19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉയർന്ന് വന്ന ഫെമിനിസത്തിന്റെ ഒന്നാം തരംഗവും അതിനും രണ്ട് പതിറ്റാണ്ട് മുൻപേ ഉയർന്ന് വന്ന മേരി ആസ്റ്റൽ പോലെയുള്ളവരുടെ ആശയപരമായ വിയോജിപ്പുകളെയും പറ്റിയെല്ലാം നാം ചർച്ച ചെയ്തിരുന്നു. ഇതിന് രണ്ടിനും ഇടയിൽ നിൽക്കുന്ന 18 ആം നൂറ്റാണ്ടിലും വിപ്ലവാത്മകരമായ പല പോരാട്ടങ്ങളും പൊട്ടിപുറപ്പെട്ടു. 17 ആം നൂറ്റാണ്ടിലെ സാമൂഹ്യ സാഹചര്യം തന്നെ ആയിരുന്നു 18 ആം നൂറ്റാണ്ടിന്റെ ആദ്യം മുതൽ നിലനിന്ന് പോന്നത്. എഴുത്തുകളിലൂടെയും ചർച്ചകളിലൂടെയും പല പ്രതിഷേധങ്ങൾ ഉയർന്നു വന്നെങ്കിലും അതൊന്നും യാതൊരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കിയില്ല എന്നതാണ് വസ്തുത.
18 ആം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ സ്ത്രീകൾ സ്വാഭാവികമായും പുരുഷന്മാരുടെ തണലിൽ മാത്രം കഴിയാൻ വിധിക്കപ്പെട്ടവരാണ്, അല്ലെങ്കിൽ അവർക്ക് സ്വയം ജീവിക്കാനുള്ള പ്രാപ്തിയില്ല എന്ന കാഴ്ചപ്പാടായിരുന്നു നിലനിന്നിരുന്നത്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നെല്ലാം തന്നെ അവരെ പൂർണമായും ഒഴിവാക്കപ്പെട്ടു. ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും സാമൂഹികവും സാമ്പത്തികവുമായ പല മാറ്റങ്ങളും അന്നുണ്ടായി തുടങ്ങിയതായി കാണാം. ഈ മാറ്റങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിൽ തന്നെ സ്വാധീനം ചെലുത്താൻ തുടങ്ങി.
വ്യവസായിക മേഖലയും അതോടൊപ്പം വളരുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് കൂടുതൽ ജോലികളും കഠിനമേറിയതായിരുന്നു. സ്ത്രീകളെ അതിൽ നിന്നും പൂർണമായി ഒഴിവാക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. കഠിന ജോലികൾ പുരുഷന്മാർക്കും വീട്ട് ജോലികൾ സ്ത്രീകൾക്കും എന്ന പൊതുബോധം അതോടെ നിലവിൽ വരികയായിരുന്നു. ജോലിയും രാഷ്ട്രീയവുമെല്ലാം പുരുഷന്റെ ഉത്തരവാദിത്വവും വീട്ടു ജോലികൾ അങ്ങനെ സ്ത്രീകളുടെ ഉത്തരവാദിത്വവുമായി മാറി.
18 ആം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് സ്ത്രീപക്ഷ എഴുത്തുകൾ ആദ്യമായി ഉയർന്ന് വന്നത് സ്വീഡനിൽ നിന്നായിരുന്നു. ആക്കാലത്തെ സാമൂഹിക രീതികളോട് വ്യത്യസ്തത പാലിച്ചിരുന്ന ഒരു രാജ്യമായിരുന്നു സ്വീഡൻ
എങ്കിലും ഈ പൊതുബോധത്തോട് പോരടിച്ചിരുന്ന ഒരുപറ്റം സ്ത്രീകൾ അന്നുമുണ്ടായിരുന്നു. എന്നാൽ അത് വരെ പ്രതികരിക്കാനുള്ള വഴികൾ ഇല്ലാതിരുന്നതിനാൽ പലരും മൗനം പാലിച്ചു. അതിനൊരു മാറ്റമുണ്ടാവുന്നത് അച്ചടി ശാലകളുടെ കണ്ടു പിടുത്തത്തോടെയായിരുന്നു. അത് വരെ നിശബ്ദരായിരുന്ന സ്ത്രീകൾ തങ്ങളുടെ പ്രതിഷേധം എഴുത്തിലൂടെ അറിയിക്കാൻ തുടങ്ങി. പുരോഗനാത്മക ചിന്താഗതിയും സമത്വ ചിന്താഗതിയുടെ പ്രാധാന്യവും അവർ സമൂഹത്തിന് മുൻപിൽ തുറന്ന് പറയാൻ തുടങ്ങി. അതോടെ കൂടുതൽ സ്ത്രീകൾ അവരുടെ അഭിപ്രായങ്ങൾ എഴുത്തിലൂടെ അറിയിച്ചു. സ്വയം അവരെ ശക്തീകരിക്കാനുള്ള മാർഗമായി എഴുത്ത് മാറിയ കാലഘട്ടമായിരുന്നു അത്.
18 ആം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് സ്ത്രീപക്ഷ എഴുത്തുകൾ ആദ്യമായി ഉയർന്ന് വന്നത് സ്വീഡനിൽ നിന്നായിരുന്നു. ആക്കാലത്തെ സാമൂഹിക രീതികളോട് വ്യത്യസ്തത പാലിച്ചിരുന്ന ഒരു രാജ്യമായിരുന്നു സ്വീഡൻ. സ്ത്രീകളുടെ അവകാശങ്ങളോട് ലിബറൽ സമീപനം ആയിരുന്നതിനാൽ തന്നെ സ്വീഡനിൽ നിന്ന് സ്ത്രീപക്ഷ എഴുത്തുകാർ ഉയർന്ന് വരാൻ കാരണമായി. മാർഗ്ഗരെറ്റ മോമ്മ, ഹാഡ്വിഗ് നോർഡൻഫ്ലിച്ച് എന്നിവർ അതിൽ പ്രധാനികളാണ്. 1750 കളോടെ ബ്രിട്ടനിലും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിലും ഇന്റലക്ച്വൽ ആയിട്ടുള്ള സ്ത്രീകൾ ഒന്നിച്ച് കൂടാനും അവരുടെ ആശയങ്ങൾ പരസ്പരം പങ്ക് വയ്ക്കാനും തുടങ്ങി. ആശയപരമായ ആ കൂട്ടായ്മകളെ 'സലൂൺ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ കൂട്ടായ്മകളിൽ അവർ എഴുത്തിനെ കുറിച്ചും സമത്വ ആശയങ്ങളെ കുറിച്ചും കൂടുതലായി ചർച്ച ചെയ്തു. സ്ത്രീകൾ കൂടുതലായി സദസിന് മുൻപിലേക്ക് കടന്ന് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ഇത്തരം 'സലൂണു'കൾ. അതോടെ അടച്ച് പൂട്ടി ഇരുന്ന പല സ്ത്രീകളും മറ നീക്കി പുറം ലോകത്തിന് മുൻപിലേക്ക് സധൈര്യം ഇറങ്ങി നിന്നു.
അമേരിക്കയെയും ഫാൻസിനെയും മാറ്റി മറിച്ച യൂറോപ്യൻ എൻലൈറ്റൻമെന്റും അതിനോടാനുബന്ധിച്ചുള്ള വിപ്ലവങ്ങളും സ്ത്രീപക്ഷ ചിന്തകളെ കൂടുതൽ സ്വാതന്ത്രമാക്കാൻ കാരണമായി. എൻലൈറ്റൻമെന്റ് താത്വചിന്തകരായ ജീൻജാക്ക് റൂസ്സോ, ഡെന്നിസ് ഡീസറോട്ട് എന്നിവർ പ്രഭുകന്മാരുടെയും പള്ളിയുടെയും പാരമ്പര്യവകാശങ്ങളുടെ സ്വേച്ഛാധിപത്യത്തെ വെല്ലുവിളിക്കുകയുണ്ടായി. സ്വാതന്ത്രം, സമത്വം എന്നിവയ്ക്ക് വേണ്ടി അവർ പ്രതികരിച്ചെങ്കിലും അതിൽ നിന്നെല്ലാം സ്ത്രീകളെ പൂർണമായും ഒഴിവാക്കപ്പെട്ടു. അന്നുണ്ടായ എൻലൈറ്റൻമെന്റ് സ്ത്രീകൾക്ക് വേണ്ടി ആയിരുന്നില്ല. പ്രത്യേകിച്ചും റൂസ്സോ പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി ആയിരുന്നു പോരാടിയത്. അമേരിക്കയിലും ഫ്രാൻസിലും 1783 ലും 1789 ലും ഉണ്ടായ വിപ്ലവങ്ങളിൽ സ്ത്രീകളും പങ്കെടുത്തിരുന്നെങ്കിലും അവരുടെ അവകാശങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.
പുരുഷന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി തെരുവിലിറങ്ങിയപ്പോൾ നിരവധി സ്ത്രീകൾ തങ്ങളുടെ ആവശ്യങ്ങൾ കൂടി നിറവേറ്റണം എന്ന മുദ്രവാക്യം ഉയർത്തി നഗരമധ്യത്തിലേക്ക് ഇറങ്ങി തുടങ്ങി. അമേരിക്കയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സംഭവിക്കുന്നതും ഈ കാലത്തായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ പ്രസിഡന്റിന്റെ ഭാര്യ അബിഗയിൽ ആദംസ് 'Remember The Ladies' എന്ന പ്രസ്താവന പുറപ്പെടുവിച്ചു. അതായത് രാജ്യത്തിന്റെ സ്ഥാപക നേതാക്കന്മാരോട് സ്ത്രീകൾ എന്നാൽ ഒഴിവാക്കേണ്ടവരല്ല നിയമനിർമിതിയിൽ അവർക്ക് വേണ്ട പരിഗണന ലഭിക്കണം എന്ന് അബിഗയിൽ ആഹ്വാനം ചെയ്യുകയായിരുന്നു. രാജ്യത്തെ പ്രഥമ വനിതയുടെ ഈ നിലപാട് അമേരിക്കൻ ജനതയിൽ വലിയ രീതിയിലുള്ള ചലനം സൃഷ്ടിച്ചിരുന്നു.
ഫ്രാൻസിൽ പ്രശസ്ത നാടകകൃത്തും സാമൂഹ്യ പ്രവർത്തകനുമായ ഒളിമ്പേ ഡി ഗോഗ്സ് 'The Declaration of the Rights of Woman and Citizen' എന്ന കൃതി പുറത്തിറക്കി. അതിലൂടെ ഒളിമ്പേ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ നീതി ലഭിക്കണം എന്ന ആവശ്യമായിരുന്നു മുന്നോട്ട് വച്ചത്
അതേപോലെ തന്നെ ഫ്രാൻസിൽ പ്രശസ്ത നാടകകൃത്തും സാമൂഹ്യ പ്രവർത്തകനുമായ ഒളിമ്പേ ഡി ഗോഗ്സ് 'The Declaration of the Rights of Woman and Citizen' എന്ന കൃതി പുറത്തിറക്കി. അതിലൂടെ ഒളിമ്പേ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ നീതി ലഭിക്കണം എന്ന ആവശ്യമായിരുന്നു മുന്നോട്ട് വച്ചത്. അക്കാലത്ത് ഇത്തരത്തിലുള്ള ചിന്താഗതികൾ ഉയർന്ന് വന്നിരുന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണ്.
ഫ്രഞ്ച് വിപ്ലവത്തിന്റെ അലയോലികൾ ബ്രിട്ടണിലും ആഞ്ഞടിച്ചു തുടങ്ങിയിരുന്നു. ആ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മേരി വോൾസ്റ്റോൺക്രാഫ്റ്റ് 'A Vindication to the Rights Of Woman' എന്ന പ്രബന്ധം രചിക്കുകയുണ്ടായി. ഈ പ്രാബന്ധത്തിൽ സ്ത്രീകളെ സ്വതന്ത്രമായി ജീവിക്കുന്നതിൽ നിന്ന് തടയുന്നത് ഗാർഹിക സ്വേച്ഛാതാധിപത്യം ആണെന്ന് പറയുന്നു. പുരുഷന്മാരുടെ ഈ മനോഭാവം തിരിച്ചറിയുകയും ഇതിൽ നിന്ന് മുക്തരായി വിദ്യാഭ്യാസം നേടുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്യണമെന്ന് മേരി ആഹ്വാനം ചെയ്യുന്നു. ഏറെ പ്രസക്തിയേറിയ ഒരു ഫെമിനിസ്റ്റ് ഗ്രന്ഥമായി ഇതിനെ കണക്കിലെടുക്കാൻ സാധിക്കും.
അത് വരെ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയുർത്തിയവരെല്ലാം പ്രിവിലേജ്ഡ് ക്ലാസ് ആയിരുന്നെങ്കിൽ 18 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ യുഎസിലെയും യുകെയിലെയും തൊഴിലാളിവർഗ സ്ത്രീകളും രാഷ്ട്രീയ രംഗത്ത് ശബ്ദമുയർത്താൻ തുടങ്ങിയിരുന്നു. പ്രധാനമായും തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് വേണ്ടിയാണ് അവർ അണിനിരന്നതെങ്കിലും സ്ത്രീകളുടെ പ്രതിഷേധ മനോഭാവത്തിന് വന്ന മാറ്റം അടയാളപ്പെടുത്തിയ സമയമായിരുന്നു അത്. അതോടൊപ്പം ഇസ്ലാമിക രാഷ്ട്രങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ ഉയർന്ന് തുടങ്ങി.
17 ആം നൂറ്റാണ്ടിലെയും 18 ആം നൂറ്റാണ്ടിലെയും ഈ മാറ്റങ്ങളായിരുന്നു ഫെമിനിസത്തിൻറെ ഒന്നാം തരംഗത്തിലേക്ക് വഴി തെളിച്ചതെന്ന് നിസംശയം പറയാം. ഫെമിനിസം എന്ന ആശയം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുഖമായിരുന്നു എന്ന് ചരിത്രം രേഖപെടുത്തുന്നു. ഇന്നും ഈ പോരാട്ടങ്ങൾ നിലച്ചിട്ടില്ല. അതിനാൽ തന്നെ ഫെമിനിസത്തെ പുച്ഛത്തോടെ കാണുന്നവരോട് ഈ ആശയം 17 ആം നൂറ്റാണ്ടിൽ തുടങ്ങി ഇന്നും നിലനിൽക്കുന്നതിന്റെ കാരണം എന്താണെന്ന് മാത്രം ചോദിച്ചു കൊള്ളുന്നു.