Feb 14

ഡിസേബിലിറ്റി ഒരു മോശം വാക്കല്ല, മോശപ്പെട്ട അവസ്ഥയും അല്ല - ശാരദാദേവിക്ക് ചിലത് പറയാനുണ്ട്!

ഡിസേബിൾഡ് വ്യക്തികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിലെ പാളിച്ചകൾ ചൂണ്ടി കാട്ടുന്നതോടൊപ്പം, ഡിസേബിലിറ്റി സ്ത്രീകളോട് ചെയ്യുന്നത് എന്ത് എന്ന് ആദ്യമായി തുറന്ന് പറയുക കൂടിയാണ് ശാരദാദേവി

Anagha Jayan E
Comment
Share
 
1.0×
--:--
--:--
Open in playerListen on);
Episode details
Comments

ഡിസേബിലിറ്റി സ്റ്റഡീസിൽ ഡോക്ടറേറ്റ് എടുത്ത മലയാളി വനിത.. സ്വന്തം ശാരീരികാവസ്ഥയെ 'പരിമിതി' എന്ന് വിശേഷിപ്പിക്കുമ്പോൾ അതിന് കാരണം സമൂഹം മാത്രമാണ് എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് ശാരദാദേവി എന്ന ഈ മുപ്പത്തിരണ്ടുകാരി. ഡിസേബിൾഡ് വ്യക്തികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിലെ പാളിച്ചകൾ ചൂണ്ടി കാട്ടുന്നതോടൊപ്പം, ഡിസേബിലിറ്റി സ്ത്രീകളോട് ചെയ്യുന്നത് എന്ത് എന്ന് ആദ്യമായി തുറന്ന് പറയുക കൂടിയാണ് ശാരദാദേവി. തനിക്ക് ചുറ്റുമുള്ള കുറെ മനുഷ്യരുടെ ജീവിതങ്ങൾ കൊണ്ട് സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാട് ആണ് യഥാർത്ഥ ഡിസേബിലിറ്റി എന്ന് തുറന്ന് കാട്ടുക കൂടിയാണ് ശാരദ..

ഡിസേബിലിറ്റി ഒരു മോശം പദമല്ല..

'അംഗപരിമിതർ' എന്ന അർത്ഥത്തോടെയാണ് ഡിസേബിൾഡ് എന്ന പദം പൊതുസമൂഹം ഇത്രനാൾ ഉപയോഗിച്ച് പോന്നത്. എന്നാൽ ഡിസേബിലിറ്റി എന്ന വാക്ക് ശരീരത്തിന്റെ ഒരാവസ്ഥയെയും സൂചിപ്പിക്കുന്നില്ല എന്നാണ് ശാരദയുടെ കാഴ്ചപ്പാട്. "വൈകല്യം എന്ന പരുഷമായ മലയാള പദത്തിന്റെ ഇംഗ്ലീഷ് ആയാണ് ഡിസേബിലിറ്റി എന്ന വാക്ക് ഇത്രനാൾ കണ്ടിരുന്നത്. എന്നാൽ അതിന്റെ യഥാർത്ഥ ഇംഗ്ലീഷ് പദം ഇമ്പെയർമെന്റ് ആണ്. ഡിസേബിലിറ്റി എന്നാൽ പരിമിതി എന്നോ പ്രാപ്തിക്കുറവ് എന്നോ ഒക്കെയേ അർഥം വരൂ. ഈ അപ്രാപ്തി മനുഷ്യരുടെയോ അവരുടെ ശാരീരികാവസ്ഥയുടെയോ അല്ല, സമൂഹത്തിന്റെയും സാമൂഹ്യ സംവിധാനങ്ങളുടെയും ആണ്.

ശാരീരിക സവിശേഷതകൾ ഉള്ള വ്യക്തികളെ ഉൾക്കൊള്ളാൻ ഉള്ള പര്യാപ്തി സമൂഹത്തിനും അതിന്റെ സംവിധാനങ്ങൾക്കും ഇല്ലാത്തത് കൊണ്ട് മാത്രം പരിമിതികൾ അഭിമുഖീകരിക്കേണ്ടി വരുന്നവർ. ശരിയാണ്, ഡിസേബിൾഡ് വ്യക്തികൾ പരിമിതികൾ നേരിടുന്നുണ്ട്. അത് ഒരിക്കലും സ്വന്തം ശരീരം കൊണ്ടല്ല, ആ ശരീരത്തോടെ സ്വതന്ത്രമായി ജീവിക്കാനുള്ള സംവിധാനങ്ങൾ സമൂഹത്തിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. അതുകൊണ്ട് ഡിസേബിലിറ്റി ഒരു മോശം പദമല്ല," ശാരദ വിശദീകരിക്കുന്നു.

"ഡിസേബിൾഡ് വ്യക്തികൾക്ക് യാതൊരു സവിശേഷ സിദ്ധികളും ഇല്ല. അവർ സാധാരണ മനുഷ്യർ ആണ്. ഓരോ മനുഷ്യരും വ്യത്യസ്തർ ആണല്ലോ.. അതുപോലെ അവർക്കും വ്യത്യസ്തതകൾ ഉണ്ട്’’

ഈ വാക്കിന് പകരം ആയി ആഗോള തലത്തിൽ ഉപയോഗിക്കുന്ന 'ഡിഫറന്റ്ലി ഏബിൾഡ്,' സ്പെഷ്യൽ നീഡ്‌സ് പീപ്പിൾ തുടങ്ങിയ പദങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം ആണ് ചെയ്യുന്നത് എന്നാണ് ശാരദയുടെ അഭിപ്രായം. "ഡിസേബിൾഡ് വ്യക്തികൾക്ക് യാതൊരു സവിശേഷ സിദ്ധികളും ഇല്ല. അവർ സാധാരണ മനുഷ്യർ ആണ്. ഓരോ മനുഷ്യരും വ്യത്യസ്തർ ആണല്ലോ.. അതുപോലെ അവർക്കും വ്യത്യസ്തതകൾ ഉണ്ട്. അത് സമൂഹത്തിന്റെ ഡൈവേഴ്സിറ്റിയിലേക്ക് ആണ് മുതൽക്കൂട്ട് ആകുന്നത്. ഇനിയും വ്യത്യാസവും സവിശേഷതയും ഞങ്ങൾക്ക് കല്പിച്ച് തരരുത്. സാധാരണ മനുഷ്യർ ആയി ഈ സമൂഹത്തിൽ ജീവിക്കാൻ ആണ് താത്പര്യം," ശാരദ പറയുന്നു.

എന്താണ് സമൂഹം ഡിസേബിൾഡ് വ്യക്തികളോട് ചെയ്യുന്നത്?

ശാരദാദേവിയുടെ അഭിപ്രായത്തിൽ സമൂഹം ഡിസേബിൾഡ് വ്യക്തികൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം അവകാശം എന്നതിൽ ഉപരി ഔദാര്യം എന്ന നിലയിലാണ്. "ഡിസേബിൾഡ് വ്യക്തികൾക്ക് ഈ സമൂഹത്തിൽ മറ്റാരെയും പോലെ ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കാൻ വേണ്ടി സർക്കാരും മറ്റ് സ്ഥാപനങ്ങളും ചെയ്യുന്ന കാര്യങ്ങളെ ഔദാര്യം ആയി ചിത്രീകരിക്കുന്ന മനോഭാവം ആണ് ഇന്നുള്ളത്. 'നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇത്രയൊക്കെ ചെയ്തു' എന്ന ധ്വനി ആണ് ഓരോ സഹായഹസ്തത്തിനും പിന്നിൽ.

ഞങ്ങൾക്ക് ഡിസേബിലിറ്റി പെൻഷൻ ലഭിക്കുന്നത് പോലും ഏബിൾഡ് വ്യക്തികളുടെ ടാക്സ് തുകയിൽ നിന്നാണ് എന്ന ഗർവ്വ് കാണിക്കുന്നവർ ഇന്നുമുണ്ട്. ഒരു പൊതുസ്ഥാപനത്തിൽ വീൽചെയർ സൗഹാർദ്ദ റാമ്പ് സ്ഥാപിച്ചാൽ, വിഷ്വലി ഡിസേബിൾഡ് ആയ വ്യക്തികളെ ഉൾപ്പെടുത്തി ഒരു തൊഴിലിടം സ്ഥാപിച്ചാൽ, എന്തിന് അധികം - വീൽചെയർ കമ്മ്യൂണിറ്റി കുടിൽ വ്യവസായം ആയി നടത്തുന്ന പേപ്പർ പേനകൾ വാങ്ങുമ്പോൾ പോലും 'നിങ്ങൾക്ക് ഒരു സഹായം ആകുമല്ലോ' എന്ന് ഉറക്കെ പറയുകയും പിന്നീട് അതിന്മേൽ വില പേശുകയും ചെയ്യുന്നവർ ആണ് കൂടുതൽ," ശാരദാദേവി പറയുന്നു.

കെയർഗിവിങ് എന്ന ഒരൊറ്റ വിഷയം മുൻനിർത്തി ജോലി, വൈവാഹിക ബന്ധങ്ങൾ, സാമൂഹ്യ ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഡിസേബിൾഡ് വ്യക്തികൾക്ക് നഷ്ടപ്പെടുന്നുണ്ട് എന്നാണ് ശാരദാദേവിയുടെ അഭിപ്രായം

കെയർഗിവിങ് ഒരു സാമൂഹ്യ പ്രശ്നമാണോ?

ആണെന്ന് തന്നെ വേണം പറയാൻ. കെയർഗിവിങ് എന്ന ഒരൊറ്റ വിഷയം മുൻനിർത്തി ജോലി, വൈവാഹിക ബന്ധങ്ങൾ, സാമൂഹ്യ ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഡിസേബിൾഡ് വ്യക്തികൾക്ക് നഷ്ടപ്പെടുന്നുണ്ട് എന്നാണ് ശാരദാദേവിയുടെ അഭിപ്രായം. "ഒരു പുരുഷനിൽ നിന്നായാലും സ്ത്രീയിൽ നിന്നായാലും പാട്രിയാർക്കൽ സമൂഹം പ്രതീക്ഷിക്കുന്ന ചില കർത്തവ്യങ്ങൾ ഉണ്ട്.

സമൂഹത്തിന്റെ വൈവിധ്യം അംഗീകരിച്ച് മനുഷ്യരുടെ വൈവിധ്യങ്ങൾക്ക് അനുസൃതം ആയ കർത്തവ്യങ്ങൾ അല്ല അവ. പുരുഷൻ, സ്ത്രീ എന്നീ ദ്വന്ത്വങ്ങളിൽ നിന്ന് കൊണ്ട് ഏബിൾഡ് ആയ വ്യക്തികളെ മാത്രം പരിഗണിച്ചുകൊണ്ട് രൂപപ്പെടുത്തിയ ചുമതലകൾ ആണ്. അത് പാലിക്കാൻ പറ്റുന്നില്ല എന്നത് ഡിസേബിൾഡ് വ്യക്തികളുടെ വലിയ കുറവായി ഇതേ സമൂഹം കാണുന്നു," അവർ പറഞ്ഞു.

യാത്ര ചെയ്യുക, കായികമായ തൊഴിലുകളിൽ ഏർപ്പെടുക, മുഖ്യധാരാ സമൂഹം പ്രതീക്ഷിക്കുന്ന തരത്തിൽ കുടുംബം പുലർത്തുക, സമ്പാദിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുരുഷന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് എങ്കിൽ കുട്ടികളെ പ്രസവിക്കുക, കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുക, വീട്ടുജോലികൾ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുരുഷൻ കുടുംബത്തെ സംരക്ഷിക്കേണ്ടവനും സ്ത്രീ കുടുംബത്തെ ശുശ്രൂഷിക്കേണ്ടവളും ആണ് എന്നാണ് പാട്രിയാർക്കൽ സമൂഹം നിശ്ചയിച്ചിരിക്കുന്നത്.

രണ്ട് സാഹചര്യങ്ങളിലും കെയർഗിവിങ് ഒരു പ്രതിസന്ധിയോ അധിക ബാധ്യതയോ ആയാണ് സമൂഹം കാണുന്നത്. പിന്നെയും ഒരു ഡിസേബിൾഡ് പുരുഷനെ ഏബിൾഡ് ആയ സ്ത്രീ വിവാഹം കഴിച്ചാൽ അത് പ്രണയത്തിന്റെ മഹത്വവത്കരണം ആയി മാധ്യമങ്ങൾ ഉയർത്തി കാട്ടാറുണ്ട്. ഈ സംവിധാനത്തിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണ്. ബൈനറി ചിന്താഗതി മാറി, വൈവിധ്യത്തെ ഉൾകൊള്ളുന്ന ഒരു സാമൂഹ്യ സംവിധാനം വന്നാലേ ഇതിന് ഒരു മാറ്റം ഉണ്ടാകൂ. രണ്ട്‍ പേര് പ്രണയത്തോടെ ഒന്നിച്ച് ജീവിക്കുന്നതാണ് വിവാഹം എന്ന സന്തുലിതമായ ചിന്താഗതിയാണ് നിലവിൽ വരേണ്ടത്.

ഡിസേബിലിറ്റിയും ജോലി സാധ്യതകളും

കോർപ്പറേറ്റ് സെക്ടറിൽ ഡിസേബിൾഡ് വ്യക്തികളുടെ പ്രാതിനിധ്യം തുലോം കുറവ് തന്നെയാണ്. എന്നിരുന്നാലും മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ കൂടുതൽ ഡിസേബിൾഡ് വ്യക്തികൾ കോർപ്പറേറ്റ് തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുന്നുണ്ട് എന്നാണ് ശാരദാദേവി അഭിപ്രായപ്പെടുന്നത്. "ഡിസേബിൾഡ് വ്യക്തികൾക്ക് തൊഴിലടങ്ങൾ ആക്സസിബിൾ ആക്കാൻ കമ്പനികൾ മടിക്കുന്നത് പലപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾക്കും മെയ്ന്റനന്സിനും മറ്റുമുള്ള ചെലവ് കണക്കിലെടുത്ത് ആണ്.

കോർപ്പറേറ്റ് സെക്ടറിൽ ഡിസേബിൾഡ് വ്യക്തികളുടെ പ്രാതിനിധ്യം തുലോം കുറവ് തന്നെയാണ്. എന്നിരുന്നാലും മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ കൂടുതൽ ഡിസേബിൾഡ് വ്യക്തികൾ കോർപ്പറേറ്റ് തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടുന്നുണ്ട്

എന്നാൽ ഇതൊരു വൺ - ടൈം - ഇൻവെസ്റ്റ്‌മെന്റ് ആണ് എന്ന് ഒരിക്കലും കമ്പനികൾ ചിന്തിക്കുന്നില്ല. അവർ ഒരൊറ്റ വട്ടം ചെലവഴിക്കുന്ന പണം കൊണ്ട് നിരവധി ഡിസേബിൾഡ് വ്യക്തികൾക്ക് മറ്റുള്ളവരെ പോലെ സമൂഹത്തിൽ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. ഒപ്പം സമൂഹത്തിന് നല്ലൊരു സന്ദേശവും," ശാരദാദേവി പറഞ്ഞു.

ലെമൺ ട്രീ എന്ന ഗ്ലോബൽ റെസ്റ്ററന്റ് ചെയിൻ ഡിസേബിൾഡ് വ്യക്തികളെ തങ്ങളുടെ എല്ലാ പ്രവർത്തന മേഖലകളിലും ഉൾപെടുത്താൻ ഉള്ള സംവിധാനങ്ങൾ സൃഷ്ടിച്ചത് ആണ് ഇതിനൊരു ഉദാഹരണം ആയി ശാരദ ചൂണ്ടിക്കാട്ടുന്നത്. "കോവിഡ് സാഹചര്യം ഒരു തരത്തിൽ ഡിസേബിൾഡ് വ്യക്തികൾക്ക് വലിയ അനുഗ്രഹം ആയിട്ടുണ്ട്. വർക്ക് ഫ്രം ഹോം ജോലികൾ തഴച്ച് വളർന്നതോടെ കഴിവുള്ള, വിദ്യാഭ്യാസവും സ്കില്ലും ഉള്ള ഡിസേബിൾഡ് വ്യക്തികൾക്ക് സ്വന്തം വീട്ടിൽ, കംഫർട്ട് സോണിൽ ഇരുന്ന് ഇഷ്ട ജോലികൾ ചെയ്യാവുന്ന സംവിധാനം ആയിട്ടുണ്ട്.

എങ്കിലും താൽക്കാലികം ആയി മാത്രം വർക്ക് ഫ്രം ഹോം കൊടുത്തിരിക്കുന്ന കമ്പനികൾ ഭാവി മുന്നിൽ കണ്ട് ഡിസേബിൾഡ് വ്യക്തികൾക്ക് തൊഴിൽ നിഷേധിക്കുന്നതും ഉണ്ട്. അത് കൂടാതെ ടെമ്പററി ബെയ്സിൽ ഡിസേബിൾഡ് വ്യക്തികളെ എടുത്ത്, അവരുടെ കഴിവ് ചൂഷണം ചെയ്ത ശേഷം ഓഫ്‌ലൈൻ മോഡിലേക്ക് വർക്ക് മാറുമ്പോൾ അവരെ പിരിച്ച് വിടുന്ന സാഹചര്യവും നിലവിലുണ്ട്," ശാരദ തുറന്ന് പറഞ്ഞു.

എന്തായാലും സമൂഹം ഇത്ര പുരോഗമിച്ച കാലത്തും ഡിസേബിൾഡ് വ്യക്തികളോട് ഉള്ള സമീപനത്തിൽ ഒട്ടേറെ അപാകതകൾ നിലനിൽക്കുന്നുണ്ട് എന്നാണ് ശാരദാദേവി പറഞ്ഞ് വയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ശാരദാദേവി, കുടുംബത്തിന്റെ പിന്തുണ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടുമാണ് ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. 'സമൂഹത്തിന്റെ പ്രബുദ്ധത അളക്കാൻ ആ സമൂഹം ഡിസേബിൾഡ് വ്യക്തികളെ എങ്ങനെ സമീപിക്കുന്നു എന്ന് മാത്രം നോക്കിയാൽ മതി' എന്നാണ് ഈ സ്‌കോളറുടെ അഭിപ്രായം. ഇനിയും സമഗ്രമായ മാറ്റങ്ങൾക്കായി കേരളത്തിലെ ഡിസേബിൾഡ് സമൂഹം ഉറ്റുനോക്കുകയാണ്.