Feb 16 • 8M

ആർത്തവദിനങ്ങളെ ഈസി ആക്കാൻ 'എക്കോ-ഫ്രണ്ട്‌ലി മെൻസ്ട്രൽ കപ്പുമായി' ഒരു തൃശ്ശൂർകാരി

പരിസ്ഥിതിക്ക് ഭീഷണി ഉയർത്താത്ത, ആവർത്തിച്ച് ഉപയോഗിക്കാവുന്ന താരം സാനിറ്ററി നാപ്കിൻ അന്വേഷിച്ച് ആയിരുന്നു രശ്മിയുടെ റിസർച്ചുകൾ. എന്നാൽ അതിന്റെ ഫലം മെൻസ്ട്രൽ കപ്പ് എന്ന ഓപ്‌ഷൻ ആയിരുന്നു

Anagha Jayan E
Comment
Share
 
1.0×
0:00
-8:06
Open in playerListen on);
Episode details
Comments

ആവശ്യത്തിൽ നിന്നുമാണ് ഓരോ കണ്ടുപിടുത്തങ്ങളും ഉടലെടുക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾക്കും മാലിന്യ നിർമ്മാർജ്ജനത്തിനും വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന 'എർത്ത് കെയർ സൊല്യൂഷൻസ്' ഉടമ സ്വന്തം ആർത്തവ ദിനങ്ങളിൽ സാനിറ്ററി പാഡുകൾ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നതിനെ കുറിച്ച് ചിന്തിക്കുക എങ്കിലും ചെയ്യുമോ? രശ്മി രാജേഷ് എന്ന തൃശ്ശൂർ സ്വദേശിനി തനിക്കും മുഴുവൻ സ്ത്രീജനങ്ങൾക്ക് വേണ്ടിയും കണ്ടെത്തിയ എക്കോ-ഫ്രണ്ട്ലി മെൻസ്ട്രൽ കപ്പിന്റെ ആവേശം പകരുന്ന കഥ കേൾക്കാം..

"അഷ്ടമിച്ചിറ എന്ന ഗ്രാമത്തിൽ നിന്ന് തൃശ്ശൂർ നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പൂങ്കുന്നത്തേക്ക് താമസം മാറ്റിയപ്പോൾ ഞങ്ങളുടെ മാലിന്യ നിർമാർജന പദ്ധതികൾ എല്ലാം താറുമാർ ആയി. അങ്ങനെയാണ് വെർമി കമ്പോസ്റ്റ് എന്ന ആശയത്തിലേക്ക് എത്തുന്നത്. അത് പിന്നീട് ഞങ്ങളുടെ വ്യാവസായിക സംരംഭത്തിന്റെ അടിത്തറ ആയി മാറുകയായിരുന്നു. അപ്പോഴെല്ലാം മാസമുറ കഴിയുമ്പോഴേക്ക് കുമിഞ്ഞ് കൂടുന്ന സാനിറ്ററി വെയിസ്റ്റ് ഒരു പ്രധാന പ്രശ്നം ആയി നില നിന്നു. അതിനൊരു പരിഹാരം വേണം എന്നത് എന്റെ അടിയന്തിര ആവശ്യം ആയി," രശ്മി ഓർത്തെടുക്കുന്നു.

സാനിറ്ററി വെയ്സ്റ്റ് കത്തിച്ച് കളഞ്ഞാൽ അത് അയൽക്കാർക്ക് ശല്യം ആകും. പരിസ്ഥിതി സൗഹാർദ രീതിയിൽ അവ ഉപേക്ഷിക്കാൻ വകുപ്പും ഇല്ല. രശ്മിയുടെ പങ്കാളി രാജേഷ് സ്വന്തം സുഹൃത്തുക്കൾക്ക് ഒപ്പം, ഫ്ലാറ്റുകൾക്കും റെസിഡൻസ് അസോസിയേഷനുകൾക്കും മറ്റും വെർമി കമ്പോസ്റ്റ് ചെയ്ത് കൊടുക്കുന്ന ഒരു കമ്പനി തുടങ്ങിയ സമയം ആയിരുന്നു അത്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ വൻകിട ഭരണ സ്ഥാപനങ്ങൾ പോലും കമ്പനിയുടെ കസ്റ്റമർമാർ ആകാൻ തുടങ്ങിയിരുന്നു. അങ്ങനെ മാലിന്യ നിർമാർജന രംഗത്ത് അവർ മികവ് നേടി വരുമ്പോൾ ആണ് സാനിറ്ററി പാഡുകൾ അവർക്ക് വീണ്ടും പ്രതിസന്ധി ഉയർത്തുന്നത്.

സാനിറ്ററി വെയ്സ്റ്റ് കത്തിച്ച് കളഞ്ഞാൽ അത് അയൽക്കാർക്ക് ശല്യം ആകും. പരിസ്ഥിതി സൗഹാർദ രീതിയിൽ അവ ഉപേക്ഷിക്കാൻ വകുപ്പും ഇല്ല

മാലിന്യം ശേഖരിക്കുന്നവർ സാനിറ്ററി വെയ്സ്റ്റ് തൊടാനോ ശേഖരിക്കാനോ തയ്യാറല്ല. ടോയ്‌ലറ്റ് പൈപ്പുകൾ പോലും തടസ്സപ്പെടുത്തുന്ന, ദുർഗന്ധം വമിക്കുന്ന ആ ചീഞ്ഞളിഞ്ഞ പാഡുകൾ കൈ കൊണ്ട് എടുക്കണം എന്ന് ജോലിക്കാരോട് പറയാനും രാജേഷിന് മനസ്സ് വന്നില്ല. അങ്ങനെ സാനിറ്ററി പാഡുകൾ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോൾ രശ്മി ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു: സാനിറ്ററി നാപ്കിനുകൾക്ക് ബദൽ ആയി, സുസ്ഥിരമായ ഒരു സംവിധാനം കൊണ്ട് വരണം. ഇനിയുള്ള കാലം എങ്കിലും ആർത്തവം സ്ത്രീകൾക്ക് ഒരു ആഗോള പ്രശ്നം ആകരുത്.

പരിസ്ഥിതിക്ക് ഭീഷണി ഉയർത്താത്ത, ആവർത്തിച്ച് ഉപയോഗിക്കാവുന്ന താരം സാനിറ്ററി നാപ്കിൻ അന്വേഷിച്ച് ആയിരുന്നു രശ്മിയുടെ റിസർച്ചുകൾ. എന്നാൽ അതിന്റെ ഫലം മെൻസ്ട്രൽ കപ്പ് എന്ന ഓപ്‌ഷൻ ആയിരുന്നു. "വർഷങ്ങൾ കുറച്ച് മുൻപാണ്. അന്ന് മെൻസ്ട്രൽ കപ്പുകൾ ഇത്രത്തോളം പ്രചാരത്തിൽ ഇല്ല. എനിക്ക് ആദ്യം നല്ല പേടിയും ടെൻഷനും ആയിരുന്നു. ഒരു ഫോറിൻ വസ്തു നമ്മുടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റുക എന്നത് തികച്ചും ആശങ്ക ഉളവാക്കുന്ന കാര്യം ആയിരുന്നു.

പക്ഷെ ചെയ്തേ മതിയാകൂ. അതുകൊണ്ട് ഞാൻ വൈകാതെ തന്നെ ഒരു മെൻസ്ട്രൽ കപ്പ് വാങ്ങി ഉപയോഗിച്ച് നോക്കി. അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ ആയിരുന്നു! ആർത്തവ ദിനങ്ങൾ ആണെന്ന് തന്നെ മറന്നുപോയി. ഞാൻ എന്റെ സഹോദരിക്കും കസിന്സിനും എല്ലാം മെൻസ്ട്രൽ കപ്പുകൾ സമ്മാനിച്ചു. അവർക്കും വളരെ പോസിറ്റിവ് ആയ റിസൾട്ടുകൾ. പരിചയത്തിൽ ഉള്ള കൂടുതൽ പേര് സന്തോഷത്തോടെ വാങ്ങാൻ തുടങ്ങിയപ്പോൾ ആണ് ഞങ്ങൾ ഇതിൽ ഒരു ബിസിനസ് ഐഡിയ ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കിയത്," രശ്മിയുടെ വാക്കുകൾ..

അങ്ങനെ ഉള്ളതിൽ ഏറ്റവും നല്ല മറ്റീരിയൽസ് നോക്കി ചൈനയിൽ നിന്നും രശ്മിയും രാജേഷും മെൻസ്ട്രൽ കപ്പുകൾ വരുത്തിച്ചു. ഇരുവരുടെയും ബോധവത്കരണങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും കൂടി ആയപ്പോൾ എല്ലാം ചൂടപ്പം പോലെ വിറ്റു പോയി. അങ്ങനെ അവർ ഇന്ത്യയിൽ തന്നെ മെൻസ്ട്രൽ കപ്പുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. രാജേഷിന്റെ ബിസിനസ് പാർട്ട്ണർമാർ ആയ മുകുന്ദനോടും പ്രവീണിനോടും ചർച്ച ചെയ്ത്, 'വി കപ്പ്' എന്നൊരു ബ്രാൻഡ് തന്നെ അവർ രൂപകൽപന ചെയ്തു. V എന്നാൽ വിക്ടറി മാത്രമല്ല, വജൈന കൂടിയാണ്. അതിൽ എല്ലാം ഉപരി, മെൻസ്ട്രൽ കപ്പിന്റെ ആകൃതി തന്നെ V എന്ന അക്ഷരം പോലെയാണല്ലോ.

രശ്മിയും രാജേഷും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപ്പറേറ്റ് ഓഫീസുകളും കയറി ഇറങ്ങി മെൻസ്ട്രൽ കപ്പിനെ കുറിച്ചും ആർത്തവ ശുചിത്വത്തെ കുറിച്ചും സാനിറ്ററി പാഡുകൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും എല്ലാം ക്ലാസുകൾ സംഘടിപ്പിച്ചു

ഇനിയുള്ള യാത്ര അത്ര എളുപ്പം ഉള്ളത് ആയിരുന്നില്ല. കേരളത്തിൽ അധികം ആർക്കും മെൻസ്ട്രൽ കപ്പുകളെ കുറിച്ച് അറിയുക പോലും ഉണ്ടായിരുന്നില്ല. രശ്മിയും രാജേഷും വിദ്യാഭ്യാസ സ്ഥാപനങ്ങളും കോർപ്പറേറ്റ് ഓഫീസുകളും കയറി ഇറങ്ങി മെൻസ്ട്രൽ കപ്പിനെ കുറിച്ചും ആർത്തവ ശുചിത്വത്തെ കുറിച്ചും സാനിറ്ററി പാഡുകൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും എല്ലാം ക്ലാസുകൾ സംഘടിപ്പിച്ചു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഈ പുതിയ ആശയം പ്രചരിപ്പിക്കാൻ ഇവർ യാത്രകൾ നടത്തി.

"ആദ്യകാലത്ത് എല്ലാ വർക്ക്ഷോപ്പുകളിലും ഞങ്ങൾ നേരിട്ടത് തുറിച്ചുനോട്ടങ്ങളും മടിയും മറ്റുമാണ്. അവർ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയില്ലെങ്കിലും ആർത്തവ ശുചിത്വത്തെ കുറിച്ചും അനാട്ടമിയെ കുറിച്ചും എല്ലാം പങ്കെടുക്കുന്നവർക്ക് വിവരം ലഭിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. പെൺകുട്ടികൾക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാവുന്ന പ്രായത്തിന് ഏറെ മുൻപേ തന്നെ ആർത്തവം തുടങ്ങുന്നു. അതുകൊണ്ട് ആദ്യം ബോധവത്കരിക്കേണ്ടത് മുതിർന്നവരെയും മാതാപിതാക്കളെയും ഒക്കെയാണ്," രാജേഷ് കൂട്ടി ചേർത്തു.

എന്തായാലും സ്വന്തമായി പ്രൊഡക്ഷൻ തുടങ്ങിയപ്പോൾ രശ്മി മറ്റൊരു മുന്നേറ്റം കൂടി നടത്തി - നിർമ്മാണം സിലിക്കോൺ കൊണ്ടാക്കി. കത്തിച്ചാൽ പ്രകൃതിയിൽ വിഘടിച്ച് ലയിക്കുന്ന സിലിക്കോൺ ഒരംശം പോലും പ്രകൃതിക്ക് ദോഷം വരുത്തുന്നില്ല. പ്ലാസ്റ്റിക്കോ ഫൈബറോ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒന്നും തന്നെ സിലിക്കോൺ സൃഷ്ടിക്കുന്നതുമില്ല. കഴിഞ്ഞ ഒൻപത് വർഷത്തോളമായി രശ്മി മെൻട്രൽ കപ്പുകൾ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹാർദ ആർത്തവ ദിനങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

"മെൻസ്ട്രൽ കപ്പ് ഇല്ലായിരുന്നെങ്കിൽ ഈ കഴിഞ്ഞ ഒൻപത് വർഷങ്ങൾ ഞാൻ ഉപയോഗിച്ച് പുറം തള്ളിയേക്കുമായിരുന്ന പ്ലാസ്റ്റിക്/ കോട്ടൻ/ ജെൽ പാഡുകൾ എത്രത്തോളം വരും? എന്നെക്കൊണ്ട് കഴിയുന്നത്ര കുറച്ച് ദോഷമേ ഞാൻ പരിസ്ഥിതിക്ക് വരുത്തുന്നുള്ളൂ എന്നത് എനിക്ക് എന്നും അഭിമാനം ആണ്. നമ്മുടെ നാട്ടിലെ എല്ലാ സ്ത്രീകളും ഇതുപോലെ ചെയ്‌താൽ എത്രകണ്ട് മാലിന്യം കുറയും?," - രശ്മി ചോദിക്കുന്നു.

മെൻസ്ട്രൽ കപ്പുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും വസ്തുതകളും...

1. ശ്രദ്ധിക്കാതിരുന്നാൽ മെൻസ്ട്രൽ കപ്പുകൾ ഗർഭപാത്രത്തിന് അകത്തേക്ക് കയറിപ്പോകുമോ?

ഒരിക്കലുമില്ല. ഇടുപ്പെല്ലിന്റെ ആകൃതി തന്നെ പുറമെ നിന്നുള്ള വസ്തുക്കൾ ബലം പ്രയോഗിക്കാതെ ഗർഭപാത്രത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാത്ത തരത്തിൽ ആണ്.

2. മെൻസ്ട്രൽ കപ്പുകൾ ഉള്ളിലേക്ക് വയ്ക്കുമ്പോൾ വേദനിക്കുമോ?

ആദ്യ ഉപയോഗത്തിൽ പരിചയക്കുറവ് മൂലം വജൈനയിൽ ബലം പിടിക്കുന്നത് കൊണ്ട് മാത്രം ചിലർക്ക് വേദനിക്കാം. പക്ഷെ തുടർച്ചയായ ഉപയോഗം കൊണ്ട് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം എന്ന മെൻസ്ട്രൽ കപ്പ് നമ്മോട് ഇണങ്ങും. പിന്നീട് വേദന തോന്നുകയേ ഇല്ല.

മെൻസ്ട്രൽ കപ്പ് കൊണ്ട് മാത്രം ഇൻഫെക്ഷൻ വരികയില്ല. ജെൽ-ബെയ്‌സ് ആയ സാനിറ്ററി നാപ്കിനുകളെക്കാൾ ഏറെ ഗുണകരവും ആരോഗ്യകരവും ആണ് മെൻസ്ട്രൽ കപ്പുകൾ

3. കപ്പ് നിറഞ്ഞോ ഇല്ലയോ എന്ന് എങ്ങനെ അറിയും? ലീക്ക് ആകില്ലേ?

കൃത്യമായ ഇടവേളകളിൽ കപ്പ് വൃത്തിയാക്കിയാൽ ഒരിക്കലും ലീക്ക് ആകില്ല. വജൈനയിൽ കൃത്യമായി ഒരു സീലിംഗ് പോലെ നിൽക്കാവുന്ന രീതിയിൽ ആണ് കപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. തുടർച്ചയായ ഉപയോഗം കൊണ്ട് എത്ര നേരം ഇടവിട്ട് ആണ് കപ്പ് വൃത്തിയാക്കേണ്ടത് എന്ന് ഓരോരുത്തർക്കും സ്വയം ധാരണ വരും.

4. മെൻസ്ട്രൽ കപ്പ് ഇൻഫെക്ഷൻ സൃഷ്ടിക്കുമോ?

മെൻസ്ട്രൽ കപ്പ് കൊണ്ട് മാത്രം ഇൻഫെക്ഷൻ വരികയില്ല. ജെൽ-ബെയ്‌സ് ആയ സാനിറ്ററി നാപ്കിനുകളെക്കാൾ ഏറെ ഗുണകരവും ആരോഗ്യകരവും ആണ് മെൻസ്ട്രൽ കപ്പുകൾ.

5. അവസാനമായി, മെൻസ്ട്രൽ കപ്പ് കന്യാചർമ്മം ഭേദിക്കുമോ?

മെൻസ്ട്രൽ കപ്പ് വജൈനയുടെ അകത്തേക്ക് പ്രവേശിപ്പിക്കപ്പെടുന്ന ഒരു ഡിവൈസ് ആണ്. തീർച്ചയായും കന്യാചർമ്മം ഭേദിക്കപ്പെട്ടേക്കാം. അതുകൊണ്ട് എന്താണ്? നീന്തൽ കൊണ്ടോ സൈക്കിൾ ചവിട്ടുന്നത് കൊണ്ടോ എല്ലാം കന്യാചർമ്മം ഭേദിക്കപ്പെടും. കന്യാചർമ്മം അല്ല പ്രശ്നം, അതിനെ ചുറ്റിപ്പറ്റി ഉള്ള അന്ധവിശ്വാസങ്ങൾ ആണ്.