Dec 22, 2021 • 10M

ദാക്ഷായണി വേലായുധൻ; ഇന്ത്യൻ ഭരണഘടന നിർമിതിയിലെ ഏക ദളിത് വനിത

Anagha Jayan E
Comment
Share
 
1.0×
0:00
-10:27
Open in playerListen on);
Episode details
Comments

ഭാരതത്തിലെ ആദ്യത്തെ ദളിത് വനിതാ ബിരുദധാരി ആരാണ്? അധികം ആർക്കും ഉത്തരം അറിയാൻ ഇടയില്ല. എന്നാൽ അതൊരു മലയാളി കൂടി ആണെങ്കിലോ? അതേ, ദാക്ഷായനി വേലായുധൻ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി മേൽക്കുപ്പായം അണിഞ്ഞ്, ശാസ്ത്രത്തിൽ ബിരുദം നേടി, ഇന്ത്യൻ നിയമനിർമ്മാണ സഭയുടെ ഭാഗമായി മാറിയ ദളിത് വനിതയാണ് ദാക്ഷായണി വേലായുധൻ.

കേരള ചരിത്രം പരിശോധിച്ചാൽ ദാക്ഷായണിയുടെ ജീവിതവും സമരങ്ങളും രാഷ്ട്രീയ നേട്ടങ്ങളും, ഒപ്പം മഹാത്മാ ഗാന്ധിയും പത്നി കസ്തൂർബയും അവരുടെ ആശ്രമത്തിൽ വച്ച്, ഒരു കുഷ്ഠരോഗിയായ പുരോഹിതന്റെ കാർമികത്വത്തിൽ നടത്തിയ വിപ്ലവ വിവാഹവും സുവർണ്ണ ലിപികളിൽ തന്നെ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത് കാണാം..

ആരാണ് ദാക്ഷായണി വേലായുധൻ? ഭാരതത്തിന് ഭരണഘടന രൂപപ്പെടുത്താനായി ചേർന്ന നിയമ നിർമ്മാണ സഭയിലെ ഒൻപത് സ്ത്രീകളിൽ ആകെ ഉണ്ടായിരുന്ന മലയാളി, ദളിത് വനിത. കേരളത്തിലെ ആദ്യത്തെ ദളിത് എം.എൽ.എ. ഡൽഹി ആസ്ഥാനമായ 'മഹിളാ ജാഗൃതി പരിഷദ്' എന്ന സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.

ഇന്ത്യൻ പാർലിമെന്റിലെ ആദ്യത്തെ ദളിത് ദമ്പതിമാരിൽ ഒരാൾ. അതിൽ എല്ലാം ഉപരി കേരളത്തിന്റെ സ്വന്തം ബോൽഗാട്ടിയിൽ നിന്നും ജീവിതത്തിലെ ഓരോ ചുവടും സമരമാക്കി, സ്ത്രീകളുടെയും ദളിതരുടെയും നാവായി ദേശീയ തലത്തിൽ ഉയർന്ന കരുത്തയായ നേതാവ്. ദാക്ഷായണിയുടെ ജീവിതവും സമൂഹത്തിനായുള്ള സംഭാവനകളും വരും തലമുറകൾക്ക് വരെ ഊർജ്ജം പകരും.

എറണാകുളം ജില്ലയിലെ ബോൽഗാട്ടി ദ്വീപിൽ 1912 ജൂലൈ നാലിനായിരുന്നു ദാക്ഷായണിയുടെ ജനനം. കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ പ്രകാരം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ അധഃകൃതരായി കഴിഞ്ഞിരുന്ന പുലയർ വിഭാഗത്തിലാണ് ദാക്ഷായണിയുടെ ജനനം.

അവരുടെ തന്നെ വാക്കുകൾ കടമെടുത്താൽ, "പുലയർ മക്കൾക്ക് കാളി, കുറുമ്പ, പൂമല എന്നെല്ലാം പേരുകൾ നൽകിയിരുന്ന കാലത്ത് സ്വന്തം മകൾക്ക് 'തീയരുടടേത് പോലുള്ള' പേര് നൽകിയ അച്ഛൻ കുഞ്ഞൻ, ഒരു മാറ്റത്തിന്റെ വിത്താണ് പാകിയത്." അതെ, ദാക്ഷായണി സാമൂഹ്യ മാറ്റത്തിന്റെ സന്തതി ആയിരുന്നു. അവരുടെ വളർച്ചയോടൊപ്പം കേരളം സമൂഹവും ദളിതരും സ്ത്രീകളും എല്ലാം വളരുന്നുണ്ടായിരുന്നു.

ദാക്ഷായണിയുടെ അമ്മ തയ്യിത്തറ മാണിയമ്മ തന്റെ കുടുംബത്തിൽ ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചു. അവർ സ്വയം മേൽക്കച്ച ധരിച്ചു എന്നത് കൂടാതെ, സ്വന്തം പെൺമക്കളെയും പരിഷ്കൃത സമൂഹം ധരിക്കുന്ന വസ്ത്രങ്ങൾ അണിയാൻ പ്രേരിപ്പിച്ചു

കേരളത്തിലെ പുലയർക്ക് ഇടയിൽ വിദ്യാഭ്യാസം ലഭിച്ച ആദ്യ തലമുറ ഒരുപക്ഷെ ദാക്ഷായണിയുടേത്‌ ആയിരുന്നു. ദളിതർക്ക് അക്കാലത്ത് മാറ് മറയ്ക്കാൻ അവകാശമില്ല. മുത്തുകളും കല്ലുകളും കോർത്ത മാലകൾ മാത്രമേ നാണം മറയ്ക്കാൻ കഴുത്തിൽ അണിയാവൂ. പക്ഷെ ദാക്ഷായണിയുടെ അമ്മ തയ്യിത്തറ മാണിയമ്മ തന്റെ കുടുംബത്തിൽ ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിച്ചു.

അവർ സ്വയം മേൽക്കച്ച ധരിച്ചു എന്നത് കൂടാതെ, സ്വന്തം പെൺമക്കളെയും പരിഷ്കൃത സമൂഹം ധരിക്കുന്ന വസ്ത്രങ്ങൾ അണിയാൻ പ്രേരിപ്പിച്ചു. ആ മാതാപിതാക്കളുടെ മകളായി പിറന്നില്ലായിരുന്നെങ്കിൽ ഭാരതത്തിന് അഭിമാനിക്കാവുന്ന ഒരു ദളിത്- വനിതാ വിമോചന നേതാവായി ദാക്ഷായണി വളരില്ലായിരുന്നു.

"ഒപ്പമുള്ള പുലയ കുട്ടികൾ എന്നെ കളിയാക്കുമായിരുന്നു. തീയരുടേത് പോലുള്ള പേര്.. സവർണ്ണരുടേത് പോലുള്ള വസ്ത്ര ധാരണം.. ഞാൻ ഒരു പ്രത്യേക കുട്ടിയായിരുന്നു എല്ലായിടത്തും," ദാക്ഷായണി ഒരിക്കൽ പറഞ്ഞു.

പഠന കാലത്ത് ഞാൻ നേരിട്ട ജാതീയ അസമത്വങ്ങൾ എണ്ണമറ്റതാണ്. ശാസ്ത്രത്തിൽ ബിരുദം നേടി, മദ്രാസ് സർവകലാശാലയിൽ നിന്ന് ടീച്ചേർസ് ട്രെയിനിങ്ങും നേടിയ ശേഷംദാക്ഷായണി തൃശ്ശൂരിലും തൃപ്പൂണിത്തുറയിലും അധ്യാപികയായി ജോലി ചെയ്തു. തൃശ്ശൂരിൽ താമസിക്കവെ ഒരിക്കൽ ദാക്ഷായണി നടന്നുപോകുന്ന വയൽ വരമ്പിന് എതിരെ ഒരു നായർ സ്ത്രീ വന്നത്രെ. പുലയർ പൊതുവഴികളിലൂടെ സഞ്ചരിക്കുന്ന പക്ഷം നിശ്ചിത സ്ഥലങ്ങളിൽ വച്ച് പ്രത്യേക ശബ്ദങ്ങളും വിളികളും പുറപ്പെടുവിക്കണം എന്നാണ് അക്കാലത്തെ നാട്ടുനടപ്പ്.

ആ പ്രദേശത്തുള്ള സവർണ്ണർക്ക് തീണ്ടൽ ഏൽക്കാതെ മാറി നടക്കാനാണ് അത്. എന്നാൽ ദളിത് വിമോചന ആശയങ്ങൾ ഹൃദയത്തിൽ പേറുന്ന ദാക്ഷായണി ഉണ്ടോ നാട്ടുനടപ്പ് നോക്കുന്നു! വരമ്പിന്റെ പാതിയിൽ വച്ച് നായർ സ്ത്രീ ദാക്ഷായണിയോട്‌ നടന്നുവന്ന അത്രയും വഴി പുറകിലോട്ട് ആജ്ഞാപിച്ചു. രണ്ടുപേർക്ക് സുഖമായി നടക്കാവുന്ന വീതി വരമ്പിന് ഉണ്ടായിരുന്നു. പക്ഷെ തീണ്ടൽ ഏൽക്കും എന്ന ഭയം കൊണ്ടാണ് നായർ സ്ത്രീ അങ്ങനെ പറഞ്ഞത്. ദാക്ഷായണി വിസമ്മതിച്ചു.

പിന്മാറാത്ത പക്ഷം തങ്ങളിൽ ഒരാൾ വരമ്പിൽ നിന്നും അഞ്ച് അടി താഴ്ചയുള്ള വയലിലെ ചെളിയിലേക്ക് ഇറങ്ങേണ്ടി വരുമെന്നായി നായർ സ്ത്രീ. ഒട്ടും ആലോചിക്കാതെ തന്നെ ദാക്ഷായണി പറഞ്ഞു: "ധൈര്യമായി ഇറങ്ങിക്കോളൂ, ഞാൻ നടന്ന് പൊക്കോളാം!" ഗത്യന്തരമില്ലാതെ ആ നായർ സ്ത്രീ വലയിലെ ചെളിയിലേക്ക് എടുത്ത് ചാടിയത്രേ..!

ദാക്ഷായണിയുടെ വിദ്യാഭ്യാസവും രാഷ്ട്രീയ കാഴ്ച്ചപ്പാടും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ തന്നെയാണ് അവരെ കൊച്ചിൻ ലെജിസ്ലെറ്റിവ് കൗൺസിൽ എന്ന നിയമ നിർമ്മാണ സഭയിൽ നിയോഗിച്ചത്. അവരുടെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരം പോലെ, 1948-ൽ ഇന്ത്യൻ കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലിയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു.

ഭാരതത്തിന് സ്വന്തമായി ഭരണഘടന രൂപപ്പെടുത്താൻ ഡോക്ടർ ബി ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ ബൃഹത്തായ ടീമിലെ ഒരേയൊരു ദളിത് വനിത! തുടർന്ന് രൂപം കൊണ്ട പ്രൊവിഷണൽ പാർലമെന്റിലും ദാക്ഷായണി അംഗമായിരുന്നു. ഈ സ്ഥാനങ്ങളിൽ എല്ലാം ഇരുന്ന് ദാക്ഷായണി അധഃകൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ മുന്നേറ്റത്തിനും വേണ്ടി ശബ്ദം ഉയർത്തിക്കൊണ്ടിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിൽ ബി.എസ്.സി കെമിസ്ട്രിക്ക് ദാക്ഷായണി ചേർന്നപ്പോൾ ആ കോളേജിലെ ഏക വനിതാ ശാസ്ത്ര വിദ്യാർത്ഥി അവരായിരുന്നു. എന്നിരുന്നാലും തനിക്ക് സിദ്ധിച്ച ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ദാക്ഷായണി പറഞ്ഞത് "തീർത്തും ഭാഗ്യം മാത്രം" എന്നാണ്

ഗാന്ധിയൻ തത്വശാസ്ത്രം നെഞ്ചിലേറ്റിയ ദാക്ഷായനി പലപ്പോഴും അംബേദ്കറുടെ രാഷ്ട്രീയത്തോടും ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. ഡോക്ടർ ബി ആർ അംബേദ്‌കർ ആദ്യമായി ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ, അതിനെ ഉറക്കെ പ്രശംസിച്ച വനിതാ അംഗം കൂടിയാണ് ദാക്ഷായണി. അതിന് പുറമെ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന പരമാധികാരം എങ്ങനെ സാധാരണ ജനങ്ങൾക്ക് കൂടി പ്രാപ്യം ആക്കാം എന്ന വിഷയത്തിൽ അഭിപ്രായ പ്രകടനവും നടത്തിയിരുന്നു.

1948 നവംബറിൽ, ഭരണഘടനയിലെ പതിനൊന്നാം ആർട്ടിക്കിളിനെ കുറിച്ച് ചർച്ച നടക്കവേ തനിക്ക് അനുവദിച്ച സമയത്തേക്കാൾ ഏറെ നേരം കൂടുതൽ സംസാരിച്ചു കൊണ്ട് സമൂഹത്തിലെ വിവേചനം ഉന്മൂലനം ചെയ്യാനായി ദാക്ഷായണി ആഹ്വനം ചെയ്തു. ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട പ്രസംഗങ്ങൾ ആയിരുന്നു ദാക്ഷായണിയുടെ പാർലമെന്റിലെ ഇടപെടലുകൾ.

വിവാഹത്തിന് കുഷ്ഠരോഗിയായ പുരോഹിതൻ, കാർമ്മികൻ ആയി സാക്ഷാൽ മഹാത്മാ!

കേരളത്തിലെ മറ്റൊരു അറിയപ്പെടുന്ന ദളിത് നേതാവ് ആയ ആർ. വേലായുധനെ ദാക്ഷായണി ജീവിത പങ്കാളിയായി സ്വീകരിച്ചത് തന്നെ വലിയൊരു വിപ്ലവ സംഭവത്തിലൂടെ ആയിരുന്നു. രാജ്യം എമ്പാടും കുഷ്ഠരോഗം ആഞ്ഞടിക്കുന്ന കാലം. രോഗം ബാധിച്ചവരെ മനുഷ്യത്വ രഹിതമായി ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ജനത. മഹാത്മാ ഗാന്ധിയുടെ വാർദ്ധയിലെ ആശ്രമത്തിൽ വച്ച് ദാക്ഷായണിയും വേലായുധനും തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നു എന്ന് ഗാന്ധിജിയെ അറിയിച്ചു. കുഷ്ഠരോഗം ബാധിച്ച ഒരു പുരോഹിതന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയും കസ്തൂർബയും ചേർന്ന് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു! എല്ലാ അർത്ഥത്തിലും സമൂഹത്തിന് സന്ദേശമായി മാറിയ വിവാഹം..!

വിവാഹ ശേഷം ആശ്രമത്തിൽ തന്നെ തങ്ങിയ നവദമ്പതിമാർക്ക് ഉത്തരേന്ത്യൻ ഭക്ഷണ ക്രമം തീരെ രുചിച്ചില്ലത്രെ. അന്ന് മഹാത്മാ ഗാന്ധി ദാക്ഷായണിയോട് ചിരിയോടെ ചോദിച്ചു: "എന്താ, ആശ്രമത്തിൽ ഇനി മത്സ്യം വിളമ്പണോ?" പകച്ച് നിന്ന ദാക്ഷായണിയോട് ഗാന്ധിജി പറഞ്ഞു: "നിങ്ങളുടെ കുടിലിൽ മത്സ്യമാംസാദികൾ പാകം ചെയ്തോളൂ.. എനിക്ക് എതിർപ്പൊന്നുമില്ല." പക്ഷെ ദാക്ഷായണിയും വേലായുധനും തത്കാലം തങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ ത്യജിക്കാൻ തന്നെയാണ് തീരുമാനിച്ചത്.

യുവത്വത്തിന്റെ ആരംഭം മുതലേ ദാക്ഷായണി സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു. ദേശീയ തലത്തിൽ കേരളത്തിന്റെ പ്രതിനിധിയായി, മേൽക്കുപ്പായം ധരിച്ച് എത്തിയ ആദ്യ ദളിത് വനിത ദാക്ഷായണി ആയിരുന്നു. 34 വയസ്സിൽ അവർ ഇന്ത്യൻ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയായി അവർ മാറി.

എറണാകുളം മഹാരാജാസ് കോളേജിൽ ബി.എസ്.സി കെമിസ്ട്രിക്ക് ദാക്ഷായണി ചേർന്നപ്പോൾ ആ കോളേജിലെ ഏക വനിതാ ശാസ്ത്ര വിദ്യാർത്ഥി അവരായിരുന്നു. എന്നിരുന്നാലും തനിക്ക് സിദ്ധിച്ച ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് ദാക്ഷായണി പറഞ്ഞത് "തീർത്തും ഭാഗ്യം മാത്രം" എന്നാണ്. കാരണം അക്കാലത്ത് പുലയ വിഭാഗത്തിലെ പുരുഷന്മാർക്ക് പോലും ഉന്നത വിദ്യാഭ്യാസം ആഡംബരം ആയിരുന്നു. കൊച്ചിൻ ലെജിസ്ലെറ്റിവ് കൗസിലിൽ തനിക്ക് അംഗത്വം ലഭിച്ചതിനെ കുറിച്ച് ദാക്ഷായണി പറയുന്നത് "രസകരമായ ചരിത്ര സംഭവം" എന്നാണ്. അതെ, ശരിക്കും ആധുനിക കേരള ചരിത്രത്തിന്റെ തുടക്കം തന്നെയായിരുന്നു അത്.

സാംസ്കാരികമായി ഏറെ ഉയർന്ന കുടുംബ പശ്ചാത്തലം ആയിരുന്നു ദാക്ഷായണിയുടേത്. മഹാരാജാ അയ്യങ്കാളിക്ക് ഒപ്പം കേരള പുലയ മഹാസഭയ്ക്ക് ജന്മം കൊടുക്കാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ദാക്ഷായണിയുടെ സഹോദരന്മാരും പിതൃസഹോദരങ്ങളും. അതുകൊണ്ട് തന്നെ ദളിതർ നേരിടുന്ന സാമൂഹ്യ പ്രതിസന്ധികളെ കുറിച്ച് ദാക്ഷായണിക്ക് കൃത്യമായ ഗ്രാഹ്യം ഉണ്ടായിരുന്നു.

കൊച്ചിൻ ലെജിസ്ലെറ്റിവ് കൗൺസിലിൽ തന്റെ ആദ്യ പ്രസംഗത്തിനിടെ തന്നെ സർക്കാർ അധഃകൃതരുടെ ഉന്നമനത്തിന് വേണ്ടിയുന്ന തുക വെട്ടിക്കുറച്ചതിന് എതിരെ ദാക്ഷായണി ആഞ്ഞടിച്ചു

കൊച്ചിൻ ലെജിസ്ലെറ്റിവ് കൗൺസിലിൽ തന്റെ ആദ്യ പ്രസംഗത്തിനിടെ തന്നെ സർക്കാർ അധഃകൃതരുടെ ഉന്നമനത്തിന് വേണ്ടിയുന്ന തുക വെട്ടിക്കുറച്ചതിന് എതിരെ ദാക്ഷായണി ആഞ്ഞടിച്ചു. പിൽക്കാലത്ത്, 'ജയ് ഭീം' എന്ന അംബേദ്കറൈറ്റ് പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയും ദാക്ഷായണി പ്രവർത്തിച്ചു. ഡൽഹിയിൽ താൻ രൂപം കൊടുത്ത 'മഹിളാ ജാഗൃതി പരിഷദ്' എന്ന പ്രസ്ഥാനം വഴി തൂപ്പ് ജോലിക്കാരായ സ്ത്രീകളുടെ സാക്ഷരത, സാമൂഹ്യ ഉന്നമനം, സാംസ്‌കാരിക ഉയർച്ച, ജീവിത നിലവാരം എന്നിവയ്ക്ക് വേണ്ടി ദാക്ഷായണി അഹോരാത്രം പരിശ്രമിച്ചു. ഇതിനെല്ലാം ഇടയിലൂടെ അഞ്ച് മക്കളുടെ അമ്മ കൂടിയായി ദാക്ഷായണി.

വിശ്രമമില്ലാത്ത സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന് വിരാമം ഇട്ടുകൊണ്ട് 66 വയസ്സിൽ ദാക്ഷായണി ഈ ലോകത്തോട് വിട പറഞ്ഞു. തിരിഞ്ഞ് നോക്കുമ്പോൾ, ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടങ്ങൾ സമ്മാനിച്ച്, ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെയും ദളിതരുടെയും ജിഹ്വയായി ദാക്ഷായണി തിളങ്ങി നിൽക്കുന്നു.