
ഫെമിനിസം പുരുഷ മേധാവിത്വത്തിനുള്ള ബദൽ സംവിധാനമല്ല!
ഞാനൊരു ഫെമിനിസ്റ്റാണ് എന്നൊരാൾ പ്രഖ്യാപിച്ചാൽ വരും രണ്ട് തരത്തിലുള്ള പ്രതികരണങ്ങൾ. പറഞ്ഞത് ആണാണെങ്കിൽ "അവൻ അങ്ങനെയൊരു പെൺകോന്തൻ ആയിപ്പോയി."പറഞ്ഞത് പെണ്ണാണെങ്കിൽ "എന്തിന് ഫെമിനിസം? ഹ്യൂമനിസം പോരേ?!"
ഫെമിനിസം, അഥവാ സ്ത്രീസമത്വവാദം, സ്ത്രീയ്ക്കും പുരുഷനും തുല്യ നീതി, തുല്യ അവകാശം എന്ന സുന്ദരമായ ലക്ഷ്യത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോയിട്ടും സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ഫെമിനിസം ഏറെ പഴികൾ ഏറ്റുവാങ്ങുന്നു. പലപ്പോഴും സ്ത്രീ പുരുഷന് കീഴിൽ രണ്ടാം സ്ഥാനത്തായി നിൽക്കപ്പെടേണ്ടവളാണ് എന്ന ചിന്ത ഒരു വിഭാഗം സമൂഹം മുന്നോട്ട് വയ്ക്കുന്നു. തിരുത്തപ്പെടേണ്ട ചിന്തയാണിത്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഫെമിനിസം എന്ന ആശയം ഇത്രയേറെ വെറുക്കപ്പെടുന്നത് ? ഇത്രയേറെ എതിർക്കപ്പെടുന്നത് ? ഉത്തരം കണ്ടെത്തേണ്ടത് ഈ സമൂഹത്തിൽ നിന്ന് തന്നെയാണ്.
'ഇത്ര നാൾ പുരുഷൻ കൈയാളിയിരുന്ന സ്ഥാനങ്ങൾ ഇനി സ്ത്രീകൾ കൈയാളട്ടെ!'
'അതെന്താ ആണുങ്ങൾക്ക് കൊമ്പുണ്ടോ സമൂഹത്തെ അങ്ങ് അടക്കി ഭരിക്കാൻ?!'
'സ്ത്രീയ്ക്ക് ചെയ്യാവുന്നതെല്ലാം പുരുഷന് ചെയ്യാമെങ്കിൽ തിരിച്ചും കാര്യങ്ങൾ പുഷ്പം പോലെ നടക്കും.'
'ആണിന്റെ ചൊൽപ്പടിക്ക് പഞ്ചപുച്ഛമടക്കി നിൽക്കാനുള്ളതല്ല പെണ്ണ്!'
നെറ്റി ചുളിക്കണ്ട; 'ഫെമിനിസം' എന്ന വാക്ക് കേട്ടാലുടനെ ഇന്നത്തെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില വാദങ്ങളാണ് ഈ പറഞ്ഞതെല്ലാം. ആണിനൊപ്പം, അവനോളമോ അതിലും ഉയരത്തിലോ തലയുയർത്തി നിൽക്കാൻ വെമ്പുന്ന പെണ്ണ്.
കാലാകാലങ്ങളായി ഫെമിനിസ്റ്റ് എന്ന പദത്തിന് മുഖംമൂടികൾക്കപ്പുറം നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള വ്യാഖ്യാനം ഇതാണ്. ഇതിലപ്പുറം സാമൂഹിക - സാമ്പത്തിക- രംഗങ്ങളിലെ സമത്വത്തിന്റെ അനിവാര്യതയോ സമൂഹത്തിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങളോ ലിംഗാടിസ്ഥാനത്തിലുള്ള ചൂഷണങ്ങളോ ചർച്ച ചെയ്യാൻ ഫെമിനിസം എന്ന ചിന്താധാരയെ മലയാളി ഉപയോഗിക്കുന്നില്ല.
പൊതുവിടങ്ങളിലും പുരുഷന്മാർ ആധിപത്യം ഉറപ്പിച്ച മേഖലകളിലും കൈയൊപ്പ് പതിപ്പിക്കുക എന്നത് സ്ത്രീകൾക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടികൾ തന്നെയാണ്.
ഞാനൊരു ഫെമിനിസ്റ്റാണ് എന്നൊരാൾ പ്രഖ്യാപിച്ചാൽ രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് ഒരു ശരാശരി മലയാളി മുന്നോട്ട് വയ്ക്കുക: ഒന്ന് - പറഞ്ഞത് ആണാണെങ്കിൽ "അവൻ അങ്ങനെയൊരു പെൺകോന്തൻ ആയിപ്പോയി." രണ്ട് - പറഞ്ഞത് പെണ്ണാണെങ്കിൽ "എന്തിന് ഫെമിനിസം? ഹ്യൂമനിസം പോരേ?!".
ഫെമിനിസവും പുരോഗമന കേരള സമൂഹവും തമ്മിൽ വലിയൊരു വിടവ് നിലനിൽക്കുന്നുണ്ട് എന്നത് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. ലിംഗബോധവും അതിന് അടിസ്ഥാനമായ രാഷ്ട്രീയവും അതിന്റെ എല്ലാ ശരികളോടെയും ഉൾക്കൊള്ളുന്ന സമൂഹത്തിലേ ലിംഗസമത്വം എന്ന ആശയത്തിന് പ്രസക്തിയുള്ളൂ. ആ ലിംഗസമത്വത്തിലെ പല കണ്ണികളിൽ ഒന്നാണ് ഫെമിനിസം അഥവാ സ്ത്രീപക്ഷവാദം.
സ്വന്തം വീടുകളിൽ പോലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ കഴിയാതെ കഴിയുന്ന സ്ത്രീകളിൽ തുടങ്ങി മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട്, ശാരീരികമായും മാനസികമായും കൊടിയ ചൂഷണങ്ങൾക്ക് വിധേയരായി അടിമകളായി സ്ത്രീകൾ കഴിയുന്ന താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാൻ വരെ പലതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പേടിസ്വപ്നമായിരിക്കെ, ഫെമിനിസത്തിന്റെ പ്രസക്തിയെക്കുറിച്ചും സ്വീകാര്യതയെ കുറിച്ചും ചർച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ്.
ഫെമിനിസം, നിയോ ഫെമിനിസം, പോസ്റ്റ് ഫെമിനിസം
യുദ്ധം വന്നാലും ആഭ്യന്തര കലാപം വന്നാലും ഭരണം മാറിയാലും കാലവർഷം ഒന്ന് ആഞ്ഞ് പെയ്താലും കഷ്ടപ്പാട് സ്ത്രീകൾക്കാണ്. കുടുംബം പുലർത്താനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും കഷ്ടപ്പെടുന്ന സ്ത്രീകളെ നോക്കി സഹതപിച്ചും അവരെ മാലാഖാമാരായി വാഴ്ത്തിയുമാണ് ഈ സമൂഹം ശീലിച്ചിട്ടുള്ളത്. ആ സമൂഹത്തിന് മുന്നിൽ നിന്ന്, കുടുംബം അതിൽ ഉൾപ്പെട്ട സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുത്തരവാദിത്വമാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കലാണ് ആദ്യ തലമുറയിലെ ഫെമിനിസ്റ്റുകൾ ചെയ്തത്.
സമ്മതിദാനാവകാശത്തിന് വേണ്ടിയും, സ്വന്തമായി ജോലി ചെയ്യാനും സമ്പാദിക്കാനുമുള്ള അവകാശങ്ങൾക്ക് വേണ്ടിയും തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്ക് തടയുന്നതിന് വേണ്ടിയും ശബ്ദമുയർത്തുന്ന സ്ത്രീകൾ! കേൾക്കുമ്പോൾ നല്ല ഇമ്പമുണ്ടെങ്കിലും ഈ തരംഗം ആഗോള തലത്തിൽ സംഭവിച്ചത് ഒന്നാം ലോകമഹായുദ്ധകാലത്ത് ആണ്.
ഞാൻ എന്റെ ഭാര്യയെ അടുക്കളയിൽ അത്യാവശ്യം സഹായിക്കാറുണ്ട്" എന്ന വാചകം കേട്ടാൽ ഉറപ്പിച്ചോളണം, പറയുന്ന ആളൊരു സ്യൂഡോഫെമിനിസ്റ്റ് ആണ്
നിർഭാഗ്യമെന്ന് പറയട്ടെ, ഒരു നൂറ്റാണ്ടിനിപ്പുറം ഈ തരംഗത്തെ അംഗീകരിക്കാവുന്ന മാനസിക വികാസം ഇന്നും മലയാളികൾക്ക് ഉണ്ടായിട്ടുള്ളൂ. അതിനപ്പുറം ഫെമിനിസം എന്ന ആശയത്തെ പൂർണമായും ഉൾക്കൊള്ളാനോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെയാണ് ഇന്നും തങ്ങളുടെ അവകാശങ്ങൾക്കും തുല്യ നീതിക്കുമായി സ്വത്വ ബോധമുള്ള ഒരു വിഭാഗം സ്ത്രീകൾക്ക് ഇന്നും സമരം ചെയ്യേണ്ടി വരുന്നത്.
അമേരിക്കൻ നയതന്ത്രജ്ഞ ഫ്രോറിൻസ് കെന്നഡി ഒരിക്കൽ പറഞ്ഞു: "ലോകത്ത് വളരെ കുറച്ച് ജോലികൾക്കേ ലിംഗം ആവശ്യമുള്ളൂ. ബാക്കി ഭൂരിഭാഗം ജോലികൾക്കും തലച്ചോറും ആരോഗ്യവുമാണ് ആവശ്യം." ആഗോളതലത്തിൽ ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിന് തുടക്കമിട്ട പ്രസ്താവനകളിൽ ഒന്നാണ് ഇത്.
തൊഴിൽസമത്വം, വേതനസമത്വം, ആർത്തവശുചിത്വം തുടങ്ങി പൊതുജനപ്രാതിനിധ്യത്തിന് വേണ്ടി വരെ സ്ത്രീകൾ ശബ്ദമുയർത്തിയ കാലഘട്ടം! അന്താരാഷ്ട്രതലത്തിൽ സ്ത്രീയും പുരുഷനും ക്വിയർ ജനതയുമെല്ലാം തുല്യ അവകാശങ്ങൾ അർഹിക്കുന്നവരാണ് എന്ന ചിന്ത ഉയർന്നുവന്നു. അത്തരമൊരു ലോകത്താണ് നിയോഫെമിനിസത്തിന്റെ അടിത്തറ.
എന്താണ് നിയോഫെമിനിസം? ലളിതമായി പറഞ്ഞാൽ ''സ്ത്രൈണം' എന്നാൽ ഉജ്വലം എന്നാണ്; രണ്ടാംതരം എന്നല്ല.' കാലാകാലങ്ങളായി പെണ്ണിന്റേത് എന്ന് മുദ്രകുത്തി വില കുറച്ച് കണ്ടിരുന്ന സകലതിനും സാർവലൈംഗിക പരിവേഷം നൽകി മുഖ്യധാരയിലേക്ക് ഉയർത്തലാണ് നിയോഫെമിനിസം ലക്ഷ്യമിടുന്നത്. പുരുഷനൊപ്പമോ അതിൽ കൂടുതലോ സമൂഹത്തിന്റെ വളർച്ചയിൽ സംഭാവന ചെയ്യുന്ന രാഷ്ട്രീയജീവികളാണ് സ്ത്രീകളും എന്ന വിളംബരമാണ് നിയോഫെമിനിസത്തിന്റെ കാതൽ.
ചുരുക്കിപ്പറഞ്ഞാൽ "ഞങ്ങൾ സ്ത്രീകളാണ്. ഞങ്ങൾ ഒരുങ്ങും ഒരുങ്ങാതിരിക്കും. ഉറക്കെ ചിരിക്കും, ചിരിക്കാതിരിക്കും. ഉയരും ഉയരാതിരിക്കും. പറക്കും, പറക്കാതിരിക്കും. അത് ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം" എന്ന സ്റ്റേറ്റ്മെന്റ്. നൂറ്റാണ്ടുകളായി ആൺകോയ്മ നിലനിൽക്കുന്ന കേരളീയസമൂഹത്തെ ചൊടിപ്പിക്കാൻ മറ്റെന്ത് വേണം!
സമൂഹത്തിൽ സ്ത്രീമേധാവിത്വം കൊടികുത്തി വാഴണം എന്ന് ആഗ്രഹിക്കുന്നവരല്ല ഒരു ഫെമിനിസ്റ്റും. പുരുഷനെപ്പോലെ, ക്വിയർ ജനവിഭാഗങ്ങളെ പോലെ, സമൂഹത്തിൽ തുല്യപങ്കാളിത്തമുള്ളവളാണ് സ്ത്രീ എന്ന് മാത്രമാണ് അവരുടെ വാദം
ഈ തലത്തിലാണ് ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ എത്തിനിൽക്കുന്നത്. ആഗോളതലത്തിൽ പോസ്റ്റ് ഫെമിനിസം എന്ന വിസ്ഫോടകമായ അഗ്രസീവ് സ്ത്രീപക്ഷവാദം പ്രചാരത്തിൽ എത്തിയെങ്കിലും നമ്മുടെ സമൂഹം ഒന്നാം തരംഗത്തിൽ തന്നെ നിൽക്കുകയാണ്.
ഫെമിനിസം എന്തുകൊണ്ട് ഇപ്പോൾ പ്രസക്തമാകുന്നു?
ഇപ്പോൾ അല്ലെങ്കിൽ പിന്നീട് എപ്പോൾ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കണം ? എപ്പോൾ തുല്യ നീതിക്കായി ശബ്ദമുയർത്തനം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്. കേരളത്തിലെ കാര്യമെടുക്കുകയാണെങ്കിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുടെ എണ്ണം കൂടുതലാണിവിടെ, സമ്പൂർണ സാക്ഷരതാ എന്ന തലത്തിലേക്ക് ഉയർന്ന സമൂഹമാണ് കേരളത്തിലേത്.
പുരുഷന്മാരേക്കാൾ ഏറെ പെൺകുട്ടികൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന നാടാണ്. എന്നിട്ടും സ്ത്രീധന പീഡനങ്ങൾ, അതെ തുടർന്നുള്ള മരണങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, മാനസികമായ ചൂഷണങ്ങൾ എന്നിവ ലോകത്തിനു മുന്നിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ഒറ്റപ്പെടുത്തുന്നു. ഏറ്റവും അടിസ്ഥാനപരമായി പറഞ്ഞാൽ ഈ അവസ്ഥയിൽ നിന്നുമുള്ള മോചനം, സ്വന്തം അവകാശങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കുന്നതിനുള്ള ശ്രമം, അതാണ് കേരളത്തിൽ ഫെമിനിസം എന്ന ചിന്താ ധാരയ്ക്കുള്ള പ്രസക്തി.
എന്നാൽ ഒരു വിഭാഗം സ്ത്രീകളുടെ മാത്രം ആവശ്യമായി മാറരുത് ഇത്. ഫെമിനിസത്തിന്റെ യഥാർത്ഥ മൂല്യത്തെ ഉൾക്കൊണ്ട് സമൂഹം ഒന്നടങ്കം ഏറ്റെടുത്താൽ മാത്രമേ ഫെമിനിസം അതിന്റെ യഥാർത്ഥ തലത്തിലേക്ക് വളരുകയുള്ളു.
സ്യൂഡോഫെമിനിസം എന്ന കള
കാലദേശഭാഷാഭേദമെന്യേ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി ഒത്തുചേരുന്ന വിസ്മയമാണ് സോഷ്യൽ മീഡിയയുടെ കാലത്ത് നാം കാണുന്നത്. സാഹിത്യത്തിലും സിനിമയിലും രാഷ്ട്രീയത്തിലും എന്ന് വേണ്ട, വ്യവസായ മേഖലയിൽ വരെ സ്ത്രീ പ്രാതിനിധ്യവും സ്ത്രീ സുരക്ഷയും സ്ത്രീപക്ഷ ചിന്തയും വരേണ്യസംസ്കാരമായി മാറിയിരിക്കുന്നു.
ഇതിനർത്ഥം ഫെമിനിസം അതിന്റെ ലക്ഷ്യം കണ്ടു എന്നാകുമോ? ഒരിക്കലുമില്ല. സ്യൂഡോഫെമിനിസം അഥവാ കപടസ്ത്രീപക്ഷവാദം എന്ന പ്രതിഭാസമാണ് അതിന് കാരണം. ഒരു തികഞ്ഞ സ്ത്രീപക്ഷവാദിയുടെ മുഖംമൂടിയിട്ട പാട്രിയാർക്കൽ മൈൻഡ്. തൊഴിലിടത്തിലോ കുടുംബത്തിനകത്തോ സ്ത്രീകൾ അർഹിക്കുന്ന മാനുഷികപരിഗണന നൽകുന്നതിന് പോലും കടപ്പാട് സൃഷ്ടിക്കുകയാണ് ഇതിന്റെ ആദ്യ ലക്ഷണം.
"ഞാൻ എന്റെ ഭാര്യയെ അടുക്കളയിൽ അത്യാവശ്യം സഹായിക്കാറുണ്ട്" എന്ന വാചകം കേട്ടാൽ ഉറപ്പിച്ചോളണം, പറയുന്ന ആളൊരു സ്യൂഡോഫെമിനിസ്റ്റ് ആണ്. "അതിയാൻ വീട്ടിൽ സഹായിച്ചില്ലെങ്കിൽ എന്താ ഓരോ തല തെറിച്ച ആണുങ്ങളെ പോലെ കള്ള് കുടിച്ച് വന്ന് തല്ലുന്നില്ലല്ലോ.. അത് തന്നെ എന്റെ വലിയ ഭാഗ്യം!" എന്ന് തൃപ്തിപ്പെടുന്ന സ്ത്രീകൾ ഈ സ്യൂഡോഫെമിനിസത്തിൽ കണ്ടീഷൻ ചെയ്യപ്പെട്ടവരാണ്. നിർഭാഗ്യവശാൽ ഇത്തരക്കാർ ആണ് സമൂഹത്തിൽ കൂടുതലും.
പറയുന്ന പോലെ അത്ര എളുപ്പമല്ല സ്യൂഡോഫെമിനിസം ഉണ്ടാക്കുന്ന തോട് പൊട്ടിച്ച് പുറത്ത് വരിക എന്നത്. പുരുഷന്മാരുടെ കംഫർട്ട് സോൺ കൂടിയാണ് ഈ പുകമറ. അത് തകർക്കാൻ സുവ്യക്തമായ ലിംഗബോധം ചെറുപ്പം മുതലേ വളർത്തിയെടുക്കുക എന്ന മാർഗമേ ഉള്ളൂ.
മാറേണ്ടത് വിദ്യാഭ്യാസ സമ്പ്രദായം
"നമ്മുടെ വീട്ടിലെ എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്യുന്ന അമ്മയും ഒരു മനുഷ്യജീവിയാണ്. പഠനം കഴിഞ്ഞ് ശേഷിക്കുന്ന സമയം നമുക്ക് ആകുന്ന ജോലികൾ ചെയ്യാൻ അമ്മയെ സഹായിക്കണം" എന്ന് സ്കൂളിൽ ടീച്ചർ പറയുകയാണെങ്കിൽ പിന്നെ കുട്ടികളെ തുല്യതാബോധം പഠിപ്പിക്കാൻ ശ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല. മറിച്ച് ‘ഒരു വീട് നടന്നുപോകാൻ അവരവർ അവരവരുടെ ജോലികൾ ചെയ്യണം. അത് ആർക്കുമുള്ള സഹായമായല്ല, സ്വന്തം കടമയായി ചെയ്യേണ്ടതാണ്. ഇപ്പോൾ അമ്മ വീട് നോക്കുന്നത് യാതൊരു ഉത്തരവാദിത്വത്തിന്റെയും പേരിലല്ല, നിങ്ങളോടുള്ള സ്നേഹത്തിന്റെ പേരിൽ മാത്രമാണ്.’ എന്ന് പഠിപ്പിച്ച് നോക്കൂ. തുല്യതാബോധമുള്ള ഒരു തലമുറ തന്നെ രൂപപ്പെടും.
ഫെമിനിസത്തിന്റെ ഭാവി
കലയിൽ ഫെമിനിസം, രാഷ്ട്രീയത്തിൽ ഫെമിനിസം, സാഹിത്യത്തിൽ ഫെമിനിസം, സിനിമയിൽ ഫെമിനിസം. ഇതെല്ലാം കേട്ട് പഴകിയ മലയാളിക്ക് ഈ പദത്തോട് തന്നെ വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം. പക്ഷെ പ്രഖ്യാപന തരംഗം കൊണ്ട് മേൽപറഞ്ഞ രംഗങ്ങളിൽ എല്ലാം ശക്തമായ ഒരു സ്ത്രീപക്ഷചിന്ത രൂപപ്പെട്ട് വന്നിട്ടുണ്ട്. ഇനി വരാനിരിക്കുന്നത് അതിന്റെ വിപുലീകരണമാണ്.
അതിസാധാരണമായി സ്ത്രീയുടെ വിമോചനചിന്തയും, സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളും പക്ഷാഭേദങ്ങളും എല്ലാം കലാസാഹിത്യരാഷ്ട്രീയ രംഗങ്ങളിലെ സ്വാഭാവിക വിഷയങ്ങളാകും. അതിന്റെ തുടക്കം കേരളത്തിൽ ഇപ്പോൾ തന്നെ ദൃശ്യവുമാണ്. മാറിവരുന്ന കാലത്ത് മാറ്റത്തിന്റെ മുഖമുദ്രയായി സർവതന്ത്രസ്വതന്ത്രയായ സ്ത്രീ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതിലും ആനന്ദം എന്താണുള്ളത്?
"എന്നെ നിയന്ത്രിക്കാനുള്ള അളവുകോൽ ഞാൻ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നെ അളക്കുന്ന ജഡ്ജി ഞാൻ തന്നെയാണ്. സമൂഹം എന്നിൽ നിന്ന് എന്ത് പ്രതീക്ഷിച്ചാലും അതെനിക്ക് വിഷയമല്ല. ഞാൻ നടന്നുവന്ന വഴികൾ ഞാൻ എന്നേ കത്തിച്ചുകളഞ്ഞു! ഇനി ഒരു തിരിച്ചുപോക്ക് ഒരിക്കലുമില്ല.." - യൂറോപ്പിലെ സ്ത്രീവിമോചന പ്രക്ഷോഭങ്ങളിൽ നിറഞ്ഞുനിന്ന ഒരു കവിതാശകലമാണ് ഇത്. വിശാലമായി ചിന്തിച്ചാൽ ഇത് തന്നെയാണ് ഫെമിനിസത്തിന്റെ കാതൽ.
കലയിൽ ഫെമിനിസം, രാഷ്ട്രീയത്തിൽ ഫെമിനിസം, സാഹിത്യത്തിൽ ഫെമിനിസം, സിനിമയിൽ ഫെമിനിസം. ഇതെല്ലാം കേട്ട് പഴകിയ മലയാളിക്ക് ഈ പദത്തോട് തന്നെ വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം
പ്രശസ്ത അമേരിക്കൻ സംഗീതജ്ഞ തോബി വെയിൽ ഒരിക്കൽ പറഞ്ഞു: "ഒരു ഗിത്താർ എടുത്ത് പൊതുജനമധ്യത്തിൽ ഇറങ്ങി തൊണ്ട പൊട്ടെ ഉറക്കെ പാടുക എന്നത് തന്നെ സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ രാഷ്ട്രീയ പ്രവർത്തനമാണ്."
പൊതുവിടങ്ങളിലും പുരുഷന്മാർ ആധിപത്യം ഉറപ്പിച്ച മേഖലകളിലും കൈയൊപ്പ് പതിപ്പിക്കുക എന്നത് സ്ത്രീകൾക്ക് തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചവിട്ടുപടികൾ തന്നെയാണ്..
ഈ വെറുപ്പ് ഇനിയെത്ര നാൾ?
ഫെമിനിസം പുരുഷമേധാവിത്വത്തിനുള്ള ഒരു ബദൽ സംവിധാനമല്ല എന്ന് മനസ്സിലാക്കുന്നിടത്താകും നമ്മൾ കാത്തിരിക്കുന്ന ആ മാറ്റത്തിന്റെ തുടക്കം. ഫെമിനിസം ഒരു സാമൂഹ്യവ്യവസ്ഥിതിയല്ല. അത് ഒരു ചിന്താധാര മാത്രമാണ്.
സമൂഹത്തിൽ നടക്കുന്ന ഏതൊരു കാര്യത്തിനെയും ഒരു സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണാൻ സഹായിക്കുന്ന ഒരു വിഷൻ-ഫിൽറ്റർ. ലിംഗനീതി ഉറപ്പ് വരുത്താൻ സഹായിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണകോൺ.
സമൂഹത്തിൽ സ്ത്രീമേധാവിത്വം കൊടികുത്തി വാഴണം എന്ന് ആഗ്രഹിക്കുന്നവരല്ല ഒരു ഫെമിനിസ്റ്റും. പുരുഷനെപ്പോലെ, ക്വിയർ ജനവിഭാഗങ്ങളെ പോലെ, സമൂഹത്തിൽ തുല്യപങ്കാളിത്തമുള്ളവളാണ് സ്ത്രീ എന്ന് മാത്രമാണ് അവരുടെ വാദം. ഒരു സ്ത്രീക്ക് നീതി ലഭിക്കാൻ സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ സമൂഹത്തെ നോക്കിക്കാണാൻ ആർക്കും ഉപകരിക്കുന്ന ഒരു ടൂൾ ആയി ഫെമിനിസം ഇവിടെ നിലനിൽക്കുക തന്നെ വേണം.