Feb 15 • 8M

#BreakTheBias - 2022 ൽ ലോകം ഏറ്റെടുക്കേണ്ട ദൗത്യം!

She's equal
Comment
Share
 
1.0×
0:00
-8:22
Open in playerListen on);
Episode details
Comments

ഓരോ വർഷവും സാമൂഹ്യ പ്രതിബദ്ധതയുടെ, ലിംഗാവകാശങ്ങളുടെ പുത്തൻ സന്ദേശങ്ങളും ആയി അന്താരാഷ്ട്ര വനിതാ ദിനങ്ങൾ വന്നെത്താറുണ്ട്. ആർത്തവ ശുചിത്വം, സാമൂഹ്യ സമത്വം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങി ഓരോ തീമുകളിൽ ആണ് ഓരോ വർഷവും വനിതാ ദിനങ്ങൾ കൊണ്ടാടപ്പെടുന്നത്. ഐക്യരാഷ്ട്ര സഭ സ്ത്രീകളുടെ ഉന്നമനത്തിനായി എല്ലാ വർഷവും മാർച്ച് 8 -നാണ് ആഗോള തലത്തിൽ വനിതാ ദിനം ആചരിക്കുന്നത് 'നേതൃനിരയിലെ സ്ത്രീകൾ: കോവിഡ് 19 ലോകത്ത് സമത്വമുള്ള ഒരു ഭാവി' എന്നത് ആയിരുന്നു കഴിഞ്ഞ വർഷത്തെ (2021) വനിതാ ദിനത്തിലെ സന്ദേശം.

ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം എന്താണെന്ന് നിങ്ങൾ ചിന്തിച്ചോ? 'Break the Bias' - അഥവാ മുൻവിധികളെ തകർത്ത് എറിയുക എന്നതാണ് 2022 വർഷത്തെ വനിതാ ദിനത്തിന്റെ തീം.ലിംഗനീതിയും സമത്വവും അടിസ്ഥാന അവകാശങ്ങളും എല്ലാം കോവിഡ് വ്യാപന കാലത്ത് പതിന്മടങ്ങ് ചോദ്യം ചെയ്യപ്പെടുന്നു എന്നത് പച്ചയായ സത്യം ആണ്. ഇത് എങ്ങനെ, എവിടെ നിന്ന് തുടങ്ങി, എത്രകണ്ട് സമൂഹത്തിൽ വേരുകൾ ആഴ്ത്തി എന്നെല്ലാം ഐക്യരാഷ്ട്ര സഭ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നുണ്ട്.

പ്രതിരോധത്തിലും പ്രതിസന്ധിയിലും മുന്നിൽ..

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ത്രീകൾ മുൻനിരയിൽ തന്നെ പോരാളികൾ ആയി അണിനിരന്നിരുന്നു എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാൻ ഇടയില്ല. ആരോഗ്യ പ്രവർത്തകർ ആയി, സന്നദ്ധ പ്രവർത്തകർ ആയി, നേത്രിമാരും അണികളുമായി, ബോധവത്കരണങ്ങളും സേവനങ്ങളും ഉറപ്പ് വരുത്തുന്നവർ ആയി, കുടുംങ്ങളുടെ അത്താണികൾ ആയി.. എല്ലാം സ്ത്രീകൾ ഉയർന്ന് നിൽക്കുകയാണ്. എന്നാൽ ഈ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സ്ത്രീകൾ ചുമലിൽ ചുമക്കുന്ന ഭാരം ഇരട്ടിയിൽ അധികം വർദ്ധിച്ചു എന്നതാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കുടുംബത്തിന്റെയും അത് വഴി സമൂഹത്തിന്റെ തന്നെയും കേന്ദ്രബിന്ദുക്കൾ ആയി, താങ്ങാവുന്നതിലും അധികം മാനസികവും സാമ്പത്തികവും ആയ ഭാരം ചുമന്ന് തളർന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ത്രീകൾ മുൻനിരയിൽ തന്നെ പോരാളികൾ ആയി അണിനിരന്നിരുന്നു എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാൻ ഇടയില്ല

കോവിഡ് മഹാമാരിയെ ചെറുക്കുന്നതിൽ ചെറിയ പെൺകുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ നിർവഹിച്ച പങ്കുകൾ ആഘോഷിക്കുക എന്നതാണ് ലക്‌ഷ്യം. സാമൂഹ്യ ഉത്തരവാദിത്വങ്ങളുടെ തുല്യം ആയ പങ്കുവയ്ക്കൽ വഴി സ്ത്രീകൾക്ക് മികച്ചതും സമത്വത്തിൽ ഊന്നിയതും ആയ ഭാവി ഉറപ്പ് വരുത്തുക എന്നത് 2022-ലെ വനിതാ ദിനത്തിന്റെ അടിസ്ഥാന ലക്ഷ്യമാണ്.

കോവിഡ് മഹാമാരിയും ലിംഗസമത്വവും തമ്മിൽ എന്താണ് ബന്ധം?

ആഗോള തലത്തിൽ ആരോഗ്യ രംഗത്ത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് പ്രവർത്തിക്കുന്നത്. അതേ സമയം കഴിഞ്ഞ രണ്ട് വർഷക്കാലം ഗാർഹിക പീഢനവും ലൈംഗിക അതിക്രമങ്ങളും മറ്റും നേരിട്ട് വൈദ്യസഹായം തേടിയ പൗരന്മാരിലും കൂടുതൽ സ്ത്രീകൾ തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഭരണ രംഗത്ത് 25 ശതമാനത്തിൽ താഴെ മാത്രമേ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും ഉള്ളൂ. "കെയർ ഹോമുകളിൽ, ആശുപത്രികളിൽ, കോവിഡ് കെയർ സെന്ററുകളിൽ എന്ന് വേണ്ട, കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും മുന്നിലെ നിരയിൽ കൈമെയ് മറന്ന് പ്രവർത്തിക്കുന്നത് സ്ത്രീകൾ ആണ്.

സ്വന്തം ജീവിതവും ജീവനും പണയം വച്ചാണ് അവർ സാമൂഹ്യ സേവനത്തിൽ ഏർപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ട് ആണ് സ്ത്രീകൾ വിവേചനം നേരിടുന്നത്?" - യു.എൻ ചോദിക്കുന്നു. സ്ത്രീകളുടെ സാമൂഹ്യ ഉന്നമനത്തെ തടയുന്ന ഒരു ബയാസ് - ഒരു മുൻവിധി സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനെ ആണ് #BreakTheBias എന്ന ഹാഷ്ടാഗ് കാമ്പെയിൻ കൊണ്ട് നേരിടാൻ യു.എൻ ഒരുങ്ങുന്നത്.

നിശ്ശബ്ദമായ മരണങ്ങൾ..

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കോവിഡ് കാലത്ത് കുതിച്ച് ഉയർന്നു എന്നതിൽ ഉപരി ഐക്യരാഷ്ട്ര സഭ ഊന്നൽ കൊടുക്കുന്നത് മറ്റൊരു വിഷയത്തിന് ആണ്: റിപ്പോർട്ട് ചെയ്യപ്പെടാത്ത അതിക്രമങ്ങൾ ക്രമാതീതം ആയി വർദ്ധിച്ചു എന്നത്! ഇതിനെ കുറിച്ച് സ്ത്രീകളുടെ സാമൂഹ്യ ഉന്നമനം എന്ന വിഷയത്തിൽ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം നടത്തുന്ന ഭവ്യ എം.കെ പറയുന്നത് ഇങ്ങനെ: "കോവിഡ് കാലം സ്ത്രീകളുടെ സാമൂഹ്യ സ്ഥിതി വഷളാക്കുകയാണ് ചെയ്തിരിക്കുന്നത്. വീട്ടുജോലി, ഓഫീസ് ജോലി, മാനസിക സമ്മർദ്ദം, ലൈംഗിക അതിക്രമങ്ങൾ, പാരന്റിങ് തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് ഇടയിൽ മനസ്സ് കൈവിട്ട അവസ്ഥയിൽ ആണ് സ്ത്രീകൾ. അതുകൊണ്ട് ഈ വർഷത്തെ വനിതാ ദിനം തീർത്തും ഔചിത്യം ഉള്ള വിഷയം ആണ് കൈകാര്യം ചെയ്യുന്നത്."

സ്ത്രീകളുടെ സാമൂഹ്യ ഉന്നമനത്തെ തടയുന്ന ഒരു ബയാസ് - ഒരു മുൻവിധി സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനെ ആണ് #BreakTheBias എന്ന ഹാഷ്ടാഗ് കാമ്പെയിൻ കൊണ്ട് നേരിടാൻ യു.എൻ ഒരുങ്ങുന്നത്

മുൻവിധികളും സ്റ്റീരിയോടൈപ്പുകളും വിവേചനങ്ങളും ഇല്ലാത്ത ലോകം.

വിഭിന്നവും പക്ഷപാത രഹിതവും ആയ സാമൂഹ്യ രീതി.

വ്യത്യസ്തതകളെ ബഹുമാനിക്കുന്ന, ആഘോഷിക്കുന്ന ലോക ജനത.

സ്ത്രീ സമത്വത്തിന് വേണ്ടി ഒരേ സ്വരത്തിൽ ആഹ്വനം ചെയ്യുന്ന ജനതകൾ.

നിക്ഷിപ്ത താത്പര്യങ്ങൾ ഇല്ലാത്ത സാമൂഹ്യ സേവനം.

ഇതെല്ലാമാണ് #BreakTheBias എന്ന ക്യാംപെയ്‌ന്റെ വിശാലം ആയ ലക്ഷ്യങ്ങൾ.

യു. എൻ പുറത്ത് വിട്ട ചില കണക്കുകൾ:

1. അനൗദ്യോഗികം ആയ തൊഴിലുകൾ ചെയ്ത്, വരുമാനവും സമ്പാദ്യവും ഏറെ കുറഞ്ഞ്, ഒരു പ്രതിസന്ധി വന്നാൽ പട്ടിണിയിലേക്ക് കൂപ്പ് കുത്താവുന്ന പോലെ ജീവിക്കുന്നവർ ആണ് ലോകത്തെ 60 ശതമാനം സ്ത്രീകളും!

2. ആഗോള തലത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 23 ശതമാനം കുറവാണ് ഇന്നും സമ്പാദിക്കുന്നത്.

3. ഭരണ - നിയമ നിർമ്മാണ - നിർവഹണ രംഗങ്ങളിൽ ലോകത്തെ മുപ്പത് ശതമാനം സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്.

4. ലോകത്തെ സ്ത്രീകളിൽ മൂന്നിൽ ഒന്ന് പേരും ഒരിക്കൽ എങ്കിലും ലൈംഗിക അതിക്രമങ്ങൾ നേരിട്ടിട്ടുണ്ട്.

5. ആയിരക്കണക്കിന് പെൺകുട്ടികളുടെ മേൽ ഇന്നും ചെറിയ പ്രായത്തിൽ ചേലാകർമ്മം ചെയ്യപ്പെടുന്നു!

ഈ വസ്തുതകൾ എല്ലാം നിലനിൽക്കെ ആണ് സ്ത്രീപുരുഷ സമത്വത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കാൻ നമ്മുടെ സമൂഹം വെമ്പൽ കൂട്ടുന്നത്.

മികച്ച ഭാവി പണിത് ഉയർത്താം..

കോവിഡ് പടർന്നതിൽ പിന്നെ വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും സമയം ലഭിക്കാതെ, മുഴുവൻ സമയവും കുടുംബത്തോടൊപ്പം അവരുടെ ആവശ്യങ്ങൾ നിറവേറ്റി ജീവിക്കാൻ വിധിക്കപ്പെട്ടവർ ആണ് ഭൂരിഭാഗം സ്ത്രീകളും. അവർക്ക് ആയി മികച്ച ഭാവി കെട്ടി പടുക്കുക എന്നതാണ് 2022-ൽ അന്താരാഷ്ട്ര വനിതാദിനം നൽകുന്ന സന്ദേശം. ഗാർഹിക പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും സംഭവിച്ചാൽ എന്ത് വില കൊടുത്തും അവ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ പ്രാപ്തർ ആക്കുക എന്നതാണ് അതിന്റെ ആദ്യ പടി. തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും സാമൂഹ്യ ഇടങ്ങളിലും എല്ലാം 'പെണ്ണല്ലേ' എന്ന പേരിൽ നടക്കുന്ന മാറ്റിനിർത്തലുകൾ അവസാനിപ്പിക്കാൻ നമുക്ക് മുൻകൈ എടുക്കാം.. അങ്ങനെ മുൻവിധികൾ ഇല്ലാത്ത, വിവേചനങ്ങൾ ഇല്ലാത്ത ഒരു ലോകം നമുക്ക് പണിത് ഉയർത്താം.

പിക്ച്ചർ ചലഞ്ച്

ഈ ഹാഷ്ടാഗ് ക്യാംപെയ്ൻ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ലോകം എമ്പാടും ഉള്ള ജൻഡർ റൈറ്റ്സ് വക്താക്കളോട് കൈത്തണ്ടകൾ പരസ്പരം ക്രോസ് ചെയ്ത് എതിർപ്പ് പ്രകടിപ്പിക്കുന്ന രീതിയിൽ ഉള്ള ചിത്രം എടുത്ത് ഹാഷ്ടാഗോഡ് കൂടി പ്രചരിപ്പിക്കാൻ സംഘടനാ ആഹ്വനം ചെയുന്നു. 'ഇനി വേണ്ട വിട്ടുവീഴ്ച,' 'മുൻവിധികൾ അവസാനിപ്പിക്കുക' തുടങ്ങിയവ ആണ് ഈ ആംഗ്യത്തിന്റെ അർഥം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ തൊഴിലിടങ്ങളിലോ സാമൂഹ്യ രംഗത്തോ എവിടെയെകിലും ലിംഗാധിഷ്ഠിതം ആയ വിവേചനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യാതൊരു മടിയും കൂടാതെ ഈ ആംഗ്യം കാണിച്ച് എതിർപ്പ് പ്രകടിപ്പിക്കാൻ ആണ് 'ഇന്റർനാഷ്ണൽ വിമൻസ് ഡേ' വെബ്സൈറ്റ് പൗരന്മാരോട് പറയുന്നത്. തുറന്ന് പറയപ്പെടുന്ന എതിർപ്പുകൾക്കെ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കൂ എന്ന് ഊന്നി പറയുകയാണ് ഇവിടെ.

ലിംഗ വിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിന്, പ്രതികരണത്തിന്, ഇനിയൊരു ഭാഷയുണ്ട് - അടയാളമുണ്ട്. ദേശഭാഷാവ്യത്യാസങ്ങൾ മറന്ന് നമുക്ക് ഈ ദൗത്യത്തിനായി കൈകോർക്കാം..