Nov 5, 2021 • 9M

ബീഡി തെറുത്ത് മകളെ പഠിപ്പിച്ചു; രാഖിമോൾ ബങ്കളം ലക്ഷംവീട് കോളനിയുടെ സ്വന്തം ഡോക്ടർ

സമൂഹത്തിന്റെ താഴെക്കിടയിൽ നിന്ന് സ്വപ്‌നങ്ങൾ മാത്രം കൈമുതലാക്കി പഠിച്ച് ഉയർന്നുവന്ന രാഖിമോളുടെ ജീവിതം ഏവർക്കും മാതൃകയാണ്

Anagha Jayan E
Comment1
Share
 
1.0×
0:00
-9:03
Open in playerListen on);
Episode details
1 comment

കാസർകോട് ജില്ലയിലെ മടിക്കൈ എന്ന ഗ്രാമം ആഘോഷത്തിലാണ് - ബങ്കളം ലക്ഷം വീട് കോളനിയുടെ പ്രിയപ്പെട്ട രാഖിമോൾ ഇനി ഡോ. രാഖി രാഘവൻ. ബീഡി തെറുത്തും ലോട്ടറി വിറ്റും മകളുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിന്ന അച്ഛനും അമ്മയ്ക്കും ഇത് അഭിമാന നിമിഷം! സമൂഹത്തിന്റെ താഴെക്കിടയിൽ നിന്ന് സ്വപ്‌നങ്ങൾ മാത്രം കൈമുതലാക്കി പഠിച്ച് ഉയർന്നുവന്ന രാഖിമോളുടെ ജീവിതം ഏവർക്കും മാതൃകയാണ്.

"എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് മാലിവൻ കോളനിയിലെ കൂരയിൽ നിന്ന് അച്ഛന് ലക്ഷം വീട് അനുവദിച്ച് കിട്ടി ബങ്കളത്തേക്ക് താമസം മാറിയത്. അന്ന് അച്ഛൻ പണിത ഒറ്റമുറി വീടാണ്. പെങ്ങന്മാരെ കെട്ടിച്ചു, അച്ഛനും അമ്മയും പോയി, ഞാൻ ശോഭനയെ കൂടെ കൂട്ടി, ഞങ്ങൾക്ക് മക്കൾ പിറന്നു.. അതെല്ലാം ഈ വീട്ടിൽ.."" - രാഘവൻ ഓർക്കുന്നു

അന്ന് രാഘവന് ബീഡി തെറുപ്പായിരുന്നു ജോലി. ഭാര്യ ശോഭനയും കൂടെ കൂടും. മൂത്ത മകൻ രാഖിൽ പഠനത്തോടൊപ്പം കളിയും കൂട്ടുകാരുമായി പണ്ടേ ബിസിയായിരുന്നു. പക്ഷെ അവനെക്കാൾ 4 വയസ്സ് താഴെയുള്ള രാഖിമോൾക്ക് പ്രിയം പഠിപ്പിനോട് തന്നെയായിരുന്നു.

"അവളെ പഠിക്കാൻ ഇന്നേവരെ ആരും നിർബന്ധിച്ചിട്ടില്ല. ഒറ്റമുറി വീട്ടിൽ ബീഡി തെറുപ്പുമായി കഴിയുന്ന ഞങ്ങൾക്ക് മക്കളെ കുറിച്ച് വലിയ പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. പക്ഷെ തുടർച്ചയായി ക്ലാസ്സിൽ ഫസ്റ്റ് വാങ്ങുന്ന മകളെ കണ്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം - അവൾ ഒരു ഡോക്ടർ ആകണമെന്ന്.

അതിമോഹമാണ്. നിർബന്ധിക്കാൻ എനിക്ക് അധികാരവുമില്ല. കാശ് കൊടുത്ത് പഠിപ്പിക്കുക എന്നൊക്കെ പറയുന്നത് സ്വപ്നം മാത്രം. ഞാൻ വെറുതെ ഒരു സ്വപ്നം പോലെ കാര്യം രാഖിയോട് പറഞ്ഞു. അതിന്റെ ഗൗരവം തിരിച്ചറിയാനുള്ള പ്രായം പോലും അന്ന് അവൾക്കില്ല. പക്ഷെ അവൾ അത് മനസ്സിൽ നിന്ന് കളഞ്ഞില്ല," രാഘവൻ കൃതാർത്ഥതയോടെ പറഞ്ഞു.

തുടർച്ചയായി ക്ലാസ്സിൽ ഫസ്റ്റ് വാങ്ങുന്ന മകളെ കണ്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം - അവൾ ഒരു ഡോക്ടർ ആകണമെന്ന്. അതിമോഹമാണ്. നിർബന്ധിക്കാൻ എനിക്ക് അധികാരവുമില്ല. കാശ് കൊടുത്ത് പഠിപ്പിക്കുക എന്നൊക്കെ പറയുന്നത് സ്വപ്നം മാത്രം. ഞാൻ വെറുതെ ഒരു സ്വപ്നം പോലെ കാര്യം രാഖിയോട് പറഞ്ഞു. അതിന്റെ ഗൗരവം തിരിച്ചറിയാനുള്ള പ്രായം പോലും അന്ന് അവൾക്കില്ല. പക്ഷെ അവൾ അത് മനസ്സിൽ നിന്ന് കളഞ്ഞില്ല

ഏതാനും വർഷങ്ങൾ കഴിഞ്ഞ് ബീഡി തെറുപ്പ് അവസാനിച്ചതോടെ രാഘവൻ ലോട്ടറി കച്ചവടം തുടങ്ങി. നാലാം ക്ലാസ്സിൽ വച്ച് നടന്ന നവോദയ പ്രവേശന പരീക്ഷ ജയിച്ച് രാഖി നവോദയ സ്‌കൂളിലേക്ക് മാറി. മൂത്ത മകൻ രാഖിൽ പത്താം ക്ലാസ് കഴിഞ്ഞ് ഡയറി സയൻസിൽ ഡിപ്ലോമ എടുത്ത് ഒരു താൽക്കാലിക ജോലിക്ക് കയറി. രാഖിമോൾ പത്താം ക്ലാസ്സിലും എത്തി. ബങ്കളം ലക്ഷം വീട് കോളനിയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് രാഖി മിന്നും വിജയം കൈവരിച്ചു.

"വീട്ടിൽ നിന്ന് മാറി നിന്നതിൽ ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. പക്ഷെ അതുവരെ പഠിച്ച പോലുള്ള സ്‌കൂളും കൂട്ടുകാരും ഒന്നും ആയിരുന്നില്ല. എല്ലാവർക്കും വലിയ ലക്ഷ്യങ്ങൾ ആയിരുന്നു. നവോദയ പോലൊരു സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഇന്ന് ഈ വിജയം നേടാൻ പറ്റില്ലായിരുന്നു," - രാഖി പറയുന്നു.

പ്ലസ്-ടൂ ഫൈനൽ പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിരുന്നു രാഖിയ്ക്ക്. നീറ്റ് പരീക്ഷയെഴുതിയെന്നും അതിന്റെ റിസൾട്ട് വന്നിട്ടേ മറ്റ് കോഴ്‌സുകളെ കുറിച്ച് ചിന്തിക്കൂ എന്നുമെല്ലാം രാഖി പറയുന്നത് അവിശ്വാസത്തോടെ രാഘവനും ശോഭനയും കേട്ടിരുന്നു. രാഖിയുടെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചുകൊണ്ട് മെഡിക്കൽ എൻട്രൻസ് കഴിഞ്ഞ് ഓപ്പൺ അലോട്ട്മെന്റിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ രാഖിയ്ക്ക് എംബിബിഎസ്സിന് സീറ്റ് കിട്ടി.

"കിട്ടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതല്ലാതെ മറ്റൊരു കോഴ്‌സിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. പിന്നെ കോച്ചിങ്ങും പെയ്ഡ് എജുക്കേഷനും ഒന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല. പഠിച്ച് തന്നെ നേടണം. അതെനിക്ക് ഒരു വാശിയായിരുന്നു," - രാഖിയുടെ നിശ്ചയദാർഢ്യം വാക്കുകളിൽ വ്യക്തം.

രാഖി മൂന്നാം വർഷ മെഡിസിൻ വിദ്യാർത്ഥി ആയിരിക്കെ ആയിരുന്നു അമ്മ ശോഭനയ്ക്ക് അപ്രതീക്ഷിതമായി ഹൃദ്രോഗം പിടിപെട്ടത്. സർക്കാർ ആശുപത്രിയിൽ ബൈപ്പാസ് സർജറി കഴിഞ്ഞ് വിശ്രമിക്കവേ, അമ്മയെ ശുശ്രൂഷിക്കാൻ ലീവെടുത്ത് മഞ്ചേരിയിൽ നിന്നും രാഖിയെത്തി. ആ ദിവസങ്ങളെ കുറിച്ച് പറയുമ്പോൾ ഇന്നും ശോഭനയുടെ കണ്ണ് നിറയും.

ദുരിതക്കടലിന് നടുവിൽ കഴിയുമ്പോഴും തന്റെ മകളുടെ മനസ്സിൽ നിരാശ കുത്തി വയ്ക്കാതെ, വിവാഹ സ്വപ്നങ്ങൾക്ക് പകരം ഉയർന്ന ഉദ്യോഗം നേടുക എന്ന വലിയ സ്വപ്നം നിറച്ച ഒരു അച്ഛന്റെ വിജയമാണ് ഈ കുട്ടിഡോക്ടർ

"ഡോക്ടർമാരൊക്കെ പറഞ്ഞു നമ്മുടെ ഭാഗ്യമാണെന്ന്.. വീട്ടിൽ തന്നെ ഒരു കുട്ടിഡോക്ടർ ഉണ്ടല്ലോ.. അവരെ പോലെ അവളും എന്റെ ബിപി നോക്കുന്നു, സിറിഞ്ച് എടുത്ത് കുത്തിവയ്ക്കുന്നു, മരുന്നിന്റെ വിവരങ്ങൾ ഡോക്ടർമാരോട് അവരുടെ ഭാഷയിൽ ചോദിച്ച് മനസ്സിലാക്കുന്നു. കണ്ട് നിന്ന അച്ഛനും ഞാനും കരച്ചിൽ ആയിരുന്നു.." - ശോഭന വികാരാധീനയായി പറഞ്ഞു.

"അന്നാണ് ഞങ്ങൾക്ക് അവളുടെ ഉള്ളിലെ ആ തീയ് ശരിക്കും മനസ്സിലായത്. അതുവരെ ഒരു സ്വപ്നം പോലെ ഞങ്ങൾ ഒഴുക്കിനൊപ്പം പോകുകയായിരുന്നു." - രാഘവൻ കൂട്ടിച്ചേർത്തു.

പക്ഷെ വിധി പിന്നെയും ആ ദമ്പതിമാരെ പരീക്ഷിച്ചു. ബൈപ്പാസ് സർജറി കഴിഞ്ഞതോടെ വീട്ടിലെ ജോലികൾ ചെയ്യാൻ പോലും ശോഭനയ്ക്ക് കഴിയാതെയായി. തളർച്ചയും ക്ഷീണവും അനുദിനം വർദ്ധിച്ചു. ലോട്ടറി കച്ചവടത്തിൽ നിന്ന് ചികിത്സയ്ക്കും വീട്ടുചെലവിനും എല്ലാം വേണ്ട പണം കഷ്ടിയെ ലഭിക്കുന്നുമുള്ളൂ.

"മോന്റെ ജോലി സ്ഥിരമാകും എന്ന പ്രതീക്ഷയായിരുന്നു ഞങ്ങൾക്ക്. അത് കൊണ്ട് തന്നെ മോളെ ഇതൊന്നും അറിയിച്ചില്ല. അവൾ പഠിക്കട്ടെ എന്ന് കരുതി ," - ശോഭന പറയുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് രാഖിമോൾ ഇപ്പോൾ. ഇത് കഴിഞ്ഞാൽ വീടിനടുത്ത് ഒരു ക്ലിനിക് ഇടുമോ? അതോ ഏതെങ്കിലും ആശുപത്രിയിൽ ജോലി നേടുമോ? ഈ ചോദ്യങ്ങൾക്ക് എല്ലാം അധികം ആലോചിക്കാതെ തന്നെ രാഖി ഉത്തരം പറയും: "ഒന്നുമല്ല. പി.ജി ചെയ്യാനുള്ള അവസരവും ഇതുപോലെ പഠിച്ച് നേടണം. പീഡിയാട്രിയിൽ സ്‌പെഷലൈസ് ചെയ്യണം എന്നാണ്. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിൽ കുട്ടികളെ ചികിത്സിക്കാനുള്ള ഡോക്ടർമാർ കുറവായിരുന്നു. ആ കുറവ് നികത്തണം" - രാഖിയുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ സാമൂഹ്യപ്രതിബദ്ധതയുടെ ഒരു മുഖവുമുണ്ട്.

ഒരു മകനും മകളുമുള്ള വീട്ടിൽ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ പൊതുവെ മകന്റെ ഉദ്യോഗത്തെ കുറിച്ചും മകളുടെ വിവാഹത്തെ കുറിച്ചും ആയിരിക്കും. ആ സമ്പ്രദായം തകർത്ത് എറിഞ്ഞ രാഘവന്റെ ജീവിത വിജയമാണ് തന്റെ മകൾ ഡോക്ടർ ആകണം എന്ന ആഗ്രഹം

രാഘവൻ ജീവിതയാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പറഞ്ഞു: "ഒന്നും അവളോട് പറയേണ്ട കാര്യമില്ല. എംഡി, എംഎസ് എന്നൊക്കെ പറഞ്ഞാൽ കോടികൾ മുടക്കിയാണ് ഓരോരുത്തർ പഠിക്കുന്നത്. നമുക്ക് നിത്യച്ചെലവ് നടന്നുപോകുന്നത് എങ്ങനെ എന്നുവരെ ഇപ്പോഴും രൂപമില്ല. വീട് എന്നുപറഞ്ഞാൽ കയറിക്കിടക്കാൻ ഒരു മുറി എന്നേ ഉള്ളൂ.

അവൾ ഇതുവരെ പഠിച്ചത് പോലെ തന്നെ മുന്നോട്ടും പഠിക്കണം. ഇതിലൊന്നും ഒരു പങ്കും ഞങ്ങൾ അവകാശപ്പെടുന്നില്ല. എല്ലാം അവളുടെ നേട്ടമാണ്. പിന്നെ നമ്മുടെ ഒരു കൊച്ച് മോഹം നമ്മുടെ കുഞ്ഞ് ജീവിതലക്ഷ്യമായി കണ്ട് പ്രയത്നിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഒരച്ഛന് അതിൽ കൂടുതൽ എന്ത് വേണം?!" - രാഘവൻ കണ്ണ് തുടച്ചു.

ഇന്നും രാഘവനും ശോഭനയ്ക്കും മുതൽക്കൂട്ട് ഒരു കുടന്ന പ്രതീക്ഷകളാണ് - മകൾ പഠിപ്പിനൊത്ത ജോലി നേടും. മകന്റെ ജോലി സ്ഥിരമാകും. കോളനിയിലെ വീട് വിറ്റ് ഒരു ഡോക്ടർക്ക് ചേർന്ന കൊച്ച് വാർക്ക വീട് പണിയാനാകും. അങ്ങനെ അങ്ങനെ..

പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ, ജീവിതയാഥാർഥ്യങ്ങളിൽ കാലൂന്നി ആകാശങ്ങൾ കീഴടക്കിയ പെൺകരുത്തിന്റെ പ്രതീകമാണ് രാഖി. നിശ്ചയദാർഢ്യത്തിന് ഒരു പേരുണ്ടെങ്കിൽ അതാണ് ബങ്കളം ലക്ഷംവീട് കോളനിയിലെ രാഖിമോൾ. അവർ പാർക്കുന്ന ലക്ഷം വീട് കോളനിയിൽ എന്ന് വേണ്ട, മാവിലൻ എന്ന സമുദായത്തിലെ തന്നെ ആദ്യത്തെ ഡോക്ടർ ആണ് രാഖിമോൾ എന്നത് അവളുടെ വിജയത്തിന് പകിട്ട് കൂട്ടുന്നു.

ദുരിതക്കടലിന് നടുവിൽ കഴിയുമ്പോഴും തന്റെ മകളുടെ മനസ്സിൽ നിരാശ കുത്തി വയ്ക്കാതെ, വിവാഹ സ്വപ്നങ്ങൾക്ക് പകരം ഉയർന്ന ഉദ്യോഗം നേടുക എന്ന വലിയ സ്വപ്നം നിറച്ച ഒരു അച്ഛന്റെ വിജയമാണ് ഈ കുട്ടിഡോക്ടർ. ഒരു മകനും മകളുമുള്ള വീട്ടിൽ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ പൊതുവെ മകന്റെ ഉദ്യോഗത്തെ കുറിച്ചും മകളുടെ വിവാഹത്തെ കുറിച്ചും ആയിരിക്കും. ആ സമ്പ്രദായം തകർത്ത് എറിഞ്ഞ രാഘവന്റെ ജീവിത വിജയമാണ് തന്റെ മകൾ.

പെണ്മക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന മാതാപിതാക്കളാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹം. ജനിച്ച നാൾ മുതൽ വിവാഹക്കമ്പോളത്തിന് ഉതകുന്ന രീതിയിൽ പെണ്മക്കളെ വളർത്തുന്ന അച്ഛനമ്മമാർക്ക് ഒരു പാഠം കൂടിയാണ് രാഖിയുടെ ജീവിതം. ഇന്നും രാഘവന്റെ ലക്ഷ്യം രാഖിയുടെ വിവാഹമല്ല; മറിച്ച് മകൾ ഒരു ഡോക്ടറായി സ്വന്തം നാട്ടിൽ തല ഉയർത്തി നടക്കുന്ന കാലമാണ്.

രാഖിയുടെ വിജയത്തിന് അനുമോദനവുമായി ഒരു നാട് മുഴുവൻ മുന്നോട്ട് എത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ 15 വർഷ കാലമായി നീലേശ്വരം നഗരത്തിൽ കാൽനടയായി ലോട്ടറി വില്പന നടത്തുന്ന രാഘവനെ ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത കാസർകോട്ടുകാർ കുറവാണ്. രാഖിമോൾ 4 വരെ പഠിച്ച കക്കാട്ട് ഗവ: ഹൈസ്കൂളിനും തുടർന്ന് പ്ലസ്-ടൂ വരെ പഠിച്ച പെരിയ നവോദയ വിദ്യാലയത്തിനും ഇത് അഭിമാന നിമിഷം.

രാഖിയുടെ ചിത്രം നാട്ടിലെ ഫ്ളക്സ് ബോർഡുകളിലും മാധ്യമങ്ങളിലും സ്ഥിരം വായിക്കുന്ന പത്രത്തിലും എല്ലാം നിറയുമ്പോൾ കണ്ണും മനസ്സും നിറഞ്ഞ് പ്രാർത്ഥനയോടെ കഴിയുകയാണ് ഈ അച്ഛനും അമ്മയും സഹോദരനും. "അവള് പണ്ടേ പഠിപ്പിസ്റ്റാണ്. പെൺകുട്ടികളായാൽ ഇങ്ങനെ വേണം," സഹോദരൻ ഇങ്ങനെ പറഞ്ഞു വയ്ക്കുമ്പോൾ ആ കണ്ണുകളിലും നിറയുന്നത് കൊച്ചനുജത്തിയെക്കുറിച്ചുള്ള അഭിമാനം ഒന്ന് മാത്രമാണ്.