Mar 10

മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ

വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ

Anagha Jayan E
Comment
Share
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

ഉപാധികൾ ഇല്ലാതെ മനസ്സ് പങ്കിടുന്നതാണ് പ്രണയം. കവികൾക്ക് പാടാൻ എളുപ്പമാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാന്റുകളും നിബന്ധനകളും നിലനിൽക്കുന്നത് പ്രണയത്തിലും വിവാഹത്തിലും ആണ്. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് സിനിമയിലും ഇതേ സമീപനം കാണാം. ഒരു പ്രണയബന്ധത്തിൽ എന്ന് മുതലാണ് അധികാരം കടന്നുവരുന്നത്? അത് ഉടലെടുക്കുന്ന ദിവസം തന്നെ! ലിംഗം മാത്രം കൈമുതലാക്കി ആദ്യ ദിവസം മുതൽ പങ്കാളിയെ അടിമയാക്കുന്ന പുരുഷന്മാർ മലയാളസിനിമയിൽ ഒട്ടനവധിയാണ്.

മലയാളികൾ കണ്ടും കൈയടിച്ചും സൂപ്പർഹിറ്റ് ആക്കിയ അഞ്ച് ചിത്രങ്ങളിലെ പ്രപ്പോസൽ സീനുകൾ നമുക്ക് ഒന്ന് അപഗ്രഥിക്കാം. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഇവ. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ.

5. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ

സ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രണയത്തിലോ വിവാഹത്തിലോ യാതൊരു സ്ഥാനവും ഇല്ല എന്ന് അടിവര ഇടുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആയ മൾട്ടിസ്റ്റാറർ റൊമാന്റിക് 'ഹിറ്റ്' ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. 'താൻ ആരെ പ്രണയിക്കുന്നു എന്നല്ല; തന്നെ ആരാണ് പ്രണയിക്കുന്നത്' എന്ന് വേണം സ്ത്രീകൾ പരിഗണിക്കാൻ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.

മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുക

ആത്മാർത്ഥമായി പ്രണയിക്കുന്ന രണ്ട് പേരിൽ, സ്ത്രീയുടെ കഴുത്തിൽ മറ്റൊരാൾ നിർബന്ധപൂർവ്വം താലി കെട്ടുന്നതോടെ അത്ര നാൾ അവൾ മനസ്സിൽ താലോലിച്ച പ്രണയം 'നൾ' ആകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് മനസ്സിലാകുക. പിന്നീട് താലി കെട്ടിയ പുരുഷനിൽ മാത്രം അവളുടെ പ്രണയം അണകെട്ടി നിർത്തണം.

മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുക! വർഷങ്ങളുടെ പ്രണയത്തിന് പ്രതിഫലം ആയി ലഭിച്ച ഇൻസൾട്ട് 'ജീവിതപാഠം' ആണെന്ന് അംഗീകരിക്കാൻ മലയാളികൾക്ക് തീർത്തും മടി ഉണ്ടായില്ല.

ഇനി അതിലും രസം അയാൾ വിവാഹം കഴിക്കുന്നതാണ് അഭിനയിച്ച രണ്ടാമത്തെ പെൺകുട്ടിയുടെ കാര്യമാണ് - ഒരു താലി കഴുത്തിൽ വീണതോടെ അവൾ മനസ്സ് കൊണ്ട് അത് കെട്ടിയ ആളുടെ ഭാര്യ ആയി തീർന്നു! മനുഷ്യ മനസ്സിനേക്കാൾ വില, ഒരു വ്യക്തിയുടെ വികാരങ്ങളെക്കാൾ വില, ഒരു കഷ്ണം പൊന്നിനും അത് കെട്ടിയിട്ട ചരടിനും ഉണ്ടെന്ന് സംവിധായകൻ വിശ്വസിക്കുന്നു.

4. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ

മലയാള സിനിമ കണ്ട ഏറ്റവും ടോക്സിക് ആയ കാമുകന്മാരിൽ മുൻപന്തിയിലാണ് ജയറാമിന്റെ അപ്പൂട്ടൻ. പണം മുതൽമുടക്ക് ആക്കി പ്രേമിക്കാൻ ഇറങ്ങിയ നായകൻ. നിർധനയായ നായികയെ പണം മുടക്കി പഠിപ്പിച്ച് ഡോക്ടർ ആക്കി, സ്വന്തം ചെലവിൽ ഒരു ആശുപത്രി തുടങ്ങി അവിടെ നിയമിച്ച്, ശേഷം കടപ്പാടിന്റെ പേരിൽ ഡോക്ടറെ തന്നെ വിലക്ക് വാങ്ങാൻ യാതൊരു നാണവും ഇല്ലാതെ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരൻ.

നായികയോട് അപ്പൂട്ടൻ തന്റെ പ്രണയം പ്രകടിപ്പിക്കുന്ന രീതിയാണ് അതിലും ശ്രദ്ധേയം. "നീ ചെറുപ്പക്കാർ ആയ രോഗികളെ ചികിത്സിക്കണ്ട. അതെനിക്ക് ഇഷ്ടമല്ല." "നീ സഹപാഠിയായ ആൺ ഡോക്ടറോട് അടുത്ത് ഇടപഴാകണ്ട. അതെനിക്ക് ഇഷ്ടമല്ല." "ഞാൻ രണ്ട് ലക്ഷത്തിൽ അധികം പണം കൊടുത്ത് നിന്നെ ഡോക്ടർ ആക്കിയത് എന്റെ വാക്കുകൾ കേൾക്കാൻ ആണ്." ഈ ആണധികാര നിബന്ധനകൾ സഹിക്കാതെ നായികാ ഒരിക്കൽ തിരിച്ച് ചോദിക്കുന്നുണ്ട്: "ഇക്കണക്കിന് അപ്പൂട്ടൻ വിവാഹം ചെയ്യുന്ന സ്ത്രീയെ പർദ്ദ ഇടീച്ച് നടത്തുമോ?" എന്ന്.

അതിന് ഉത്തരം ആയി അപ്പൂട്ടൻ പറയുന്നത് 'വേണ്ടി വന്നാൽ ചെയ്യും' എന്നാണ്. ഒരു ഗ്രാമം മുഴുവൻ അപ്പൂട്ടനോടൊപ്പം നിൽക്കുകയും അപ്പൂട്ടൻ നായികയെ വിവാഹം ചെയ്യുന്നതിനായി ഗൂഢാലോചന ചെയ്യുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട്. അങ്ങനെ നായിക ഒടുക്കം അപ്പൂട്ടനെ വിവാഹം ചെയ്യാൻ തന്നെ തീരുമാനിക്കുന്നു! ഇതിനെ ട്രാപ്പ് എന്നല്ലാതെ എന്ത് വിളിക്കാനാണ്?!

3. കന്മദം

സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ കരിയറിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് ചിത്രം ആയ കന്മദത്തിലെ ഭാനു. തിക്തമായ ജീവിതാനുഭവങ്ങളാൽ ഊതിക്കാച്ചിയ കാരിരുമ്പ് പോലുള്ള മനസ്സ്. ചുമലിൽ കുടുംബത്തിന്റെ മാറാപ്പ്. വാക്കിലും നോക്കിലും കാഠിന്യം. നായകനായ മോഹൻലാൽ കഥാപാത്രത്തെ ഭാനു വില വയ്ക്കുന്നേ ഇല്ല. അയാളോട് അകൽച്ചയും ശത്രുതയും മാത്രമാണ് ഭാനു പ്രകടിപ്പിക്കുന്നത്.

മലയാള സിനിമയിലെ ക്ലാസ്സിക്കുകളുടെ രാജാവ് ആയ ലോഹിതദാസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നിലാണീ വികലമായ പൊതുബോധം. ഒരാണിന്റെ ചുംബനം കൊണ്ടോ സമ്മതം ഇല്ലാതെ ഒരു അടുത്ത പരിചയക്കാരൻ നടത്തുന്ന കയ്യേറ്റം കൊണ്ടോ ലൈംഗിക ചൂഷണം കൊണ്ടോ അബല ആകുന്നവൾ ആണോ പെണ്ണ്?

കഥാഗതിയിൽ എപ്പോഴോ അവൾ കാണിച്ച സൗമ്യത മുതലെടുത്ത് ഭാനുവിനെ വഴി തടഞ്ഞ് നിർത്തി ബലമായി ചുംബിച്ചുകൊണ്ടാണ് മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രം വിശ്വനാഥൻ ഭാനുവിനോട് തന്റെ പ്രണയം പറയുന്നത്. അത്ര നേരം ഊതിയാൽ കനൽ പറക്കുന്ന പരുവത്തിൽ ഇരുന്ന തീപ്പൊരി നായികാ കഥാപാത്രം, ഒരാണിന്റെ അമർത്തിയുള്ള ഒരു ചുംബനം കൊണ്ട് തളർന്ന് 'അബലയായ' ഒരു പെണ്ണാകുന്നത് കാണാം.

പിന്നീടുള്ള കഥാഗതിയിൽ ഭാനു മുമ്പത്തേക്കാൾ മൃദുലതയുള്ള സ്ത്രീയാണ്. മലയാള സിനിമയിലെ ക്ലാസ്സിക്കുകളുടെ രാജാവ് ആയ ലോഹിതദാസിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നിലാണീ വികലമായ പൊതുബോധം. ഒരാണിന്റെ ചുംബനം കൊണ്ടോ സമ്മതം ഇല്ലാതെ ഒരു അടുത്ത പരിചയക്കാരൻ നടത്തുന്ന കയ്യേറ്റം കൊണ്ടോ ലൈംഗിക ചൂഷണം കൊണ്ടോ അബല ആകുന്നവൾ ആണോ പെണ്ണ്? തീർച്ചയായും അല്ല!

2. ധ്രുവം

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസ്സിക് കഥാപാത്രങ്ങളിൽ ഒന്നാണ് ജോഷി ചിത്രമായ ധ്രുവത്തിലെ നരസിംഹ മന്നാഡിയാർ. ചിത്രത്തിൽ ഗൗതമി അവതരിപ്പിച്ച മൈഥിലി എന്ന നായികാ കഥാപാത്രത്തെ തന്റെ ജീവിതത്തിലേക്ക് മന്നാഡിയാർ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്. കടം വാങ്ങിയ പണം തിരികെ നൽകാൻ യാതൊരു വഴിയും കാണാതെ തന്റെ സ്വർണ്ണവും പുരയിടത്തിന്റെ ആധാരവും മന്നാഡിയാർക്ക് അടിയറ വച്ച പെണ്ണിനോട് മന്നാഡിയാരുടെ ചോദ്യം:

"ബാക്കിയുള്ള പണം എങ്ങനെ വീട്ടാൻ ആണ് തീരുമാനം?"

"അങ്ങ് തരുന്ന എന്ത് ജോലിയും ചെയ്ത് ആ കടം വീട്ടിക്കോളാം."

"നരസിംഹ മന്നാഡിയാരുടെ ഭാര്യ ആകാൻ തയ്യാറാണോ?"

ഒരു തലമുറയെ തന്നെ പുളകം കൊള്ളിച്ച സീനാണ്. മന്നാഡിയാരുടെ മാസ്സ് ചോദ്യത്തിന് മറുപടിയായി മൈഥിലി ഇങ്ങനെ ഉത്തരം പറഞ്ഞിരുന്നെങ്കിലോ: "സോറി, താത്പര്യമില്ല. പണം ഞാൻ കൂലിപ്പണി ചെയ്ത് വീട്ടിക്കോളാം." കേൾക്കുമ്പോൾ ചിരി വന്നേക്കാം, പക്ഷെ ആത്മാഭിമാനം ഉള്ള ഒരു സ്ത്രീ തല വച്ച് കൊടുക്കാത്ത ഒരു ഓഫർ ആണത്. മൈഥിലി അത് സമ്മതിക്കുന്നത് അവരുടെ നിസ്സഹായത കൊണ്ടാകാനും വഴിയുണ്ട്.

പണം തിരികെ നൽകാത്ത സ്ത്രീകളെ എല്ലാം വീട് ജപ്തി ചെയ്ത് ഭാര്യ ആക്കാൻ ഇറങ്ങിത്തിരിച്ചാൽ മന്നാഡിയാർക്ക് വിവാഹം തൊഴിൽ ആക്കേണ്ടി വരുമല്ലോ! മാത്രമല്ല, കടം വാങ്ങിയ പണത്തിന് പകരം ഏറ്റെടുക്കുന്ന ജോലി ആണോ ഒരാളുടെ ജീവിത പങ്കാളി എന്ന പദവി?!

1. നരസിംഹം

സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രമായ നരസിംഹത്തിലാണ് മലയാള സിനിമയിലെ ഏറ്റവും സ്ത്രീവിരുദ്ധം ആയ പ്രണയാഭ്യർത്ഥന അത്യന്തം ലാഘവത്തോടെ ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം ഹിറ്റ്‌മേക്കർ ഷാജി കൈലാസ്. തിരക്കഥ - തുടർച്ചയായ ഹിറ്റുകളുടെ ഉടയോൻ രഞ്ജിത്ത്. സ്‌ക്രീനിൽ മലയാളികളുടെ പുരുഷത്വ സങ്കൽപ്പത്തിന്റെ എപ്പിറ്റോം - പൂവള്ളി ഇന്ദുചൂഡൻ.

ഒരു കുളക്കടവിൽ തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി എത്തിയ, മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ള നായികയുടെ കൊങ്ങയ്ക്ക് പിടിച്ച്, കുളത്തിൽ തള്ളിയിട്ടുകൊണ്ടാണ് നായകന്റെ ഉത്തരം. ചിത്രത്തിന്റെ ഒടുക്കം നായകൻ നായികയെ ജീവിതത്തിലേക്ക്ക്ഷണിക്കുന്ന ഒരു ഫർലോങ് നീളമുള്ള ഡയലോഗ് ഉണ്ട്. അതിങ്ങനെ:

"വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്ന് കേറുമ്പൊ ചെരുപ്പൂരി കാലു മടക്കി ചുമ്മാ തൊഴിക്കാനും, തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും, ഒടുവിൽ ഒരു നാൾ വടിയായി തെക്കേ പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞ് തീരുമ്പോൾ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുമെങ്കിൽ കേറിക്കോ.."

എത്ര കാല്പനികം ആയാണ് ഗാർഹിക പീഡനത്തിനും ദാമ്പത്യത്തിലെ പുരുഷ മേധാവിത്വത്തിനും ജൻഡർ റോളുകൾ ഊട്ടിയുറപ്പിക്കാനും പെണ്ണിനെ പ്രസവിക്കാനും കുടുംബം സേവിക്കാനും ഉള്ള ഒരു ഉപകരണം മാത്രമായി കാണാനും അയാൾ അനുവാദം ചോദിക്കുന്നത്! സംശയം ഒട്ടുമില്ല; കേട്ട പാതി കേൾക്കാത്ത പാതി നായികാ ക്ഷണം സ്വീകരിച്ചു. രഞ്ജിത്തിന്റെ തിരക്കഥയിലെ നായികയല്ലേ.. അത്ഭുതപ്പെടാനില്ല.

ഇതെല്ലാം പഴയ കാലത്തെ ചിത്രങ്ങൾ അല്ലെ, എന്തിനാണ് ഇപ്പോൾ കീറി മുറിക്കുന്നത് എന്ന് ചോദിക്കുന്നവരോട്: ഏത് കാലത്തെ സിനിമയാണ് എന്നതിൽ അല്ല കാര്യം, അത് ഇപ്പോഴും അതേ സെൻസിൽ സമൂഹം ആസ്വദിക്കുന്നുണ്ടോ എന്നതാണ്

പല കാലങ്ങളിൽ നിന്നുള്ള ഈ അഞ്ച് ചിത്രങ്ങൾ, മലയാള സിനിമയിൽ പ്രണയം എത്ര കണ്ട് പുരുഷമേധാവിത്വം നിറഞ്ഞ് നിൽക്കുന്ന ഒരു വികാരമായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് തുറന്ന് കാട്ടുന്നു. പുരുഷൻ കെട്ടി പടുക്കുന്ന കുടുംബം നിലനിർത്താനും അവനെ സേവിക്കാനും ഉള്ള പാവകൾ ആണ് സ്ത്രീകൾ എന്ന ബോധ്യമാണ് ഈ രംഗങ്ങളുടെ എല്ലാം കാതൽ. അതിനപ്പുറം ഒരു വ്യക്തിത്വം നായികമാർക്ക് ഉണ്ടെന്ന് സംവിധായകർ സമ്മതിക്കുന്നില്ല. ഇതെല്ലാം പഴയ കാലത്തെ ചിത്രങ്ങൾ അല്ലെ, എന്തിനാണ് ഇപ്പോൾ കീറി മുറിക്കുന്നത് എന്ന് ചോദിക്കുന്നവരോട്: ഏത് കാലത്തെ സിനിമയാണ് എന്നതിൽ അല്ല കാര്യം, അത് ഇപ്പോഴും അതേ സെൻസിൽ സമൂഹം ആസ്വദിക്കുന്നുണ്ടോ എന്നതാണ്. ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ കാലം എത്ര കഴിഞ്ഞാലും അതേ ചിത്രങ്ങൾ കീറി മുറിക്കപ്പെടുക തന്നെ വേണം