Dec 2, 2021 • 10M

അച്ഛനില്ലായ്മ പോലെയാണോ അമ്മയില്ലായ്മ? എന്നവസാനിക്കും സമൂഹത്തിന്റെ ഇരട്ടത്താപ്പ് ?

ഒരു സ്ത്രീക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് നാലാൾ അറിയുന്ന ദിവസം അവരുടെ ഭർത്താവ് വിശുദ്ധനാകും. അയാൾ മദ്യപാനി ആണെങ്കിലും, സ്ഥിരവരുമാനം ഇല്ലാത്തവൻ ആണെങ്കിലും അതെല്ലാം തേച്ച് മായ്ക്കപ്പെടും

Anagha Jayan E
Comment4
Share
 
1.0×
0:00
-10:01
Open in playerListen on);
Episode details
4 comments

വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ സ്ത്രീ തന്റെ കാമുകനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങുന്നത് ഒരു വർത്തയാണോ? കേരളത്തിൽ, ഇന്ത്യയിൽ ഒട്ടാകെ അതൊരു വലിയ വാർത്തയാണ്. പക്ഷെ വാർത്തകൾ എഴുതപ്പെടുന്ന ഭാഷ ഇത്ര ലളിതമാകില്ലെന്ന് മാത്രം. "ഭർത്താവിനെയും പിഞ്ച് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം സുഖം തേടി പോയ യുവതി.." എന്നുതുടങ്ങി തീർത്തും സദാചാരപരമായ തലക്കെട്ടുകളോടെ ആയിരിക്കും ഇത്തരം വാർത്തകൾ എഴുതപ്പെടുക.

എന്നാൽ സമാനമായ രീതിയിൽ ഭർത്താവ് ഉപേക്ഷിച്ച് പോയ ഒരു കുടുംബത്തെ കുറിച്ച് വരേണ്ട ഒരു തലക്കെട്ട് ആലോചിച്ചിട്ടുണ്ടോ? "ചങ്ക് പറിച്ച് സ്നേഹിക്കുന്ന ഭാര്യയെയും കുഞ്ഞ് മക്കളെയും വെടിഞ്ഞ് കാമുകിക്ക് ഒപ്പം ഒളിച്ചോടിയ ഒരച്ഛൻ.." എന്താണ് സൂക്ഷിച്ച് നോക്കുന്നത്? അത്ര കേട്ടുപരിചയം ഉള്ളൊരു തലക്കെട്ട് അല്ല അല്ലെ?

കുറഞ്ഞ പക്ഷം ജീവിതം ഒറ്റയാൾ പോരാട്ടമാക്കി അയാളുടെ ഭാര്യ മക്കളെ വളർത്തി, ജോലിയെടുത്ത് ഒരു വിജയഗാഥ എങ്കിലും രചിച്ചില്ലെങ്കിൽ കുടുംബത്തെ കൈവെടിയുന്ന പുരുഷനെ കുറിച്ച് ഒരു വാർത്തയേ മാധ്യമങ്ങളിൽ കണ്ടെത്താനാകില്ല. എന്നാൽ അത്തരം സംഭവങ്ങൾ സമൂഹത്തിൽ സർവ്വസാധാരണമാണ് താനും! അപ്പോൾ പുരുഷന് മാത്രം എന്താണ് മേൽപ്പറഞ്ഞ മോറൽ ഓഡിറ്റിങ് ഇല്ലാത്തത്?

ത്യാഗത്തിന്റെ മൂർത്തിമാർ

ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു സ്ത്രീ ജോലിയെടുത്ത്, വീട്ടുകാര്യങ്ങളും മക്കളുടെ പഠനവും എല്ലാം ഒറ്റയ്ക്ക് നോക്കി സമൂഹത്തിൽ മാന്യമായ ഒരു ജീവിതം കരുപ്പിടിപ്പിച്ചു എന്നിരിക്കട്ടെ. അവരുടെ കഥ എത്ര തന്നെ ദയനീയമായി പറഞ്ഞാലും കേൾക്കുന്നവർ നെറ്റി ചുളിക്കും: "അതിനിപ്പൊ എന്താണ്? സമൂഹത്തിൽ എത്രയോ പേരുണ്ട് അങ്ങനെ! പിന്നെ ആ പെണ്ണിന് തണ്ട് അല്പം കൂടുതലാണ്, അതുകൊണ്ടാണ് കുടുംബത്തിൽ ഒതുങ്ങാഞ്ഞതും.

നാട്ടുകാർക്കും ചിലതൊക്കെ അറിയാം!" ഇനി, ഭാര്യ ഉപേക്ഷിച്ച് പോയ ഒരു പുരുഷൻ സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി ഒരു ചായ ഉണ്ടാക്കി കുടിച്ചാൽ കണ്ടുനിൽക്കുന്നവർ പറയും: "ഹോ! അതാണ് അച്ഛൻ.. മക്കൾക്ക് ദൈവം ആണയാൾ. പോയ മൂദേവി പോട്ടെ. അവർ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളൂ.." അതെന്താ സ്ത്രീകളുടെ സഹനങ്ങൾക്ക് യാതൊരു വിലയുമില്ലേ? സിംഗിൾ ഫാദർ ഇടുന്ന ഒരു ചായ സിംഗിൾ മദർ സമ്പാദിച്ച് ഉണ്ടാക്കുന്ന പണത്തേക്കാൾ മൂല്യം ഉള്ളത് ആകുന്നത് എങ്ങനെ?!

ഒരു സ്ത്രീക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് നാലാൾ അറിയുന്ന ദിവസം അവരുടെ ഭർത്താവ് വിശുദ്ധനാകും. അയാൾ എത്ര തന്നെ മദ്യപാനി ആണെങ്കിലും, സ്ഥിരവരുമാനം ഇല്ലാത്തവൻ ആണെങ്കിലും അതെല്ലാം ആ നിമിഷം തേച്ച് മായ്ക്കപ്പെടും. അയാളുടെ അത്തരം ദുശ്ശീലങ്ങൾക്ക് എല്ലാം കാരണം അയാളുടെ ഭാര്യയുടെ പ്രണയബന്ധം ആണെന്ന് വരുത്തി തീർക്കപ്പെടും!

ഭർത്താവില്ലാത്ത സ്ത്രീ സ്വയം മക്കൾക്ക് അമ്മയും അച്ഛനുമായി, സമ്പാദിച്ച് ജീവിതം കരുപ്പിടിപ്പിച്ചാൽ അത് നോർമൽ. അതേ സമയം ഭാര്യ ഇല്ലാത്ത പുരുഷൻ സ്വന്തം കുഞ്ഞിന് ഒരു ഗ്ലാസ് പാൽ തിളപ്പിച്ച് കൊടുത്താൽ അത് ത്യാഗത്തിന്റെ മൂർത്തീഭാവം. ഹോ, മനുഷ്യർ വല്ലാത്ത ഇരട്ടത്താപ്പുകാർ തന്നെ!

സ്വന്തം ഇഷ്ടപ്രകാരം തന്റെ മനസ്സിന് ഇണങ്ങിയ ഒരാൾക്ക് ഒപ്പം ജീവിക്കാൻ തീരുമാനിച്ച്, താൻ ഇഷ്ടപ്പെടാത്ത പുരുഷന്റെ വീടിന്റെ പടിയിറങ്ങിയതാണ് ആ സ്ത്രീ ചെയ്ത തെറ്റ്. നേരെ മറിച്ച്, തന്റെ ഇഷ്ടക്കേടുകളും പ്രണയവും എല്ലാം ഉള്ളിൽ ഒതുക്കി ആ സ്ത്രീ കുഞ്ഞിന് വേണ്ടി അവിടെ തുടർന്നെങ്കിൽ അവരെക്കാൾ മാന്യയായ ഒരു സ്ത്രീ ഈ സമൂഹത്തിൽ വേറെയില്ല എന്ന് ഇതേ ആളുകൾ പറഞ്ഞേനെ

ഇതിനെല്ലാം കാരണം വളരെ ലളിതമാണ്: പുരുഷൻ വീട്ടുകാര്യങ്ങളിലും പാരന്റിങ്ങിലും ഇടപെടാതിരിക്കുക നമ്മുടെ സമൂഹത്തെ സംബന്ധിച്ച് സാധാരണമാണ്. സ്വന്തം മകൾക്ക് സാനിറ്ററി പാഡ് വാങ്ങിക്കൊടുക്കുന്ന അച്ഛനും മകളോട് അവളുടെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് ഒരു സുഹൃത്തിനെ പോലെ ചോദിച്ച് അറിയുന്ന അച്ഛനും മക്കളെ കുളിപ്പിക്കുകയും ഊട്ടിയുറക്കുകയും ചെയ്യുന്ന അച്ചന്മാരുമെല്ലാം നമുക്ക് ഇപ്പോഴും ഫാന്റസിയാണ്.

പുനർവിവാഹം ഒരു ചോയ്‌സ് അല്ല!

അമ്മ 'ഉപേക്ഷിച്ച' ഒരു പെൺകുഞ്ഞിനെ തനിയെ വളർത്തിയ ഒരച്ഛന്റെ 'കരളലിയിക്കുന്ന' കഥ ഒരു പ്രാദേശിക വെബ്‌സൈറ്റ് വാർത്തയായി കൊടുത്തപ്പോൾ അതിന് മലയാളികൾ ഇട്ട കമന്റുകൾ വായിക്കാൻ ബഹുരസമാണ്. "ആ മകളുടെ ഏറ്റവും വലിയ ഭാഗ്യമാണ് അങ്ങനെ ഒരച്ഛൻ! കളഞ്ഞിട്ട് പോയ ആ സ്ത്രീ അമ്മ എന്ന വിളി കേൾക്കാൻ പോലും യോഗ്യയല്ല. ഇപ്പോൾ എവിടെയെങ്കിലും ഇരുന്ന് ഈ വാർത്ത വായിച്ച് കുറ്റബോധപ്പെടുന്നുണ്ടാകും. അല്ലെങ്കിലും കുടുംബത്തെ തള്ളിപ്പറഞ്ഞ് ഉള്ള പ്രേമമൊക്കെ എത്ര നാൾ നില നിൽക്കും?!" മലയാളികൾ ഉറഞ്ഞ് തുള്ളുകയാണ്.

സ്വന്തം ഇഷ്ടപ്രകാരം തന്റെ മനസ്സിന് ഇണങ്ങിയ ഒരാൾക്ക് ഒപ്പം ജീവിക്കാൻ തീരുമാനിച്ച്, താൻ ഇഷ്ടപ്പെടാത്ത പുരുഷന്റെ വീടിന്റെ പടിയിറങ്ങിയതാണ് ആ സ്ത്രീ ചെയ്ത തെറ്റ്. നേരെ മറിച്ച്, തന്റെ ഇഷ്ടക്കേടുകളും പ്രണയവും എല്ലാം ഉള്ളിൽ ഒതുക്കി ആ സ്ത്രീ കുഞ്ഞിന് വേണ്ടി അവിടെ തുടർന്നെങ്കിൽ അവരെക്കാൾ മാന്യയായ ഒരു സ്ത്രീ ഈ സമൂഹത്തിൽ വേറെയില്ല എന്ന് ഇതേ ആളുകൾ പറഞ്ഞേനെ.

രണ്ട് വ്യക്തികൾ ഉഭയസമ്മത പ്രകാരമോ അല്ലാതെയോ പിരിയുമ്പോൾ കുട്ടികൾ ഉണ്ടെങ്കിൽ കോടതി ഇടപെട്ട് അവരുടെ സംരക്ഷണ ചുമതല ഉപാധികളോടെ അച്ഛനും അമ്മയ്ക്കും ഇടയിൽ വീതിച്ച് നൽകും. അപ്പോൾ കുട്ടികളെ വളർത്താനായി ഒരു പാരന്റ് മാത്രം കഷ്ടപ്പെടുന്നതും ഒഴിവാക്കാം. പക്ഷെ മലയാളികൾക്ക് അതിലൊരു ത്രിൽ ഇല്ല. ആത്യന്തികമായി ആരെയെങ്കിലും പുകഴ്ത്താനും ചവിട്ടി താഴ്ത്താനും ഉണ്ടെങ്കിലേ ഒരു വാർത്ത അവർക്ക് വാർത്ത തന്നെ ആകുന്നുള്ളൂ.

പുനർവിവാഹത്തിന്റെ കാര്യമാണ് മറ്റൊരു രസകരമായ കാര്യം. ഭർത്താവ് ഉപേക്ഷിച്ച് പോയ ഒരു സ്ത്രീ അധികം വൈകാതെ സ്വന്തം ഇഷ്ടപ്രകാരം ഒരു വിവാഹം കഴിച്ചാൽ ആളുകൾ പറയും: "കണ്ടില്ലേ.. അവൾഒരവസരം നോക്കി നിൽക്കുകയായിരുന്നു. അവനെ ഒഴിവാക്കാൻ കാത്തിരിക്കുകയായിരുന്നു മറ്റവനെ കൂട്ടാൻ. ഇത്രയൊക്കെ പ്രായമായില്ലേ.. മക്കളെ വളർത്തി ജീവിക്കേണ്ട കാര്യമല്ലേ ഉള്ളൂ.." അതേ സമയം ഭാര്യ ഉപേക്ഷിച്ച ഒരു പുരുഷൻ വിവാഹിതനാകാൻ ഒരുങ്ങിയാൽ നാട്ടുവർത്തമാനം ഇങ്ങനെ ആയിരിക്കും: "പാവം. ആ പെണ്ണോ പോയി. അയാൾക്ക് ഇനിയുള്ള കാലം ഒരു തുണ വേണ്ടേ.. ആ കൊച്ചുങ്ങൾക്ക് ഒരമ്മ വേണ്ടേ? ഒരു ചായ വിട്ടുകൊടുക്കാൻ പോലും വീട്ടിൽ ഒരാൾ ഇല്ല. ഇത് കൊണ്ടെങ്കിലും നന്നാകട്ടെ!"

പുനർവിവാഹം ഒരിക്കലും എല്ലാവര്ക്കും സാധ്യമായ ഒരു ഓപ്‌ഷൻ തന്നെയല്ല. അതിൽ തന്നെ സ്ത്രീകൾക്ക് നിരവധി കടമ്പകൾ കൂടുതൽ ചാടി കടക്കുകയും വേണം. ഒറ്റ പുരുഷനെ മാത്രം ജീവിതത്തിൽ പ്രണയിച്ചിട്ടുള്ള സ്ത്രീക്കാണ് പരമ്പരാഗത സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ഥാനം. ഭാര്യ ഇല്ലാത്ത പുരുഷന് വിവാഹം ആലോചിക്കാൻ നാട് മുഴുവൻ പ്രയത്നിക്കുമ്പോൾ ഭർത്താവ് ഇല്ലാത്ത സ്ത്രീക്ക് വിവാഹം ആലോചിക്കാൻ ഒരു കുഞ്ഞ് പോലും കാണില്ല എന്നതാണ് സത്യം.

കുഞ്ഞുങ്ങൾക്ക് ഒരമ്മ വേണ്ടേ?

ഈ ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ: അച്ഛനില്ലായ്മ പോലെ തന്നെയാണ് അമ്മയില്ലായ്മയും. അതിൽ കൂടുതൽ ഗ്ലോറിഫിക്കേഷൻ ഒന്നും ആവശ്യമില്ല. അമ്മയില്ലാതെ ഒരു പെൺകുഞ്ഞിനെ ഒരച്ഛൻ എങ്ങനെ വളർത്തി കൊണ്ടുവരും എന്നാണു പുരോഗമന മലയാളികൾ പോലും ആശ്ചര്യപ്പെടുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ആർത്തവം മുതൽ പ്രസവം വരെ പെൺകുട്ടിക്ക് കൂട്ടൊരുക്കേണ്ടത്, ശക്തി പകരേണ്ടത് അമ്മയാണ് എന്നാണു പൊതുധാരണ. അടിസ്ഥാനപരമായ ജീവശാസ്ത്ര ജ്ഞാനം ഉണ്ടെങ്കിൽ ഏതൊരു അച്ഛനും ലളിതമായി മകൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒന്നാണ് ആർത്തവത്തിന്റെയും ഗർഭ ധാരണത്തിന്റെയും ശാസ്ത്രീയ വശങ്ങൾ.

സിംഗിൾ പാരന്റിങ് ഒരു കഠിനമായ ജോലി തന്നെയാണ് - അത് ആണ് ചെയ്താലും പെണ്ണ് ചെയ്താലും. രണ്ടിനും തുല്യമായ അളവുകോലുകൾ അത്യാവശ്യമാണ്. ഒന്ന് ഒന്നിന് മുകളിൽ മികച്ച് നിൽക്കുന്നില്ല.

സ്ത്രീ ആരുടെയും പ്രോപ്പർട്ടി അല്ല

സ്ത്രീയുടെ മനസ്സും ശരീരവും അവളുടെ മാത്രം പ്രോപ്പർട്ടിയാണ്. ഇത് പറയാൻ കാരണമുണ്ട് - തന്റെ കാമുകനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയ ഒരു വീട്ടമ്മയെ കുറിച്ചുള്ള വാർത്തയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: "ശക്തമായ തെരച്ചിലിന് ഒടുവിൽ വെളുപ്പിന് മൂന്ന് മണിയോടെ ഈ സ്ത്രീയെ കാമുകന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ശേഷം പോലീസ് അവരെ ഭർത്താവിന് കൈമാറി."

ഇതുവരെ ഒളിച്ചോടിപ്പോയതിൽ ഒരു പുരുഷനെ പോലും പോലീസ് കണ്ടെത്തി ഭാര്യയുടെ കൈയിൽ 'തിരികെ ഏല്പിച്ചിട്ടില്ല.' സ്ത്രീകളെ മാത്രം ഇത്ര 'കൈമാറാൻ' എന്തിരിക്കുന്നു?! സ്വന്തം ഇഷ്ടപ്രകാരം ഒരു വീട്ടിൽ നിന്നും ഇറങ്ങി, ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചാൽ അത് തടയാൻ ഏത് കോടതിക്കാണ് കഴിയുക?!

ഇതുവരെ ഒളിച്ചോടിപ്പോയതിൽ ഒരു പുരുഷനെ പോലും പോലീസ് കണ്ടെത്തി ഭാര്യയുടെ കൈയിൽ 'തിരികെ ഏല്പിച്ചിട്ടില്ല.' സ്ത്രീകളെ മാത്രം ഇത്ര 'കൈമാറാൻ' എന്തിരിക്കുന്നു?! സ്വന്തം ഇഷ്ടപ്രകാരം ഒരു വീട്ടിൽ നിന്നും ഇറങ്ങി, ഇഷ്ടമുള്ള ആളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചാൽ അത് തടയാൻ ഏത് കോടതിക്കാണ് കഴിയുക?

അതിലും തമാശ പത്രവാർത്തകളും ചരമ കോളങ്ങളിലും പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾക്ക് സ്വന്തമായി ഒരു വിലാസമില്ല എന്നതാണ്. എന്നയാളുടെ മകൾ, ഭാര്യ അല്ലെങ്കിൽ സഹോദരി എന്നേ അവരെ പത്രങ്ങൾ വിശേഷിപ്പിക്കൂ. എന്നാൽ, ഒരു പുരുഷൻ എങ്കിലും മരിച്ചാൽ എന്നയാളുടെ ഭർത്താവ് എന്ന തലക്കെട്ടിൽ പത്രവാർത്ത വരുമോ? ഒളിച്ചോടുന്ന സ്ത്രീ അവസാനം ധരിച്ച വസ്ത്രത്തിന്റെ നിറം മുതൽ ജീവിക്കാനായി വീട്ടിൽ നിന്ന് എടുത്ത സ്വർണ്ണത്തിന്റെ കണക്ക് വരെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച് കാണും.

ഇനി, വാർത്താവതരണത്തിലെ ഏറ്റവും വലിയ വൈരുധ്യം എന്തെന്നാൽ, കുടുംബത്തെ വെടിഞ്ഞ് 'ഒളിച്ചോടുന്ന' സ്ത്രീകളുടെ കുടുംബവിശേഷങ്ങൾ മുഴുവൻ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ഒപ്പം ജീവിക്കാൻ ഇറങ്ങിയ പുരുഷനെ 'കാമുകൻ' എന്നോ 'യുവാവ്' എന്നോ മാത്രമാണ് വിശേഷിപ്പിക്കാറ്.

സ്ത്രീക്ക് മാത്രം പറഞ്ഞിട്ടുള്ള ഈ സോഷ്യൽ ഓഡിറ്റിങ് അവസാനിപ്പിക്കേണ്ട സമയം ആയില്ലേ? പ്രായപൂർത്തിയായ രണ്ട് പേര് ആഗ്രഹിക്കുന്നു എങ്കിൽ ഒന്നിച്ച് ജീവിക്കാൻ വിവാഹമോ കുടുംബങ്ങളോ ഒരു തടസ്സമാണോ? ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ചെയ്യുന്ന പ്രവൃത്തിയിൽ സ്ത്രീയ്ക്ക് മേൽ മാത്രം സദാചാര ആക്രമണം നടത്തുന്നത് സ്ത്രീവിരുദ്ധത തന്നെയാണ്.