Dec 13, 2021 • 10M

ഭർത്താവിനെ പരിചരിക്കാൻ വേണ്ടിയല്ല ഭാര്യ! സമൂഹത്തിന്റെ ചട്ടക്കൂടുകൾ പൊളിച്ചെറിഞ്ഞ പ്രണയകഥ

ചക്രകസേരയിലുള്ള ഭാര്യയുമായി എങ്ങനെ കുടുംബജീവിതം നയിക്കും, ഞങ്ങൾ എങ്ങനെ സെക്സ് ചെയ്യും, ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്നൊക്കെയാണ് ആളുകളുടെ സംശയം. ഇതിനെല്ലാം അതീതമാണ് ഞങ്ങളുടെ പ്രണയം!

Anagha Jayan E
Comment
Share
 
1.0×
0:00
-10:01
Open in playerListen on);
Episode details
Comments

പ്രണയത്തിന്റെ ചക്രവാളത്തിൽ കടലും നിലാവും ഒന്നിച്ച കാഴ്ചയാണ് ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് കേരളക്കര കണ്ടത്. മലയാളം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ഡോക്ടർ ഫാത്തിമ അസ്‌ല വിവാഹിതയായി. വരൻ - ഫിറോസ് നേടിയത്ത്. ഒരു സാധാരണ വിവാഹ വാർത്ത എന്നതിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഫാത്തിമ അസ്‌ലയുടെ ശാരീരികാവസ്ഥയാണ്. ഭിന്നശേഷിക്കാരിയാണ് ഫാത്തിമ. ജന്മനാ 'ഓസ്റ്റിയോജനസിസ് ഇമ്പെർഫെക്റ്റ' എന്ന ജനിതക രോഗം ബാധിച്ച ഫാത്തിമയ്ക്ക് ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ അമ്പത് തവണയോളം അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്.

സ്വയം എഴുന്നേറ്റ് നടക്കാനോ സഞ്ചരിക്കാനോ കഴിയാത്ത ഫാത്തിമ, പഠനത്തിലെ മികവ് കൈമുതലാക്കി ഹോമിയോ മെഡിസിൻ പഠിച്ച് ഡോക്ടറായി. 'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി' എന്ന പുസ്തകവും രചിച്ചു. ഇതിനെല്ലാം പുറമെ, സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായി ആയിരങ്ങൾക്ക് ജീവിതത്തിന് ഊർജ്ജം പകരുന്ന ഇൻഫ്ലുവെൻസർ കൂടിയാണ് ഫാത്തിമ. ഫാത്തിമയുടെയും ഫിറോസിന്റെയും ജീവിതകഥ ഇങ്ങനെ..

കടൽ കടന്നെത്തിയ കാമുകൻ..

ലക്ഷദ്വീപിലെ കല്പേനി ദ്വീപിലാണ് ഫിറോസിന്റെ വീട്. ഉപരിപഠനത്തിന് വേണ്ടിയാണ് കേരളത്തിൽ എത്തിയത്. എന്നാൽ കേരളത്തിൽ എത്തിയപ്പോൾ മുതൽ ഇവിടെ പിടിച്ച് നിർത്തുന്ന 'എന്തോ ഒന്ന്' ഫിറോസിന് അനുഭവപ്പെട്ടിരുന്നു. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ:

"പൊതുവെ ചികിത്സയ്ക്കും ഉപരിപഠനത്തിനും മറ്റെന്ത് ആവശ്യങ്ങൾക്കും ഞങ്ങൾ ദ്വീപുകാർ എത്തുന്നത് കേരളത്തിലാണ്. ഞാൻ ഡിഗ്രി പഠിക്കാനാണ് സ്ഥിരമായി കേരളത്തിലേക്ക് എത്തിയത്. നിറയെ കൂട്ടുകാർ ഉണ്ട്. അതുകൊണ്ട് തിരിച്ച് പോകാൻ തോന്നാതെയായി. വീട്ടിൽ എന്നും പരാതിയാണ്. ഞങ്ങൾ അഞ്ച് മക്കൾ ആണ്. അതിൽ ഞാൻ മാത്രം എന്നും കേരളത്തിൽ.."

നൂറ് ശതമാനം മുസ്ലിം ജനതയുള്ള കല്പേനി ദ്വീപ് ഇന്നും മരുമക്കത്തായം ആണ് പിന്തുടരുന്നത്. വിവാഹം കഴിഞ്ഞാൽ പുരുഷന്റെ ഗൃഹം വധുവിന്റെ വീടാണ്. എല്ലാ അർത്ഥത്തിലും കേരളത്തിന്റെ പുരുഷകേന്ദ്രീകൃത വിവാഹ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതാണ് ഫാത്തിമ - ഫിറോസ് വിവാഹം. ഇവരുടെ പ്രണയം പൂവിട്ടത് എങ്ങനെയെന്ന് ഫിറോസ് തന്നെ പറയുന്നു:

"ആദ്യ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഞാൻ ദ്വീപിൽ തന്നെയായിരുന്നു. അക്കാലത്ത് വൈകുന്നേരങ്ങളിൽ കൂട്ടുകാർ ഒന്നിച്ച് വീഡിയോകോൾ വിളിക്കുന്ന പരിപാടി ഉണ്ടായിരുന്നു. അതിൽ ഒരു സുഹൃത്തിന്റെ സുഹൃത്ത് ആയാണ് ഫാത്തിമയെ പരിചയപ്പെട്ടത്. സംസാരിക്കാൻ തുടങ്ങിയ നാൾ മുതൽ ഞങ്ങൾക്ക് ഇടയിൽ എന്തോ സുഖമുള്ള ഒരു ഫീലിങ് വളരാൻ തുടങ്ങിയിരുന്നു.

ഫിറോസ് - ഫാത്തിമ വിവാഹത്തെ വ്യത്യസ്തമാക്കുന്നത് ഫാത്തിമ അസ്‌ലയുടെ ശാരീരികാവസ്ഥയാണ്. ഭിന്നശേഷിക്കാരിയാണ് ഫാത്തിമ. ജന്മനാ 'ഓസ്റ്റിയോജനസിസ് ഇമ്പെർഫെക്റ്റ' എന്ന ജനിതക രോഗം ബാധിച്ച ഫാത്തിമയ്ക്ക് ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ അമ്പത് തവണയോളം അസ്ഥികൾ ഒടിഞ്ഞിട്ടുണ്ട്

സിനിമകളിൽ കാണുന്ന പോലെ ഒരു പ്രപ്പോസൽ സീൻ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല. ഒരുപക്ഷെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഫാത്തിമയെ മറ്റേത് പെൺകുട്ടിയുടെയും പോലെ ഒരു സാധാരണക്കാരി ആയി ഞാൻ കണ്ടു എന്നുള്ളതാകും അവൾക്ക് എന്നോട് ഇഷ്ടം തോന്നാൻ കാരണം. സിമ്പതി കലർന്ന നോട്ടം പാത്തുവിന് പണ്ടേ ഇഷ്ടമല്ല.."

യാത്രകളാണ് ഇരുവരുടെയും ആദ്യ പ്രണയം. സ്വന്തമായി എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഫാത്തിമ യാത്രകൾ സ്വപ്നം കണ്ടു എന്നതിൽ തന്നെ അവളുടെ നിശ്ചയദാർഢ്യം വ്യക്തമാണ്. ഫിറോസ് ആകട്ടെ, കേരളത്തോടുള്ള പ്രണയം കാരണം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ സൈക്കിൾ സവാരി നടത്തിയ യാത്രികനുമാണ്. പതിനാല് ദിവസം കൊണ്ട് കേരളത്തിന്റെ മുക്കും മൂലയും അരിച്ച് പെറുക്കിയ മുന്തിയ യാത്രക്കാരനെ തന്നെ പാത്തുവിന് കൂട്ടായി കിട്ടി.

സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനെടുത്ത തീരുമാനം

ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച നിമിഷം മുതൽ ഒരു കാര്യം ഫിറോസിനും ഫാത്തിമയ്ക്കും വ്യക്തമായിരുന്നു; സമൂഹത്തിൽ പൊതുവെ കാണുന്ന, പരമ്പരാഗതമായ ഒരു വിവാഹജീവിതം ആയിരിക്കില്ല തങ്ങളുടേത്.

"എനിക്ക് അങ്ങനെ വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. കൈ വെറുതെ ഇരിക്കാതെ ആളാണ് ഞാൻ. വിവാഹത്തിന് മുൻപ് കൂട്ടുകാരോടൊപ്പം ജീവിക്കുമ്പോഴും പാചകം എന്റെ സെക്ഷൻ ആണ്. എനിക്ക് പാചകം ചെയ്യാൻ വലിയ ഇഷ്ടമാണ്. അതുപോലെ വീട് ഒരുക്കൽ, വൃത്തിയാക്കൽ. എനിക്ക് വഴങ്ങാത്ത വീട്ടുജോലികൾ കുറവാണ്. അതിൽ യാതൊരു മോശവും എനിക്ക് തോന്നിയിട്ടില്ല. വീട്ടുജോലികളുടെ ഗുണഭോക്താക്കൾ സ്ത്രീകളും പുരുഷന്മാരുമാണ്. പിന്നെ സ്ത്രീകൾ മാത്രം അത് ചെയ്യണം എന്ന് വാശി പിടിക്കുന്നത് എന്തിന്?! നാളെ പാത്തുവും ഞാനും ഒന്നിച്ചുള്ള ഒരു ജീവിതത്തിൽ ആയാലും ഞാൻ തന്നെയായിരിക്കും ഈ ജോലികൾ എല്ലാം ചെയ്യുക. അതിൽ എനിക്ക് സന്തോഷവും അഭിമാനവുമാണ്."," - ഫിറോസ് പറയുന്നു -

ഭാര്യ എന്നാൽ ഭർത്താവിനെ നോക്കാനും ശുശ്രൂഷിക്കാനും വേണ്ടിയുള്ള ഒരാൾ ആണെന്ന ചിന്താഗതി ആദ്യം മാറണം

പുരുഷാധിപത്യ ആൺബോധത്തെ മലർത്തി അടിച്ചുകൊണ്ടാണ് ഫിറോസ് ഇത് പറയുന്നത്. എന്നാൽ ഫാത്തിമയ്ക്ക് തുടക്കത്തിൽ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. തന്റെ ശാരീരികാവസ്ഥയെ ഫിറോസിന്റെ കുടുംബം ശരിയായ വിധത്തിൽ അംഗീകരിക്കുമോ എന്നതായിരുന്നു ഫാത്തിമയുടെ ഭയം.

സിമ്പതിയിൽ അധിഷ്ഠിതമായ ഒരു ഇഷ്ടം ഫാത്തിമ ഒരുകാലത്തും പ്രതീക്ഷിക്കുന്നില്ല. തന്റെ രൂപം അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ഉതകുമോ, തന്റെ പരിമിതികളെയും അനന്തമായ സാധ്യതകളെയും അവർ മനസ്സിലാകുമോ എന്നെല്ലാം ആയിരുന്നു ഫാത്തിമയുടെ പേടി. എന്നാൽ രണ്ട് പെണ്മക്കളുടെ അച്ഛനമ്മമാർ കൂടി ആയ ഫിറോസിന്റെ മാതാപിതാക്കൾ ഇരുകൈയും നീട്ടി പാത്തുവിനെ സ്വീകരിച്ചു.

"ഞങ്ങൾ കേരളത്തിൽ ഫാത്തിമയുടെ കുടുംബത്തിന് ഒപ്പമാണ് കഴിയുക. ദ്വീപിലെ നാട്ടുനടപ്പും ഫാത്തിമയുടെ ആഗ്രഹവും എല്ലാം അത് തന്നെ." - ഫിറോസ് ചിരിച്ചുകൊണ്ട് പറഞ്ഞു.

മഹറായി വീൽചെയർ..

വീൽചെയർ എന്നാൽ ഫാത്തിമയ്ക്ക് വെറും 'ചക്ര കസേര' അല്ല, ചിറകാണ്; കാലുകളാണ്; കരുത്താണ്. വിവാഹ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി തുടങ്ങിയ കാലം തൊട്ടേ ഫാത്തിമയുടെ ആഗ്രഹം ഇതായിരുന്നു - തനിക്ക് മെഹർ ആയി ഒരു വീൽ ചെയർ തന്നെ വേണം! അതും സാധാരണ വീൽചെയർ അല്ല, യാത്രകളിലും മറ്റും സഹായകം ആകുന്ന അഡ്വാൻസ്ഡ് വീൽ ചെയർ. ഒരു വർഷമായി ഫാത്തിമയുടെ മനസ്സ് അറിയാവുന്ന ഫിറോസ് അവളുടെ സ്വപ്നം പോലെ മെഹർ ആയി അവൾക്കൊരു വീൽചെയർ സമ്മാനിച്ചു. "ലോകത്ത് ആദ്യമായിട്ടായിരിക്കും മഹർ ആയി ഒരു പെൺകുട്ടിക്ക് വീൽചെയർ ലഭിക്കുന്നത്.

"ഭിന്നശേഷിക്കാർക്ക് സാധാരണ മനുഷ്യരോട് ഒപ്പമോ അവരെക്കാൾ മികച്ച രീതിയിലോ ജീവിതം ആസ്വദിക്കാൻ സാധിക്കും എന്ന് രേഖപ്പെടുത്തുകയാണ് ഞങ്ങൾ ഈ ചാനൽ വഴി ലക്ഷ്യമിടുന്നത്’’

"ആദ്യമായി എന്നതിൽ ഉപരി, ചില മാറ്റങ്ങൾക്ക് തുടക്കമായി എന്ന് ചിന്തിക്കാൻ ആണ് എനിക്കിഷ്ടം. ഭിന്നശേഷിക്കാരെ സിംപതിയോടെ ആണ് സമൂഹം ഇന്നും നോക്കി കാണുന്നത്. ഞങ്ങൾക്ക് വേണ്ടത് സിമ്പതി അല്ല; അംഗീകാരമാണ്. ഈ വീൽചെയർ എനിക്ക് ചിറകും കാലുകളുമാണ്." ഫാത്തിമ ഫെയ്‌സ്ബുക്കിൽ കുറിച്ചു

അങ്ങനെ പ്രണയ സാക്ഷാത്കാരത്തിന്റെ പ്രതീകമായി ആ വീൽചെയർ മാറി. ഫിറോസിന് ഫാത്തിമയോടുള്ള പ്രണയം അനുകമ്പയിൽ അല്ല വേരുറച്ചിരിക്കുന്നത്. മറിച്ച് കരുതലിലും മനസ്സിലാക്കലിലും ആണ്. "സ്വന്തം ശരീരം സ്വന്തം ഇഷ്ടങ്ങൾക്ക് വഴങ്ങാതിരിക്കുക എന്ന അവസ്ഥ നമ്മളെ പോലെ സാധാരണ ശരീര ഘടന ഉള്ളവർക്ക് മനസ്സിലാകില്ല. എന്തൊക്കെ പറഞ്ഞാലും ചിലപ്പോൾ എങ്കിലും നമ്മൾ നമ്മുടെ കംഫർട്ട് സോണുകളിൽ വീണുപോകും.

ചില അവസരങ്ങളിൽ ഞങ്ങൾ ഏതൊരു ദമ്പതിമാരെയും പോലെ വഴക്കിടാറുണ്ട്. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ പഴയതിനേക്കാൾ നൂറിരട്ടി പ്രണയിക്കുകയും ചെയ്യും. ഭിന്നശേഷിക്കാർ നേരിടുന്ന വൈകാരിക പ്രശ്നങ്ങൾ നമ്മുടെ സമൂഹം ഇന്നും ചർച്ച ചെയ്യാൻ തുടങ്ങിയിട്ടില്ല.." - ഫിറോസ് പറയുന്നു.

ഒടുങ്ങാത്ത ചോദ്യങ്ങൾ, സംശയങ്ങൾ

ഫാത്തിമയെ ഫിറോസ് ജീവിതസഖി ആക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ട നാൾ മുതൽ പല ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി. സ്വന്തം കാര്യങ്ങൾ പോലും പരസഹായം ഇല്ലാതെ നോക്കാൻ പറ്റാത്ത പെൺകുട്ടി എങ്ങനെ കുടുംബം നോക്കും? അത്തരം ചോദ്യങ്ങളെ നേരിട്ടതിനെ കുറിച്ച് ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ:

"ഭാര്യ എന്നാൽ ഭർത്താവിനെ നോക്കാനും ശുശ്രൂഷിക്കാനും വേണ്ടിയുള്ള ഒരാൾ ആണെന്ന ചിന്താഗതി ആദ്യം മാറണം.ഞാനും പാത്തുവും വിവാഹം ചെയ്യാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മുതൽ ഞങ്ങൾ നേരിട്ട ചോദ്യങ്ങൾ കേട്ടാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല. ഞങ്ങൾ എങ്ങനെ കുടുംബജീവിതം നയിക്കും, ഞങ്ങൾ എങ്ങനെ സെക്സ് ചെയ്യും, ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്നുവരെ ആളുകൾ ചോദിച്ചു. പലരും ആത്മാർത്ഥമായ ആശങ്ക കൊണ്ട് ചോദിച്ച് പോകുന്നതാണ്.

എന്തായാലും അവരോട് ഒക്കെ എനിക്ക് ഒന്നേ പറയാനുള്ളൂ: ഈ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള ഉത്തരം ഞങ്ങൾ വാ കൊണ്ട് പറയേണ്ടതല്ല, മറിച്ച് ജീവിച്ച് കാണിക്കേണ്ടതാണ്.ശാരീരിക ബന്ധം പുലർത്തേണ്ടത് എങ്ങനെ, തുടർന്നുള്ള ജീവിതത്തിൽ പാത്തുവിന് ഗർഭം ധരിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളിൽ പാത്തുവിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ വിദഗ്ധ അഭിപ്രായം തേടിക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അത് സാധിക്കില്ല എന്നാണ് പറയുന്നതെങ്കിൽ ഞങ്ങൾ കുഞ്ഞുങ്ങളെ ദത്തെടുക്കും. എത്ര കുട്ടികളാണ് അച്ഛനമ്മമാരുടെ സ്നേഹം കൊതിച്ച് ഈ ഭൂമിയിൽ കഴിയുന്നത്'' ഫിറോസ് പറയുന്നു.

"നാട്ടുനടപ്പുകളുടെ പൊളിച്ചെഴുത്ത്..

ഫിറോസ് തന്റെ പ്രണയ സാക്ഷാത്കാരത്തിലൂടെ കുറെയേറെ നാട്ടുനടപ്പുകൾ പൊളിച്ച് എഴുതുകയാണ്. പുരുഷത്വത്തിന്റെ ലക്ഷണം കല്പനയുടെ സ്വരമോ ഭരണമോ അല്ല; മറിച്ച് കരുതലും സ്നേഹവും എല്ലാം ആണെന്ന് ഈ ചെറുപ്പക്കാരൻ അടിവര ഇടുന്നു. ഇവരുടെ പ്രണയത്തിന്റെ ഭാഷയിൽ ഫിറോസ് കടലാണ്; ഫാത്തിമ നിലാവും. കടലും നിലാവും എന്ന തങ്ങളുടെ യൂട്യൂബ്‌ ചാനലിലൂടെ തങ്ങളുടെ ജീവിതവും സ്വപ്നങ്ങളും യാത്രകളും എല്ലാം പങ്കുവയ്ക്കാൻ ആണ് നവദമ്പതിമാർ തീരുമാനിച്ചിരിക്കുന്നത്.

"ഭിന്നശേഷിക്കാർക്ക് സാധാരണ മനുഷ്യരോട് ഒപ്പമോ അവരെക്കാൾ മികച്ച രീതിയിലോ ജീവിതം ആസ്വദിക്കാൻ സാധിക്കും എന്ന് രേഖപ്പെടുത്തുകയാണ് ഞങ്ങൾ ഈ ചാനൽ വഴി ലക്ഷ്യമിടുന്നത്. പാത്തുവിന് നിലവിൽ ഉള്ള ചാനലും ഒപ്പം കൊണ്ടുപോകും. ഇതിനെല്ലാം ഇടയിൽ തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിൽ ആണ് ഫാത്തിമ," ഫിറോസ് അഭിമാനത്തോടെ പറയുന്നു.

ഫിറോസിന്റെ വാക്കുകളിൽ ഇരുപത്തിയഞ്ച് വയസ്സിന്റെ നിഷ്കളങ്കത അല്ല; മറിച്ച് നാടും നഗരവും ജീവിതവും കണ്ട ഒരു ചെറുപ്പക്കാരന്റെ പക്വതയാണ്. ഇരുപത്തിയഞ്ച് കാരിയായ ഫാത്തിമ ഹോമിയോ മെഡിസിൻ പാസായ ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ്.