Jan 25 • 8M

മരണമുഖത്ത് നിന്ന് സർക്കാർ ജോലിയിലേക്ക് ഒരു ട്രാൻസ് വനിതയുടെ പോരാട്ടവിജയം!

Anagha Jayan E
Comment
Share
 
1.0×
0:00
-8:29
Open in playerListen on);
Episode details
Comments

ജീവിക്കാൻ വഴിയില്ലാതെ ദയാവധത്തിന് അപേക്ഷ കൊടുത്ത ട്രാൻസ് വനിത.. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി കേരളത്തിൽ അലയടിക്കുന്ന ഒരു വാർത്തയാണ് ഇത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ മന്ത്രിമാർ നേരിട്ട് ഇടപെട്ട് അവർക്ക് താൽക്കാലിക ജോലി വാഗ്ദാനം ചെയ്തു, ജീവിത പോരാട്ടം സാർത്ഥകം ആയി എന്ന രീതിയിൽ വാർത്തകളും വന്നു.

എന്നാൽ അനീറ ശരിക്കും ആരാണ്? ഒരു ദയാവധ അപേക്ഷയുടെ പേരിൽ ആണോ കേരള സമൂഹം അവരെ അറിയേണ്ടത്? അനീറ എന്ന ട്രാൻസ് യുവതിയുടെ ജീവവിതവും പോരാട്ടങ്ങളും അടുത്തറിഞ്ഞാൽ മുഖ്യധാരാ സമൂഹം ട്രാൻസ് കമ്മ്യൂണിറ്റിക്ക് മുന്നിൽ തന്നെ കൈകൂപ്പും.

പാലക്കാട് ഒറ്റപ്പാലത്ത് ഒരു അതിസാധാരണ കുടുംബത്തിൽ ആറ് മക്കളിൽ നാലാമതായി ജനിച്ച അനീറ ചെറുപ്പം മുതലേ താനൊരു സ്ത്രീയാണ് എന്ന് തിരിച്ചറിഞ്ഞു. ഒട്ടും മടി കൂടാതെ സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാനും സംസാരിക്കാനും തുടങ്ങി. ആ കാലം മുതൽ അവർ നേരിടുന്ന പീഡനങ്ങൾക്ക് ഒരു അറുതി ആകുമോ ഈ സർക്കാർ ജോലി? “2015 വരെ ഈ നാട്ടിൽ ട്രാൻസ് വ്യക്തി ആയിരിക്കുക എന്നത് ക്രിമിനൽ കുറ്റത്തിന് തുല്യം ആയിരുന്നു.

അതിനും വർഷങ്ങൾക്ക് ശേഷം സ്വവർഗ്ഗ ലൈംഗികതയും സ്വതന്ത്ര ലൈംഗികതയും നിയമവിധേയം ആക്കിയപ്പോൾ ആണ് ട്രാൻസ് വ്യക്തികൾക്ക് ഈ നാട്ടിൽ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ എങ്കിലും ലഭിക്കാൻ തുടങ്ങിയത്. അതിന് മുൻപ് ഞാൻ അടക്കം പലരും അനുഭവിച്ചിട്ടുള്ള യാതനകൾ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല,” അനീറ മനസ്സ് തുറന്നു.

സ്ത്രീവേഷം കെട്ടിയ പുരുഷൻ എന്ന് വിളിച്ച് അനീറയെ ലോക്കൽ പൊലീസ്, സ്റ്റേഷനിലെ ലോക്കപ്പിൽ ഇട്ട് കൈകാര്യം ചെയ്തിട്ടുണ്ട്. വീട്ടുകാർ പലവട്ടം പൂട്ടിയിട്ട് ഉപദ്രവിച്ചിട്ടുണ്ട്. ‘കൺവെർഷൻ തെറാപ്പി’ എന്ന പേരിൽ മതത്തെ കൂട്ട് പിടിച്ച് കൗണ്സിലിംഗും ലൈംഗിക ഉത്തേജന മരുന്നുകളും നൽകി പീഡിപ്പിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ ലൈംഗികത മറച്ച് വച്ച് ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ച് ഐ വി എഫിലൂടെ മക്കളെ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം മടുത്ത് ജീവിതം അവസാനിപ്പിക്കാൻ ഭാരതപ്പുഴയിൽ ചാടിയിട്ടുണ്ട്...

അനീറയുടെ ശബ്ദം ഇടറുകയാണ്. പിന്നിട്ട ജീവിതം കല്ലും കാരമുള്ളും നിറഞ്ഞത് ആണെങ്കിൽ ഇനി വരാനിരിക്കുന്നത് എങ്ങനെയാകും?

വീട്ടുകാരെ ഭയന്ന് സ്വന്തം ലൈംഗിക സ്വത്വം മറച്ച് വച്ച് സമൂഹത്തിൽ സാധാരണ കുടുംബ ജീവിതം നയിക്കുന്ന എത്ര പേരെ എനിക്ക് അറിയാമെന്നോ? അങ്ങനെ ഒരു കള്ളത്തരത്തിന് ഞാൻ തയ്യാർ അല്ലായിരുന്നു

“ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ആണ് ഒരിക്കൽ ഇഷ്ടമുള്ള വേഷം ധരിച്ചതിന് പോലീസ് പിടിച്ചത്. ‘സ്ത്രീവേഷം കെട്ടിയ പുരുഷൻ അറസ്റ്റിൽ എന്നുപറഞ്ഞ് അന്ന് വലിയ ഒച്ചപ്പാട് ആയി. ലോക്കപ്പിൽ ഇട്ട് ഉപദ്രവിച്ചു. പിന്നീട് വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ട് പോയി. എനിക്ക് അച്ഛനും അമ്മയും മൂന്ന് ചേച്ചിമാരും ഒരു ചേട്ടനും അനിയനും എല്ലാമുണ്ട്. അച്ഛന് കൂലിപ്പണിയായിരുന്നു. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കുന്നു എന്ന പേരിൽ ചെറുപ്പം മുതലേ എന്നെ എല്ലാവരും ഉപദ്രവിക്കുകയും കുത്തുവാക്ക് പറയുകയും ചെയ്യാറുണ്ട്.

വീട്ടുകാരെ ഭയന്ന് സ്വന്തം ലൈംഗിക സ്വത്വം മറച്ച് വച്ച് സമൂഹത്തിൽ സാധാരണ കുടുംബ ജീവിതം നയിക്കുന്ന എത്ര പേരെ എനിക്ക് അറിയാമെന്നോ? അങ്ങനെ ഒരു കള്ളത്തരത്തിന് ഞാൻ തയ്യാർ അല്ലായിരുന്നു. ഞാൻ ഇങ്ങനെ ആണ് എന്ന് തീരെ ചെറുപ്പം മുതൽ തന്നെ എന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാമായിരുന്നു. എന്നിട്ടും അവർ എന്നെ കൺവെർഷൻ തെറാപ്പി എന്ന പേരിൽ കൊടിയ പീഡനങ്ങൾ അടിച്ചേൽപ്പിക്കാൻ ഡോക്ടർ ടൈറ്റസ് വർഗീസിനടുത്ത് കൊണ്ട് പോയി.

അയാൾ മതത്തെയും സമൂഹത്തിന്റെ ബൈനറി കാഴ്ചപ്പാടുകളെയും കൂട്ട് പിടിച്ച് എന്നെ മാനസികമായും ശാരീരികമായും ഏറെ തളർത്തി. അതിന് ശേഷമാണ് പല ഭീഷണികളും മുഴക്കി, എന്നെ നിശ്ശബ്ദ ആക്കിക്കൊണ്ട് ഒരു പെൺകുട്ടിയും ആയി വീട്ടുകാർ എന്റെ വിവാഹം ഉറപ്പിക്കുന്നത്,” അനീറ പറയുന്നു.

ആദ്യ ദിവസങ്ങളിൽ തന്നെ അനീറ തന്റെ ലൈംഗിക സ്വത്വം ആ പെൺകുട്ടിയോട് തുറന്ന് പറഞ്ഞു. പക്ഷെ 'ഒരു കുഞ്ഞ് ഉണ്ടായാൽ എല്ലാം ശരിയാവും' എന്നായിരുന്നു രണ്ട് വീട്ടുകാരുടെയും നിലപാട്. എല്ലാം അറിഞ്ഞിട്ടും അവർ ലൈംഗിക ഉത്തേജന മരുന്നുകളും ഐവിഎഫ് ചികിത്സയും വഴി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിച്ചു. എന്നാൽ അനീറ തന്റെ ലൈംഗിക സ്വത്വം ഉറക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു. അങ്ങനെ ഒടുക്കം ഭാര്യ വിവാഹമോചനത്തിന് സ്വയം തയ്യാർ ആയി.

"കുഞ്ഞുങ്ങൾ എന്റെയല്ല എന്നാണ് കേസിന് പോയപ്പോൾ അവർ പറഞ്ഞത്. ഉത്തേജന മരുന്നുകളും ഐവിഎഫും വഴി പിറന്ന മക്കൾ എന്റെ അല്ലാതിരിക്കുമോ? എനിക്കറിയില്ല. എന്തായാലും എനിക്ക് മക്കളോട് അകമഴിഞ്ഞ വാത്സല്യമുണ്ട്. എനിക്ക് അവരെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹം ഉണ്ട്. എന്നെ കാണിക്കുന്നില്ല ഇപ്പോൾ. അവരെന്നെ അച്ഛാ എന്നാണോ അമ്മേ എന്നാണോ വിളിക്കുക എന്ന് പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട്. അവർ പോകുന്ന വഴികളിൽ ഒരു നോക്ക് കാണാൻ കാത്ത് നിൽക്കാറുമുണ്ട്. ഇഷ്ടമുള്ളത് വിളിക്കട്ടെ, എന്റെ മനസ്സിൽ ഞാൻ അവരുടെ അമ്മയാണ്.."

മാനസികമായും ശാരീരികമായും തകർന്നിരിക്കുമ്പോഴും അനീറ കൈവിടാതിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു - പഠനം, സാമൂഹ്യ പ്രവർത്തനം തുടങ്ങിയവ. പഠിക്കാതെ ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല എന്ന് ഉറപ്പിച്ച അനീറ, ചരിത്രത്തിൽ ബിരുദവും സോഷ്യോളജിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദവും സെറ്റ് പരീക്ഷയും എല്ലാം പാസായി. തന്റെ ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയും നടത്തി.

ഒറ്റപ്പാലം നഗരത്തിൽ ട്രാൻസ് കൂട്ടായ്മ നടത്തുന്ന പാൻട്രിയ്ക്ക് പിന്നിലും മറ്റ് പല സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുകളിലും അനീറയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്

ഒറ്റപ്പാലം നഗരത്തിൽ ട്രാൻസ് കൂട്ടായ്മ നടത്തുന്ന പാൻട്രിയ്ക്ക് പിന്നിലും മറ്റ് പല സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുകളിലും അനീറയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. "എന്നെപ്പോലെ ഉള്ളവർക്ക് ഇത്രമേൽ ദുരിതപൂർണ്ണം ആയ ജീവിതം ഇനി ഉണ്ടാകരുത്. അത് മാത്രമാണ് എന്റെ ലക്‌ഷ്യം," അനീറ പറയുന്നു.

അതിനെല്ലാം ശേഷം ആയിരുന്നു ജോലി തേടിയുള്ള അലച്ചിൽ. അയച്ച അപേക്ഷകൾക്കും പങ്കെടുത്ത അഭിമുഖങ്ങൾക്കും എഴുതിയ പരീക്ഷകൾക്കും ഒന്നും കണക്കില്ല. പക്ഷെ നേരിൽ കണ്ട് സംസാരിച്ചാൽ അനീറയ്ക്ക് ജോലി നിഷേധിക്കപ്പെടും. "ഇങ്ങനെ ഉള്ളവർ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്?" എന്ന് ഒരാൾ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ചേട്ടൻ ആക്സിഡന്റ് പറ്റി മരിച്ചിട്ട് എന്നെ മൃതദേഹം കാണാൻ പോലും സമ്മതിച്ചില്ല. അത് കൂടാതെ വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ച് മാനസികമായും ശാരീരികമായും തളർത്തി. ഇതെല്ലാം നടന്നത് വെറും 20 ദിവസങ്ങൾക്ക് മുൻപാണ്.. ജീവിതം മടുത്തു. ആത്മാർത്ഥം ആയാണ് ദയാവധത്തിന് അപേക്ഷ കൊടുത്തത്.."

മരിക്കാൻ പല തവണ അനീറ ശ്രമിച്ചതാണ്. ഒരിക്കൽ കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്നും ഭാരതപ്പുഴയിലേക്ക് ചാടി. പക്ഷെ അനീറയ്ക്ക് മുങ്ങാൻ ഉള്ള വെള്ളം അന്ന് നിളയിൽ ഉണ്ടായിരുന്നില്ല. പിന്നീട് പല വട്ടം അനീറ മരണത്തെ പുൽകാൻ ശ്രമിച്ചു. തോൽവി ആയിരുന്നു ഫലം. അതേക്കുറിച്ച് അനീറ ഇപ്പോൾ പറയുന്നത് ഇങ്ങനെ: "ഞാൻ ഇവിടെ ഉണ്ടാകണം എന്നത് നിയോഗം ആയിരിക്കണം. ഇല്ലെങ്കിൽ ഈ വൈകിയ വേളയിൽ എനിക്ക് സർക്കാർ ഇടപെടലോടെ ജോലി ലഭിക്കില്ലല്ലോ.."

ഒറ്റപ്പാലം ബി ആർ സിയിൽ താൽക്കാലിക ജോലിയാണ് അനീറയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം സ്ഥിരപ്പെടുത്താം എന്നാണ് സർക്കാരിന്റെ വാക്ക്. ജോലിസ്ഥലത്തെ സാഹചര്യങ്ങളോ സഹപ്രവർത്തകരുടെ മനോഭാവമോ ഒന്നും അനീറയ്ക്ക് അറിയില്ല. എന്നാലും ജീവിതത്തിൽ പുതിയ ഒരു ഉദ്യമത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങി ഇരിക്കുകയാണ് ഇവർ.

"ഇനി ചുരുക്കം ചില ലക്ഷ്യങ്ങളേ ഉള്ളൂ - മക്കളെ കാണണം, പോറ്റണം. കുടുംബത്തിന് പിന്തുണ ആകണം. ഒപ്പം ഞാൻ അനുഭവിച്ച യാതനകൾ ഇന്നും അനുഭവിക്കുന്ന മറ്റ് ട്രാൻസ് വ്യക്തികൾക്ക് കൈത്താങ്ങ് ആകണം. 'ആണും പെണ്ണും കെട്ടത്' എന്ന വിളി കേട്ട് ജീവിതം മടുത്തതാണ്.. ഇനി ആരും ഈ വിളി കേൾക്കാൻ ഇട വരരുത്. എന്തിന് ഇങ്ങനെ രണ്ടും അല്ലാതെ എന്നെ സൃഷ്ടിച്ചു എന്ന് ചോദിച്ച ഈശ്വരനോട് ജീവിക്കാൻ അവസരം ലഭിച്ചതിന് ഓരോ ട്രാൻസ് വ്യക്തിയും നന്ദി പറയുന്ന കാലം ആണ് എന്റെ സ്വപ്നം.." ശുഭപ്രതീക്ഷയോടെ അനീറ പറഞ്ഞ് നിർത്തി.