Feb 10 • 8M

"ഇതെല്ലാം സഹിച്ചാൽ ഒരു സ്ത്രീക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആകാം!" - ഡോ. അപർണ പുരുഷോത്തമൻ പറയുന്നു

ഒരു സ്ത്രീ എന്ന നിലയിൽ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് അപർണ നേരിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധി, 'ഒരു സ്ത്രീ ഇത് ചെയ്തു' എന്ന് അംഗീകരിക്കാൻ ചിലർ കാണിക്കുന്ന മടി ആണ്. അപർണയുടെ വാക്കുകൾ ഇങ്ങനെ...

Anagha Jayan E
Comment
Share
 
1.0×
0:00
-7:42
Open in playerListen on);
Episode details
Comments

പകരം വയ്ക്കാനില്ലാത്ത വന്യജീവി ചിത്രങ്ങൾ പകർത്തി ദേശീയ തലത്തിൽ അംഗീകാരങ്ങൾ ഏറ്റു വാങ്ങിയ അപർണ പുരുഷോത്തമൻ എന്ന മലയാളി വനിത തന്റെ ജീവിതവും കരിയറും നമ്മോട് തുറന്ന്പറയുകയാണ്. സ്ത്രീകൾ അധികം നടന്നിട്ടില്ലാത്ത വഴികളിലൂടെ ധൈര്യസമേതം നടന്ന് തനിക്കായി പുതിയ ആകാശങ്ങൾ വെട്ടിത്തുറന്ന അപർണയുടെ കാഴ്ചപ്പാടിൽ കാട് വളരെ കംഫർട്ടബിൾ ആയ സ്ഥലമാണ്. അവിടെ സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല, മനുഷ്യനും പ്രകൃതിയും - അത്ര മാത്രം!

മികവ് തെളിയിച്ചാലും സംശയങ്ങൾ ഒടുങ്ങില്ല

ഒരു സ്ത്രീ എന്ന നിലയിൽ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി രംഗത്ത് അപർണ നേരിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധി, 'ഒരു സ്ത്രീ ഇത് ചെയ്തു' എന്ന് അംഗീകരിക്കാൻ ചിലർ കാണിക്കുന്ന മടി ആണ്. അപർണയുടെ വാക്കുകൾ ഇങ്ങനെ:

"ഒരിക്കൽ ഞാനൊരു വെബിനാറിൽ സംസാരിക്കുകയായിരുന്നു. അതിനൊപ്പം സ്‌ക്രീനിൽ ഞാൻ എടുത്ത കുറച്ച് ചിത്രങ്ങൾ ഒരു സീക്വൻസ് പോലെ സ്ലൈഡ് ഷോ ആയി അവതരിപ്പിച്ചു. ചിത്രങ്ങൾ കോർത്തിണക്കുമ്പോൾ അതിന് ഒരു ജീവൻ കൈവരണം എന്നത് ആയിരുന്നു എന്റെ ലക്‌ഷ്യം. എന്തായാലും വെബിനാറിൽ പങ്കെടുത്തവർക്ക് എല്ലാം എന്റെ അവതരണം ഇഷ്ടമായി. അവസാനം ചോദ്യോത്തര വേളയിൽ ഒരാൾ എന്നോട് ചോദിച്ചു: 'ഈ ഫ്രെയിം സെറ്റ് ചെയ്യാനും ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും എല്ലാം പുരുഷന്മാർ സഹായിക്കാറില്ലേ?' എനിക്ക് ആ ചോദ്യം കേട്ടപ്പോൾ വല്ലാത്ത നിസ്സംഗത ആണ് അനുഭവപ്പെട്ടത്.

ഇത്രയേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ട് പുരുഷന്മാർ കാഴ്ച വയ്ക്കുന്ന അതേ മികവോടെ ഒരു സ്ത്രീ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒറ്റയ്ക്ക് ചെയ്യില്ല എന്ന ഉറച്ച മിഥ്യാ പൊതുബോധം ആണ് മനുഷ്യരെ കൊണ്ട് ഇത്തരം ചോദ്യങ്ങൾ ചോദിപ്പിക്കുന്നത്. ഞാൻ എന്റെ ഭാഗം വ്യക്തമാക്കി: ഞാൻ ഇന്നേ വരെ ഫ്രെയിം സെറ്റ് ചെയ്യാനോ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനോ ആരുടേയും സഹായം തേടിയിട്ടില്ല. തേടിയാൽ എനിക്ക് തൃപ്തി വരില്ല എന്നതാണ് കാര്യം. എന്റെ ഫ്രേമുകളിൽ സബ്ജക്ടിന് ഒപ്പം തന്നെ അത് ഇരിക്കുന്ന പശ്ചാത്തലത്തിനും തൊട്ടടുത്ത് ഉള്ള വള്ളിയോ കരിയിലയോ അങ്ങനെ ഏതൊരു പ്രോപ്പർട്ടിക്കും പ്രാധാന്യം കാണും.

വെല്ലുവിളികൾ നേരിട്ടുകൊണ്ട് പുരുഷന്മാർ കാഴ്ച വയ്ക്കുന്ന അതേ മികവോടെ ഒരു സ്ത്രീ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ഒറ്റയ്ക്ക് ചെയ്യില്ല എന്ന ഉറച്ച മിഥ്യാ പൊതുബോധം ആണ് മനുഷ്യരെ കൊണ്ട് ഇത്തരം ചോദ്യങ്ങൾ ചോദിപ്പിക്കുന്നത്

ഞാൻ കൂടുതലും സബ്ജക്ടിനെ ഫ്രയ്മിന്റെ നടുക്ക് പ്ലെയ്‌സ് ചെയ്യാറില്ല. അത് എങ്ങോട്ട് നോക്കുന്നോ ആ സ്ഥലത്തേക്ക് കുറച്ച് സ്‌പെയ്‌സ് വിടാറുണ്ട്. അങ്ങനെ ഒക്കെയാണ് ഞാൻ എന്റെ ഫ്രേയ്മുകളിൽ ജീവിതം പകർത്തുന്നത്. എഡിറ്റ് ചെയ്യുമ്പോഴും അധികം നിറങ്ങൾ വാരിപ്പൂശി ചിത്രത്തിന്റെ സ്വാഭാവികത നശിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ല. പിന്നെ ഇതെല്ലാം ഞാൻ സ്വയം വർഷങ്ങൾ കൊണ്ട് ഇന്റർനെറ്റ് നോക്കിയും പ്രമുഖരുടെ ചിത്രങ്ങൾ നിരീക്ഷിച്ചും ചിന്തിച്ചും പഠിച്ച് എടുത്തതാണ്. ഇതിൽ എന്താണ് ഒരു സ്ത്രീക്ക് അസാധ്യമായി ഉള്ളത്?!" - അപർണ്ണ ചോദിക്കുന്നു.

ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയണം, ഏത് സാഹചര്യത്തിലും

ഹയർ സെക്കണ്ടറി തല ഫിസിക്സ് അധ്യാപിക കൂടിയായ അപർണയ്ക്ക് സ്ത്രീകളോട് പറയാനുള്ളത് ഒറ്റ കാര്യമാണ്: സ്വന്തമായി സഞ്ചരിക്കാൻ ധൈര്യവും ഉപാധികളും ഉണ്ടായിരിക്കണം. അത് നൽകുന്ന ആത്മധൈര്യം ചെറുതല്ല. സ്ത്രീകൾക്ക് ഡ്രൈവിങ് അറിയാമെങ്കിൽ തന്നെ പകുതിയോളം ആശ്രിതത്വം കുറയും എന്നാണ് ടീച്ചർ അഭിപ്രായപ്പെടുന്നത്. അതിനെ സാധൂകരിക്കാൻ സ്വന്തം അനുഭവവും അപർണ്ണ ചൂണ്ടി കാട്ടുന്നു:

"കൊല്ലത്തെ ഒരു ഉൾഗ്രാമത്തിൽ ആയിരുന്നു ടീച്ചർ ആയി എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്. അവിടെ നിന്നും കർണാടക അതിർത്തിയിൽ ഉള്ള നാഗർഹൊളെ റിസർവ് ഫോറസ്റ്റിലേക്ക് ഞാൻ ഒരു യാത്ര പുറപ്പെട്ടു. വെളുപ്പിന് നാല് മണിക്ക് എന്റെ കാറിലാണ് ഞാൻ പുറപ്പെട്ടത്. എനിക്കൊപ്പം മാനന്തവാടിയിൽ നിന്ന് ഒരു ഗൈഡ് കൂടി ഉണ്ടായിരുന്നു.

ഫോറസ്ററ് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക അനുമതിയോടെ, അവർക്കൊപ്പം ഓപ്പൺ ബസ്സിൽ ആയിരുന്നു കാട്ടിലെ യാത്ര. കടുവകളെയും പുള്ളിപ്പുലിയെയും മറ്റും കണ്ട് അതിസാഹസികമായി ചിത്രങ്ങൾ പകർത്തി, മനസ്സും മെമ്മറി കാർഡും നിറഞ്ഞ് ആയിരുന്നു തിരിച്ചുള്ള യാത്ര. അവിടെ നിന്ന് യാത്ര തിരിച്ചപ്പോൾ തന്നെ ഏറെ വൈകി. അതിന് പുറമെ ഗൈഡിനെ മാനന്തവാടിയിൽ ഇറക്കി വിട്ട ശേഷം എന്റെ കാറിന്റെ ടയറും പഞ്ചർ ആയി. ഒരു വിധത്തിൽ അടുത്തുള്ള ഒരു വർക്ക്‌ഷോപ്പിൽ അറിയിച്ച് ഓട്ടയായ ടയർ മാറ്റി കാറ്റ് കുറവുള്ള സ്റ്റെപ്പിനി ടയർ ഫിറ്റ് ചെയ്ത് ഞാൻ രണ്ടും കല്പിച്ച് കൊല്ലത്തേക്ക് തിരിച്ചു.

അത്ര നാൾ എനിക്ക് തോന്നാത്ത ഭയം അപ്പോൾ എന്നെ പൊതിയുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. പാതിവഴിയിൽ സ്റ്റെപ്പിനിയിലെ കാറ്റ് തീരാം. ആരെങ്കിലും തടഞ്ഞ് നിർത്താം. വന്യമൃഗങ്ങൾ ആക്രമിക്കാം

പക്ഷെ രാത്രി പത്ത് മണി കഴിഞ്ഞതോടെ ഫോറസ്റ്റ് റെയ്ഞ്ചിന് ഉള്ളിലൂടെ ഉള്ള റോഡിൽ തീരെ വെളിച്ചം ഇല്ലാതെയായി. നിബിഢവനത്തിൽ ദിശ പോലും അറിയാതെ ഞാൻ രണ്ടും കല്പിച്ച് മുന്നോട്ട് നീങ്ങി. അത്ര നാൾ എനിക്ക് തോന്നാത്ത ഭയം അപ്പോൾ എന്നെ പൊതിയുന്നുണ്ടായിരുന്നു. എന്തും സംഭവിക്കാം. പാതിവഴിയിൽ സ്റ്റെപ്പിനിയിലെ കാറ്റ് തീരാം. ആരെങ്കിലും തടഞ്ഞ് നിർത്താം. വന്യമൃഗങ്ങൾ ആക്രമിക്കാം.. ഭർത്താവിന്റെ ഫോൺ ഞാൻ എടുത്തില്ല. എന്തിനാണ് ഒരാളെ കൂടി ടെൻഷൻ ആക്കുന്നത്?! ഞാൻ മുന്നോട്ട് തന്നെ നീങ്ങി. അങ്ങനെ ഒരു വിധത്തിൽ അടുത്തുള്ള ടൗണിൽ എത്തിച്ചേർന്നപ്പോൾ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു: 'ഇതിൽ കൂടുതൽ ഒന്നും ഇനി വരാനില്ല!'

ഇത്രയും ആത്മസംയമനം ഉണ്ടെങ്കിൽ ഇനി ഏത് യാത്രയും ഒറ്റയ്ക്ക് ചെയ്യാൻ കഴിയും. പിന്നീട് ഞാൻ തുടർച്ചയായി യാത്രകൾ ചെയ്തു. അന്തർസംസ്ഥാന യാത്രകളും ഫോറസ്റ്റ് റെയ്ഞ്ചുകളിലൂടെ ഉള്ള യാത്രകളും എല്ലാം.. ധൈര്യം തനിയെ ഉണ്ടാകുന്നതല്ല, അത് അനുഭവങ്ങൾ ഉണ്ടാക്കുന്നതാണ്. അതിനുള്ള അവസരം നമ്മൾ തന്നെ സൃഷ്ടിക്കണം."

എന്തായാലും തന്റെ ആദ്യ കാർ യാത്രയിൽ പോലീസ് കൈ കാണിച്ച് ബുക്കും പേപ്പറും ചോദിച്ചപ്പോൾ ഡാഷ് ബോർഡിൽ ഇരുന്ന പുസ്തകങ്ങളും മനോരമ പത്രവും അടക്കം എടുത്ത് കൊടുത്തു എന്നത് ഒഴിച്ചാൽ വലിയ അപകടം ഒന്നും അപർണ്ണയ്ക്ക് ഒറ്റയ്ക്കുള്ള യാത്രകൾ സമ്മാനിച്ചിട്ടില്ല.

സ്ത്രീകൾക്ക് ഹോബി ഒരു ലക്ഷ്വറി ആണ്

അപർണയെ പോലെ നിരവധി സ്ത്രീകൾ സഞ്ചരിക്കാനും ചിത്രങ്ങൾ പകർത്താനും സ്വന്തമായി ഹോബികൾ സൂക്ഷിക്കാനും താത്പര്യപ്പെടുന്നുണ്ടാകും. അവർക്ക് അതിന് കഴിയാത്തത് ഒരു പക്ഷെ പ്രതികൂലം ആയ ജീവിത സാഹചര്യങ്ങൾ കൊണ്ടും പ്രോത്സാഹനത്തിന്റെ കുറവ് കൊണ്ടും ആയിരിക്കും. ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കാൽ വെയ്ക്കുന്ന ഒരു പെൺകുട്ടിക്ക് സ്വന്തമായി ഒരു ഹോബി ഉണ്ടാകുക എന്നത് ചിലപ്പോൾ ഒരു ലക്ഷ്വറി ആയി തോന്നാം.

വീട്ടിൽ ഇത്രയേറെ കാര്യങ്ങൾ കിടക്കുമ്പോൾ കാട്ടിൽ പോയി പടമെടുക്കാൻ എവിടെയാണ് സമയം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും

വീട്ടിൽ ഇത്രയേറെ കാര്യങ്ങൾ കിടക്കുമ്പോൾ കാട്ടിൽ പോയി പടമെടുക്കാൻ എവിടെയാണ് സമയം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഭൂരിഭാഗവും. അല്ലെങ്കിൽ മൊബൈൽ ഫോണിലെ ക്യാമറയ്ക്ക് അപ്പുറത്തേക്ക് തന്റെ ടൂൾ അപ്ഗ്രെയ്ഡ് ചെയ്യാൻ തന്നെ സാധിക്കാത്തവരും ഉണ്ടായിരിക്കും. മികച്ച പ്രോത്സാഹനവും സാഹചര്യങ്ങളും ഉറപ്പ് വരുത്തിയാൽ അവരവർ ഇഷ്ടപ്പെടുന്ന രംഗങ്ങളിൽ ശോഭിക്കാൻ ഏതൊരു സ്ത്രീക്കും സാധിക്കും എന്നതിന്റെ തെളിവാണ് അപർണ്ണ പുരുഷോത്തമൻ. അശോക് കുമാർ എന്ന പങ്കാളിയുടെ കൂടി വിജയമാണ് ഇവർക്ക് ലഭിച്ച ദേശീയ അംഗീകാരങ്ങൾ.

"പ്രോത്സാഹനം ഇല്ലാതെ ഇന്ന് നിങ്ങൾ കാണുന്ന ഞാൻ ഇല്ല. എന്റെ കഴിവുകൾ ഒന്നൊന്നായി കണ്ടെത്തി പ്രോത്സാഹിപ്പിച്ച ഒരു പങ്കാളി ഉണ്ടായത് കൊണ്ട് മാത്രമാണ് ഞാൻ ഓരോ നേട്ടവും എത്തിപ്പിടിച്ചത്. ഓരോ സ്ത്രീയും, ഓരോ മനുഷ്യനും ഈ തരത്തിൽ പ്രോത്സാഹനം അർഹിക്കുന്നുണ്ട്. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്നാൽ പിടിച്ച് വയ്ക്കൽ അല്ല, സ്വതന്ത്രർ ആക്കൽ ആണ്," അപർണ്ണ സ്വന്തം ജീവിതത്തിൽ നിന്ന് പറയുന്നു..

ഇന്ന്, സമകാലിക മലയാളം മാസിക ദേശീയ തലത്തിൽ തെരഞ്ഞെടുത്ത 100 ശക്തരായ വനിതകളിൽ ഒരാൾ അപർണ പുരുഷോത്തമൻ ആണ്. കാനൺ ക്ലബ്ബിൽ നിന്ന് ഒരു വിലയേറിയ ബഹുമതി അപർണയെ തേടി എത്തിയിരിക്കുകയാണ്. ലീവാരസ് ടെക്‌നോളജീസിന്റെ സൂപ്പർവുമൺ പ്രോഗ്രാമിലും 2020-ൽ നടന്ന വൈൽഡ് ആംഗിൾ എന്ന സോളോ വൈൽഡ്‌ലൈഫ് എക്സിബിഷനിലും എല്ലാം താരം അപർണ ആയിരുന്നു. പ്രശസ്തിയുടെ തിളക്കത്തിൽ നിൽക്കുമ്പോഴും അപർണ ഉറ്റുനോക്കുന്നത് കാട്ടിലേക്കാണ് - "ഇനി എന്തെല്ലാം അത്ഭുതങ്ങളാണ് വനം തനിക്കായി കാത്തുവച്ചിരിക്കുന്നത്..