Feb 4 • 11M

വിസർജ്ജിച്ചപ്പോൾ സ്റ്റിച്ചുകൾ ഒന്നൊന്നായി പൊട്ടി ബാത്റൂം ചോരക്കളമായി; ദുരിതങ്ങൾ തുറന്ന് പറഞ്ഞ് ട്രാൻസ് വനിത!

പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് സാധാരണ ഗതിക്ക് ഈ സമൂഹത്തിൽ ലഭിക്കുന്ന പരിചരണത്തിന്റെ പകുതി പോലും ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയർ ആകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിക്കാറില്ല

Anagha Jayan E
Comment
Share
 
1.0×
0:00
-10:40
Open in playerListen on);
Episode details
Comments

ഒരു മനുഷ്യായുസിലെ ഏറ്റവും വലിയ വേദന പ്രസവ വേദനയാണ് എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. ഇരുപത് അസ്ഥികൾ ഒന്നിച്ച് ഒടിയുന്ന വേദന സഹിച്ചാണ് ഓരോ അമ്മയും തന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നത് എന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ജനനേന്ദ്രിയം കീറി മുറിക്കപ്പെടുകയും വീണ്ടും തുന്നി കെട്ടപ്പെടുകയും ചെയ്യുന്ന വേദന ഒരു അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല. തന്റെ ഉള്ളിലെ യഥാർത്ഥ ലൈംഗിക സ്വത്വം പുറത്ത് കൊണ്ട് വരാനായി ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിയും കടന്നുപോകുന്ന വഴികൾ ആണത്.

ഒരുപക്ഷെ പ്രസവത്തേക്കാൾ തീവ്രമാണ് ആ വേദന. മാത്രമല്ല, പ്രസവം കഴിഞ്ഞ ഒരു സ്ത്രീക്ക് സാധാരണ ഗതിക്ക് ഈ സമൂഹത്തിൽ ലഭിക്കുന്ന പരിചരണത്തിന്റെ പകുതി പോലും ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയർ ആകുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിക്കാറില്ല താനും! സ്വന്തം സ്വത്വത്തെ ഗർഭം ധരിച്ച് ആത്മാവ് കൊണ്ട് പ്രസവിക്കുന്ന ലൈംഗിക വിഭാഗത്തിന്റെ ജീവിതം ആണ് ദയ ഗായത്രി എന്ന ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് സ്വന്തം അനുഭവങ്ങളിലൂടെ തുറന്ന് പറയുന്നത്..

"ഇരുപത്തിരണ്ട് വയസ്സിലാണ് ഞാൻ ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയ ആകുന്നത്. അതിന് മുൻപുള്ള രണ്ട് വർഷക്കാലം എനിക്ക് ഓർക്കാൻ കൂടി ഇഷ്ടമല്ല. മനുഷ്യൻ എന്ന പരിഗണന പോലും പൊതുസമൂഹം തറാതിരുന്ന നാളുകൾ. തെരുവിലും ലോഡ്ജുകളിലും എന്തിന്, ജയിലിൽ പോലും കിടന്നിട്ടുണ്ട്. അതിനെ കുറിച്ചെല്ലാം ഞാൻ എന്റെ ആത്മകഥയിൽ ഒരുനാൾ തുറന്ന് എഴുതും. പക്ഷെ സംഭവിച്ചത് എല്ലാം നല്ലതിന് എന്നപോലെയാണ് എനിക്ക് സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനെ പരിചയപ്പെടാൻ സാധിച്ചത്. ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്ന കാലത്ത് എനിക്ക് അടിവസ്ത്രങ്ങൾ അടക്കം വാങ്ങിത്തന്ന് എന്നെ കൂടെക്കൂട്ടിയ സ്ത്രീയാണ് അവർ. 'അമ്മ' എന്നല്ലാതെ ഞാൻ അവരെ വേറെന്ത് വിളിക്കണം?

ലിംഗ-ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ അതിസങ്കീർണ്ണം ആയ ഒരു ശസ്ത്രക്രിയ നേരിടുമ്പോൾ ആരോരും ഇല്ലാതെ, പേരിന് ഒരാളെ ബൈസ്റ്റാൻഡർ ആയി നിർത്തി മരണ വേദന കടിച്ചമർത്തി മണിക്കൂറുകൾ തള്ളി നീക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആണ് ഈ സമൂഹത്തിൽ കൂടുതലും

ഹിജഡ സംസ്കാരത്തിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ അംഗം ആകുന്ന നിമിഷം നമ്മൾ അതിലെ ഏതെങ്കിലും കുടുംബത്തിന്റെ ഭാഗം ആകണം. ഒരു മുതിർന്ന ട്രാൻസ്‌ജെൻഡർ വ്യക്തി നമ്മുടെ അമ്മയാകും. ആ അമ്മയുടെ മക്കൾ നമുക്ക് സഹോദരങ്ങൾ ആകും. സ്വന്തം കുടുംബം തള്ളിക്കളയുന്ന മക്കൾക്ക് താങ്ങും തണലും ആകുക പിന്നെ ഈ കുടുംബമാണ്. പക്ഷെ കേരളത്തിൽ എല്ലാ ട്രാൻസ്‌ജെൻഡർ വ്യക്തികളും ഹിജഡ സംസ്കാരം പിന്തുടരുന്നില്ല. സ്വതന്ത്രർ ആയ വ്യക്തികൾ കുറേയുണ്ട്.

പക്ഷെ ശാരീരികമായും മാനസികമായും തളർന്ന് ഇരിക്കുന്ന ഘട്ടത്തിൽ ഒരമ്മ ചെയ്തു തരുന്ന എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് മറ്റൊരു കമ്മ്യൂണിറ്റി മെമ്പർ ചെയ്ത് തന്നാൽ അവരെ ആരായാലും അറിയാതെ അമ്മേ എന്ന് വിളിച്ച് പോകും. ഇങ്ങനെ മനസ്സ് കൊണ്ട് സ്വീകരിച്ച കുടുംബങ്ങളും കുടുംബാംഗങ്ങളും ആണ് കേരളത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഇടയിൽ കൂടുതലും," ദയ പറയുന്നു.

ഇരുപത്തിരണ്ടാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുമ്പോൾ ദയ ഗായത്രിയെ പരിചരിക്കാൻ സ്വന്തം അമ്മയും അച്ഛനും തന്നെയാണ് ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സാധാരണ ജനങ്ങൾക്ക് ഇതൊരു അതിശയമേ ആകില്ല. ഒരാൾക്ക് വയ്യാതെ വന്നാൽ അയാളുടെ കുടുംബം തന്നെയല്ലേ കൂടെ ഉണ്ടാകുക എന്നായിരിക്കാം ചിന്തിക്കുക.

എന്നാൽ, തന്റെ ലിംഗ-ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ അതിസങ്കീർണ്ണം ആയ ഒരു ശസ്ത്രക്രിയ നേരിടുമ്പോൾ ആരോരും ഇല്ലാതെ, പേരിന് ഒരാളെ ബൈസ്റ്റാൻഡർ ആയി നിർത്തി, അടിസ്ഥാന ആവശ്യങ്ങൾ പോലും അയാളോട് പറയാൻ മടിച്ച് മരണ വേദന കടിച്ചമർത്തി മണിക്കൂറുകൾ തള്ളി നീക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആണ് ഈ സമൂഹത്തിൽ കൂടുതലും. ദയ ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ:

"ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തോളം മല വിസർജ്ജനം നടക്കില്ല. അത്ര ദിവസം വേദന ഒഴിവാക്കാൻ ഇഞ്ചക്ഷനും എടുക്കും. കൃത്രിമമായി ഉണ്ടാക്കി എടുത്ത ഒരു ശരീരഭാഗമാണ് കാലുകൾക്ക് ഇടയിൽ. പച്ചമാംസം കൂട്ടി തുന്നി വച്ചിരിക്കുകയാണ്. ഒന്ന് അമർത്തി ശ്വാസം വിട്ടാൽ പോലും സ്റ്റിച്ച് പൊട്ടും. എത്ര ഇഞ്ചക്ഷൻ എടുത്താലും ഞാൻ വേദന കൊണ്ട് ഞരങ്ങുമായിരുന്നു. എന്റെ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച. മൂന്ന് തവണ എന്റെ സ്റ്റിച്ചുകൾ പൊട്ടി കിടക്ക മുഴുവൻ രക്തമായി. ബോധം മറഞ്ഞ് വീണ ഞാൻ പിന്നെ ഉണരുക ഓപ്പറേഷൻ തിയേറ്ററിൽ വീണ്ടും സ്റ്റിച്ച് ഇട്ട ശേഷമാണ്. അങ്ങനെ ഒൻപത് ദുരിതദിവസങ്ങൾ കടന്നുപോയി. ഒൻപത് ദിവസത്തെ മലം കെട്ടി കിടന്നത് ഒരുമിച്ച് പുറത്തേക്ക് വരുന്ന ദിവസമാണ് അടുത്തത്.

‘‘ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തോളം മല വിസർജ്ജനം നടക്കില്ല. അത്ര ദിവസം വേദന ഒഴിവാക്കാൻ ഇഞ്ചക്ഷനും എടുക്കും. കൃത്രിമമായി ശൃഷ്ടിച്ച് എടുത്ത ഒരു ശരീരഭാഗമാണ് കാലുകൾക്ക് ഇടയിൽ’’

പ്രസവിക്കാൻ പോകുന്ന സ്ത്രീയേക്കാൾ ഭീതി ആയിരുന്നു മനസ്സിൽ. ഒരു കാരണവശാലും സമ്മർദ്ദം ചെലുത്തരുത്, തനിയെ പുറത്തുവരുന്ന മലം മാത്രമേ പുറം തള്ളാവൂ എന്ന് ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. വൻകുടലിലും നിന്ന് മലം ഇറങ്ങിവരുന്നത് കമ്മോഡിൽ ഇരുന്ന് ഞാൻ ആകാംക്ഷയോടെ അറിയുന്നുണ്ടായിരുന്നു. മലദ്വാരത്തിന് അടുത്ത് എത്തിയപ്പോൾ ആശ്വാസം ആണ് തോന്നിയത്. ഇനി ഒരൊറ്റ സെക്കൻഡ്! എന്റെ ഭാരം ഞാൻ ഒഴിക്കും - ആ ചിന്തയിൽ ഒരു അണുവിട കൊണ്ട് ഞാൻ പോലും അറിയാതെ ഒരു കുഞ്ഞ് സമ്മർദ്ദം ചെലുത്തിപ്പോയി. സ്റ്റിച്ചുകൾ പൊട്ടിക്കീറി ആ ബാത്റൂം ചോരക്കളം ആയി. ഞാൻ അമ്മേ എന്ന് വിളിച്ച് ബോധം കെട്ട് നിലം പതിച്ചു!"

പ്രസവാനന്തരം ഉള്ള ആദ്യ മല വിസർജ്ജനത്തെ കുറിച്ച് ഓരോ സ്ത്രീക്കും ഇതുപോലെ ഉള്ള് നീറ്റുന്ന അനുഭവങ്ങൾ പറയാനുണ്ടാകും. പക്ഷെ സമൂഹം, 'ഇതെല്ലാം ഒരു പെണ്ണ് അനുഭവിക്കേണ്ടത് ആണ്,' അഥവാ 'ഇതെല്ലാം അനുഭവിച്ചാലാണ് പെണ്ണ് പൂർണ്ണയാകുക' എന്നീ നിസ്സാരവത്കരണങ്ങൾ കൊണ്ട് എന്നേ അവളുടെ വായ അടച്ച് വച്ചിരിക്കുകയാണ്. ഇപ്പോൾ ഈ കുറിപ്പ് വായിക്കുന്ന ചിലരെങ്കിലും മനസ്സിൽ കരുതുന്നുണ്ടാവും: "ഹോ! ഇത്രയെല്ലാം സഹിച്ച് എന്തിന് ഇതിനൊക്കെ പുറപ്പെടുന്നു! ദൈവം പടച്ച് വച്ച രൂപത്തിൽ അങ്ങ് ജീവിച്ചാൽ പോരെ?!" അവരോട് ഒന്നേ പറയാനുള്ളൂ: ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ട് വരിക എന്നത് ജീവൻ പോലും പണയപ്പെടുത്തി ഒരമ്മ ചെയ്യാൻ തയ്യാറാകുന്നുണ്ട് എങ്കിൽ, തന്റെ ഉള്ളിലെ യഥാർത്ഥ ലൈംഗിക സ്വത്വം പുറത്ത് കൊണ്ടുവരാൻ ഏതൊരു വ്യക്തിക്കും ഈ മരണവേദനയും അനുഭവിക്കാം. പക്ഷെ ഇരുകൂട്ടരെയും ഒരേ കണ്ണോടെ, ഒരേ മനസ്സോടെ സമൂഹം നോക്കി കാണണം എന്ന് മാത്രം.

തന്റെ കാലുകൾക്ക് ഇടയിൽ നിന്ന് ലിംഗം എന്ന ഭാരം ഒഴിക്കുക എന്ന സങ്കീർണമായ പ്രക്രിയ കഴിഞ്ഞപ്പോൾ ദയ ഗായത്രിയുടെ മനസ്സ് ശൂന്യം ആയിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ നഷ്ടബോധമോ, നേട്ടത്തിന്റെ സുഖമോ ഒന്നുമല്ല അവർക്ക് തോന്നിയത്; മറിച്ച് 'ഒടുക്കം ഞാൻ ഞാനായിരുന്നു' എന്ന നിറവാണ്. "ആത്മാവും ശരീരവും ഒന്നാകുന്ന അവസ്ഥ! അങ്ങനെയാണ് സർജറിക്ക് ശേഷമുള്ള ശാന്തതയെ ഞാൻ വിളിക്കുക. എന്റെ ആത്മാവ്, ഞാൻ ആഗ്രഹിക്കുന്ന ശരീരത്തിന്റെ - സ്ത്രീശരീരത്തിന്റെ - ഭാഗം ആയിരിക്കുന്നു! അതിൽ കൂടുതൽ എന്ത് വേണം എനിക്ക് ആനന്ദിക്കാൻ.."

എന്നാൽ ദയയ്ക്ക് തന്റെ ഒത്താശയോടെ മുറിച്ച് കളഞ്ഞ പുരുഷലിംഗത്തോട് ഒട്ടും തന്നെ അറപ്പുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. "ഞാൻ ആ ലിംഗത്തെ അനുഭവിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. ഏതൊരു ആൺകുട്ടിയെയും പോലെ സ്വയംഭോഗം ചെയ്തിട്ടും ഉണ്ട്. ട്രാൻസ്‌ജെൻഡർ ആകുക എന്നാൽ ശാരീരികമായ അവസ്ഥ മാത്രമല്ല, മാനസികമായ അവസ്ഥയാണ്. രതിയിൽ ഏർപ്പെടുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നതിൽ ഉപരി മനസ്സിൽ എന്ത് നടക്കുന്നു എന്നതാണ് അവിടെ പരിഗണിക്കേണ്ടത്," ദയയുടെ വാക്കുകൾ കൃത്യമാണ്; ചിന്തകൾ തെളിമയുള്ളതും.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് മാസത്തോളം ബ്ളീഡിങ്ങും വജൈനൽ ഡിസ്ചാർജുകളും നിലനിന്നു. പിന്നീട് അത് മാറി. അതിന് ശേഷം ഒരു വർഷത്തോളം കൃസരിയിൽ വേദന അനുഭവപ്പെട്ടു. പിന്നെ അതും മാറി. അപ്പോഴേക്ക് ഹോർമോണാൽ തെറാപ്പികൾ വഴി ദയയുടെ സ്ത്രീശരീരം കൂടുതൽ നിറവുറ്റതായി. അതിനെല്ലാം പുറമെ, ആ പഴയ നാണംകുടുങ്ങി ചെറുക്കൻ ഒരു തന്റേടമുള്ള പെണ്ണായി! തന്റെയും തനിക്ക് ചുറ്റും ഉള്ളവരുടെയും സാമൂഹ്യ പ്രശ്നങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്ന് പറയുന്ന, ലിംഗസമത്വ വേദികളിൽ മടി കൂടാതെ പ്രസംഗിക്കുന്ന, ക്യാമറയ്ക്ക് മുന്നിൽ നിറചിരിയോടെ മോഡലിംഗ് ചെയ്യുന്ന, മിടുക്കിയായ ദയ ഗായത്രി! നാടകാഭിനയവും കലാസാംസ്കാരിക പ്രവർത്തനങ്ങളും നെഞ്ചോട് ചേർത്ത കലാകാരി.. ഈ മാറ്റത്തിന് ആശുപത്രി കിടക്കയിലെ വേദനകളെക്കാൾ വിലയുണ്ട്, സത്യം!

ദയയ്ക്ക് ഇപ്പോൾ ജീവിതപങ്കാളിയായി തന്നെപ്പോലെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷൻ ആയിത്തീർന്ന ഒരു മിടുക്കനുണ്ട്. അവൾക്ക് ചുറ്റും അവളുടെ കുടുംബവും മാതാപിതാക്കളും എല്ലാമുണ്ട്. എങ്കിലും സ്വന്തം ചെലവിന് അദ്ധ്വാനിച്ച്, തന്നെപ്പോലുള്ള മറ്റ് ട്രാൻസ്‌ജെൻഡർ വ്യക്തികളോടൊപ്പം ചേർന്ന് നിന്ന് കഴിയാനാണ് അവൾക്ക് ഇഷ്ടം. പക്ഷെ ദയയെ പോലെ ഭാഗ്യം ഉള്ളവർ അല്ല കമ്മ്യൂണിറ്റിയിലെ മറ്റ് ട്രാൻസ്‌ജെൻഡർ വ്യക്തികൾ. ഒരു വർഷത്തോളം റെസ്റ്റ് വേണ്ട സങ്കീർണ്ണമായ സർജറി കഴിഞ്ഞ് മാസങ്ങൾ കഴിയുമ്പോൾ അഷ്ടിക്ക് വകയില്ലാതെ വേദന സംഹാരി ഗുളികകൾ കഴിച്ച് സെക്സ് വർക്കിന് ഇറങ്ങുന്നവർ കേരളത്തിൽ ഉണ്ട്.

‘‘ഡോക്ടർമാരുടെ അശ്രദ്ധ മൂലം തെറ്റായ രീതിയിൽ സർജറി നടന്ന്, മൂത്രം ഒഴിക്കാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി നടക്കുന്നവർ കേരളത്തിൽ ഉണ്ട്. "മൂത്രസഞ്ചി വല്ലാതെ നിറയുമ്പോൾ ഞാൻ കാലുകൾക്ക് ഇടയിൽ ഒരു സൂചി എടുത്ത് കുത്തും, അപ്പോൾ തുള്ളി തുള്ളി ആയി രക്തത്തോടൊപ്പം മൂത്രം ഊർന്ന് ഇറങ്ങും"

ഒരു രാത്രിയുടെ മരവിപ്പ് മാറുമ്പോൾ ഏതെങ്കിലും ലോഡ്ജ് മുറിയിൽ വേദന കടിച്ചമർത്തി പകൽ മുഴുവൻ മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നവർ. ഡോക്ടർമാരുടെ അശ്രദ്ധ മൂലം തെറ്റായ രീതിയിൽ സർജറി നടന്ന്, മൂത്രം ഒഴിക്കാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി നടക്കുന്നവർ കേരളത്തിൽ ഉണ്ട്. "മൂത്രസഞ്ചി വല്ലാതെ നിറയുമ്പോൾ ഞാൻ കാലുകൾക്ക് ഇടയിൽ ഒരു സൂചി എടുത്ത് കുത്തും, അപ്പോൾ തുള്ളി തുള്ളി ആയി രക്തത്തോടൊപ്പം മൂത്രം ഊർന്ന് ഇറങ്ങും" എന്ന് തുറന്ന് പറഞ്ഞ ട്രാൻസ്‌ജെൻഡർ വനിതയും കേരളത്തിൽ തന്നെയാണ് ഉള്ളത്. ഇവരുടെ എല്ലാം ഉന്നമനത്തിനോ നന്മയ്ക്കോ വേണ്ടി ഒന്നും തന്നെ പൊതുസമൂഹം ചെയ്യുന്നില്ല എന്നതാണ് നഗ്നമായ വസ്തുത.

ലോക്ക്ഡൗൺ കാലം കേരളത്തിലെ ജനങ്ങൾക്ക് പൊതുവിൽ എന്ന പോലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കഷ്ടതകൾ നിറഞ്ഞത് ആയിരുന്നു. ഭിക്ഷാടനവും സെക്സ് വർക്കും നിത്യ തൊഴിൽ ആക്കിയ കമ്മ്യൂണിറ്റികൾ പട്ടിണിയുടെ കയ്പ്പ് അറിഞ്ഞ നാളുകൾ ആണ് ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾ. ലിംഗവിവേചനം ഒരു മിത്താണ് എന്ന് ഉറക്കെ പറയുന്ന പ്രിവിലേജ്ഡ് മനുഷ്യരുടെ മുന്നിൽ, സ്വന്തം ലിംഗത്തെ പുണരാൻ വേണ്ടി ദുരിതക്കയങ്ങൾ താണ്ടുന്ന ഇവരുടെ ജീവിതങ്ങൾ തുറന്ന് കാട്ടപ്പെടുക തന്നെ വേണം!