Mar 1 • 10M

ആണിനും പെണ്ണിനും അപ്പുറം ചിഞ്ചു എന്ന ഒറ്റത്തുരുത്ത്! ഇന്റർസെക്സ് ശരീരവുമായി ജീവിക്കുമ്പോൾ....

"കുഞ്ഞുണ്ടായി എന്ന് കേട്ടാൽ ആളുകൾ ആദ്യം ചോദിക്കുന്ന ചോദ്യം 'ആണോ പെണ്ണോ' എന്നാണ്. ആ ചോദ്യത്തിന് മുന്നിൽ നേഴ്‌സുമാർ പകച്ച് നിൽക്കുന്ന അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ.." - ചിഞ്ചു ഒരു ചിരിയോടെ പറയുന്നു

Anagha Jayan E
Comment
Share
 
1.0×
0:00
-9:54
Open in playerListen on);
Episode details
Comments

ഒരേ സമയം ആണും പെണ്ണും ആയ അവസ്ഥ! മാനസികമായി മാത്രമല്ല, ശാരീരികമായും രണ്ട് ലിംഗങ്ങളുടെയും പ്രത്യേകതകൾ പേറുന്ന മനുഷ്യർ.. മുഴുവൻ നിയമങ്ങളെയും ആണിലേക്കും പെണ്ണിലേക്കും ആയി ചുരുക്കിയ സമൂഹത്തിന്റെ ബൈനറി കാഴ്ചപ്പാടിന് നേരെ ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ 'അതുക്കും മേലെ' തങ്ങളുടെ ചിന്തകളെ പടർത്തുന്നവർ. ഇന്റർസെക്സ് മനുഷ്യരെ കുറിച്ചാണ് പറയുന്നത്. അങ്ങനെ സ്വന്തം ജന്മം കൊണ്ട് തന്നെ സാമൂഹ്യവ്യവസ്ഥയെ നിരാകരിച്ച ചിഞ്ചു അശ്വതിയുടെ ജീവിതവും അനുഭവങ്ങളുമാണ് ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത്.

ജനനം, അതിജീവനം

കോട്ടയം ജില്ലയിലെ മലയാറ്റൂരിൽ ഒരു അതിസാധാരണ കുടുംബത്തിൽ രണ്ടാമത്തെ കുഞ്ഞായാണ് ചിഞ്ചു ജനിക്കുന്നത്. അച്ഛൻ രാജപ്പനും അമ്മ രാധയ്ക്കും കൂലിപ്പണി. ചേച്ചി രാജിമോൾ അന്ന് സ്‌കൂൾ വിദ്യാർത്ഥിനി. "കുഞ്ഞുണ്ടായി എന്ന് കേട്ടാൽ ആളുകൾ ആദ്യം ചോദിക്കുന്ന ചോദ്യം 'ആണോ പെണ്ണോ' എന്നാണ്. ആ ചോദ്യത്തിന് മുന്നിൽ നേഴ്‌സുമാർ പകച്ച് നിൽക്കുന്ന അവസ്ഥ ഒന്ന് സങ്കല്പിച്ച് നോക്കൂ.." - ചിഞ്ചു ഒരു ചിരിയോടെ പറയുന്നു - "പലരും പല അഭിപ്രായങ്ങളും പറഞ്ഞു. കുഞ്ഞിന് സർജറി ചെയ്‌താൽ മാറാവുന്ന ഒരു അസുഖം ആണ് എന്നാണ് ശിശുരോഗ വിദഗ്ധർ എന്റെ വീട്ടുകാരോട് പറഞ്ഞത്. എത്രയും വേഗം ആ സർജറി ചെയ്യാൻ അവർ ഒരുക്കവും ആയിരുന്നു. പക്ഷെ അമ്മയുടെ സിസേറിയൻ സർജറി ചെയ്ത ഡോ. വത്സമ്മ തോമസ് മാത്രം വ്യത്യസ്തമായ ഒരു അഭിപ്രായം പറഞ്ഞു: "നിങ്ങൾ തിരക്ക് പിടിച്ച് ഓപ്പറേഷൻ ഒന്നും നടത്തേണ്ടതില്ല. പേടിക്കാനും ഒന്നുമില്ല.

കുഞ്ഞിന് ഒരു പ്യൂബർട്ടി സ്റ്റേജ് വരെ ഇങ്ങനെ തന്നെ പോകട്ടെ. അത് കഴിഞ്ഞ് തീരുമാനിക്കാം ഏത് ലിംഗം സ്വീകരിക്കണം എന്ന്." അങ്ങനെ ചിഞ്ചുവിനെ പെണ്ണായി വളർത്താൻ വീട്ടുകാർ തീരുമാനിച്ചു. അശ്വതി എന്ന് പേരും നൽകി

കുഞ്ഞിന് ഒരു പ്യൂബർട്ടി സ്റ്റേജ് വരെ ഇങ്ങനെ തന്നെ പോകട്ടെ. അത് കഴിഞ്ഞ് തീരുമാനിക്കാം ഏത് ലിംഗം സ്വീകരിക്കണം എന്ന്." അങ്ങനെ ചിഞ്ചുവിനെ പെണ്ണായി വളർത്താൻ വീട്ടുകാർ തീരുമാനിച്ചു. അശ്വതി എന്ന് പേരും നൽകി. ആശങ്കകളുടെ നാളുകൾ ആയിരുന്നു അത്. കുഞ്ഞ് ആരോഗ്യവതി ആയി വളരുമ്പോഴും അതിന്റെ ശാരീരിക പ്രത്യേകതകൾ മാതാപിതാക്കളെ അലട്ടി. അവിടെയും അവർക്ക് ധൈര്യം നൽകാൻ ഒരാൾ ഉണ്ടായി - അശ്വതിയുടെ അമ്മയുടെ അച്ഛൻ നാരായണൻ.

മൈസൂരിൽ ജോലി ചെയ്തിരുന്ന നാരായണൻ, ഒരേ സമയം രണ്ട് ലിംഗവും ഉള്ള മനുഷ്യരെ നിരവധി കണ്ടിട്ടുണ്ട് എന്നും അവർ സമൂഹത്തിൽ സാധാരണക്കാരായി ജീവിക്കുന്നുണ്ട് എന്നും സാക്ഷ്യപ്പെടുത്തി. അതോടുകൂടി രാജപ്പനും രാധയ്ക്കും ഒരു കാര്യം മനസ്സിലായി - ഇനിയുള്ള ജീവിതത്തിന് മാനസികമായി തയ്യാറെടുടുക്കേണ്ടത് കുഞ്ഞ് അല്ല, തങ്ങൾ തന്നെയാണ്..

അധിക്ഷേപിച്ച ചെറുക്കന്റെ മുഖത്തടിച്ച തന്റേടി

പെൺകുട്ടികളുടെ കൂടെയാണ് നടപ്പെങ്കിലും ചിഞ്ചുവിന്റെ മട്ടിലും സ്വരത്തിലും എല്ലാം ഒരു ആണുണ്ടായിരുന്നു. സ്പോർട്ട്സിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ചിഞ്ചു സ്‌കൂളിൽ നിരവധി മെഡലുകൾ വാങ്ങിക്കൂട്ടി. 100 മീറ്റർ റെയ്‌സ്, ലോങ്ങ് ജംപ് തുടങ്ങിയവയിൽ ചിഞ്ചുവിനെ വെല്ലാൻ സ്‌കൂളിൽ മറ്റൊരാൾ ഉണ്ടായിരുന്നില്ല. പക്ഷെ പ്രശ്നം അതായിരുന്നില്ല, ആൺകുട്ടികളുടെ രൂപവും ശബ്ദവും നടപ്പും എല്ലാമുള്ള ചിഞ്ചുവിനോട് സഹപാഠികൾ മുഖത്ത് നോക്കി ആ വെറുക്കപ്പെട്ട ചോദ്യം ചോദിക്കാൻ തുടങ്ങി - നീ ശരിക്കും ആണാണോ അതോ പെണ്ണാണോ? ചിഞ്ചുവിന്റെ വാക്കുകൾ ഇങ്ങനെ:

"എന്റെ ശരീരത്തിന്റെ സവിശേഷതകൾ എനിക്ക് ചെറുപ്പം മുതൽ തന്നെ അറിയാം. പ്രത്യേകിച്ച് അനിയൻ ജനിച്ച ശേഷം. സ്‌കൂളിൽ എന്റെ കൂട്ടുകാർ പെൺകുട്ടികൾ ആയിരുന്നു. ഇന്നും അവരിൽ പലരും എന്റെ അടുത്ത കൂട്ടുകാർ തന്നെയാണ്. ആരൊക്കെ എന്നെ അകറ്റി നിർത്തുമ്പോഴും എന്റെ പെൺസുഹൃത്തുക്കൾ എന്നെ ചേർത്ത് പിടിച്ചിരുന്നു. പക്ഷെ ചില ആൺകുട്ടികൾ അവസരം മുതലെടുത്ത് എന്നെ അധിക്ഷേപിക്കാൻ തുനിഞ്ഞിരുന്നു. അതിലും രസം ഞാൻ അത്ര നാണംകുണുങ്ങി ഒന്നും ആയിരുന്നില്ല എന്നതാണ്.

എനിക്ക് എന്നെ തന്നെ സംരക്ഷിക്കാനുള്ള കരുത്തും ധൈര്യവും അന്നേ ഉണ്ടായിരുന്നു. അങ്ങനെയാണ്, എന്നോട് ആ ചോദ്യം ഏറ്റവും വൃത്തികെട്ട രീതിയിൽ ചോദിച്ച ഒരു ചെറുക്കന്റെ മുഖത്ത് ഞാൻ ആഞ്ഞടിച്ചത്. അത് വലിയ വിഷയം ആയി. സഹപാഠിയെ ലിംഗം ചോദിച്ച് അധിക്ഷേപിച്ചു എന്നതല്ല, ഒരു പെണ്ണ് ഒരാണിന്റെ മുഖത്ത് അടിച്ചു എന്നതായിരുന്നു വിഷയം. പ്രിൻസിപ്പൽ എന്നെ മുറിയിലേക്ക് വിളിച്ച് വല്ലാതെ ശാസിച്ചു. "അവൻ കളിയാക്കിക്കോട്ടെ, അതിന് നീ അവനെ അടിക്കാമോ?!" എന്നാണ് അവർ അരിശത്തോടെ ചോദിച്ചത്. അപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

എനിക്ക് എന്നെ തന്നെ സംരക്ഷിക്കാനുള്ള കരുത്തും ധൈര്യവും അന്നേ ഉണ്ടായിരുന്നു. അങ്ങനെയാണ്, എന്നോട് ആ ചോദ്യം ഏറ്റവും വൃത്തികെട്ട രീതിയിൽ ചോദിച്ച ഒരു ചെറുക്കന്റെ മുഖത്ത് ഞാൻ ആഞ്ഞടിച്ചത്. അത് വലിയ വിഷയം ആയി. സഹപാഠിയെ ലിംഗം ചോദിച്ച് അധിക്ഷേപിച്ചു എന്നതല്ല, ഒരു പെണ്ണ് ഒരാണിന്റെ മുഖത്ത് അടിച്ചു എന്നതായിരുന്നു വിഷയം

എന്നാൽ അതേ സ്കൂളിൽ തന്നെ മറ്റാരേക്കാളും ചേർത്ത് പിടിച്ച, പ്രോത്സാഹിപ്പിച്ച ടീച്ചർമാർ ഉണ്ടായിരുന്നു എന്ന് ചിഞ്ചു തന്നെ സമ്മതിക്കുന്നു. അവർ ഇല്ലായിരുന്നെങ്കിൽ ആ ദുരിതപൂർണ്ണമായ കാലം ചിഞ്ചു ഒരുപക്ഷേ അതിജീവിക്കില്ലായിരുന്നു..

വൈകി കിട്ടിയ തിരിച്ചറിവ്

കാലം കടന്നുപോയി. കളിയാക്കലുകൾ കെട്ടും അവയെ ചിരിച്ച് തള്ളാൻ പഠിച്ചും ചിഞ്ചു വളർന്നു. കൗമാരത്തിൽ ചെയ്യാൻ തീരുമാനിച്ചിരുന്ന സർജറി പല കാരണങ്ങളെ കൊണ്ടും വീട്ടുകാർ ചെയ്യിച്ചതും ഇല്ല. ചിഞ്ചു അപ്ലൈഡ് ഇലക്ട്രോണിക്സിൽ ബിരുദം നേടി, ബിരുദാനന്തര ബിരുദത്തിന് എറണാകുളത്തെ ഒരു പ്രസിദ്ധമായ പ്രഫഷണൽ കോളേജിൽ ചേർന്നു. വർഷം 2014. അക്കാലത്താണ് കേരളത്തിൽ ഇതര ലിംഗ ലൈംഗിക വിഭാഗങ്ങളെ കുറിച്ച് വ്യാപകമായ ചർച്ചകൾ ഉയരുന്നത്.

ചിഞ്ചുവിന്റെ കസിനും എഴുത്തുകാരിയും ആയ സതി അത്തരത്തിൽ ലിംഗ ന്യൂനപക്ഷങ്ങളെ കുറിച്ച് നടന്ന ഒരു വർക്ക്‌ഷോപ്പ് അറ്റൻഡ് ചെയ്യുകയുണ്ടായി. അതിന് ശേഷം ഒരുദിവസം സതി, ചിഞ്ചുവിനെ വിളിച്ച് ഇന്റർസെക്സ് എന്ന ലിംഗവിഭാഗത്തെ കുറിച്ച് സംസാരിച്ചു. അന്നാണ് തന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ പഠിക്കണം എന്ന് ചിഞ്ചുവിന് ആദ്യമായി തോന്നിയത്.

"ചിഞ്ചുട്ടാ, നിന്നെ പോലെ ഉള്ളവരെ ശാസ്ത്രം വിളിക്കുന്ന ഒരു പേരുണ്ട് - ഇന്റർസെക്സ്. നീ ഈ വിഷയത്തിൽ കൂടുതൽ പഠിക്കണം. നിന്റെ ലിംഗ,ലൈംഗിക വ്യക്തിത്വം എന്താണെന്ന് നീ തന്നെ കണ്ടുപിടിക്കണം. നിനക്ക് മാത്രമേ അതിന് കഴിയൂ," സതിച്ചേച്ചിയുടെ ഈ ചോദ്യം ഇനി ജീവിതത്തിന് തന്നത് പുതിയ വെളിച്ചമാണ്. അങ്ങനെ ഞാൻ അവരോടൊപ്പം കോട്ടയത്തെ ഡോ. രേഖ രാജിനെ കാണാൻ പോയി. അവർ എനിക്ക് എന്റെ സ്വന്തം ശരീരത്തെ കുറിച്ച് എനിക്ക് പോലും അറിയാത്ത സത്യങ്ങൾ പറഞ്ഞുതന്നു. എന്റെ ശാരീരികാവസ്ഥയെ 'ഹെർമോഫ്രോഡൈറ്റ്' എന്നാണ് ശാസ്ത്രം വിളിക്കുന്നത്. അതായത് ആണിന്റെയും പെണ്ണിന്റെയും ജനനേന്ദ്രിയങ്ങളും പ്രത്യുത്പാദന അവയവങ്ങളും ഒരേ സമയം അടങ്ങിയ ശരീരം.

ഞാൻ ശരീരം കൊണ്ട് പൂർണ്ണനായ ആണും പൂർണ്ണയായ പെണ്ണുമാണ്. ഈ അവസ്ഥയ്ക്ക് വിമത രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നും എന്റെ ദളിത് ഐഡന്റിറ്റിയിൽ നിന്ന് കൊണ്ട് സമൂഹത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്നും അവർ എന്നോട് പറഞ്ഞു. ഒപ്പം രണ്ട് പുസ്തകങ്ങളും ഒരു സിനിമയും എനിക്ക് നിർദ്ദേശിച്ചു - മിഡിൽ സെക്സ്, കൺഫെഷൻസ് ഓഫ് എ ഹെർമ്മോഫ്രോഡൈറ്റ്, എക്സ് എക്സ് വൈ എന്നിവയാണ് അവ. അതെല്ലാം കണ്ടും വായിച്ചും ഞാൻ എന്റെ യഥാർത്ഥ വ്യക്തിത്വം തിരിച്ചറിയാൻ തുടങ്ങി. ഗൂഗിളിലും ലൈബ്രറികളിലും എന്ന് വേണ്ട, എവിടെ നിന്നെല്ലാം അറിവ് ലഭിക്കുമോ അവിടെ നിന്നെല്ലാം ഞാൻ ഈ വിഷയത്തിൽ ലേഖനങ്ങളും കുറിപ്പുകളും വായിച്ചു.

എന്റെ ഉദ്യമം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതായി. കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം ഞാൻ ആദ്യം ചെയ്തത് എന്റെ മുടി മുറിക്കുക എന്നതായിരുന്നു

പക്ഷെ അക്കാലത്ത് കേരളത്തിൽ എൽ ജി ബി ടി - ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ - എന്നീ ലൈംഗിക ന്യൂനപക്ഷങ്ങളെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. 2015 ആയിരുന്നു വർഷം. ഞാൻ അപ്പോഴും പോസ്റ്റഗ്രാജുവേഷൻ വിദ്യാർത്ഥിയാണ്. മാത്രമല്ല, ജനിച്ച് 21 വർഷം കഴിഞ്ഞിട്ടും എന്നെപ്പോലെ ഉള്ള മറ്റൊരു വ്യക്തിയെ ഞാൻ നേരിൽ കണ്ടിട്ടേ ഉണ്ടായിരുന്നില്ല! പിന്നെ എന്റെ ഉദ്യമം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതായി. കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം ഞാൻ ആദ്യം ചെയ്തത് എന്റെ മുടി മുറിക്കുക എന്നതായിരുന്നു.

വീട്ടിൽ എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴേക്ക് ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. എനിക്ക് ലഭിക്കുന്ന അറിവുകൾ എല്ലാം ഞാൻ എന്റെ കുടുംബത്തിനും പകർന്ന് നൽകുന്നുണ്ടായിരുന്നു. അതുകൊണ്ട് സാമ്പ്രദായികമായ രീതിയിൽ ഒരു സർജറി നടത്തി ഒന്നുകിൽ ആണോ അല്ലെങ്കിൽ പെണ്ണോ ആകാൻ അവർ എന്നെ നിർബന്ധിച്ചുമില്ല. അതിലും രസം, ഒരു പെണ്ണായി എന്നെ വളർത്തി കൊണ്ടുവന്നിട്ടും ഒരു പ്രായത്തിലും എന്നെ വിവാഹക്കമ്പോളത്തിലേക്ക് തള്ളി വിടാൻ വീട്ടുകാർ ശ്രമിച്ചില്ല എന്നതാണ്.

എന്റെ സവിശേഷതകൾ എന്നെക്കാൾ മനസ്സിലാക്കിയത് ഒരുപക്ഷെ വീട്ടുകാർ തന്നെയായിരുന്നു. ചേച്ചിയുടെ ഭർത്താവ് സുനീഷ് എന്റെ കരുത്തിന്റെ സ്രോതസ്സ് തന്നെയാണ്. പക്ഷെ മുടി വെട്ടി 'ആണുങ്ങളെ പോലെ' നടക്കാൻ തുടങ്ങിയപ്പോൾ അനിയന് അത് അംഗീകരിക്കാൻ കുറച്ച് സമയം എടുത്തു. കുറച്ച് നാൾ അവൻ എന്നോട് സംസാരിക്കാതെ ആയി. പതിയെ വീട്ടിൽ കാര്യങ്ങൾ എല്ലാം ശരിയായി. പക്ഷെ എന്നെ കാത്തിരുന്ന അടുത്ത തിരിച്ചടി കോളേജിൽ ആയിരുന്നു..

പഠനം മുടക്കിയ അവകാശപ്രഖ്യാപനം

2015-ൽ കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രഖ്യാപന റാലി തിരുവനന്തപുരത്താണ് നടന്നത് - 'പ്രൈഡ്.' അതിൽ ചിഞ്ചു സജീവമായി പങ്കെടുത്തു. സ്വവർഗ്ഗ ലൈംഗികത സാധാരണവത്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റർ ഉയർത്തിപ്പിടിച്ച് നടക്കുന്ന ചിഞ്ചുവിന്റെ ചിത്രം മുഖ്യധാരാ മാധ്യമങ്ങളുടെ മുൻപേജിൽ അച്ചടിച്ച് വന്നു. അത് ചിഞ്ചുവിന്റെ കോളേജിൽ ഒരു ചർച്ചാവിഷയം ആയി.

"പ്രൈഡ് കഴിഞ്ഞ് ഞാൻ കോളേജിൽ എത്തിയപ്പോൾ ഒരു കൂട്ടം പുരുഷന്മാർ - അവർ എന്റെ സഹപാഠികൾ തന്നെയാണ് - അവർ എന്നെ കൂട്ടം കൂടി അധിക്ഷേപിച്ചു. എന്റെ ശബ്ദത്തെയും രൂപത്തെയും എല്ലാം അധിക്ഷേപിച്ചു. ആ ദിവസം ഓർക്കാൻ കൂടി എനിക്ക് ഇഷ്ടമല്ല. ശാരീരികമായും മാനസികമായും അവർ എന്നെ ആക്രമിച്ച് അവശയാക്കി കളഞ്ഞു. അന്ന് ജീവനും കൊണ്ട് ഓടിയതാണ് കോളേജിൽ നിന്ന്. പിന്നീട് എന്റെ സ്വപ്നം ആയ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ് പഠിക്കാൻ ഞാൻ ആ കോളേജിലേക്ക് തിരിച്ചെത്തിയില്ല. അത് എന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ തുടക്കം ആയിരുന്നു. അത്ര നാൾ കണ്ടതല്ല ജീവിതം എന്ന് ഞാൻ പതിയെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു...

ചിഞ്ചുവിന്റെ ജീവിത പോരാട്ടവും സമൂഹത്തിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളും ഇനി അടുത്ത ഭാഗത്തിൽ..