Feb 9 • 9M

നിബിഢ വനത്തിൽ ഒറ്റയ്ക്ക് ഒരു പെണ്ണ്! കൂട്ടിന് ക്യാമറയും..

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് ഉള്ള നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ വന്യജീവി ഫോട്ടോഗ്രാഫർ അപർണയുടെ വളർച്ച ഓരോ മലയാളിയും വായിച്ച് അറിയേണ്ടതാണ്

She's equal
Comment1
Share
 
1.0×
0:00
-8:53
Open in playerListen on);
Episode details
1 comment

ഫിസിക്സിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്ന അപർണ്ണയ്ക്ക് ചെറുപ്പം മുതലേ ക്യാമറകളോട് കമ്പമായിരുന്നു. സ്വന്തമായൊരു ക്യാമറ എന്ന സ്വപ്നം സഫലം ആക്കുന്നത് ആകട്ടെ, പ്രിയതമൻ അശോക് കുമാർ, അതും ഒന്നാം വിവാഹ വാർഷിക ദിനത്തിൽ! അവിടം മുതൽ, മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്ക് ഉള്ള നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി അവാർഡ്, സഹ്യാദ്രി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ മികവുറ്റ വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിലേക്ക് ഉള്ള അപർണയുടെ വളർച്ച ഓരോ മലയാളിയും വായിച്ച് അറിയേണ്ടതാണ്.

കോട്ടയം ജില്ലയിൽ ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ മൂന്ന് സഹോദരങ്ങളിൽ മൂത്തയാൾ ആയിട്ടായിരുന്നു അപർണയുടെ ജനനം. അപർണയുടെ വാക്കുകൾ ഇങ്ങനെ: "അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു. എനിക്ക് അനിയത്തിയും അനിയനും ഉണ്ട്. അന്നൊക്കെ വിനോദയാത്ര പോകുമ്പോൾ മാത്രം ആണ് ക്യാമറ കാണാൻ കിട്ടുക. അച്ഛന്റെ കൈവശം പഴയ ഫിലിം ഇടുന്ന ടൈപ്പ് ഒരു ക്യാമറ ഉണ്ടായിരുന്നു. യാത്ര പോകുമ്പോൾ ഞങ്ങൾ അതിൽ മാറി മാറി ചിത്രം എടുക്കും. പിന്നെ ഫോട്ടോസ് വാഷ് ചെയ്ത് കിട്ടാൻ വേണ്ടി ഒരു കാത്തിരിപ്പാണ്.. അതൊക്കെ ഒരു കാലം."

ഗവേഷണ പഠനം തകൃതി ആയി പുരോഗമിക്കുമ്പോൾ ആയിരുന്നു വിവാഹം. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയ അശോക് കുമാർ അപർണയെ ജീവിതസഖി ആക്കി

പിന്നീട് മൊബൈൽ ക്യാമറ വ്യാപകം ആയപ്പോഴും അപർണയ്ക്ക് അത് പ്രാപ്യം ആയിരുന്നില്ല. അത്യാവശ്യം അടിച്ചുപൊളി ഒക്കെയുള്ള അനിയൻ ഒരെണ്ണം സ്വന്തമാക്കി എങ്കിലും മൊബൈൽ നിലത്ത് വച്ചാൽ അല്ലെ ചേച്ചിക്ക് ക്യാമറ നോക്കാൻ പറ്റൂ. അങ്ങനെ കാത്തിരുന്ന് അച്ഛന് സമ്മാനം ആയി ഒരു ഡിജിറ്റൽ സ്റ്റിൽ ക്യാമറ കിട്ടി. അതാകട്ടെ, സഹോദരങ്ങൾ ഉടൻ തന്നെ കൈവശപ്പെടുത്തുകയും ചെയ്തു! അതോടെ അപർണ തൽക്കാലം ക്യാമറ മോഹം ഒക്കെ വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡും എം ഫിലും കഴിഞ്ഞ് എംജി യൂണിവേഴ്‌സിറ്റിയിൽ പി.എച്.ഡി ചെയ്യാൻ തുടങ്ങി.

പ്രോത്സാഹനം മുഖമുദ്ര ആക്കിയ 'അശോകേട്ടൻ'

ഗവേഷണ പഠനം തകൃതി ആയി പുരോഗമിക്കുമ്പോൾ ആയിരുന്നു വിവാഹം. കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനിയർ ആയ അശോക് കുമാർ അപർണയെ ജീവിതസഖി ആക്കി. ആദ്യ ദിവസം മുതൽ പ്രിയതമയുടെ കഴിവുകൾ തേടിപ്പിടിച്ച് പ്രോത്സാഹിപ്പിക്കൽ ആയിരുന്നു 'അശോകേട്ടന്റെ' പണി. പണ്ടെങ്ങോ അപർണ ചെയ്തുവച്ച ഗ്ലാസ് പെയിന്റിങ്ങുകൾ കണ്ട് അശോക് ഓയിൽ പെയിന്റുകളും കാൻവാസുകളും വാങ്ങി സമ്മാനിച്ചു. കൂടാതെ, ഷോളയാർ പവർ ഹൗസിൽ ജോലി ചെയ്യുന്ന താൻ അടുത്ത ലീവിന് വരുമ്പോഴേക്ക് മനോഹരം ആയ ചിത്രങ്ങൾ വരച്ച് വയ്ക്കണം എന്ന ടാസ്‌കും അപർണ്ണയ്ക്ക് കൊടുത്തു.

ഓയിൽ പെയിന്റ് ആദ്യമായി കാണുന്ന അപർണ ഒരുവിധത്തിൽ പണിപ്പെട്ട് ഇന്റർനെറ്റ് നോക്കി ചിത്രങ്ങൾ വരച്ച് അശോകേട്ടനെ സമാധാനിപ്പിച്ചു. അങ്ങനെ ഇരിക്കെ ആണ്, തന്റെ പങ്കാളി 'യുണീക്ക്' ആയ പെയ്റ്റിംഗുകൾ വരയ്ക്കണം എന്ന മോഹം അശോകേട്ടന് മൊട്ടിട്ടത്. അതിനായി കാണുന്ന കാഴ്ചകൾ പകർത്തി വയ്ക്കാൻ ഒരു സ്റ്റിൽ ക്യാമറ വാങ്ങി നൽകുകയും ചെയ്തു. ഒരു പ്രഫഷണൽ ചിത്രകാരി ആകുക എന്ന വലിയ ഉത്തരവാദിത്വത്തേക്കാൾ അപർണയെ ത്രില്ലടിപ്പിച്ചത് തനിക്ക് കൈയിൽ കിട്ടിയ ക്യാമറ ആയിരുന്നു! എത്ര നാളത്തെ സ്വപ്നമാണ്.. എത്ര കൊതിച്ചതാണ്.. സ്വന്തമായി ഒരു ക്യാമറ! അന്ന് അപർണ മനസ്സിൽ ഉറപ്പിച്ചു, താൻ അശോകേട്ടൻ ആഗ്രഹിക്കുന്നത് പോലെ 'എന്തെങ്കിലും ഒക്കെ ആകും!'

വഴിത്തിരിവ് ആയി ബുൾബുൾ കുടുംബം..

അപർണ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് തുടക്കം കുറിച്ചത് തന്റെ ഗവേഷണ ലബോറട്ടറിക്ക് പുറത്തുള്ള കൊച്ച് പൂന്തോട്ടത്തിൽ നിന്നും ആയിരുന്നു. അവിടെ കൂട് കൂട്ടി മുട്ടയിട്ട് കുടുംബം നയിച്ച ബുൾബുൾ കുടുംബം ആയിരുന്നു അപർണയുടെ ആദ്യ സബ്ജക്ട്. ഗവേഷണതിനിടെ ഒഴിവ് സമയങ്ങളിൽ പൂന്തോട്ടത്തിൽ ചുറ്റിനടന്ന അപർണ്ണ ഒരു ദിവസം ഒരു രസകരമായ കാഴ്ച കണ്ടു: പഞ്ഞിയും നൂലും മറ്റും വച്ച് കൂട് കൂട്ടുന്ന ബുൾബുൾ ദമ്പതികൾ. "എനിക്ക് അത് അത്ഭുത കാഴ്ചയായിരുന്നു. ഞാൻ എന്റെ കുഞ്ഞ് ക്യാമറയിൽ അതിന്റെ ഓരോ ഘട്ടവും പകർത്തി.

അപർണ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് തുടക്കം കുറിച്ചത് തന്റെ ഗവേഷണ ലബോറട്ടറിക്ക് പുറത്തുള്ള കൊച്ച് പൂന്തോട്ടത്തിൽ നിന്നും ആയിരുന്നു

പിന്നെ ആ പെണ്കിളി അതിൽ രണ്ട് മുട്ടകൾ ഇട്ടു. അതിന്മേൽ അടയിരിക്കാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് കുഞ്ഞിക്കിളികൾ പിറന്നു. ഞാൻ ആദ്യമായാണ് ദേഹത്ത് ഒരു തൂവൽ പോലും ഇല്ലാത്ത കിളിക്കുഞ്ഞുങ്ങളെ കാണുന്നത്. അങ്ങനെ അവയ്ക്ക് അച്ഛനും അമ്മയും ഒന്നിച്ച് തീറ്റ കൊടുത്തു, അവ ചിറക് മുളച്ച് പറന്ന് താഴെയിരുന്നു, പറക്കാൻ പഠിച്ചു.. ഞാൻ അതെല്ലാം അതിസൂക്ഷ്മമായി എന്റെ ക്യാമറയിൽ പകർത്തി. അടുത്ത ലീവിന് അശോകേട്ടൻ വന്നപ്പോൾ അവയെല്ലാം ഒരു കഥ പോലെ കോർത്തിണക്കി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതിന് വലിയ പ്രതികരണം ആണ് ലഭിച്ചത്," അപർണ ഓർത്തെടുത്തു.

യുറീക്ക എന്ന ബാലസാഹിത്യ മാസിക ഈ ആൽബം ഒരു കഥയായി പ്രസിദ്ധീകരിച്ചു. അതിന് വിവരങ്ങൾ കൊടുക്കാനായി അപർണ ആ പക്ഷിയെ കുറിച്ചും അതിന്റെ രീതികളെ കുറിച്ചും ആഴത്തിൽ പഠിച്ചു. പിന്നെ പ്രകൃതി പഠനം അപർണ്ണയ്ക്ക് ഹരമായി.

ഫെയ്മസ് ആക്കിയ മരനായ

അങ്ങനെയിരിക്കുമ്പോൾ ആണ് വെക്കേഷനിൽ അശോക് കുമാറിന്റെ ഷോളയാറിൽ ഉള്ള പവർഹൗസ് ക്വാട്ടേഴ്‌സിലേക്ക് അപർണ സന്ദർശനത്തിന് എത്തുന്നത്. "വേവ് കൂടിയ ഒരു തരം റേഷൻ അരി മാത്രമേ അവിടെ കിട്ടൂ. അത് അടുപ്പത്ത് ഇട്ട് ഞാൻ ക്യാമറയുമായി ഇറങ്ങും. മലയണ്ണാനെയും കോഴിവേഴാമ്പലിനെയും അങ്ങനെ കാണുന്ന ജീവികളെ മുഴുവൻ ചിത്രമാക്കി മടങ്ങി വരുമ്പോഴേക്ക് ചോറും റെഡി, ഉണ്ണാൻ ആളും റെഡി. രാവിലെയുള്ള ഈ സഞ്ചാരത്തിന് പുറമെ വൈകീട്ടും നടക്കാൻ ഇറങ്ങണം എന്ന് ഞാൻ പറഞ്ഞത് പ്രകാരം ആണ് ജോലിക്ക് ഇടയിൽ സമയം ഉണ്ടാക്കി അശോകേട്ടൻ എന്നോടൊപ്പം കാട് ചുറ്റാൻ തുടങ്ങിയത്. ഒരിക്കൽ ഒരു സന്ധ്യ നേരത്ത് ഞങ്ങൾ നടന്ന് വരുമ്പോൾ മരത്തിൽ കീരി പോലൊരു ജീവി അള്ളിപ്പിടിച്ച് ഇരിക്കുന്നു!

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പാഷൻ എന്നതിൽ ഉപരി സാമൂഹ്യ പ്രതിബദ്ധത എന്നൊരു വശം കൂടിയുണ്ട്

സമയം കളയാതെ ഞാൻ രണ്ടുമൂന്ന് ചിത്രങ്ങൾ എടുത്തു. ഇരുട്ടായത് കൊണ്ടും ക്യാമറയുടെ പരിമിതികൾ കൊണ്ടും ചിത്രങ്ങൾ അത്ര ക്വാളിറ്റി പോരായിരുന്നു. തിരികെ നാട്ടിൽ എത്തിയ ശേഷം ഇതെന്ത് ജീവി ആണെന്ന് അറിയാൻ നിരവധി പേർക്ക് മെസേജ് ചെയ്തു. ആർക്കും അറിയുമായിരുന്നില്ല. ഒടുക്കം ഒരു സീനിയർ ഫോട്ടോഗ്രാഫർ ആണ്, ഇത് മരനായ എന്നൊരു ജീവി ആണെന്നും ഷോളയാറിൽ ആദ്യമായാണ് അതിനെ കണ്ടെത്തുന്നത് എന്നും അറിയിച്ചത്. അന്ന് പത്രങ്ങളിൽ എല്ലാം എന്റെ പേര് അടക്കം വാർത്ത വന്നു. അന്നാണ് ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞത് - വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് പാഷൻ എന്നതിൽ ഉപരി സാമൂഹ്യ പ്രതിബദ്ധത എന്നൊരു വശം കൂടിയുണ്ട്. നമ്മുടെ ഒരൊറ്റ ക്ലിക്ക് ചിലപ്പോൾ ആ ജീവിയുടെ സംരക്ഷണത്തിന് ആയിരിക്കും കാരണം ആകുക എന്ന്.." അപർണ പറഞ്ഞു.

കാത്തിരുന്ന് ദർശനം തന്ന മലമുഴക്കി

എന്തായാലും ആ സംഭവത്തോടെ അപർണ തന്റെ ക്യാമറ അപ്പ്ഗ്രെയ്ഡ് ചെയ്തു. അതും അശോകേട്ടന്റെ ആനിവേഴ്‌സറി ഗിഫ്റ്റ്! പക്ഷെ വൈകാതെ അശോക് കുമാറിന് ഷോളയാറിൽ നിന്നും ട്രാൻസ്ഫർ ആയി. "വീട് ഒഴിയാൻ ഞാനും പോയി. മൂന്നാല് ദിവസം ലീവെടുത്ത് അവിടെ താമസിച്ചു. ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ - ഒരു മലമുഴക്കി വേഴാമ്പലിന്റെ ചിത്രം എടുക്കാൻ സാധിച്ചില്ല. പോരുന്ന ദിവസം രാവിലെ എനിക്ക് അറിയാവുന്ന ഭാഷയിൽ കാടിനോട് യാത്രാമൊഴിയും പരിഭവവും സങ്കടവും മറ്റും പറഞ്ഞ് ജീപ്പിന് അടുത്തേക്ക് നടക്കുമ്പോൾ കാടിളക്കുന്ന ഒച്ചയോടെ ചിറകടിച്ച് ഒരു മലമുഴക്കി വേഴാമ്പൽ ഞങ്ങൾക്ക് മുകളിലൂടെ പറന്നു. പെട്ടെന്ന് ഉദിച്ച ബുദ്ധിക്ക് ഞാൻ ചിത്രങ്ങളും എടുത്തു! കാടിനും പ്രകൃതിക്കും ജീവനുണ്ട് എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്.." - അപർണ ഓർത്തെടുക്കുന്നു.

ഇങ്ങനെ ഓരോരോ അനുഭവങ്ങളിലൂടെ അപർണ പുരുഷോത്തമൻ തഴക്കം ചെന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയി വരികയായിരുന്നു. ഷോളയാറിലെ അനുഭവങ്ങളും അവിടെ നിന്ന് പകർത്തിയ ചിത്രങ്ങളും കോർത്തിണക്കി കോട്ടയം ലളിതകലാ അക്കാദമി ഹാളിൽ അപർണ തന്റെ ആദ്യ ചിത്ര പ്രദർശനം നടത്തിയപ്പോൾ വിദൂര ജില്ലകളിൽ നിന്ന് പോലും നിരവധി കാഴ്ചക്കാർ ആണ് അണിനിരന്നത്.

അപ്പോഴേക്കും കേരളത്തിന്റെ സ്വതം വനിതാ വന്യജീവി ഫോട്ടോഗ്രാഫർ മാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങിയിരുന്നു. പ്ലസ് ടൂ അധ്യാപിക ആയി ജോലി നേടിയ ശേഷം ഒറ്റയ്ക്ക് കാട് കയറാൻ തുടങ്ങിയ അപർണ, കടുവകളുടെയും ആനക്കൂട്ടത്തിന്റെയും പിന്നെ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ജീവജാലങ്ങളുടെയുംഹൃദ്യമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. എന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഈ രംഗത്ത് താൻ നേരിട്ട, നേരിട്ട് കൊണ്ടിരിക്കുന്ന ഒരുപിടി പ്രശ്നങ്ങൾ തുറന്നുപറയുകയാണ് അപർണ്ണ ഇനി. വായിക്കാം, അടുത്ത ഭാഗത്തിൽ...