Feb 18 • 7M

ഉത്കണ്ഠ, നിരാശ, ഒപ്പം അതിജീവനത്തിന്റെ പുത്തൻ വഴികളും: 2021 സ്ത്രീകൾക്ക് സമ്മാനിച്ചത്...

സർവേകൾ സൂചിപ്പിക്കുന്നത് മഹാമാരി പടർന്ന് തുടങ്ങിയപ്പോൾ മുതൽ ഗാർഹിക പീഡനങ്ങളും ഇന്റിമേറ്റ് പാർട്ട്ണർ വയലൻസും ക്രമാതീതം ആയി വർദ്ധിച്ചിരിക്കുന്നു എന്നാണ്

Anagha Jayan E
Comment
Share
 
1.0×
0:00
-7:14
Open in playerListen on);
Episode details
Comments

കോവിഡ് 19ന്റെ അനന്തര ഫലങ്ങളെ കുറിച്ച് ആഗോള തലത്തിൽ നിരവധി പഠനങ്ങൾ നടന്ന് വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ആണ് പോസ്റ്റ് കോവിഡ് മെന്റൽ ഹെൽത് ഇഷ്യൂസ്. കോവിഡ് വന്ന് മാറിയവർ നേരിടുന്ന അതിഭീകരം ആയ മാനസിക പ്രശ്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ആകർഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം നിൽക്കുന്ന മറ്റൊരു വിഷയം ആണ് കുടുംബത്തിന് അകത്ത് സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവും ആയ വെല്ലുവിളികൾ. സർവേകൾ സൂചിപ്പിക്കുന്നത് മഹാമാരി പടർന്ന് തുടങ്ങിയപ്പോൾ മുതൽ ഗാർഹിക പീഡനങ്ങളും ഇന്റിമേറ്റ് പാർട്ട്ണർ വയലൻസും ക്രമാതീതം ആയി വർദ്ധിച്ചിരിക്കുന്നു എന്നാണ്. ഈ വിഷയങ്ങളിലേക്ക് നമുക്ക് എത്തി നോക്കാം..

വീട്ടിൽ ഇരുന്നുള്ള ജോലിയും വീട്ടുജോലിയും..

2019-ൽ ആദ്യത്തെ ലോക്ക്ഡൗൺ നിലവിൽ വന്നപ്പോൾ മലയാളികൾ അത് ആഘോഷം ആക്കി. എന്നാൽ കുടുംബാംഗങ്ങൾ എല്ലാം എല്ലാ സമയവും ഒരുമിച്ച് വീട്ടിൽ ഉണ്ടായിരിക്കുക എന്നത് സ്ത്രീകളുടെ ജോലിഭാരം ഇരട്ടി ആക്കി എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഐഡിയാസ് ഫോർ ഇന്ത്യ' എന്ന സന്നദ്ധ മാധ്യമ സംഘടന പറയുന്നത് ഇങ്ങനെ: "വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾക്ക് കടുത്ത സമ്മർദ്ദം ആണ് കോവിഡ് മഹാമാരി നൽകിയത്.

കുടുംബാംഗങ്ങൾക്ക് രോഗം പിടിപെടുമോ എന്നത് മുതൽ ഓരോ നേരവും സദ്യ ഒരുക്കണമല്ലോ എന്നത് വരെ നിരവധി ആശങ്കകൾ ദിനം പ്രതി അവർ അനുഭവിച്ച് പോന്നുവത്രേ. വീട് വൃത്തിയാക്കൽ മുതൽ എല്ലാ വീട്ടുജോലികളും പല ആവർത്തി ഓരോ ദിവസവും ചെയ്യേണ്ടി വരുന്നത് കൂടാതെ ഭർത്താവിന്റെ ലൈംഗിക താത്പര്യങ്ങൾ കൂടുന്നത് പോലും സ്ത്രീകൾക്ക് ഈ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ വൻ ഭീഷണി ഉയർത്തി. നിർഭാഗ്യവശാൽ നമ്മുടെ ആരോഗ്യ മേഖല ശാരീരിക ആരോഗ്യത്തിന് കൊടുക്കുന്നതിന്റെ പത്തിൽ ഒന്ന് പ്രാധാന്യം പോലും മാനസിക ആരോഗ്യത്തിന് കൊടുക്കുന്നുമില്ല."

ഇന്റിമേറ്റ് പാർട്ട്ണർ വയലൻസ്

പുരുഷകേന്ദ്രീകൃത കുടുംബ വ്യവസ്ഥിതിയിൽ ഭാര്യ എന്നാൽ ഭർത്താവിന് തന്റെ എല്ലാ ഫ്രസ്‌ട്രേഷനുകളും ഇറക്കി വയ്ക്കാൻ ഉള്ള അത്താണി എന്നാണ് അർത്ഥം. അതിനാൽ ഭർത്താവിന്റെ തൊഴിലിടത്തെ പ്രശ്നങ്ങൾ, ജോലി നഷ്ടം, സാമൂഹ്യ ബന്ധങ്ങൾ നഷ്ടപ്പെടുമ്പോൾ ഉള്ള ദേഷ്യം, ഏറിയ ലൈംഗിക ചിന്തകൾ തുടങ്ങി എല്ലാ പ്രശ്നങ്ങളുടെയും വൈകാരിക ഭാരം ചുമക്കുന്നത് സ്ത്രീകൾ ആയിരിക്കും. അതിനൊപ്പം കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും അവരുടെ മേൽനോട്ടവും.

ലൈംഗിക അതിക്രമങ്ങൾ മുതൽ കുടുംബത്തിനകത്ത് നടക്കുന്ന അനീതികൾ വരെ നീളുന്ന വലിയൊരു ലിസ്റ്റ് 'ഇന്റിമേറ്റ് പാർട്ട്ണർ വയലൻസ്' എന്ന വിഭാഗത്തിൽ പെടും

ലൈംഗിക അതിക്രമങ്ങൾ മുതൽ കുടുംബത്തിനകത്ത് നടക്കുന്ന അനീതികൾ വരെ നീളുന്ന വലിയൊരു ലിസ്റ്റ് 'ഇന്റിമേറ്റ് പാർട്ട്ണർ വയലൻസ്' എന്ന വിഭാഗത്തിൽ പെടും. പലപ്പോഴും ഇതിന്റെ എല്ലാം കാരണങ്ങൾ മനസ്സിലാക്കി സഹിച്ച് ജീവിക്കാൻ ആണ് സ്ത്രീകൾ ശ്രമിക്കുക. അതിന്റെ ഫലം ആയി ആങ്‌സൈറ്റി, ഡിപ്രഷൻ മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.

2021 അതിജീവനത്തിന്റെ വർഷം

കോവിഡ് മഹാമാരി ലോകത്തിന്റെ വ്യവസ്ഥ തന്നെ മാറ്റി മറിച്ച്, മനുഷ്യർക്ക് ചുറ്റും മരണവും ദുരിതവും മാത്രം വിതച്ചപ്പോൾ 2021 അതിജീവനത്തിന്റെ വർഷം ആയിരുന്നു. പോയ വർഷത്തെ തിരിച്ചടികളിൽ നിന്ന് കര കയറാൻ തങ്ങളാൽ ആകുന്നത് എല്ലാം ചെയ്ത് പുതിയ നോർമലിൽ കാലുറപ്പിച്ച് നിൽക്കാൻ മനുഷ്യർ പഠിച്ച വർഷം. ഉദ്യോഗത്തിലും വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും എല്ലാം പുതിയ തുടക്കങ്ങൾ കുറിച്ച് ഇനിയുള്ള ജീവിതത്തിന് ഒരു പുത്തൻ ഉണർവോടെ ആളുകൾ പ്രയത്നിച്ച തുടങ്ങിയ വർഷം.

പക്ഷെ ഇപ്പോഴും ഇവിടെ തളം കെട്ടി നിൽക്കുന്ന ചില ഭീകരതകൾ ഉണ്ട്. ഓമിക്രോൺ പടർന്ന് പിടിക്കുമ്പോൾ വീണ്ടും ലോകം വാതിലുകൾ കൊട്ടി അടക്കുകയാണ്. നാളെ എന്താണ് എന്ന് വ്യക്തമായി ധാരണ ഇല്ലാതെ, ഏത് നിമിഷവും താനോ തനിക്ക് ചുറ്റും ഉള്ളവരോ അപ്രത്യക്ഷം ആയേക്കാം എന്ന ബോധ്യത്തോടെ ജീവിതത്തെ നേരിടാൻ തയ്യാർ ആയ മനുഷ്യർ. ഈ അവസ്ഥ നൽകുന്ന മാനസിക വെല്ലുവിളി ചെറുതല്ല.

ഈ സാഹചര്യത്തിൽ ലോകത്ത് എമ്പാടും ഉള്ള ആരോഗ്യ പ്രവർത്തകർ സ്ത്രീകൾക്ക് നൽകുന്ന ചില അതിജീവന തത്വങ്ങൾ ഉണ്ട്.

1. തനിക്ക് സംവദിക്കാവുന്ന, തന്റെ പ്രശ്നങ്ങൾ മുൻവിധി ഇല്ലാതെ കേട്ടിരിക്കും എന്ന് ഉറപ്പുള്ള സൗഹൃദങ്ങൾ ഉണ്ടാക്കുക.

2. യാതൊരു അതിക്രമവും - മാനസികമോ ശാരീരികമോ ആകട്ടെ - ഒരു കാരണവശാലും സഹിച്ച് നിൽക്കാതിരിക്കുക. നോ പറയേണ്ട ഇടത്ത് നോ പറയുക തന്നെ ചെയ്യുക.

3. നല്ല ഉറക്കം ഉറപ്പ് വരുത്തുക, സ്വന്തം ശരീരം ശ്രദ്ധിക്കുക. കാരണം അവനവനെ ശ്രദ്ധിക്കാൻ മറ്റൊരാൾക്ക് കഴിയില്ല.

വീടിനുള്ളിൽ സമാധാനം ഉറപ്പ് വരുത്തുക. അത് ഇല്ലാത്ത പക്ഷം എന്താണ് തടസ്സം എന്നത് കണ്ടെത്തി, സമാധാനം നശിപ്പിക്കുന്ന ആളിനോട് മാന്യമായി ചർച്ച ചെയ്യുക

4. താങ്ങാൻ ആകാത്ത നിരാശ, സങ്കടം തുടങ്ങിയവ മടിക്കാതെ ഒരു കൗൺസിലിങ് എക്സ്പേർട്ടിനോട് തുറന്ന് പറയുക. അങ്ങനെ ഒരാളെ അറിയാത്ത പക്ഷം അടുത്തുള്ള ആശുപത്രിയിൽ എത്തി കാര്യം പറയുക. അവർ നിങ്ങളെ മുന്നോട്ട് നയിക്കും.

5. വീട്ടുജോലികൾ ഒറ്റയ്ക്ക് ചെയ്യാതെ വീട്ടിൽ ഉള്ള എല്ലാവരോടും ഒന്നിച്ച് ചെയ്യാൻ ആവശ്യപ്പെടുക.

6. താത്പര്യമില്ലാത്ത ലൈംഗിക ബന്ധം - അത് ഭർത്താവിനൊപ്പം ആണെങ്കിൽ പോലും - തുടരാതിരിക്കുക.

7. ഗർഭധാരണം, പ്രസവം, ഗർഭനിരോധനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവും വ്യക്തിപരവും ആയ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക.

8. സ്വന്തം ആയി പണം സമ്പാദിക്കുക. സ്വന്തം ആവശ്യങ്ങൾ സ്വയം നിറവേറ്റുക.

9. വീടിനുള്ളിൽ സമാധാനം ഉറപ്പ് വരുത്തുക. അത് ഇല്ലാത്ത പക്ഷം എന്താണ് തടസ്സം എന്നത് കണ്ടെത്തി, സമാധാനം നശിപ്പിക്കുന്ന ആളിനോട് മാന്യമായി ചർച്ച ചെയ്യുക. ആവശ്യമെങ്കിൽ നിയമപരം ആയോ വൈദ്യശാസ്ത്രപരം ആയോ അയാളെ നോർമൽ ആകാൻ സഹായിക്കുക.

10. സ്വന്തം ആയി ഒരു ഹോബി എങ്കിലും രൂപപ്പെടുത്തുക. അവനവന്റെ ഏറ്റവും വലിയ പ്രയോറിറ്റി സ്വന്തം തൃപ്തി ആണെന്ന് മനസ്സിൽ പറഞ്ഞ് വയ്ക്കുക.

ഈ വിഷയത്തിൽ പ്രശസ്ത കൗൺസിലിങ് വിദഗ്ധയും ട്രെയ്‌നറും ആയ സജിത റഷീദ് പറയുന്നത് ഇങ്ങനെ:

"കുടുംബത്തിൽ സമാധാനം നശിക്കുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആണ്. അവരുടെ വ്യക്തിത്വ രൂപീകരണത്തെ തന്നെ അത് ദോഷം ആയി ബാധിക്കും. വീടിനുള്ളിൽ അതിക്രമങ്ങളും പീഡനങ്ങളും കൂടി വരികയും അത് തുറന്ന് പറയാൻ പഴയ പോലെ സാമൂഹ്യ ഇടങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നത് ആണ് കൂടി വരുന്ന ആത്മഹത്യയ്ക്ക് കാരണം. മാനസിക സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം ആയാൽ മനസ്സ് കൈവിട്ട് പോകുക തന്നെ ചെയ്യും. സ്വന്തം മനസ്സിന് മുകളിൽ ഒരു നിരീക്ഷണം ഏർപ്പെടുത്തുക എന്നത് ആണ് ആദ്യ പടി. അതിക്രമങ്ങളെ നിയമപരം ആയും നിരാശയെ വൈദ്യശാസ്ത്രപരം ആയും നേരിടാൻ ഈ നാട്ടിലെ സ്ത്രീകൾ പഠിക്കണം. അതിന് അവർ കുടുംബത്തെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്കാറാകണം."

2022ൽ ഒരു പ്രതിജ്ഞ

ടോക്സിക്ക് ആയ ബന്ധങ്ങളെ അവഗണിക്കുക എന്നത് ആകട്ടെ 2022-ൽ സ്ത്രീകൾ എടുക്കുന്ന ആദ്യ പ്രതിജ്ഞ. തന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നതും തന്റെ മേൽ അധികാരം സ്ഥാപിക്കുന്നതും ആയ എല്ലാ ബന്ധങ്ങളോടും ബൈ പറയാൻ ഉള്ള ആർജവം സ്ത്രീകൾക്ക് കൈവരട്ടെ.

സ്വന്തം ഭാവി ജീവിതത്തെ കുറിച്ച് വ്യക്തം ആയ ലക്ഷ്യങ്ങൾ ഉണ്ടാകുക, അത് നടത്തി എടുക്കാൻ വേണ്ട പ്ലാൻ രൂപപ്പെടുത്തുക എന്നത് ആകട്ടെ രണ്ടാമത്തെ പ്രതിജ്ഞ. ചുറ്റും ഉള്ളവർക്ക് വേണ്ടി മെഴുക് തിരി പോലെ എരിഞ്ഞ് തീരുന്ന സ്ത്രീജന്മങ്ങൾ ഇന്നലെകളിലെ കാഴ്ചകൾ മാത്രം ആകേണ്ടതാണ്.

സ്വന്തം ശരീരത്തിനും മനസ്സിനും മേൽ പൂർണ്ണം ആയ അധികാരവും നിയന്ത്രണവും നേടുക എന്നത് ആകട്ടെ മൂന്നാമത്തെ പ്രതിജ്ഞ. മറ്റൊരാൾക്ക് വേണ്ടി ശരീരമോ ജീവിതമോ വ്യക്തിത്വമോ പണയം വച്ചുകൊണ്ട് സ്ത്രീകൾക്ക് ഒന്നും നേടാനോ നില നിർത്താനോ ഇല്ല - അത് കുടുംബം ആയാലും ദാമ്പത്യം ആയാലും സാമൂഹ്യ നിലനിൽപ്പ് ആയാലും.