Feb 17 • 9M

ഡിസേബിലിറ്റിയും സ്ത്രീകളും - കേരളം ഇതുവരെ ചർച്ചചെയ്യാത്ത മനുഷ്യാവകാശ പ്രശ്നങ്ങൾ!

Anagha Jayan E
Comment
Share
 
1.0×
0:00
-8:39
Open in playerListen on);
Episode details
Comments

കേരളസമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സാമൂഹ്യവും കുടുംബപരവും ആയ പ്രശ്നങ്ങളെ കുറിച്ച് ഒരുപാട് ചർച്ചകൾ നടന്ന് കാണാറുണ്ട്. അഭ്യസ്തവിദ്യരും അരോഗദൃഢഗാത്രരും ആയ സ്ത്രീകൾ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന ഈ പാട്രിയാർക്കൽ സമൂഹത്തിൽ അത് അല്ലാത്ത സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? ഡിസേബിലിറ്റി - അത് ശാരീരികമോ ബൗദ്ധികമോ ആകട്ടെ - നേരിടുന്ന സ്ത്രീകൾ ഈ സമൂഹത്തിൽ നേരിടുന്നത് മുഖ്യധാരാ സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത വിവേചനങ്ങളും നീതി നിഷേധങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ആണ്. ഈ ഗുരുതരമായവിഷയത്തിലേക്ക് വെളിച്ചം വീശുകയാണ് ശാരദാദേവി എന്ന വിദുഷി.

ഒരു ഡിസേബിൾഡ് വ്യക്തി എന്നതിൽ ഉപരി കേരള സർവകലാശാലയിൽ നിന്ന് ഡിസേബിലിറ്റി സ്റ്റഡീസിൽ പി എച് ഡിക്ക് തയ്യാറെടുക്കുന്ന സ്ത്രീ കൂടിയാണ് ഇവർ. സ്വന്തം അനുഭവത്തിൽ നിന്നും പഠനങ്ങളിൽ നിന്നും സുഹൃത്തുക്കളുടെയും കൂട്ടായ്മയിൽ ഉള്ളവരുടെയും ജീവിതാനുഭവങ്ങളിൽ നിന്നും ചില അംശങ്ങളാണ് ശാരദാദേവി നമ്മളോട് പങ്ക് വയ്ക്കുന്നത്.

ഒരു ഡിസേബിൾഡ് പെൺകുട്ടിയുടെ ജനനം

"ഡിസേബിലിറ്റി മനുഷ്യരുടെ ശരീരത്തിന് അല്ല, സമൂഹത്തിന്റെ ചിന്താഗതിക്കും സംവിധാനങ്ങൾക്കും ആണ്. ഈ സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ ഒരു വ്യക്തി ബുദ്ധിമുട്ടുന്നു എങ്കിൽ അതിനുള്ള സംവിധാനങ്ങളുടെ കുറവ് കൊണ്ടാണ് അയാൾ ഡിസേബിൾഡ് ആകുന്നത്. ഒരു പെൺകുട്ടി വ്യത്യസ്തമായ ശാരീരിക/ മാനസിക അവസ്ഥയോടെ പിറന്ന് വീണാൽ ആ നിമിഷം മുതൽ അവളെ 'സ്പെഷ്യൽ' ആയി കുടുംബവും സമൂഹവും കണക്കാക്കി തുടങ്ങും. അവിടെ നിന്നുമാണ് ഡിസേബിലിറ്റിയുടെ ആരംഭം.

അവളെ 'സ്പെഷ്യൽ' സ്‌കൂളിൽ പഠിപ്പിക്കുക, 'സ്പെഷ്യൽ' സംവിധാനങ്ങൾ ഏർപ്പെടുത്തി യാത്ര ചെയ്യിക്കുക തുടങ്ങി പല രീതികളിലൂടെ ആ കുട്ടിയെ സമൂഹം ഡിസേബിൾഡ് ആക്കി മാറ്റുന്നു. ആ കുട്ടിക്ക് സ്വന്തന്ത്രമായി ജീവിക്കാവുന്ന തരത്തിൽ സമൂഹം പാകപ്പെടുന്നതിന് പകരം സമൂഹത്തിന്റെ പരിമിതികളിൽ ഒതുങ്ങി ജീവിക്കാൻ ആ പെൺകുട്ടിയെ ആണ് ചുറ്റുമുള്ളവർ ശീലിപ്പിക്കുന്നത്. അവിടെ നിന്നാണ് ഒരു സ്ത്രീയുടെ ജീവിതത്തിൽ ഡിസേബിലിറ്റിയുടെ തുടക്കം," ശാരദ പറയുന്നു.

ഒരു ഡിസേബിൾഡ് പെൺകുട്ടി എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം എന്ന് തുടങ്ങി എല്ലാ തീരുമാനങ്ങളും സമൂഹത്തിൽ നിലനിൽക്കുന്ന സംവിധാനങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്

വിദ്യാഭ്യാസത്തിലും തെരഞ്ഞെടുപ്പിലും ഡിസേബിലിറ്റി

ഒരു ഡിസേബിൾഡ് പെൺകുട്ടി എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം എന്ന് തുടങ്ങി എല്ലാ തീരുമാനങ്ങളും സമൂഹത്തിൽ നിലനിൽക്കുന്ന സംവിധാനങ്ങളെ ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. കുടുംബാംഗങ്ങൾ സ്നേവും കൊണ്ടോ അമിത പരിഗണന കൊണ്ടോ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പോലും അവളുടെ ഡിസേബിലിറ്റിയെ ഇരട്ടിയാക്കും. ശാരദാദേവി പങ്കിടുന്ന ചില അനുഭവങ്ങൾ ഇങ്ങനെ:

"എന്റെ അടുത്ത സുഹൃത്ത് ആയ ഒരു പെൺകുട്ടി ഉണ്ട്. വീൽചെയർ യൂസർ ആണ്. എത്ര തന്നെ സ്നേഹം വീട്ടുകാർക്ക് അവളോട് ഉണ്ടെന്ന് പറഞ്ഞാലും ആ പെൺകുട്ടിയെ ഒരു ഭാരം ആയി വീട്ടുകാർ കാണുന്നു എന്ന സൂചനകൾ അവൾക്ക് ലഭിക്കാറുണ്ട്. 'ഇവളെ പഠിപ്പിച്ചിട്ട് എന്തിനാണ്, വല്ല ജോലിക്കും പോകാൻ പറ്റുമോ' എന്ന് അവളുടെ സാന്നിധ്യത്തിൽ തന്നെ ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. ഇവളെ കല്യാണം കഴിക്കാൻ ആര് വരാനാണ് എന്ന് വീട്ടുകാരും പറയാറുണ്ട്. മറ്റ് ബാധ്യതകൾ എല്ലാം ഒഴിഞ്ഞാലും അച്ഛനും അമ്മയ്ക്കും എന്നും ഒരു അധിക ഉത്തരവാദിത്വം ആയി ഇവൾ ഉണ്ടാകും എന്ന വിഷമം ആണെന്ന് തെളിഞ്ഞും മറഞ്ഞും ആളുകൾ പറയാറുണ്ട്.

ഇനി അവരുടെ കാലം കഴിഞ്ഞാലും സഹോദരങ്ങൾക്ക് ഇവൾ ഒരു ബാധ്യത ആയിരിക്കും എന്നും സമൂഹം പ്രഖ്യാപിക്കുന്നു. ഇതെല്ലാം കേട്ട് കേട്ട് താൻ എന്തോ വെറുക്കപ്പെടേണ്ട ആളാണ്, ജീവിതത്തിന്റെ നിറങ്ങളും സുഖങ്ങളും അർഹിക്കുന്ന വ്യക്തി പോലുമല്ല എന്നെല്ലാം അവൾ ധരിച്ച് വച്ചിരിക്കുന്നു. പെൺകുട്ടി ആയാൽ ഏബിൾഡ് വ്യക്തികളുടേത് പോലുള്ള വൈവാഹിക ജീവിതം സാധ്യം ആകണം എന്നത് ഒരു സ്റ്റാൻഡേർഡ് ആക്കി വച്ചിരിക്കുകയാണ് നമ്മുടെ സമൂഹം. ഈ സംവിധാനത്തിൽ ഡിസേബിൾഡ് ആയ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ചെറുതല്ല," ശാരദാദേവി പറയുന്നു.

പ്രണയവും ഡിസേബിലിറ്റിയും

പ്രണയത്തിന് മാനങ്ങൾ ഇല്ല എന്നാണല്ലോ കവികൾ പാടി കേട്ടിട്ടുള്ളത്. എന്നാൽ നമ്മുടെ സമൂഹത്തിൽ പ്രണയത്തിനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട് എന്ന് തന്നെയാണ് ഡിസേബിൾഡ് വ്യക്തികളുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. തന്റെ മറ്റൊരു സുഹൃത്തായ സ്ത്രീയുടെ അനുഭവം ആണ് ശാരദാദേവി ഇതിനായി ചൂണ്ടി കാട്ടുന്നത്. "ഡിസേബിൾഡ് പെൺകുട്ടിയാണ്. നല്ല വിദ്യാഭ്യാസവും പിന്തുണ ഏകുന്ന കുടുംബവും ഉണ്ട്. ഈ കുട്ടിക്ക് ഏബിൾഡ് ആയ ഒരു കാമുകൻ ഉണ്ടായിരുന്നു. ആരും അസൂയപ്പെട്ട് പോകുന്നത്ര ഗാഢമായ പ്രണയം ആയിരുന്നു ഇരുവരും തമ്മിൽ. എന്തായാലും വിവാഹത്തോട് അടുത്തപ്പോൾ കാമുകന്റെ തനിനിറം പുറത്ത് വന്നു. ഡിസേബിൾഡ് ആയ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് യോജിപ്പില്ല എന്ന് പറഞ്ഞ് അയാൾ ഈ കുട്ടിയെ ഒഴിവാക്കി. ആ ഷോക്കിൽ നിന്നും കര കയറാൻ ആ കുട്ടി കുറെ നാൾ എടുത്തു. കുടുംബാംഗങ്ങളുടെ തീരുമാനവും ചോയ്‌സും അറിയാവുന്നവർ പിന്നെ എന്തിനാണ് ഡിസേബിൾഡ് ആയ വ്യക്തികളെ പ്രണയം എന്ന പേരിൽ ചതിയിൽ പെടുത്തുന്നത്," - ശാരദാദേവി ചോദിക്കുന്നു.

ഡിസേബിൾഡ് ആയ സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഭീകരം ആണ്. ഡിസേബിൾഡ് വ്യക്തികൾക്ക് വേണ്ടി സമൂഹം ചെയ്യുന്ന കാര്യങ്ങൾ അവകാശം എന്നതിൽ ഉപരി ഔദാര്യം എന്ന നിലയിലാണ് കാണപ്പെടുന്നത്

പല സാമൂഹ്യ സാഹചര്യങ്ങളെ കൊണ്ടും മാനസികമായും വൈകാരികമായും വൾണറബിൾ ആണ് ഡിസബിൾഡ് ആയ വ്യക്തികൾ. ഡിസേബിൾഡ് ആയ സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ ഭീകരം ആണ്. ഡിസേബിൾഡ് വ്യക്തികൾക്ക് വേണ്ടി സമൂഹം ചെയ്യുന്ന കാര്യങ്ങൾ അവകാശം എന്നതിൽ ഉപരി ഔദാര്യം എന്ന നിലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു ഡിസേബിൾഡ് സ്ത്രീയെ ഒരു ഏബിൾഡ് പുരുഷൻ വിവാഹം കഴിക്കുമ്പോൾ 'ജീവിതം കൊടുക്കുക' എന്ന പ്രയോഗമാണ് അഭ്യസ്തവിദ്യർ പോലും ഉപയോഗിച്ച് വരുന്നത്.

'ഇത്രയേറെ കുറവുകൾ ഉള്ള ഇവൾക്ക് അയാൾ ഒരു ജീവിതം കൊടുത്തല്ലോ' എന്ന രീതിയിലെ സമൂഹം ഇത്തരം വിവാഹങ്ങളെ എടുക്കൂ. അതുകൊണ്ട് ഗാർഹിക പീഡനം അടക്കം ഒരു ഡിസേബിൾഡ് സ്ത്രീ ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ്. എന്ത് അതിക്രമവും സഹിച്ച് നിൽക്കാനുള്ള ഒരു കാരണം ആയി ഈ 'ജീവിതം കൊടുക്കൽ' മാറുന്നു.

"ഇൻഫെർട്ടിലിറ്റി, മറ്റ് ശാരീരിക പ്രശ്നങ്ങൾ തുടങ്ങി എല്ലാ പ്രതിസന്ധികളും ഏബിൾഡ് വ്യക്തികളെ പോലെ ഡിസേബിൾഡ് സ്ത്രീകൾക്കും ഉണ്ടാകാം. പക്ഷെ ഒരൊറ്റ വ്യത്യാസമേ ഉള്ളൂ: ഈ വിഷയങ്ങളിൽ എല്ലാം കാരണം ആയി ഇവരുടെ ഡിസേബിലിറ്റി വലിച്ചിഴക്കപ്പെടും. പ്രണയിച്ച് വിവാഹം കഴിച്ച് അഞ്ചോളം വർഷങ്ങൾ കഴിഞ്ഞിട്ടും ഭർതൃ വീട്ടുകാരുടെ അതൃപ്തി സഹിച്ച് ജീവിക്കുന്ന ഒരു ഡിസേബിൾഡ് സ്ത്രീയെ എനിക്ക് അറിയാം.

ഇനി പ്രസവിച്ചാൽ തന്നെ കുട്ടികളുടെ പരിപാലനത്തിലും വളർത്തലിലും മറ്റും ഒട്ടേറെ വിട്ടുവീഴ്ചകൾ ആണ് ഡിസേബിൾഡ് സ്ത്രീകൾക്ക് ചെയ്യേണ്ടി വരുന്നത്. സ്വന്തം വീട്ടുകാർ പോലും ബാധ്യത ആകുമോ എന്ന് ഭയന്ന് തിരികെ സ്വീകരിക്കാൻ മടിക്കുന്ന അവസ്ഥകൾ ഞാൻ കണ്ടിട്ടുണ്ട്. അതിഭീകരം ആണ് പാട്രിയാർക്കൽ സമൂഹത്തിലെ ഡിസേബിൾഡ് സ്ത്രീകളുടെ അവസ്ഥ," ശാരദാദേവി പറയുന്നു.

ലൈംഗീകത, അതിക്രമങ്ങൾ, പിന്നെ ഡിസേബിലിറ്റി

ഡിസേബിൾഡ് ആയ സ്ത്രീകളിൽ ലൈംഗികവും അത് അല്ലാത്തതും ആയ അതിക്രമങ്ങൾ നേരിടുന്നവർ വളരെ കൂടുതൽ ആണ്. അവർക്ക് പുറത്തിറങ്ങി സമൂഹത്തോട് വിളിച്ച് പറയാൻ പ്രതിസന്ധികൾ ഉണ്ട് എന്നത് പലപ്പോഴും അക്രമികൾ മുതലെടുക്കാറുണ്ട്. "പ്രത്യേകിച്ച് ബൗദ്ധികമായ ഡിസേബിലിറ്റി നേരിടുന്നവർ.. ലൈംഗികമായ അതിക്രമങ്ങൾക്ക് ഇവർ ഇരയാക്കപ്പെട്ടാലും അവരുടെ ഡിസേബിലിറ്റി മുൻനിർത്തി കോടതികൾ പ്രാഥമിക മൊഴി പോലും സംശയത്തോടെയേ നോക്കിക്കാണാറുള്ളൂ. കൂടാതെ ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കാനും മൊഴി മാറ്റാനും എളുപ്പം ആണെന്നതും ഒരു ചലഞ്ച് ആണ്. നിയമത്തിന് മുന്നിൽ പോലും ഡിസേബിൾഡ് വ്യക്തികൾ നിസ്സഹായർ ആകുന്ന അവസ്ഥയാണ് ഇവിടെ," ശാരദാദേവി പറയുന്നു.

വിട്ടുവീഴ്ച ആരുടേയും കുത്തക അല്ല

'അവൾക്ക് ഇത്രയും പരിമിതികൾ ഉള്ളതല്ലേ, എവിടെയെങ്കിലും വിട്ടുവീഴ്ച ചെയ്യണ്ടേ' എന്ന വാചകം ആണ് ഡിസേബിൾഡ് സ്ത്രീകളുടെ ജീവിതം നരകം ആക്കുന്നത്. ഇതൊന്നും കൂടാതെ, ഏബിൾഡ് ആയ വ്യക്തികൾ പോലും തങ്ങളുടെ ലൈംഗിക സ്വത്വങ്ങൾ തുറന്ന് പറയാൻ മടിക്കുന്ന ഈ ലോകത്ത് ഡിസേബിൾഡ് വ്യക്തികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ച് പറയാൻ ഉണ്ടോ?! ഡിസേബിൾഡ് വ്യക്തികൾക്കും മറ്റ് വ്യക്തികളെ പോലെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ട് എന്ന അടിസ്ഥാന ബോധ്യം ആണ് സമൂഹത്തിന് ആവശ്യം. ഡിസേബിലിറ്റി ഒരു കുറവോ സവിശേഷതയോ അല്ല മറിച്ച് സമൂഹത്തിലെ വൈവിധ്യം മാത്രമാണ് എന്ന് മനസ്സിലാക്കണം. സമൂഹമാണ് ഡിസേബിൾഡ് വ്യക്തികളെ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ പാകപ്പെടേണ്ടത്, അല്ലാതെ തിരിച്ചല്ല, ശാരദാദേവി പറഞ്ഞ് നിർത്തി