Feb 24 • 8M

തിരുവനന്തപുരത്തിന്റെ ഫീമെയിൽ സാന്റാ: നഗരത്തിലെ ഏക വനിതാ കൊറിയർ ഗേൾ

Anagha Jayan E
Comment
Share
 
1.0×
0:00
-8:26
Open in playerListen on);
Episode details
Comments

നട്ടുച്ചയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ ഒരു ടൂ-വീലറിൽ നാല് പുറത്തും വലിയ ബാഗുകൾ തൂക്കി വിശ്രമം ഇല്ലാതെ പായുന്ന കൊറിയർ ഡെലിവറി ഏജന്റുമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? ചുമലിൽ ഉള്ള ഭാരത്തെക്കാൾ അവരെ നയിക്കുന്നത് മനസ്സിൽ പേറുന്ന കുടുംബ ഭാരം ആണെന്ന് തോന്നി പോകും. ഓരോ വിലാസവും തേടി, കസ്റ്റമർമാർ കാത്തിരിക്കുന്ന പാക്കറ്റുകൾ കേടുപാടുകൾ കൂടാതെ എത്തിക്കാൻ ഉള്ള തത്രപ്പാടിൽ ചിലപ്പോൾ മഴയും മഞ്ഞും ഒന്നും അവർക്ക് തടസ്സം ആകാറില്ല. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ദിവസം ഒരു കസ്റ്റമർ തന്റെ കൊറിയർ കൊണ്ട് വന്ന ഡെലിവറി ഏജന്റിനെ കണ്ട് വിശ്വാസം വരാതെ സൂക്ഷിച്ച് നോക്കി.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. മുന്നിലും പിന്നിലും സീറ്റിന് താഴെയും എല്ലാം വലിയബാഗുകൾ തൂക്കി ഒരു സ്‌കൂട്ടി ഓടിച്ച് തനിക്ക് മുന്നിലേക്ക് എത്തിയത് ഒരു സ്ത്രീ ആയിരുന്നു! പരിചയപ്പെടാൻ തുനിഞ്ഞപ്പോൾ അവർ തിടുക്കം കാണിച്ചു: "ഇനി 15 കിലോമീറ്റർ മാറി ഒരു ഡെലിവറി കൂടി കൊടുക്കാനുണ്ട്, ചെല്ലട്ടെ." പുരുഷന്മാർ മാത്രം വാഴുന്ന ഈ മേഖലയിൽ തന്റേടത്തോടെ ജോലി ചെയ്യുന്ന ആ മിടുക്കിയുടെ പേര് സിന്ധു എന്നാണെന്ന് മാത്രം ആ കസ്റ്റമർ ചോദിച്ച് അറിഞ്ഞു. നിറഞ്ഞ ചിരിയും ബാഗും മനസ്സുമായി ഓടി നടന്ന് കൊറിയർ ഡെലിവറി ചെയ്യുന്ന സിന്ധു, തിരുവനന്തപുരത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വനിതയാണ്. അവരുടെ ജീവിതവും വിശേഷങ്ങളും കേൾക്കാം..

"അവർ പറ്റില്ലെന്ന് പറഞ്ഞു; ഞാൻ ചെയ്ത് കാണിച്ചു"

ചിറയിൻകീഴിൽ ഉള്ള ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്കാരി ആയിരുന്നു സിന്ധു. ഭർത്താവ് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടി ഡ്രൈവർ. സൂപ്പർമാർക്കറ്റിൽ നിന്നുള്ള വരുമാനം തികയാതെ വന്നതോടെ ആണ് സിന്ധു മറ്റൊരു മെച്ചപ്പെട്ട ജോലി നോക്കി തുടങ്ങിയത്.

‘‘ദിവസം 350 രൂപാ കൈയിൽ മിച്ചം കിട്ടും എന്ന് അറിഞ്ഞതോടെ ഞാൻ ജോലിക്ക് വരാം എന്ന് ഏറ്റു. എന്റെ മുന്നിൽ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ - വീട്ടിൽ സമയത്തിന് എത്തണം, കൃത്യമായി ഒരു വരുമാനം ഉണ്ടാകണം."

"ഞാൻ പ്ലസ്ടൂ പാസ് ആയിട്ടില്ല. വയസ്സ് ആണെങ്കി 48 ആയി. മക്കൾ പഠിക്കുന്നു. ചേട്ടന് കിഡ്നിയുടെ ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഭാരപ്പെട്ട ജോലിക്ക് ഒന്നും പോകാൻ പറ്റില്ല. മടിച്ച് ഇരുന്നിട്ട് കാര്യമില്ല. എന്തെങ്കിലും ചെയ്ത് പ്രാരാബ്ദം ഒതുക്കണം. അങ്ങനെ ആണ് ഒരു പരിചയക്കാരൻ നടത്തുന്ന കൊറിയർ ഏജൻസിയിൽ ഒഴിവ് ഉണ്ടെന്ന് അറിയുന്നത്. ടൂ വീലർ ഓടിക്കാൻ ചെറുപ്പത്തിലേ അറിയാമായിരുന്നു. ആവശ്യം വരാത്തത് കൊണ്ട് ഓടിച്ചില്ല എന്ന് മാത്രം. ദിവസം 350 രൂപാ കൈയിൽ മിച്ചം കിട്ടും എന്ന് അറിഞ്ഞതോടെ ഞാൻ ജോലിക്ക് വരാം എന്ന് ഏറ്റു. എന്റെ മുന്നിൽ ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ - വീട്ടിൽ സമയത്തിന് എത്തണം, കൃത്യമായി ഒരു വരുമാനം ഉണ്ടാകണം."

എന്നാൽ സിന്ധുവിന്റെ ഉത്സാഹം കണ്ട് നിന്നവരുടെ മനസ്സിൽ പതിഞ്ഞില്ല. ഒളിഞ്ഞും തെളിഞ്ഞും നിരവധി പേർ മുൻവിധി പറഞ്ഞു - ഇവർ ഇത് ഒരു ആഴ്ച തികക്കില്ല എന്ന്! യാത്രയും അദ്ധ്വാനവും എല്ലാം വേണ്ടുന്ന ജോലി ആണ്. പുരുഷന്മാർ മാത്രമാണ് നഗരത്തിൽ ഈ ജോലി ചെയ്യുന്നത്.

രാവും പകലും വെയിലും മഴയും എല്ലാം കൊള്ളേണ്ടി വരും.ഇത്രയേറെ കഠിനം ആയ ജോലി ഒരു സ്ത്രീ - അതും ഒരു മധ്യവയസ്‌ക - ഒരിക്കലും തുടരില്ല എന്ന് സഹ പ്രവർത്തകർ പോലും ഉറപ്പിച്ചു. പക്ഷെ അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് സിന്ധു തന്റെ കസ്റ്റമേഴ്‌സിന്റെ പക്കൽ നിന്നും മികച്ച സ്റ്റാർ റേറ്റിങ്ങ് വാങ്ങി ജോലിയിൽ ഒന്നാമതായി!

"ഞാൻ ആരോടും ഉള്ള വാശിക്ക് ജോലി തുടർന്നതല്ല. ഈ തൊഴിലും നഷ്ടപ്പെടുത്താൻ ഉള്ള സാഹചര്യം എനിക്ക് ഇല്ല. സാഹചര്യങ്ങൾ അല്ലേ മനുഷ്യരെ കൊണ്ട് ഓരോ പ്രവൃത്തിയും ചെയ്യിക്കുന്നത്. ചേട്ടൻ ഡ്രൈവർ ആണ്. വണ്ടി ഓടിക്കൽ ഞങ്ങൾക്ക് ജീവിതത്തിന്റെ ഒരു ഭാഗം ആണ്. അതുകൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായില്ല. വീട്ടിലെ കഷ്ടപ്പാട് മാറണം, മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കണം - ഈ രണ്ട് കാര്യങ്ങളെ എന്റെ മുന്നിൽ ഉള്ളൂ. അതിന് വേണ്ടി ഞാൻ ഇതിലും ഒരു പടി കൂടി കടന്ന് അദ്ധ്വാനിക്കാനും തയ്യാർ ആണ്," സിന്ധു പറയുന്നു.

നെഞ്ച് നീറ്റിയ അനുഭവം..

സിന്ധുവിന്റെ ആറ് സഹോദരങ്ങളിൽ മൂന്ന് പേർ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത് - രണ്ട് ചേച്ചിമാരും ഒരു ആങ്ങളയും. എല്ലാവരും അവരവരുടെ ജീവിത തിരക്കുകളിൽ ബിസി ആയി കഴിയുന്നു. സിന്ധുവിന്റെ കഷ്ടപ്പാടുകളെ കുറിച്ച് ഏകദേശ ധാരണ ചേച്ചിമാർക്ക് ഉണ്ടെങ്കിലും യാഥാർഥ്യത്തെ കുറിച്ച് വലിയ ബോധ്യം ഉണ്ടായിരുന്നില്ല. ഒരിക്കൽ കൊറിയർ ഓഫീസിൽ വലിയ ഭാരം ഉള്ള കൊറിയറുകൾ കുറേ വന്നു. പൊതുവെ വലിയ ബോക്സുകൾ എടുക്കാത്ത സിന്ധുവിന് അന്ന് വേറെ നിവൃത്തി ഇല്ലാതെ ആയി.

തനിക്ക് ഉയർത്താൻ പോലും കഴിയാത്ത അത്ര ഭാരവും താങ്ങി ടൂ-വീലറിൽ ബാലൻസ് ചെയ്ത് നട്ടുച്ചയ്ക്ക് ബ്ലോക്കിൽ നിൽക്കുമ്പോൾ സിന്ധുവിന് സങ്കടം അടക്കാൻ ആയില്ല. "എനിക്ക് മാത്രം എന്താണ് ജീവിതത്തിൽ ഇത്രയും കഷ്ടപ്പാട്.. ഞാൻ ഇത്ര ഭാരവും ചുമന്ന് വെയിലത്ത് പോകുന്ന കാഴ്ച എന്റെ ചേച്ചിമാർ കണ്ടാൽ അവർക്ക് സഹിക്കുമോ? ആങ്ങളയ്ക്ക് സഹിക്കുമോ?" - ഇത് ഓർത്തപ്പോൾ സിന്ധുവിന് നെഞ്ച് പൊള്ളി. അന്ന് വൈകീട്ട് ഏറെ വൈകി വീട്ടിൽ എത്തിയപ്പോൾ ഫോണിൽ

തനിക്ക് ഉയർത്താൻ പോലും കഴിയാത്ത അത്ര ഭാരവും താങ്ങി ടൂ-വീലറിൽ ബാലൻസ് ചെയ്ത് നട്ടുച്ചയ്ക്ക് ബ്ലോക്കിൽ നിൽക്കുമ്പോൾ സിന്ധുവിന് സങ്കടം അടക്കാൻ ആയില്ല

മൂത്ത ചേച്ചിയുടെ നമ്പറിൽ നിന്നും നിരവധി മിസ്ഡ് കോളുകൾ. തിരികെ വിളിച്ചപ്പോൾ ചേച്ചി തേങ്ങി കരയുകയാണ്. അന്ന് സിന്ധുവിന്റെ യാത്ര, ബസ് കാത്ത് നിൽക്കുക ആയിരുന്ന ചേച്ചി നേരിൽ കണ്ടത്രേ.. തന്റെ അനിയത്തി ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ വേണ്ടി പെടുന്ന പാട് കണ്ട് ആ സഹോദരി പൊട്ടി കരയുകയായിരുന്നു..

എങ്കിലും സിന്ധുവിന് പരാതി ഇല്ല. ഇനിയും കഷ്ടപ്പെടാൻ ഉള്ള ആരോഗ്യം ഈശ്വരൻ തരണം എന്ന പ്രാർത്ഥനയേ ആ മനസ്സിൽ ഉള്ളൂ. കവികൾ അബല എന്നും ചപല എന്നും എല്ലാം പറഞ്ഞ് വില കുറച്ച് കാണുന്ന സ്ത്രീകളുടെ മനക്കരുത്തിന് മുന്നിൽ വിധി പോലും മുട്ട് മടക്കുന്ന കാഴ്ചയാണ് സിന്ധുവിന്റെ ജീവിതം കാട്ടി തരുന്നത്.

സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ..

സിന്ധുവിന്റെ പ്രതീക്ഷ മുഴുവൻ തന്റെ രണ്ട് പെൺമക്കളിൽ ആണ്. "മൂത്തവൾക്ക് ജേണലിസ്റ്റ് ആകാൻ ആണ് ആഗ്രഹം. അവൾക്ക് ടിവിയിൽ വാർത്ത വായിക്കണം. ഇളയവർ എട്ടാം ക്ലാസ്സിൽ ആയിട്ടേ ഉള്ളൂ. പിള്ളേര് ഇഷ്ടം ഉള്ളത് പഠിക്കട്ടെ. ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും നേരിടാൻ ഉള്ള ഉൾക്കരുത്ത് ഉണ്ടാകണം എന്ന് മാത്രമേ എനിക്ക് പ്രാർത്ഥന ഉള്ളൂ. നമ്മളെ കണ്ട് മക്കൾ കാര്യങ്ങൾ മനസ്സിലാക്കിയാൽ മതിയായിരുന്നു," ആ അമ്മ അഭിമാനത്തോടെ പറയുന്നു. ഭർത്താവും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ നെടും തൂണാണ് ഇന്ന് സിന്ധു.

കൊറിയർ ബോക്സുകളും ആയി സ്‌കൂട്ടിയിൽ പായുന്നത് കാണുന്നവർ നിരവധി അഭിപ്രായങ്ങൾ പറയാറുണ്ട്. ചിലർ ഡെലിവറി ഏജന്റ് ഒരു സ്ത്രീ ആണെന്ന് കാണുന്ന നിമിഷം തന്നെ അഭിനന്ദിക്കും, ഫോട്ടോ എടുക്കും, വിശേഷങ്ങൾ തിരക്കും. മറ്റ് ചിലർ സഹതപിക്കും. ചിലർ സംശയത്തോടെ നോക്കും. "ഇതൊക്കെ എത്ര നാൾ നടക്കും" എന്ന ഭാവത്തോടെ ഒരു നോട്ടം പാസാക്കും. ഏതായാലും രാത്രി ഏറെ വൈകി വരെ ജോലി ചെയ്യേണ്ടി വന്നിട്ടും സിന്ധുവിന് നാട്ടുകാരുടെ ഭാഗത്ത് നിന്നും മോശം സമീപനങ്ങൾ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല.

"നമ്മുടെ നാട് പഴയ പോലെ അല്ല. സ്ത്രീകൾ വ്യത്യസ്തം ആയ തൊഴിലുകൾ ചെയ്യാൻ ഇറങ്ങി തിരിക്കുമ്പോൾ വലിയ പിന്തുണ ആണ് നൽകുന്നത്. ജീവിക്കാൻ ആയി എന്ത് ജോലിയും ചെയ്യാം, അതിൽ ലിംഗവും ഭാഷയും ഒന്നും പ്രശ്നം അല്ല എന്ന നിലയിലേക്ക് നമ്മുടെ നാടും എത്തി കഴിഞ്ഞു," സിന്ധു പ്രതീക്ഷയോടെ പറയുന്നു.

"സന്തോഷം നൽകുന്ന ജോലി ആണ് ഇത്. നമ്മൾ വരുന്നത് കാത്ത് കസ്റ്റമർ ഇരിക്കുന്നത് തന്നെ ഒരു സന്തോഷം ആണ്. സ്ത്രീകൾക്ക് വണ്ടി ഓടിക്കാൻ അറിയാം എങ്കിൽ ആരെയും പേടിക്കാതെ ചെയ്യാവുന്ന സെയിഫ് ജോലി ആണ് കൊറിയർ ഡെലിവറി’’

വിട്ട് മറാത്ത പ്രതിസന്ധികൾ..

സിന്ധുവിന്റെ അഭിപ്രായത്തിൽ കൂടുതൽ സ്ത്രീകൾ കൊറിയർ ഡെലിവറി രംഗത്തേക്ക് കടന്ന് വരേണ്ടി ഇരിക്കുന്നു. "സന്തോഷം നൽകുന്ന ജോലി ആണ് ഇത്. നമ്മൾ വരുന്നത് കാത്ത് കസ്റ്റമർ ഇരിക്കുന്നത് തന്നെ ഒരു സന്തോഷം ആണ്. സ്ത്രീകൾക്ക് വണ്ടി ഓടിക്കാൻ അറിയാം എങ്കിൽ ആരെയും പേടിക്കാതെ ചെയ്യാവുന്ന സെയിഫ് ജോലി ആണ് കൊറിയർ ഡെലിവറി. ഡ്രൈവിങ്ങിനോടും വണ്ടിയോടും യാത്രയോടും എല്ലാം ഒരു ഇഷ്ടം ഉണ്ടായാൽ മതി. സ്വന്തം ആയി നാല് കാശ് അധ്വാനിച്ച് ഉണ്ടാക്കുന്നതോട് ഒപ്പം തന്നെ പ്രധാനം ആണ് യാത്ര സ്വാതന്ത്ര്യം ഉണ്ടാകുന്നതും. എന്നും ഈ നഗരത്തിന്റെ ഹൃദയത്തിലൂടെ പാറി പറന്ന് നടക്കുന്ന ആളാണ് ഞാൻ. ഇത് നല്ല ജോലി ആണ്," സിന്ധു സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ദിവസം മുഴുവൻ യാത്ര ചെയ്ത് ഡെലിവറി നടത്തിയാലും തുച്ഛം ആയ തുക ആണ് ഏജന്റുമാർക്ക് പ്രതിഫലം ആയി ലഭിക്കുന്നത്. ദിവസം ശരാശരി 500 രൂപ കിട്ടിയാൽ തന്നെ പെട്രോൾ അടിക്കാനുള്ള തുക കഴിച്ച് ബാക്കി 350 രൂപയാണ് കൈയിൽ കിട്ടുക. ഇതുകൊണ്ട് കഴിഞ്ഞ് കൂടുന്നവർ ആണ് ഫുൾ ടൈം ഡെലിവറി ഏജന്റുമാർ അധികവും.

എന്തായാലും സമൂഹത്തിന്റെ മുൻവിധി മാറ്റി എഴുതിക്കൊണ്ട് തലസ്ഥാന നഗരത്തിലെ ഏക വനിതാ കൊറിയർ ഏജന്റ് ആയി പേരെടുത്ത സിന്ധു സമൂഹത്തിന് തന്നെ ഒരു മാതൃക ആണ്. മനക്കരുത്തും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്തത് ആയി ലോകത്ത് ഒരു ജോലിയും ഇല്ലെന്ന് സിന്ധു തന്റെ ജീവിതം കൊണ്ട് അടിവര ഇടുന്നു.