Feb 25 • 5M

ഗീതാസ് ഹോം റ്റു ഹോം: ഒരു അംഗപരിമിതയുടെ സംരംഭകത്വ വിജയത്തിന്റെ കഥ..

Anagha Jayan E
Comment
Share
 
1.0×
0:00
-5:25
Open in playerListen on);
Episode details
Comments

ആരാണ് പറഞ്ഞത് തിരിച്ചടികൾക്ക് മനുഷ്യ മനസ്സിനെ തളർത്താനേ കഴിയൂ എന്ന്? തൃശ്ശൂർ സ്വദേശിനി ഗീതയുടെ ജീവിത വിജയം അതിനുള്ള മറുപടി ആണ്. പതിമൂന്ന് വയസ്സിൽ കണ്ണിനെ ബാധിച്ച മാരക രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ച് എത്തിയപ്പോഴേക്ക് ഗീതയ്ക്ക് നഷ്ടപ്പെട്ടത് കാഴ്ചയാണ്. പതിയെ പതിയെ ഗീതയുടെ കണ്ണിനെ കീഴടക്കാൻ തുടങ്ങിയ അന്ധകാരം പതിനഞ്ച് വയസ്സിൽ കാഴ്ച ശക്തിയെ പൂർണ്ണമായും കവർന്നു.

വീട്ടിൽ തന്നെ നിർമ്മിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ആയ നെയ്യ്, അച്ചാറുകൾ തുടങ്ങിയവ ഓൺലൈൻ ആയി വിപണനം ചെയ്ത് സ്വന്തം ആയി ഒരു സംരംഭം കെട്ടി പടുത്തിരിക്കുകയാണ് ഗീത

ജീവിതത്തിൽ സ്വപ്നങ്ങൾക്ക് വർണ്ണങ്ങൾ പടരുന്ന കാലം.. ഭാവിയെ കുറിച്ച് പല നിറങ്ങളിൽ ഉള്ള സ്വപ്‌നങ്ങൾ മനസ്സിൽ വിടരുന്ന കാലം.. ഗീത തളർന്ന് ഇരുന്നില്ല. പകരം ബ്രെയിൽ ലിപി പഠിച്ചു. പഠിച്ച് ബിരുദം കരസ്ഥമാക്കി. ഇന്ന് മാസം അൻപതിനായിരത്തിൽ അധികം രൂപ സമ്പാദിക്കുന്ന സംരംഭകയാണ്.

വീട്ടിൽ തന്നെ നിർമ്മിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ആയ നെയ്യ്, അച്ചാറുകൾ തുടങ്ങിയവ ഓൺലൈൻ ആയി വിപണനം ചെയ്ത് സ്വന്തം ആയി ഒരു സംരംഭം കെട്ടി പടുത്തിരിക്കുകയാണ് ഗീത.

മുപ്പത്തി ഒൻപത് വയസ്സിൽ 'ഗീതാസ് ഹോം റ്റു ഹോം' എന്ന സംരംഭം, ഭർത്താവ് സലീഷിനൊപ്പം നടത്തി വരികയാണ് ഗീത. "എന്റെ ഭർത്താവും മക്കളും എന്റെ സംരംഭത്തിന് എന്നും പിന്തുണയും ആയി കൂടെ ഉണ്ട്. ഒരു ബിസിനസ് നടത്തുക എന്ന് പറയുമ്പോൾ അതിന് അതിന്റേതായ പ്രതിസന്ധികളും റിസ്കുകളും ഉണ്ട്. കാഴ്ചശക്തി ഉള്ളവർ പോലും പല തിരിച്ചടികളും നേരിടുന്നു.

‘‘എന്നെ സംബന്ധിച്ച് ഇതെല്ലാം പുതിയ അനുഭവം ആണ്. ഞങ്ങൾ തൃശ്ശൂരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. ജൈവ പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം ഉപയോഗിച്ചാണ് ആ ഭക്ഷ്യശാല പ്രവർത്തിപ്പിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത സ്ഥലം തിരികെ കൊടുക്കേണ്ടി വന്നതോടെ ഞങ്ങൾക്ക് ആ സംരംഭം നിർത്തേണ്ടി വന്നു. പക്ഷെ അതിൽ നിന്ന് വല്ലാത്ത ആത്മവിശ്വാസം കൈവന്നു. ആ ധൈര്യത്തിൽ ആണ് ബിസിനസ് നടത്തിയത്." ഗീത പറയുന്നു.

ഇതിനിടയിൽ മക്കളെ വളർത്താനും വീട്ടുകാര്യങ്ങൾ നോക്കാനും മറ്റുമായി ഗീത കുറച്ച് നാൾ തന്റെ സംരംഭകത്വത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. അതിന് ശേഷം മറ്റേതെങ്കിലും സ്ഥാപനത്തിൽ സ്ഥിരമായി ജോലിക്ക് പോകാനും തയ്യാർ എടുത്തു. പക്ഷെ കുറെ സ്ഥാപനങ്ങൾ ഗീതയെ പല കാരണങ്ങൾ പറഞ്ഞ് പിന്തള്ളി. അങ്ങനെ ഇരിക്കുമ്പോൾ ആണ് മെഡിക്കൽ റെപ്രസെന്റേറ്റീവും ഡിസ്ട്രിബ്യൂട്ടറും ആയ ഭർത്താവ് സലീഷ് ഗീതയോട് വീണ്ടും സ്വന്തമായി എന്തെങ്കിലും ബിസിനസ് ആരംഭിക്കാൻ പ്രചോദിപ്പിക്കുന്നത്.

"ലോക്ക് ഡൗൺ കാലത്ത് ആണ് സ്വന്തമായി ബിസിനസ് തുടങ്ങണം എന്ന് എനിക്ക് തോന്നിയത്. അത് ശാശ്വതം ആയൊരു മോഡൽ ആയി എനിക്ക് തോന്നി. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. ഭർത്താവും മക്കളും വലിയ പിന്തുണ നൽകി. അങ്ങനെ ആണ് ഗീതാസ് ഹോം റ്റു ഹോം എന്ന സംരംഭം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആദ്യ കാലത്ത് സെയിൽസ്. പിന്നീട് പുതിയ ഉത്പന്നങ്ങളും പുതിയ വിപണന രീതികളും ആയി. 'ടാർമറിക് സൂപ്പർ ഫുഡ്' എന്നറിയപ്പെടുന്ന കുർക്കു മീലിന് ഇന്ന് ആയിരക്കണക്കിന് ആവശ്യക്കാർ ആണ് ഉള്ളത്,” ഗീത പറയുന്നു.

സാധാരണയായി പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന മഞ്ഞള്‍ വരകിയതിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണു കുര്‍കു മീല്‍. മഞ്ഞള്‍, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാല്‍, ശര്‍ക്കര എന്നിവയുടെ മിശ്രിതമാണിത്. ഈ ഒരു ഉത്പന്നത്തിന്റെ വിജയം തന്നെ ഗീതയുടെ സംരംഭത്തെ വാനോളം ഉയർത്തി

സാധാരണയായി പ്രസവശേഷം സ്ത്രീകള്‍ക്ക് നല്‍കുന്ന മഞ്ഞള്‍ വരകിയതിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണു കുര്‍കു മീല്‍. മഞ്ഞള്‍, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാല്‍, ശര്‍ക്കര എന്നിവയുടെ മിശ്രിതമാണിത്. ഈ ഒരു ഉത്പന്നത്തിന്റെ വിജയം തന്നെ ഗീതയുടെ സംരംഭത്തെ വാനോളം ഉയർത്തി. പരിമിതമായ ഉത്പന്നങ്ങൾ ഗുണമേന്മ ഉറപ്പ് വരുത്തിക്കൊണ്ട് ഉണ്ടാക്കി നൽകുക എന്നതാണ് ഗീതയുടെ രീതി. പരമാവധി ജൈവ വസ്തുക്കൾ കൊണ്ട് തന്നെ നിർമ്മിച്ച്, ആരോഗ്യകരമായ രീതിയിൽ വിപണിയിൽ എത്തിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ഇപ്പോൾ പുതു തലമുറയ്ക്ക് ഇടയിൽ തരംഗം ആണ്. ഇനി വരും മാസങ്ങളിൽ മഞ്ഞൾ സ്വയം കൃഷി നടത്തി തന്റെ ഉത്പന്നത്തിന് ഉപയോഗിക്കാൻ ആണ് ഗീത ആലോചിക്കുന്നത്.

പരിമിതികളെ സാദ്ധ്യതകൾ ആക്കി മാറ്റിയ ഈ വീട്ടമ്മയുടെ വിജയം ഓരോ കേരളീയർക്കും മാതൃക ആണ്. കോവിഡ് കാലത്ത് ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ട നിരവധി പേർക്ക് പ്രചോദനം ആണ് ഗീതയുടെ വിജയ കഥ. നമുക്ക് ചുറ്റും സാധ്യതകളുടെ ഒരു കടൽ തന്നെ ഉണ്ടെന്നും ശരിയായ വാതിലുകൾ നമ്മൾ കണ്ടെത്താത്തത് ആണ് പലപ്പോഴും വിജയങ്ങൾക്ക് തടസ്സം നില്കുന്നത് എന്നുമാണ് ഇത്തരം വിജയ കഥകൾ നമ്മോട് പറഞ്ഞ് വയ്ക്കുന്നത്.

ജീവിതത്തിൽ ചുറ്റിലും പ്രതിസന്ധികൾ നിറയുമ്പോൾ തളരാതെ പിടിച്ച് നിൽക്കാനും മത്സരിച്ച് ജീവിച്ച് കാണിക്കാനും കരുത്ത് കാണിക്കുന്നവർക്കേ വിജയം കരസ്ഥം ആകൂ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ കാഴ്ചശക്തി ഇല്ലാത്ത സ്ത്രീ എന്ന മുൻവിധി വലിയ ഭാരം തന്നെയാണ്.

തന്റെ പരിമിതികൾ ഓർത്ത് തളർന്ന് ഇരിക്കാതെ തനിക്കായി പുതിയൊരു ഭാവി തന്നെ കെട്ടി പടുത്ത ഗീത നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകം ആണ്. ജീവിതത്തിൽ വെളിച്ചം നഷ്ടപ്പെട്ടപ്പോൾ മനക്കരുത്ത് കൊണ്ട് പുതിയ വർണ്ണങ്ങൾ ജീവിതത്തിൽ തുന്നി ചേർത്ത ഗീതയുടെ വിജയം ആണ് ഗീതാസ് ഹോം റ്റു ഹോം എന്ന സംരംഭം.