങ്ങൾ തന്നെയാണ്.
ഒരിക്കൽ കൂടി നന്ദി, സിദ്ദിഖ്-ലാൽ, മലയാളികളുടെ നായികാ സങ്കല്പങ്ങളെ പൊളിച്ചെഴുതി പുതിയ ഒരു 'നോർമൽ' സൃഷ്ടിച്ച് എടുത്തതിന്..