Dec 31, 2021 • 11M

മുൻപേ നടന്നവൾ: ഇന്ത്യൻ സിവിൽ സർവീസിലെ ആദ്യ വനിത അന്നാ മൽഹോത്ര

 
1.0×
0:00
-10:41
Open in playerListen on);
Episode details
Comments

ചിലപ്പോൾ ചിലർ സ്വയം പടവെട്ടി നേടുന്ന നേട്ടങ്ങൾ പോലും സാമൂഹ്യ സേവനമാകും. തനിക്ക് ശേഷമുള്ള ഒരായിരം സ്ത്രീകൾക്ക് നടന്ന് കയറാൻ ഇന്ത്യൻ സിവിൽ സർവീസിന്റെ വാതിലുകൾ ചവിട്ടി തുറന്ന അന്നാ മൽഹോത്രയെ പോലെ. അതെ, രാജ്യത്ത് ആദ്യമായി സിവിൽ സർവീസ് ഉദ്യോഗസ്ഥയായ അന്ന മൽഹോത്രയുടെ ജീവിതമാണ് നമ്മൾ കേൾക്കാൻ പോകുന്നത്. അവർക്ക് ശേഷമുള്ള അനവധി തലമുറകൾക്കായി സമൂഹത്തോട് പടവെട്ടി വഴിയൊരുക്കിയ പോരാളിയെ പറ്റി.

പത്തനംതിട്ടയിലെ നിരണത്ത് 1927-ലാണ് അന്ന രാജം ജോർജ്ജിന്റെ ജനനം. ഒറ്റവേലിൽ ജോർജ്ജിന്റെയും അന്നയുടെയും മകൾ പഠനത്തിൽ മിടുമിടുക്കി ആയിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം പോലും ലഭിച്ചിട്ടില്ലാത്ത കാലം. ആൺകുട്ടികൾ പോലും ഉപരിപഠനം മോഹത്തിൽ ഒതുക്കി പണിക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിൽ, ഈ മാതാപിതാക്കൾ തങ്ങളുടെ മകളെ കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർത്തു.

ചുറ്റുപാടും നിന്നുള്ള എതിർപ്പുകൾ അവഗണിച്ച് ഈ ധീരപ്രവൃത്തി ചെയ്യാൻ ഒരു പരിധി വരെ അവരെ സ്വാധീനിച്ചത് അന്നാ രാജത്തിന്റെ പിതാമഹനും മലയാള സാഹിത്യത്തിലെ പേരെടുത്ത എഴുത്തുകാരനും ആയ പൈലോ പോൾ പകർന്ന് നൽകിയ സാമൂഹ്യ ബോധം ആയിരുന്നു. ഇന്റർമീഡിയറ്റിന് ശേഷം കോഴിക്കോട് ഉള്ള മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് അന്നാ രാജം ബിരുദവും നേടി.

അവിടം കൊണ്ടും അവളുടെ പ്രയാണം നിലച്ചില്ല! ഒറ്റയ്ക്ക് മദ്രാസിൽ താമസിച്ച് പ്രസിദ്ധമായ മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ അന്ന ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

പക്ഷെ പിന്നീടുള്ള ഒരു വർഷം അവൾക്ക് നിർണ്ണായകം ആയിരുന്നു. ഇനിയെന്ത്? പ്രായം ഇരുപത്തിരണ്ട് പിന്നിട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടി. വർഷം 1950 നടപ്പ്. ഒന്നുകിൽ തിരികെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി, ഒരു വിവാഹം കഴിച്ച്, ഏതെങ്കിലും കോളേജിൽ അധ്യാപികയായി ജോലി നോക്കാം. അല്ലെങ്കിൽ നവജാത ശിശുവിനെ പോലുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ വളർച്ചയിൽ നിർണ്ണായകം ആയ ഒരു പങ്ക് വഹിക്കാം.

കേരളത്തിൽ മലയോര ജില്ലയായ പത്തനംതിട്ടയിലെ അതിസാധാരണമായ ഒരു ഗ്രാമത്തിൽ ജനിച്ച്, എറണാകുളത്തും കോഴിക്കോടുമായി വളർന്ന അന്നയ്ക്ക് മാനസികമായും കായികമായും കനത്ത വെല്ലുവിളി തന്നെയായിരുന്നു ട്രെയ്നിങ് പിരീഡ്

ഒരു തീരുമാനം എടുക്കാൻ അന്നയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല - രാജ്യത്തിൻറെ അഡ്മിനിസ്ട്രേഷൻ കൈയാളാൻ യുവത്വങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സിവിൽ സർവീസ് വിജ്ഞാപനം പിന്തുടർന്ന് അന്ന സിവിൽ സർവീസ് പരീക്ഷയെഴുതി. ആശ്ചര്യം എന്ന് പറയട്ടെ, ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അന്നാ രാജം പരീക്ഷ പാസ് ആയി! രാജ്യത്ത് ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസ്സ് ആകുന്ന വനിത - അന്നാ രാജം ജോർജ്ജ്.

വലിയ തലക്കെട്ടിൽ പത്രങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചു. പത്തനംതിട്ടയിലെ നിരണം ഗ്രാമം സന്തോഷ തിമിർപ്പിലായി.. പക്ഷെ അന്നയെ കാത്തിരുന്നത് ഒരുപിടി വെല്ലുവിളികൾ മാത്രമായിരുന്നു.

അവഗണകളെ ധീരമായി നേരിട്ട അന്ന

"സ്ത്രീകളെ ഭരണം ഏൽപ്പിച്ചാൽ ശരിയാവില്ല. അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ പുരുഷന്മാരോടൊപ്പം പിടിച്ച് നിൽക്കാൻ ഈ പെണ്ണിന് കഴിയില്ല. അല്ലെങ്കിലും ഒരു പെണ്ണിന് ചെയ്യാവുന്ന ജോലിയല്ല സിവിൽ സർവീസ്.." - അന്നാ രാജം ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലും നേരിട്ട പ്രസ്താവനകൾ ആണ്.

ജോലി പോയിട്ട് സിവിൽ സർവീസ് ട്രെയ്നിങ് പോലും അന്നയ്ക്ക് പൂർത്തിയാക്കാൻ സാധിക്കില്ല എന്ന് സമൂഹം വെല്ലുവിളിച്ചു. ഈ ഭീഷണികളിൽ തളർന്ന് മുന്നോട്ട് വച്ച കാൽ പിന്നോട്ട് വലിക്കാൻ അന്ന തയ്യാറായില്ല. 'ഞാൻ പഠിച്ച് പാസായ പരീക്ഷയാണ്. ഏറെ ആഗ്രഹിച്ച് നേടിയതാണ്. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും, വിജയിക്കുന്നത് വരെ,' അന്ന പരസ്യ പ്രസ്താവന നടത്തി.

അന്നാ രാജത്തിന്റെ ഇളയ സഹോദരി ഗ്രെയ്‌സ് ജോർജ്ജ് ഒരു അഭിമുഖത്തിൽ ആ ദിവസങ്ങൾ ഓർത്തെടുത്ത് ഇങ്ങനെ: "ഞാൻ അന്നയെക്കാൾ പന്ത്രണ്ട് വയസ്സോളം ചെറുപ്പമാണ്. എന്റെ കുട്ടിക്കാലം മുതലേ എനിക്കോർമ്മയുണ്ട് - അന്ന പഠിച്ച ക്ലാസുകളിൽ എല്ലാം ഒന്നാമത് ആയിരുന്നു. അന്ന സിവിൽ സർവീസ് പരീക്ഷ പാസായ കാലം എനിക്ക് നല്ല ഓർമ്മയുണ്ട്.

ഞാൻ അന്ന് ചെറിയ കുട്ടിയാണ്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായം ഒന്നും ആയിട്ടില്ല. പക്ഷെ ഒരു കാര്യം ഞാൻ മനസ്സിലാക്കി - അന്ന എന്തോ വലിയ നേട്ടം നേടിയിരിക്കുന്നു. അന്നയുടെ വിജയം അന്ന് രാജ്യത്ത് ആകമാനം ഒരു സെൻസേഷൻ തന്നെ ആയിരുന്നു. വീട്ടിൽ എല്ലാവര്ക്കും ആശങ്ക ഉണ്ടായിരുന്നു. അതെല്ലാം ഒരു ചിരിയോടെ നേരിട്ടുകൊണ്ട് അന്ന സിവിൽ സർവീസ് ട്രെയ്‌നിങ്ങിന് പോയി."

ട്രെയ്‌നിങ്ങിൽ മിലിട്ടറി ട്രെയ്നിങ്ങും ആയുധ പരിശീലനവും കുതിര സവാരിയും വരെ ഉണ്ടായിരുന്നു. കേരളത്തിൽ മലയോര ജില്ലയായ പത്തനംതിട്ടയിലെ അതിസാധാരണമായ ഒരു ഗ്രാമത്തിൽ ജനിച്ച്, എറണാകുളത്തും കോഴിക്കോടുമായി വളർന്ന അന്നയ്ക്ക് മാനസികമായും കായികമായും കനത്ത വെല്ലുവിളി തന്നെയായിരുന്നു ട്രെയ്നിങ് പിരീഡ്. പുതിയ കാലത്തെ ആയുധങ്ങൾ പോലെയല്ല, റിവോൾവറുകൾ, റൈഫിളുകൾ.. മറ്റ് അനവധി തരം തോക്കുകൾ.. ചിലതെല്ലാം താങ്ങിയെടുക്കാൻ വരെ അന്ന ബുദ്ധിമുട്ടി.

ഗ്രെയ്‌സ് ഓർത്തെടുത്തു: "തിരിച്ച് എത്തിയപ്പോഴേക്ക് അവൾ കുതിര സവാരി പഠിച്ചിരുന്നു. പല തരം തോക്കുകൾ കൊണ്ട് വേദി വയ്ക്കാൻ പഠിച്ചിരുന്നു. അവൾക്ക് മിലിട്ടറി ട്രെയ്നിങ് ലഭിച്ചിരുന്നു. പുരുഷന്മാർക്ക് നൽകിയിരുന്ന പരിശീലനം തന്നെയാണ് അന്നയ്ക്കും ലഭിച്ചത്. അല്ലാതെ ഒരു ഇളവും അന്ന് നിലവിൽ ഉണ്ടായിരുന്നില്ല." എന്തായാലും, സിവിൽ സർവീസ് പരിശീലനം കഴിഞ്ഞ് തിരിച്ച് എത്തിയപ്പോഴേക്ക് അന്ന ആളാകെ മാറിപ്പോയി. കനത്ത നിശ്ചയദാർഢ്യവും ഉറച്ച മനസ്സും ശരീരവും ഉള്ള കാരിരുമ്പ് പോലുള്ള വ്യക്തിത്വം.

ആത്മവിശ്വാസമായിരുന്നു കരുത്ത്

അങ്ങനെ, സ്വതന്ത്ര ഭാരതത്തിലെ ഒരു ജില്ലയുടെ ഭരണാധികാരി ആയി അന്നാ രാജം നിയുക്ത ആകേണ്ട സമയം വന്നെത്തി. പക്ഷെ അന്ന ഇത്രമേൽ തന്റെ കഴിവ് തെളിയിച്ചിട്ടും അധികാരികൾ പിന്നെയും മടിച്ച് നിന്നു. നിയമവും ജില്ലാഭരണവും ഒരു സ്ത്രീ കൈയാളുന്നതിനെ ഭരണകൂടം അംഗീകരിച്ചില്ല. ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരി അന്ന് മദ്രാസ് സ്റ്റേറ്റിന്റെ മുഖ്യമന്ത്രി ആയിരുന്നു.

സ്ത്രീയുടെ കഴിവ് തെളിയിക്കാൻ സമൂഹം അവസരം നൽകാത്തത് കൊണ്ട് മാത്രമാണ് അവൾ ഭരണ രംഗത്ത് നിന്നും വിട്ടുനിൽക്കുന്നത് എന്ന് അന്ന ഉറപ്പിച്ച് പറഞ്ഞു

അദ്ദേഹം അന്നയെ ഒരു അഭിമുഖത്തിന് വിളിച്ചു. ആ കൂടിക്കാഴ്ചയിൽ അദ്ദേഹം തറപ്പിച്ച് പറഞ്ഞു: "പബ്ലിക് സർവീസിൽ ഒരു സ്ത്രീ ഏർപ്പെടുന്നതിനോട് എനിക്ക് തീരെ യോജിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ അതിന് അനുമതി നൽകുകയും ഇല്ല!" പൊതുവെ മിതഭാഷി ആയിരുന്ന അന്ന, അന്ന് രാജഗോപാലാചാരിയോട് കയർത്തു. അഭിമുഖത്തേക്കാൾ ഏറെ, കുറെ നേരം നീണ്ടുനിന്ന വാക്കുതർക്കം ആയിരുന്നു അത്. ആചാരിയുടെ ചിന്താഗതി അനുവദിച്ച് കൊടുക്കാൻ അന്ന തയ്യാർ ആയിരുന്നില്ല.

സ്ത്രീയുടെ കഴിവ് തെളിയിക്കാൻ സമൂഹം അവസരം നൽകാത്തത് കൊണ്ട് മാത്രമാണ് അവൾ ഭരണ രംഗത്ത് നിന്നും വിട്ടുനിൽക്കുന്നത് എന്ന് അന്ന ഉറപ്പിച്ച് പറഞ്ഞു. അംഗീകാരവും അവസരവും നൽകിയാൽ പുരുഷനേക്കാൾ മികച്ച ഭരണകർത്താവ് ആകാൻ സ്ത്രീക്ക് സാധിക്കും എന്ന കാഴ്ചപ്പാടിൽ അന്ന ഉറച്ച് നിന്നു. ആ കൂടിക്കാഴ്ച അവസാന അവസരമാണ് എന്ന് അന്നയ്ക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല, ഇനി വരാനിരിക്കുന്ന നിരവധി സ്ത്രീകൾക്കുള്ള അവസരം കൂടിയാണ് താൻ ഒരുക്കുന്നത് എന്ന് അന്ന മനസ്സിൽ കുറിച്ചു. ഒടുക്കം അന്നയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആചാരി ഒരു ഓഫർ വച്ചു: നിർണ്ണായകമായ ഒരു ജില്ലയിൽ തന്നെ ആദ്യ പോസ്റ്റിങ്ങ് നൽകും. ഒരു സ്ത്രീയുടെ കഴിവ് തെളിയിക്കാമോ?" ആ ഓഫർ അന്നാ രാജം ഇരുകൈയും നീട്ടി സ്വീകരിച്ചു.

അങ്ങനെ, ഹൊസൂർ ജില്ലയുടെ ഭരണാധികാരി ആയി, ഇന്ത്യൻ സിവിൽ സർവീസിലെ ആദ്യ വനിതയായി അന്നാ രാജം ചാർജ്ജ് എടുത്തു. കർണാടകത്തിന്റെ അതിർത്തി ജില്ലയായ ഹൊസൂർ അന്ന് നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടായിരുന്നു. ആ ജില്ലയിൽ എവിടെയും വൈദ്യുതി പോലും എത്തിയിട്ടുണ്ടായിരുന്നില്ല. കൂടാതെ, ഭരണ തലസ്ഥാനത്ത് നിന്നുള്ള അകലം മൂലം ഹൊസൂർ നിവാസികൾക്ക് തങ്ങൾ സ്റ്റേറ്റിന്റെ ഭാഗമാണ് എന്ന തോന്നൽ പോലും ഉണ്ടായിരുന്നില്ല.

ഇതിനെല്ലാം പുറമെ അന്നയ്ക്കും ഹൊസൂർ നിവാസികൾക്കും തമ്മിൽ സംസാരിക്കാൻ പൊതുവായ ഒരു ഭാഷ പോലും ഉണ്ടായിരുന്നില്ല! ഭരണകൂടം മുൻവിധിയോടെ പ്രതിബന്ധങ്ങളുടെ നടുക്ക് കൊണ്ടിട്ടെങ്കിലും അന്ന തോറ്റ് പിന്മാറാൻ തയ്യാർ അല്ലായിരുന്നു. മൈസൂരുമായി ഉള്ള അടുപ്പവും സാംസ്‌കാരിക പ്രഭാവവും മൂലം ഹൊസൂർ നിവാസികൾക്ക് മദ്രാസിനേക്കാൾ പ്രിയം മൈസൂറിനോട് ആയിരുന്നു. കള്ളക്കടത്ത്, പിടിച്ചുപറി, നികുതി വെട്ടിപ്പ് തുടങ്ങി എല്ലാ ക്രിമിനൽ കുറ്റങ്ങളുടെയും കേന്ദ്രം കൂടിയായിരുന്നു ഈ അതിർത്തി ജില്ല.

തന്റെ രാത്രി സഞ്ചാരങ്ങളിൽ ഒരിക്കൽ അക്രമാസക്തമായ ആനക്കൂട്ടത്തിന് നടുവിൽ അന്നാ രാജം പെട്ടുപോയ ഒരു സന്ദർഭവും വളരെ പ്രസിദ്ധമാണ്

തന്റെ ആദ്യ മിഷൻ എന്ന പോലെ അന്ന കൊള്ളക്കാരെ വേട്ടയാടാൻ തുടങ്ങി. ഹൊസൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ കൊള്ളസങ്കേതങ്ങൾ തേടി ഒരു സഹായിയെയും ഒരു ഡ്രൈവറെയും മാത്രം കൂടെ കൂട്ടി അന്നാ രാജം രാപ്പകൽ ഇല്ലാതെ അലഞ്ഞു. പലവട്ടം അവർ കള്ളക്കടത്തുകാരെ കൈയോടെ അറസ്റ്റ് ചെയ്ത്ജയിലിൽ അടച്ചു. പലവട്ടം അവർ കൊള്ളസംഘ തലവന്മാരുടെ മുന്നിൽ പെട്ടു. അങ്ങനെ അന്നയ്ക്ക് സ്വരക്ഷാർത്ഥം സ്റ്റേറ്റ് ഒരു റിവോൾവർ നൽകി.

തന്റെ രാത്രി സഞ്ചാരങ്ങളിൽ ഒരിക്കൽ അക്രമാസക്തമായ ആനക്കൂട്ടത്തിന് നടുവിൽ അന്നാ രാജം പെട്ടുപോയ ഒരു സന്ദർഭവും വളരെ പ്രസിദ്ധമാണ്. തന്റെ റിവോൾവർ കൊണ്ട് ഒരൊറ്റ വെടി ഉതിർത്ത് അവർക്ക് രക്ഷപ്പെടാമായിരുന്നു. പക്ഷെ തന്റെ ഭരണമേഖലയിലെ മൃഗങ്ങളുടെ സ്വൈര വിഹാരം താൻ തടസ്സപ്പെടുത്തില്ല എന്ന പ്രതിജ്ഞയോടെ അവർ ജീവൻ കൈയിൽ പിടിച്ച് ക്ഷമിച്ചിരുന്നു അത്രേ..

അന്നാ രാജം പിന്നീട് തന്റെ ബാച്ചിൽ തന്നെ സിവിൽ സർവീസ് നേടിയ റാം നരേൻ മൽഹോത്രയെ പ്രണയിച്ച് വിവാഹം ചെയ്തു. അങ്ങനെ അന്നാ മൽഹോത്ര എന്ന് അറിയപ്പെടാൻ തുടങ്ങി. റാം നരേൻ മൽഹോത്ര പിന്നീട് ഇന്ത്യൻ റിസർവ് ബാങ്കിന്റെ പതിനേഴാമത്തെ ഗവർണ്ണർ ആയി. അന്ന തന്റെ ജന്മനാടായ കേരളത്തിൽ ഒരിക്കലും പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

അതുകൊണ്ട് തന്നെ തന്റെ നാടായ നിരണത്തോ, താൻ വളർന്ന എറണാകുളം ജില്ലയിലോ, വിദ്യാഭ്യാസം നേടിയ കോഴിക്കോട് നഗരത്തിലോ അന്നയ്ക്ക് ഔദ്യോഗിക ബന്ധങ്ങൾ ഒന്നുമില്ല. തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ വർഷങ്ങളിൽ ഒരിക്കൽ നടത്തുന്ന സന്ദർശനം - അത്ര മാത്രമാണ് അവർക്ക് കേരളവുമായി ഉള്ള ബന്ധം.

അന്ന പിന്നീട് തിരുപ്പട്ടൂർ സബ് കളക്ടർ ആയും, രാജീവ് ഗാന്ധിയോട് വളരെ അടുത്ത് പ്രവർത്തിച്ച ഏഴ് മുഖ്യമന്ത്രിമാരിൽ ഒരാൾ ആയും ഏഷ്യാഡ്‌ പ്രൊജക്ടിൽ ഇന്ദിരാ ഗാന്ധിയുടെ സഹായി ആയുമെല്ലാം പ്രവർത്തിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി അവർ വ്യക്തിപരമായ താത്പര്യം മുൻനിർത്തി പ്രവർത്തനങ്ങൾ കാഴ്ചവച്ചു. 1989-ൽ അന്നാ മൽഹോത്ര പദ്മഭൂഷൺ ഏറ്റുവാങ്ങി.

2018 സെപ്റ്റംബറിൽ ആയിരുന്നു അന്നാ മൽഹോത്രയുടെ അന്ത്യം. മരണാനന്തര ചടങ്ങുകളിലും അവർ വേറിട്ട് നിന്നു. പരമ്പരാഗത ക്രിസ്ത്യൻ എതിരായി, തന്റെ ശരീരം തീയിൽ സംസ്കരിച്ച്, ഭസ്മം പുണ്യസ്ഥലത്ത് നിമജ്ജനം ചെയ്യാൻ അവർ ആഗ്രഹിച്ചു. രാമേശ്വരത്താണ് അന്നാ മൽഹോത്രയുടെ ചിതാഭസ്മം ഒഴുക്കിയത്.