Jan 12 • 8M

പതിനഞ്ച് വയസ്സിൽ വിധവ, വിപ്ലവം സൃഷ്ടിച്ച പുനർവിവാഹം: ആര്യ പ്രേംജി എന്ന ചരിത്ര വനിത

സ്വന്തം സമുദായത്തിന്റെ എതിർപ്പുകളെ മുഴുവൻ മറി കടന്ന്, പന്ത്രണ്ട് വർഷത്തെ വൈധവ്യത്തിന് ശേഷം പുനർവിവാഹം ചെയ്ത നമ്പൂതിരി സ്ത്രീ എന്ന പേരിലാണ് ആര്യ പ്രേംജി ശ്രദ്ധേയയാകുന്നത്

 
1.0×
0:00
-8:06
Open in playerListen on);
Episode details
Comments

സ്വന്തം വിവാഹം പോലും സാമൂഹ്യ മാറ്റത്തിന് ഉള്ള സന്ദേശം ആക്കി മാറ്റിയ വിപ്ലവകാരി.. ആര്യ പ്രേംജി എന്ന നാമം കേരള ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് സാഹിത്യകാരനും അഭിനേതാവും ആയ പ്രേംജി എന്ന എം പി ഭട്ടതിരിപ്പാടിന്റെ ഭാര്യ എന്ന നിലയിൽ മാത്രം അല്ല, സ്വന്തം സമുദായത്തിന്റെ എതിർപ്പുകളെ മുഴുവൻ മറി കടന്ന്, പന്ത്രണ്ട് വർഷത്തെ വൈധവ്യത്തിന് ശേഷം പുനർവിവാഹം ചെയ്ത നമ്പൂതിരി സ്ത്രീ എന്ന പേരിൽ കൂടിയാണ്.

തൃശ്ശൂർ ജില്ലയിൽ ആയിരുന്നു ആര്യ അന്തർജനത്തിന്റെ ജനനം. സമ്പത്ത് കുന്നോളം ഉണ്ടെങ്കിലും നമ്പൂതിരി എന്ന മലയാള ബ്രാഹ്മണ സമുദായം സാമൂഹികമായി അങ്ങേയറ്റം പിന്നോട്ട് നിന്നിരുന്ന കാലം. പുരുഷാധിപത്യവും സംബന്ധ വ്യവസ്ഥിതിയും എല്ലാം കൊടി കുത്തി വാണിരുന്ന കാലം.

സ്ത്രീകൾക്ക് മറക്കുടയും മൂടുപടവും ഇല്ലാതെ പുറത്ത് ഇറങ്ങാനോ വിദ്യാഭ്യാസം നേടാനോ സാമൂഹ്യജീവിതം നയിക്കാനോ ഒന്നും അവകാശം ഇല്ലാത്ത കാലം. അക്കാലത്താണ് ആര്യ അന്തർജ്ജനം ജനിച്ച് വളരുന്നത്

നാല്പതും അൻപതും വയസ്സ് ഉള്ള മധ്യവയസ്കർ കൗമാര പ്രായം കവിയാത്ത പെൺകിടാങ്ങളെ അഞ്ചാമത്തെയോ ആറാമത്തെയോ എല്ലാം പത്നിമാർ ആയി വേളി കഴിച്ചിരുന്ന കാലം. സ്ത്രീകൾക്ക് മറക്കുടയും മൂടുപടവും ഇല്ലാതെ പുറത്ത് ഇറങ്ങാനോ വിദ്യാഭ്യാസം നേടാനോ സാമൂഹ്യജീവിതം നയിക്കാനോ ഒന്നും അവകാശം ഇല്ലാത്ത കാലം. അക്കാലത്താണ് ആര്യ അന്തർജ്ജനം ജനിച്ച് വളരുന്നത്.

അക്കാലത്ത് ജീവിച്ചിരുന്ന ഏതൊരു അന്തർജ്ജനത്തെയും പോലെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാതെ ആണ് ആര്യ അന്തർജ്ജനവും വളർന്നത്. സംസ്കൃതം എഴുതാനും വായിക്കാനും സ്വന്തം ഇല്ലത്ത് വച്ച് പഠിച്ചു - അത് മാത്രമാണ് സ്വായത്തം ആക്കിയ ഏക വിദ്യ. കിട്ടിയ അവസരങ്ങളിൽ എല്ലാം ആര്യ പുസ്തകങ്ങൾ വായിച്ചു. പഴിയുന്നത്ര അറിവ് സമ്പാദിച്ചു.

മികച്ച ജീവിതത്തെ കുറിച്ചും തുറന്ന ലോകത്തെ കുറിച്ചും സ്വപ്‌നങ്ങൾ കണ്ടു. പക്ഷെ അതെല്ലാം പന്ത്രണ്ടാം വയസ്സിൽ ഒരു നാല്പതുകാരന്റെ വധു ആയി വിവാഹം കഴിഞ്ഞ് പോകുന്നത് വരെയേ നീണ്ട് നിന്നുള്ളൂ. പെൺകുട്ടികൾ ഋതുവാകാൻ പോലും കാത്ത് നിൽക്കാതെ വിവാഹം നടത്തിയിരുന്ന കാലം ആയിരുന്നു അത്. ഓടി കളിക്കേണ്ട പ്രായത്തിൽ മൂടി പുതച്ച് മണിയറയിലേക്ക് കയറേണ്ടി വരുന്ന കുട്ടികൾ.. ജീവിതം എന്താണ് എന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ - വെറും പതിനഞ്ച് വയസ്സിൽ ആര്യ വിധവ ആയി.

നമ്പൂതിരി സമുദായത്തിൽ വിധവകൾക്ക് വീട്ടകങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. കുളിയും ജപവും ആയി അകത്തളങ്ങളിൽ ശിഷ്ടകാലം തള്ളി നീക്കാം. ആഘോഷങ്ങളിൽ പങ്കെടുക്കാനോ കൈകൊട്ടി കളിക്കാനോ ഒന്നും അവർക്ക് അവകാശം ഇല്ല. അങ്ങനെ നീണ്ട പന്ത്രണ്ട് വർഷം ആര്യ വിധവ ആയി കഴിഞ്ഞ് കൂടി.

കേരള സമൂഹത്തിൽ മാറ്റത്തിന്റെ ശംഘൊലി അലയടിക്കുന്ന കാലം ആയിരുന്നു അത്. വി. ടി. ഭട്ടത്തിരിപ്പാട്, ഇ. എം. എസ്. നമ്പൂതിരിപ്പാട്, എം ആർ ഭട്ടത്തിരിപ്പാട്, സഹോദരൻ എം പി ഭട്ടത്തിരിപ്പാട് തുടങ്ങി നിരവധി സാംസ്കാരിക നായകന്മാർ നമ്പൂതിരി സമുദായത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ തിരിച്ചറിഞ്ഞ് സമുദായത്തെ നവീകരിക്കാൻ ഇറങ്ങി പുറപ്പെട്ടിരുന്ന കാലം.

ഓടി കളിക്കേണ്ട പ്രായത്തിൽ മൂടി പുതച്ച് മണിയറയിലേക്ക് കയറേണ്ടി വരുന്ന കുട്ടികൾ.. ജീവിതം എന്താണ് എന്ന് പോലും മനസ്സിലാകാത്ത പ്രായത്തിൽ - വെറും പതിനഞ്ച് വയസ്സിൽ ആര്യ വിധവ ആയി

വിധവാ പുനർവിവാഹം കഴിയുന്നത്ര ജനകീയം ആക്കാൻ വേണ്ടി എല്ലാ രീതിയിലും ശ്രമങ്ങൾ നടന്ന് കൊണ്ടിരുന്ന സമയം. അക്കാലത്ത് ആണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് വിപ്ലവാത്മകം ആയി സ്വയം ഒരു വിധവയെ വിവാഹം ചെയ്ത് ചരിത്രം സൃഷ്ടിക്കുന്നത്. ഇ. എം. എസ്സിനോട് ഒപ്പം തോളോട് തോൾ ചേർന്ന് എം. പി ഭട്ടതിരിപ്പാടും സഹോദരൻ എം. ആർ ഭട്ടതിരിപ്പാടും തങ്ങൾ വിധവകളെ തന്നെ വിവാഹം ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളാണ് ഇവ. പറഞ്ഞ വാക്ക് പോലെ ഇരുവരും ഭർത്താവ് മരണപ്പെട്ട ഓരോ യുവതികളെ ജീവിതത്തിൽ കൂടെ കൂട്ടി. അങ്ങനെ ആണ് ഇരുപത്തിയേഴ് വയസ്സിൽ ആര്യ അന്തർജ്ജനം പ്രേംജിയുടെ പത്നി ആയി എത്തുന്നത്.

എന്നാൽ പ്രതീക്ഷിച്ച പോലെ എളുപ്പം ആയിരുന്നില്ല ദമ്പതിമാരുടെ മുന്നോട്ട് ഉള്ള ജീവിതം. സമുദായത്തിന്റെ നിയമങ്ങൾക്ക് എതിരായി വിവാഹ ബന്ധം സ്ഥാപിച്ചതിന് പ്രേംജിയുടെ കുടുംബത്തെ ഒന്നാകെ നമ്പൂതിരി സമുദായം ഭ്രഷ്ട് കല്പിച്ചു. ഭ്രഷ്ട് കല്പിക്കപ്പെട്ട മനുഷ്യർക്ക് പിന്നെ സ്വ സമുദായത്തിൽ ആരെയും സ്പർശിക്കാനോ, ബന്ധു ഗൃഹങ്ങൾ സന്ദർശിക്കാനോ, വിവാഹം മുതലായ സത്കാരങ്ങളിൽ പങ്കെടുക്കാനോ മരണാനന്തര ആവശ്യങ്ങൾക്ക് ബന്ധുക്കളുടെ സഹകരണം തേടാനോ ഒന്നും സാധിക്കില്ല.

തീർത്തും ഒറ്റപ്പെട്ട് ഉള്ള ജീവിതം. ആ കുറവ് നികത്താൻ കേരളത്തിലെ സാംസ്കാരിക പ്രമുഖർ ഇവരുടെ ഗൃഹത്തിലെ നിത്യ സന്ദർശകർ ആയി. കേരളത്തിന്റെ സാംസ്‌കാരിക ഭാവി വിഭാവനം ചെയ്യുന്നതിനും, നിരവധി സാമൂഹ്യ, സാഹിത്യ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും, രാഷ്ട്രീയ ചർച്ചകൾക്കും എല്ലാം ആര്യ പ്രേംജി സാക്ഷി ആയി. നമ്പൂതിരി സമുദായത്തിൽ മൂത്ത സഹോദരൻ മാത്രം ആണ് അക്കാലത്ത് വിവാഹം ചെയ്യുക.

അയാൾക്ക് എത്ര ഭാര്യമാരെ വേണമെങ്കിൽ സ്വീകരിക്കുകയും ചെയ്യാം. എന്നാൽ പിന്നീടുള്ള പുരുഷന്മാർ ശൂദ്ര സമുദായങ്ങളിൽ നിന്ന് സംബന്ധം ചെയ്യാനേ ചിട്ട അനുവദിച്ചിരുന്നുള്ളൂ. ഇത്തരം കീഴ്വഴക്കങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആയിരുന്നു ഭട്ടത്തിരിപ്പാട് സഹോദരങ്ങളുടെ വിവാഹവും ജീവിതവും.

കേരള ചരിത്രത്തിലെ അത്യന്തം നാടകീയം ആയ ഒരു കാലഘട്ടത്തിന്റെ സാക്ഷി ആയിരുന്നു ആര്യ അന്തർജ്ജനം. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട് മുൻകൈ എടുത്ത് നടത്തിയ വിവാഹം ആയിരുന്നു ആര്യ അന്തർജ്ജനത്തിന്റെയും പ്രേംജിയുടെയും. അവരുടെ മകനും, അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനും ആയ നീലൻ പിൽകാലത്ത് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത് വച്ച് സ്വന്തം മുത്തശ്ശിയുടെ കാൽ തൊട്ട് വന്ദിക്കാൻ പോലും ഭ്രഷ്ട് മൂലം ആര്യയുടെ കുടുംബത്തിന് അവസരം ലഭിച്ചിട്ടില്ല.

"അമ്മ വളരെ ശക്തയായ ഒരു സ്ത്രീ ആയിരുന്നു. നമ്മൾ ഇന്ന് സാംസ്കാരിക നായകന്മാർ ആയി കാണുന്ന എത്ര പേർക്കാണ് അമ്മ വച്ച് വിളമ്പിയിട്ടുള്ളത്. അവർ എല്ലാം ആയിരുന്നു ഞങ്ങളുടെ യഥാർത്ഥ കുടുംബം," ആ അഭിമുഖത്തിൽ നീലൻ ഓർത്തെടുക്കുന്നു. പുനർവിവാഹത്തിന് ശേഷം ആര്യ അന്തർജ്ജനം, തന്റെ സമുദായത്തിലെ അപരിഷ്കൃതം ആയ കീഴ്വഴക്കങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ല. തികച്ചും പുരോഗമനപരം ആയ ജീവിതം ആണ് അവർ പ്രേംജിക്ക് ഒപ്പം നയിച്ചത്.

അവരുടെ മകന്റെ വാക്കുകൾ കടം എടുത്താൽ, 'പിന്നീട് ഒരിക്കലും അമ്മ തന്റെ വ്യക്തിത്വം പണയപ്പെടുത്തിയിട്ടില്ല.' അമ്മയുടെ ജീവിതം എല്ലാ അർത്ഥത്തിലും ഒപ്പിയെടുക്കാൻ നീലൻ 'അമ്മ' എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം തന്നെ സംവിധാനം ചെയ്തു. ആ ചിത്രത്തിന് 2005-ൽ ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

പതിനഞ്ച് വയസ്സ് മുതൽ പന്ത്രണ്ട് വർഷം പുറം ലോകം പോലും കാണാതെ വിധവ ആയി ജീവിതം കഴിച്ച് കൂട്ടിയിട്ടും ഇരുപത്തിയേഴാം വയസ്സിൽ പുനർവിവാഹത്തിന് ഒരുങ്ങിയപ്പോൾ കടുത്ത എതിർപ്പുകൾ ആണ് ആര്യ അന്തർജ്ജനം സ്വന്തം കുടുംബത്തിൽ നിന്ന് പോലും കേട്ടത്. ബന്ധുക്കളും കുടുംബാംഗങ്ങളും വരെ മാറ്റി നിർത്തിയിട്ടും തനിക്ക് വേണ്ടി, സമൂഹത്തിന് വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച ഈ സ്ത്രീയുടെ നിശ്ചയദാർഢ്യം ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചു.

കേരള ചരിത്രത്തിലെ അത്യന്തം നാടകീയം ആയ ഒരു കാലഘട്ടത്തിന്റെ സാക്ഷി ആയിരുന്നു ആര്യ അന്തർജ്ജനം. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ. എം. എസ്. നമ്പൂതിരിപ്പാട് മുൻകൈ എടുത്ത് നടത്തിയ വിവാഹം ആയിരുന്നു ആര്യ അന്തർജ്ജനത്തിന്റെയും പ്രേംജിയുടെയും

പിന്നീട് പ്രേംജി നടത്തിയ സംഗസാരിക/ സാഹിത്യ ഇടപെടലുകൾക്കും നാടക പ്രവർത്തനങ്ങൾക്കും, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടി എടുത്ത അഭിനയ ജീവിതത്തിനും എല്ലാം താങ്ങായി, നെടുംതൂൺ ആയി ആര്യ അന്തർജനത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

2016 മേയിൽ ഈ ലോകത്തോട് വിട പറയുമ്പോൾ ആര്യ പ്രേംജിക്ക് പ്രായം 99 വയസ്സ് ആയിരുന്നു. ബാലവിവാഹം, സ്ത്രീകൾക്ക് വിദ്യാഭ്യാസവും സാമൂഹ്യ ജീവിതവും നിഷേധിക്കൽ, ബഹുഭാര്യാത്വം, സംബന്ധം, സ്‌മാർത്ഥ വിചാരം തുടങ്ങി നിരവധി അനാചാരങ്ങൾ നില നിന്നിരുന്ന കാലത്ത് സ്വന്തം വിവാഹം പോലും സമൂഹത്തിന് വേണ്ടി നടത്തുന്ന വിപ്ലവ പ്രവർത്തനം ആക്കിയ ഈ ധീര വനിതയോട് കേരളം കടപ്പെട്ട് ഇരിക്കുന്നു. ഈ നാടിന്റെ ചരിത്രത്തിൽ ആര്യ പ്രേംജിയുടെ നാമം എന്നും സ്വർണ്ണ ലിപിയിൽ തന്നെ ആലേഖനം ചെയ്യപ്പെടും, തീർച്ച.