
'മൂത്രപ്പുരയില്ല, ഭക്ഷണമില്ല, ഹോസ്റ്റൽ മുറിക്ക് വാതിലുകളുമില്ല' അസഘടിതരായ പെൺ പോരാളികൾ ഇനിയുമേറെ!
ഒന്ന് മൂത്രം പോലും ഒഴിക്കാൻ ആവാതെ അതെല്ലാം കടിച്ച് പിടിച്ച് കടയിൽ വരുന്ന കസ്റ്റമേഴ്സിന്റെ മുൻപിൽ ചിരിച്ചുകൊണ്ട് നിൽകുന്നത് എത്രത്തോളം ഭീകരമാണ്. അവർക്കാർക്കും യൂണിയൻ ഇല്ല
"ഞങ്ങൾ കക്കാനൊന്നും വന്നതല്ല കക്കൂസുണ്ടാക്കാൻ വന്നതാ" ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ കുഞ്ഞില മാസിലമാണി സംവിധാനം ചെയ്ത 'അസഘടിതർ' എന്ന ഭാഗത്തിലെ ഒരു ഡയലോഗ് ആണിത്. 'അസഘടിതർ' എന്ന പേര് പോലെയും അതിലെ ഡയലോഗ് പോലെയും അസഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവരുടെ ചെറുത്ത് നിൽപിനെക്കുറിച്ചുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സിനിമയിലെ ആദ്യ ഭാഗത്ത് കടയിൽ ബാത്രൂം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടിനെ പറ്റി സ്രിന്ദ അഭിനയിച്ച കഥാപാത്രം ചോദിക്കുമ്പോൾ കടക്കാരൻ പറയുന്നത് നാളെ മുതൽ ഒരു കാലി കുപ്പി കൊണ്ട് പോരെന്നാണ്.
ഇരുവരും ചിരിച്ചുകൊണ്ട് നടത്തുന്ന ആ സംഭാഷണത്തിന്റെ ഭീകരത എത്രത്തോളമായിരിക്കും. ഒന്ന് മൂത്രം പോലും ഒഴിക്കാൻ ആവാതെ അതെല്ലാം കടിച്ച് പിടിച്ച് കടയിൽ വരുന്ന കസ്റ്റമേഴ്സിന്റെ മുൻപിൽ ചിരിച്ചുകൊണ്ട് നിൽകുന്നത് എത്രത്തോളം ഭീകരമാണ്. അവർക്കാർക്കും യൂണിയൻ ഇല്ല. പെണ്ണല്ലേ ഒന്ന് പേടിപ്പിച്ചാൽ മറുത്തൊന്നും പറയില്ല എന്ന ഭാവമാണ് എല്ലാവർക്കും.
'അസഘടിതരി'ൽ ഉടനീളം ഹാസ്യത്തിന്റെ പ്രയോഗം കാണുവാൻ സാധിക്കും. ഇത്ര രാഷ്ട്രീയപരമായി ശക്തമായ ഒരു പ്രമേയം ഹാസ്യത്തിൽ ചാലിച്ചു പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചത് അതിന് വേണ്ട ജനശ്രദ്ധ ലഭിക്കാനാണെന്നതിൽ തർക്കമില്ല. പക്ഷെ സിനിമയിലുടനീളം ഹാസ്യത്തിന്റെ മേമ്പോടി ഉണ്ടെങ്കിലും ഒരിടത്തും നമുക്കൊന്ന് ചിരിക്കാനാവില്ല എന്നതാണ് വസ്തുത. മിട്ടായി തെരുവിൽ ജോലി ചെയ്യുന്ന ആ പെണ്ണുങ്ങൾ ഇരിക്കാതെയും മിണ്ടാതെയും മൂത്രമൊഴിക്കാതെയും അനുഭവിക്കുന്ന അവസ്ഥ കണ്ട് എങ്ങനെ ചിരിക്കാനാവും.
മിട്ടായിത്തെരുവിൽ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക അസഘടിത തൊഴിലാളി മേഖലയിലെ അവസ്ഥ ഇത് തന്നെയാണ്. ദിവസം പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമിക്കാൻ കിട്ടുന്ന ആകെ സമയം ഉച്ചഭക്ഷണത്തിന്റെ അര മണിക്കൂർ മാത്രമാണ്
മിട്ടായിത്തെരുവിൽ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക അസഘടിത തൊഴിലാളി മേഖലയിലെ അവസ്ഥ ഇത് തന്നെയാണ്. ദിവസം പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമിക്കാൻ കിട്ടുന്ന ആകെ സമയം ഉച്ചഭക്ഷണത്തിന്റെ അര മണിക്കൂർ മാത്രമാണ്. അപ്പോൾ വരും മാനേജരുടെ കുത്ത് വാക്ക് " ഇങ്ങനെ കഴിച്ചോണ്ടിരുന്നാ മതിയല്ലോ പണിയൊന്നും നോക്കേണ്ട". രാവിലെ മുതൽ രാത്രി വരെ പണിയെടുക്കുന്നവരുടെ മുഖത്ത് നോക്കി യാതൊരു മടിയുമില്ലാതെ പറയുന്ന ഡയലോഗാണിത്. ഇതുമായി ബന്ധപ്പെട്ട് ടെക്സ്റ്റൈൽ മേഖലയിൽ സെയിൽസ് ഗേൾസായി ജോലി ചെയ്ത പലരോടും സംസാരിക്കുകയുണ്ടായി.
മുണ്ടക്കയത്തെ അത്ര ചെറുതല്ലാത്ത ഒരു ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന പെൺകുട്ടി പറയുന്ന സത്യം ഞെട്ടിക്കുന്നതാണ്. "ഞാൻ ജോലി ചെയ്തിരുന്ന കടയിൽ രണ്ട് അറ്റന്റൻസ് ബുക്ക് ഉണ്ട്. ഒന്ന് ലേബർ ഓഫീസറെ കാണിക്കാനും മറ്റൊന്ന് കടയിലേക്ക് വേണ്ടി ഉള്ളതും. സത്യം പറഞ്ഞാൽ എനിക്കീ നിയമങ്ങളെ പറ്റി വലിയ അറിവില്ല. എന്നാലും അവിടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്, അതായത് സ്റ്റാഫ് എണ്ണത്തിൽ കുറവാണെങ്കിൽ അവർക്ക് ഇഎസ്ഐ, പിഎഫ് ഒന്നും നൽകേണ്ട ആവശ്യമില്ല എന്ന്.
ലേബർ ഓഫീസറെ കാണിക്കാനുള്ള അറ്റന്റൻസ് ബുക്കിൽ സ്റ്റാഫിന്റെ എണ്ണം കുറവായിരിക്കും. ഇനി ഒരുപക്ഷെ ലേബർ ഓഫിസർ നേരിട്ട് വരികയാണെങ്കിൽ ഉടനെ തന്നെ ബാക്കി ഉള്ള ലേബർസിനെ മാറ്റുകയും അറ്റണ്ടൻസ് ബുക്ക് ഒളിപ്പിക്കുകയും ചെയ്യും. ഇത് ഈഎസ്ഐ, പിഎഫ് നൽകാതിരിക്കാനുള്ള ഉടമസ്ഥരുടെ വേലയാണ്. എന്നാൽ അവരുടെ ക്രൂരത അവിടം കൊണ്ടും നിൽകുന്നില്ല. സ്റ്റാഫിനെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽ നിന്നെല്ലാം പേയിങ് സ്ലിപ്പ് വാങ്ങി വയ്ക്കും. പക്ഷെ ആ പേയിങ് സ്ലിപ്പിൽ കാണിച്ചിരിക്കുന്നതിന്റെ പകുതി മാത്രമായിരിക്കും അവരുടെ യഥാർഥ വേതനം. പെണ്ണല്ലേ ഒന്നും മിണ്ടില്ല എന്നുള്ള ധൈര്യമാണ് അവർക്ക്." നിസഹായവസ്ഥയിൽ അവർ പറയുന്നു.
കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത ട്രോമാ
അടുത്തത് എറണാകുളത്തെ തന്നെ ഒരു പ്രമുഖ ടെക്സ്റ്റൈൽസിലെ അവസ്ഥയാണ്. അവിടെ ജോലി ചെയ്തിരുന്ന പേര് പറയാൻ താല്പര്യമില്ലാത്ത കുട്ടി പറയുന്നത് ഇങ്ങനെയാണ്. "എന്റെ പതിനെട്ടാം വയസിലാണ് എറണാകുളത്തെ ടെക്സ്റ്റൈൽസിൽ ജോലിക്ക് കയറുന്നത്. കയറാൻ നേരം അവർ പറഞ്ഞത് ഫോൺ കടയിൽ ഉപയോഗിക്കാൻ പറ്റില്ല ഹോസ്റ്റലിൽ ചെന്നാൽ അമ്മയെയും അച്ഛനെയും വിളിക്കാൻ കുഴപ്പമൊന്നും ഉണ്ടാവില്ല എന്നാണ്. എന്നാൽ ജോലിക്ക് കയറി ആദ്യ ദിവസം വാങ്ങി വച്ച ഫോൺ ആണ്, പിന്നീടവർ എനിക്കത് തരുന്നത് തിരിച്ച് വീട്ടിലേക്ക് പോകുന്ന ദിവസം മാത്രമാണ്.
‘‘യഥാർഥത്തിൽ ജയിൽ ആണ് അവിടം. കുറെ വസ്ത്രങ്ങളും നാല് ചുവരുകളും ഉള്ള വലിയൊരു ജയിൽ. എന്റെ വീട്ടിലേക്ക് വിളിക്കാൻ പോലും അവർ അനുവാദം തന്നിരുന്നില്ല. നമ്മൾ അവിടെ ജോലി അല്ലെ ചെയ്യുന്നത്. അടിമകൾ അല്ലല്ലോ’’
യഥാർഥത്തിൽ ജയിൽ ആണ് അവിടം. കുറെ വസ്ത്രങ്ങളും നാല് ചുവരുകളും ഉള്ള വലിയൊരു ജയിൽ. എന്റെ വീട്ടിലേക്ക് വിളിക്കാൻ പോലും അവർ അനുവാദം തന്നിരുന്നില്ല. നമ്മൾ അവിടെ ജോലി അല്ലെ ചെയ്യുന്നത്. അടിമകൾ അല്ലല്ലോ. ഡ്യൂട്ടി ടൈം കഴിഞ്ഞാലും അവരുടെ ഭരണമാണ്. അവർ പറയുന്ന സമയത്ത് കിടക്കണം, കുളിക്കണം. ഏറ്റവും ഭീകരമായ അവസ്ഥ എന്തെന്നാൽ അവിടുത്തെ റൂമുകൾക്കൊന്നും കുറ്റി ഇല്ലായിരുന്നു. ഹോസ്റ്റൽ നടത്തുന്നത് ആണുങ്ങളും. രാത്രീലൊക്കെ മിന്നൽ പരിശോധന എന്ന് പറഞ്ഞ് കുറെ ആണുങ്ങൾ വന്ന് ഞങ്ങളുടെ മുറി മുഴുവൻ പരിശോധിക്കും. ഇതെല്ലാം സഹിച്ചു മടുത്തിട്ട് ഞാൻ അവിടുന്ന് ഓടി രക്ഷപെടുകയായിരുന്നു ." ഒരു അസഘടിത മേഖലയിലെ പെൺകുട്ടിയുടെ അനുഭവമാണിത്. ഇത് പോലെ എത്രയോ പേർ.
ഓണത്തിന്റെ തിരക്കാണ് കടയിൽ ഓഫറുമുണ്ട്. അത് കൊണ്ട് തന്നെ എപ്പോഴും നിറയെ ആളുകളാണ്. രാവിലെ മുതൽ നിന്നിട്ട് രമ എന്ന പെൺകുട്ടി കാല് വേദന കൊണ്ട് പുളയുകയാണ്. ഉച്ചയോടടുത്തപ്പോൾ കടയിലെ തിരക്കൊന്ന് കുറഞ്ഞു. കാല് വേദന സഹിക്കാൻ വയ്യാതെ രമ അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു. ഒരു മിനിറ്റ് മാത്രമേ ആയിട്ടുണ്ടാവു മാനേജർ സിസിടിവി ക്യാമെറയിൽ രമ ഇരിക്കുന്നത് കണ്ട് കലി തുള്ളി ഇറങ്ങി വന്നു. അയാൾ ചോദിച്ചു " നിനക്കൊക്കെ പൈസ തന്ന് ഇവിടെ നിർത്തിയിരിക്കുന്നത് ജോലി ചെയ്യാനാണ് അല്ലാതെ ഫുൾ ടൈം ഇരുന്ന് സുഖിക്കാനല്ല.
ഇരിക്കാനാണെങ്കിൽ വീട്ടിൽ പോയി ഇരുന്നാൽ മതി. " ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞാൽ അയാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഒരു തരം മരവിപ്പായിരിക്കും. ഇത് പോലെ പല തരത്തിലുള്ള വെർബൽ അബ്യുസുകളാണ് നിരന്തരം അവർക്ക് കേൾക്കേണ്ടി വരുന്നത്. രമയ്ക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല അന്ന് തന്നെ അവിടുത്തെ ജോലിയ്ക്ക് ബൈ പറഞ്ഞു.
അതിജീവനത്തിനായി ചൂഷണത്തിന് നിന്ന് കൊടുക്കുന്നു
മേൽപറഞ്ഞ എല്ലാ പെൺകുട്ടികൾക്കും അനുഭവിക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനങ്ങൾ തന്നെയാണ്. രാവിലെ 9 മണിക്ക് തുടങ്ങുന്ന അവരുടെ ജോലി അവസാനിക്കുന്നത് രാത്രി 11 നും 12 നും ഒക്കെയാണ്. എന്നാൽ ഓവർടൈമിന് കൂടുതൽ പൈസയുമില്ല. 5000 നും 6000 നും ഒക്കെ ഇത് പോലുള്ള അവസ്ഥ സഹിച്ച് നിൽകുന്നത് ഒരുപക്ഷെ വേറെ വഴിയില്ലാത്ത കൊണ്ടാവാം. എന്നാൽ ഇതിനെതിരെ ഒന്നിച്ച് നിന്ന് പോരാടി ജയിച്ചവരുടെ കഥയും നമ്മുടെ മുൻപിലുണ്ട്. 2013 ൽ അഞ്ച് സ്ത്രീകൾ നടത്തിയ കല്യാൺ സമരം മറക്കാൻ സാധിക്കുന്നതല്ല. എന്നാൽ അവയൊക്കെ വളരെ വിരളമാണ് താനും.
മൂത്രമൊഴിക്കാൻ തോന്നിയാൽ ഏതെങ്കിലും ഒരു മതിലിന്റെ ചോട്ടിൽ അവർ കാര്യം സാധിക്കും. എന്നാൽ പെണ്ണിന്റെ അവസ്ഥ ഇതാണോ. ഏറ്റവും വലിയ വിരോധാഭാസം പലയിടങ്ങളിലും പെണ്ണിന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇരിക്കുന്നത് ആണുങ്ങളാണ് എന്നതാണ്
അസംഘടിതരായ പെണ്ണുങ്ങളുടെ കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല. കുഞ്ഞില മസിലമാണിയുടെ 'അസംഘടിതർ' എന്ന ചിത്രത്തിലെയും കഥ അവസാനിക്കുന്നില്ല. പെണ്ണുങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാത്ത ആൺസമൂഹം അവരുടെ പ്രതിഷേധത്തിന് ശേഷം ഉണ്ടാക്കി കൊടുക്കുന്നത് ഒരേയൊരു ടോയ്ലറ്റ് ആണ്. മിട്ടായി തെരുവിലെ 80 ശതമാനത്തോളം വരുന്ന സ്ത്രീകൾക്ക് അവസാനം കിട്ടിയത് ഒരേയൊരു ടോയ്ലറ്റ്. അവർ പിന്നെയും ഉദ്യോഗസ്ഥരായ കുറെ ആണുങ്ങളെ കാണുന്നുണ്ട് അവരൊക്കെ പറയുന്നത് ഇതൊക്കെ സഹിക്കാവുന്നതല്ലേ ഉള്ളു എന്നാണ്. അപ്പോ ഈ പറയുന്ന ആണുങ്ങൾ ഇത് സഹിക്കുമോ.
മൂത്രമൊഴിക്കാൻ തോന്നിയാൽ ഏതെങ്കിലും ഒരു മതിലിന്റെ ചോട്ടിൽ അവർ കാര്യം സാധിക്കും. എന്നാൽ പെണ്ണിന്റെ അവസ്ഥ ഇതാണോ. ഏറ്റവും വലിയ വിരോധാഭാസം പലയിടങ്ങളിലും പെണ്ണിന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇരിക്കുന്നത് ആണുങ്ങളാണ് എന്നതാണ്. ലേബർ ഓഫിസർ ആണെങ്കിലും മുതലാളിമാർ ആണെങ്കിലും യൂണിയൻ ആളുകൾ ആണെങ്കിലും എല്ലാവരും പുരുഷന്മാരാണ്. അവരുണ്ടോ സ്ത്രീകളെ മനസിലാക്കുന്നു. ഈ ചിത്രം ഒരു നേർകാഴ്ച്ച ആണ്. മിഠായി തെരുവിലെ മാത്രമല്ല ഈ കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ മുഴുവൻ നേർകാഴ്ച.
സിനിമയുടെ അവസാന ഭാഗത്ത് കടൽ തീരത്ത് കുട ചൂടി ഇരിക്കുന്ന ഗേ കപ്പിൾസിന് മേൽ ഒരു കല്ലെടുത്തെറിയുന്നുണ്ട് സ്രിന്ദയുടെ കഥാപാത്രം. ആ സമയം അവർ പിടിച്ചിരുന്ന കുട പറന്നു പോകുന്നുണ്ട്. ഇത് സിനിമ പറഞ്ഞ് വയ്ക്കുന്ന സ്റ്റേറ്റ്മെന്റാണ്. ഒരാളെയും ഭയക്കേണ്ടതില്ല. നമ്മൾ ശരിയാണെങ്കിൽ നമ്മുടെ ആവശ്യങ്ങൾ ന്യായമാണെങ്കിൽ അതൊളിച്ചു വയ്ക്കാതെ പോരാടുക തന്നെ ചെയ്യണം എന്ന സ്റ്റേറ്റ്മെന്റ്.