Jan 31 • 6M

ഭർത്തൃഗൃഹങ്ങളിലെ അദൃശ്യമായ ആനക്കൊട്ടിലുകൾ !

'ഭർത്തൃഗൃഹങ്ങൾ ഗാർഹികപീഡന തടവറകളാകുമ്പോൾ' സാമൂഹിക സംരംഭകയായ അഞ്ജലി ചന്ദ്രൻ എഴുതുന്നു

She's equal
Comment
Share
 
1.0×
0:00
-5:34
Open in playerListen on);
Episode details
Comments

ഗാർഹിക പീഡനങ്ങളുടെ പേരിൽ സ്വന്തം ജീവനും ജീവിതവും ഇല്ലാതാകുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ നിരവധിയാണ്. ഉത്രയുടെയും വിസ്മയുടെയും പേരിൽ നാമറിഞ്ഞ ഗാർഹികപീഡന കേസുകൾക്ക് പുറമേ, ഗാർഹികപീഡന തടവറകളിൽ ജീവിതം ഹോമിക്കുന്ന അത്തരം സ്ത്രീകളുടെ ജീവിതം 'ഭർത്തൃഗൃഹങ്ങൾ ഗാർഹികപീഡന തടവറകളാകുമ്പോൾ' എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുകയാണ് സാമൂഹിക സംരംഭകയായ അഞ്ജലി ചന്ദ്രൻ

വന്യമൃഗമായ ആനയെ ഉപദ്രവിച്ച് വന്യജീവിയാണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്ന ക്രൂരമായ പരിപാടിയെ "തകർക്കൽ/ മെരുക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്. ആനക്കൊട്ടിൽ എന്ന് ഓമനപ്പേര് ഇട്ടു വിളിക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഒരു കൂട്ടിലാണ് ഈ ക്രൂരമായ കലാപരിപാടി നടത്താറുള്ളത്.

ശേഷം മെരുങ്ങിയ ആന കാഴ്ചക്കാർക്ക് കൗതുകമാണ്. തന്റെ സ്വാതന്ത്ര്യ ചിന്തകളും സ്വാതന്ത്ര്യവും എല്ലാം അടിയറവ് വച്ച് കാഴ്ചക്കാർക്ക് മുന്നിൽ ശാന്തനായി നിൽക്കുന്ന ആനയെപ്പോലെ പെൺകുട്ടികളെ മാറ്റാനാണ് പലരും ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞെത്തുന്ന പെൺകുട്ടി അത് വരെ ആരായിരുന്നു എന്ന ചിന്തയ്ക്ക് അടിസ്ഥാനമില്ല. ഭർത്തൃവീട്ടിൽ അവൾ ശാന്തസ്വരൂപയായിരിക്കണം. അത് നിർബന്ധമാണ്. ഇനി അങ്ങനെയല്ല എങ്കിൽ മേൽപ്പറഞ്ഞ മെരുക്കൽ നടപടി ആരംഭിക്കും.

ഗാർഹിക പീഡനം നടക്കുന്നുവെന്ന് ഉറപ്പുള്ള വീടുകളിൽ വളരെ സ്മാർട്ടായി സമതുലനം പാലിച്ച് പോവുന്ന ചില ആൾക്കാരുമുണ്ടാവും. തങ്ങളെ ബാധിക്കാത്ത ഈ വിഷയത്തിൽ സംസാരിച്ച് വീട്ടുകാരുടെ ശത്രുത എന്തിന് വാങ്ങി വെക്കണമെന്ന ചിന്ത കൊണ്ടു നടക്കുന്ന നിഷ്കളങ്കരെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥരാണവർ

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ താമസത്തിനെത്തുന്ന നല്ലൊരു ശതമാനം സ്ത്രീകളും ഇതേ മെരുക്കൽ പ്രക്രിയ കടന്നു പോവുന്നവരാണ്. എതിർക്കാൻ കഴിവുള്ള ഒരു ചെറിയ ശതമാനം ഇതിൽ നിന്നും പുറത്തിറങ്ങുന്നു. അതിനു സാധിക്കാത്ത വലിയൊരു ശതമാനം ഇതിന് വഴങ്ങി സ്വന്തം വ്യക്തിത്വം വരെ മറന്നു പോവും. തന്റെ കഴിവുകളെക്കാളും കുറ്റങ്ങളും കുറവുകളും ദിനം പ്രതി കേട്ട് അതാണ് ശരിക്കുള്ള ഞാനെന്ന് അവൾ സ്വയം വിശ്വസിച്ച് ജീവിച്ചു തുടങ്ങും. അങ്ങനെ പയ്യെ പയ്യെ അവൾ അവളല്ലാതാകുന്നു.

ഇഷ്ടമില്ലാത്ത ഇടത്ത് ഇഷ്ടമില്ലാത്ത ആളുകളുടെ കൂടെ ജീവിത കാലം മുഴുവൻ കഴിയാനുള്ള വിധി എത്ര ഭീകരമാണ് എന്നറിയുമോ ?ഒരു പക്ഷെ കൊടും കുറ്റം ചെയ്ത് ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ട അവസ്ഥയേക്കാൾ പരിതാപകരം ആണത്.എത്ര എത്ര സ്ത്രീകൾ ഇതിലൂടെ കടന്നുപോയി. എത്ര പേർ കടന്നുപോവുന്നു . ഇനി എത്ര പേർ കടന്നുപോകാനിരിക്കുന്നു.

നിങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കാറുണ്ടോ ? നിങ്ങൾ ഇതിന് തയ്യാറാവുമോ? നിങ്ങളുടെ വീട്ടിൽ വരുന്ന ഒരു പെൺകുട്ടിയ്ക്ക് ഇങ്ങനെ ഒരവസ്ഥ അനുഭവിക്കേണ്ടി വരുമ്പോൾ ഒരു വാക്കു കൊണ്ടെങ്കിലും നിങ്ങളവളുടെ കൂടെ നിന്നിട്ടുണ്ടോ? ആത്മപരിശോധന നടത്തേണ്ട വിഷയമാണ്.

ഗാർഹിക പീഡനം നടക്കുന്നുവെന്ന് ഉറപ്പുള്ള വീടുകളിൽ വളരെ സ്മാർട്ടായി സമതുലനം പാലിച്ച് പോവുന്ന ചില ആൾക്കാരുമുണ്ടാവും. തങ്ങളെ ബാധിക്കാത്ത ഈ വിഷയത്തിൽ സംസാരിച്ച് വീട്ടുകാരുടെ ശത്രുത എന്തിന് വാങ്ങി വെക്കണമെന്ന ചിന്ത കൊണ്ടു നടക്കുന്ന നിഷ്കളങ്കരെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥരാണവർ. സ്വന്തം വീട്ടിൽ മറ്റൊരു പെൺകുട്ടി (അത് ഭാര്യ തന്നെ ആവണമെന്നില്ല) നേരിടുന്ന മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങൾക്കെതിരെ ഒരു വാക്ക് പോലും ശബ്ദിക്കാത്ത ഇവർക്ക് സ്വന്തം ജീവിതം മാത്രമാണ് വലുത്.

പലപ്പോഴും പങ്കാളിയോ മാതാപിതാക്കളോ സഹോദരങ്ങളോ നടത്തുന്ന ഈ മാനസിക പീഡനങ്ങളെ വളരെ ലഘൂകരിച്ച് പുറത്തുള്ളവരോട് അത് പെൺകുട്ടിയുടെ മാത്രം പ്രശ്നമായി ചിത്രീകരിക്കുന്ന ഒരുപറ്റം ആളുകളുണ്ടാവും.

അവളൊന്ന് അഡ്ജസ്റ്റ് ചെയ്യാത്ത പ്രശ്നമാണെന്ന് പറയുന്നവരും മേൽപ്പറഞ്ഞ മെരുക്കൽ പ്രകിയയുടെ ഭാഗമാണ്. വീട്ടുകാരോട് ഇന്നലെ കയറി വന്ന ഒരാൾക്ക് വേണ്ടി സംസാരിച്ച് തന്റെ കംഫർട്ട് സോൺ നഷ്ടമാവാതിരിക്കാൻ സാമർത്ഥ്യമുള്ള ഓരോ മനുഷ്യരിലും സഹജീവി സ്നേഹം എത്ര മാത്രമുണ്ട് എന്നത് ചിന്തനീയമാണ്. പക്ഷേ അഭിനയ കുലപതികളായ ചില വ്യക്തികൾക്ക് എന്തൊരു കരുതലാണ് ആ മനുഷ്യന് എന്ന ചിന്ത വളർത്താൻ ഒരു മൂന്നു നാല് തലമുറ വരെയുള്ള ബന്ധങ്ങളെ അതിസമർത്ഥമായി ഇവർ നിലനിർത്തും.

ഇഷ്ടമില്ലാത്ത ഇടത്ത് ഇഷ്ടമില്ലാത്ത ആളുകളുടെ കൂടെ ജീവിത കാലം മുഴുവൻ കഴിയാനുള്ള വിധി എത്ര ഭീകരമാണ് എന്നറിയുമോ ?ഒരു പക്ഷെ കൊടും കുറ്റം ചെയ്ത് ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ട അവസ്ഥയേക്കാൾ പരിതാപകരം ആണത്

സ്വത്ത്, സാമൂഹിക പദവി, ബന്ധങ്ങൾ ഇങ്ങനെ പല കാര്യങ്ങളിൽ തന്റെ ഭാവിയ്ക്ക് എന്താണ് ആവശ്യം എന്ന വ്യക്തമായ കൃത്യത ഉള്ളതു കൊണ്ടാണ് പലപ്പോഴും മേൽ പറഞ്ഞ ആൾക്കാർ വെറുതെ ഞാനെന്തിന് കുഴപ്പത്തിൽ ചാടണം എന്ന് ചിന്തിക്കുന്നത്. എന്റെ ജീവിതം മാത്രമാണ് എനിയ്ക്ക് വലുത് എന്ന് ചിന്തിക്കുന്ന അതിഭീകരമായ സ്വാർത്ഥതയാണ് ഇവരെ ഭരിക്കുന്നത് എന്നത് പുറത്തു നിന്നു നോക്കുന്നവർക്ക് പളുങ്കു പോലെ വ്യക്തമാവും.ഒപ്പമുണ്ട് എന്നത് വാക്കിലല്ലാതെ പ്രവർത്തിയിലും കാണിക്കുന്ന ബന്ധങ്ങളെ തിരിച്ചറിയാൻ പഠിക്കുന്നിടത്താണ് നമ്മൾ ജീവിതത്തെ ശരിയായ രീതിയിൽ മനസ്സിലാക്കി തുടങ്ങുന്നു.