Mar 15 • 10M

''അന്ന് മുഖത്തേറ്റ പൊള്ളലാണ്, എന്റെ ജീവിതത്തിലെ നേട്ടങ്ങളുടെ ശക്തി'' പ്രതിസന്ധികളെ വിജയമാക്കി അമൃത

'അന്നെനിക്ക് പൊള്ളല്‍ ഏറ്റില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് അടങ്ങി ഒതുങ്ങി സാധാരണ ജീവിതം നയിക്കുമായിരുന്നു. എനിക്ക് പൊള്ളല്‍ ഏറ്റത് കൊണ്ടാണ് ഞാന്‍ ബാഡ്മിന്റണും ഹാന്‍ഡ് ബോളും കളിക്കാന്‍ തുടങ്ങിയത്'

Teena Joy
Comment
Share
 
1.0×
0:00
-9:42
Open in playerListen on);
Episode details
Comments

പ്രതിസന്ധികളേയും വെല്ലുവിളികളേയും പലതരത്തില്‍ ആണ് മനുഷ്യര്‍ നേരിടുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്ന് പോകുന്നത് മാനുഷികമാണ്, എന്നാല്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്നവരും നമുക്ക് ചുറ്റുമുണ്ട്. അവരുടെ കഥകള്‍ ഹൃദയഭേദകമായിരിക്കില്ല മറിച്ച് പ്രതീക്ഷ നല്‍കുന്നതായിരിക്കും. പ്രതീക്ഷകളാണ് മനുഷ്യരെ തോല്‍ക്കാന്‍ അനുവദിക്കാത്തത് എന്ന് എവിടേയോ കേട്ടതോര്‍ക്കുന്നു. അത്തരത്തില്‍ തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ചൊരു പ്രതിസന്ധിയെ അതിജീവിച്ച, അതൊരു അവസരമായിരുന്നു എന്ന് പറയുന്ന അമൃത, പ്രതീക്ഷയാണ്.

'അന്നെനിക്ക് പൊള്ളല്‍ ഏറ്റില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് അടങ്ങി ഒതുങ്ങി സാധാരണ ജീവിതം നയിക്കുമായിരുന്നു. എനിക്ക് പൊള്ളല്‍ ഏറ്റത് കൊണ്ടാണ് ഞാന്‍ ബാഡ്മിന്റണും ഹാന്‍ഡ് ബോളും കളിക്കാന്‍ തുടങ്ങിയത്'. അമൃതയുടെ ഈ മറുപടി ജീവിതത്തില്‍ തോറ്റ് കൊടുത്ത ഒരു വ്യക്തിയുടേത് ആയിരുന്നില്ല.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അമൃതക്ക് പൊള്ളല്‍ ഏല്‍ക്കുന്നത്. മണ്ണെണ്ണ വിളക്കില്‍ നിന്ന് ദേഹത്തേക്ക് അബദ്ധത്തില്‍ തീ പടരുകയായിരുന്നു. വെന്റിലേറ്ററില്‍ കിടന്ന ആറ് മാസം, വീടിന് പുറത്തിറങ്ങാന്‍ മടിച്ച ദിവസങ്ങള്‍, സ്‌കൂളില്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടലുകള്‍ മൂലം വീട്ടില്‍ ഇരിക്കേണ്ടി വന്ന രണ്ട് വര്‍ഷം ഇവയില്‍ നിന്ന് തന്നെ വീണ്ടെടുത്തത് അച്ഛനും അമ്മയും അനുജത്തിയും ആണെന്ന് അമൃത പറയുന്നു. പുറത്തിറങ്ങാന്‍ മടിച്ച് വീട്ടില്‍ കഴിച്ച് കൂട്ടിയപ്പോള്‍ അമ്മയാണ് അമൃതയെ നിര്‍ബന്ധിച്ച് പലയിടത്തേക്കും കൊണ്ട് പോയിരുന്നത്.

സ്‌കാര്‍ഫ് കൊണ്ട് പകുതി മുഖം മറിച്ച് പുറത്ത് പോയിരുന്ന അമൃത ഇന്ന് നേട്ടങ്ങള്‍ കൈവരിക്കുകയും ഇന്‍സ്റ്റഗ്രാം റീല്‍സുമായി സജീവമാകുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ കുടുംബം നല്‍കിയ പിന്തുണയുണ്ട്

പുറത്ത് പോകുമ്പോള്‍ ചിലര്‍ നോട്ടം കൊണ്ട് അസ്വസ്ഥപെടുത്തുമായിരുന്നപ്പോള്‍ അനുജത്തിയാണ് അവരോട് പ്രതികരിച്ചിരുന്നത്. സ്‌കാര്‍ഫ് കൊണ്ട് പകുതി മുഖം മറിച്ച് പുറത്ത് പോയിരുന്ന അമൃത ഇന്ന് നേട്ടങ്ങള്‍ കൈവരിക്കുകയും ഇന്‍സ്റ്റഗ്രാം റീല്‍സുമായി സജീവമാകുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ കുടുംബം നല്‍കിയ പിന്തുണയുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ അമൃതക്ക് കൂട്ടായി ജീവിത പങ്കാളി അഖിലും.

അതിജീവനം എളുപ്പമായിരുന്നില്ല. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ സ്‌കൂളില്‍ പോയി തുടങ്ങയെങ്കിലും ആദ്യ പിരീഡിന് ശേഷം തിരിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നിരുന്നു. ഇന്റര്‍വല്‍ ആയാല്‍ മറ്റ് ക്ലാസ്സുകളിലെ കുട്ടികള്‍ ക്ലാസ്സിന് പുറത്ത് കൂട്ടം കൂടുകയും അസ്വസ്ഥമാക്കുന്ന രീതിയില്‍ നോക്കി നില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ രണ്ട് വര്‍ഷത്തോളം സ്‌കൂളില്‍ പോകാതിരുന്നു. ആഘോഷങ്ങള്‍ എല്ലാം വിരസമായി തീര്‍ന്ന സമയമായിരുന്നു അന്നെല്ലാം. പുറത്തിറങ്ങുമ്പോള്‍ ഏറ്റവും വേദനിപ്പിച്ചിരുന്നത് പരിചിതരായ മനുഷ്യര്‍ തന്നെയായിരുന്നു.

ചിലര്‍ തന്നെ കാണുമ്പോള്‍ മറ്റുള്ളവരേയും വിളിച്ച് കാണിക്കുമായിരുന്നു. അതിന്റെ ആവശ്യം എന്തായിരുന്നു എന്നറിയില്ല. പലപ്പോളും തനിക്ക് പ്രതികരിക്കേണ്ടി വരാറില്ല. അനുജത്തിയാണ് തനിക്ക് വേണ്ടി സംസാരിച്ചിരുന്നത്. ഒരു പരിധി വരെ താന്‍ പ്രതികരിച്ചിരുന്നില്ല. വല്ലാതെ സങ്കടപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നവരെ താന്‍ കാര്യ കാരണങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു പതിവ്, അമൃത പറയുന്നു.

യാതനകളുടെ നാളുകൾ

പൊള്ളലിന് ശേഷം അമൃതക്ക് വലത് കൈ ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഡോക്ടര്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ പറഞ്ഞിരുന്നെങ്കിലും മടിയായിരുന്നു. അങ്ങനെയാണ് ഡോക്ടര്‍ പറഞ്ഞ പ്രകാരം ഒരു വ്യായാമം എന്ന നിലക്ക് ബാഡ്മിന്റണ്‍ കളിച്ച് തുടങ്ങിയത്. അങ്ങനെയാണ് അമൃത സ്‌പോര്‍ട്ട്‌സിലേക്ക് കടന്ന് വരുന്നത്. ബാഡ്മിന്റണിന് ശേഷം ഹാന്റ് ബോളും കളിച്ചിരുന്നു. പ്ലസ് ടു വില്‍ പഠിക്കുമ്പോള്‍ ഫിസിക്കല്‍ എഡുക്കേഷന്‍ മാസ്റ്റര്‍ ആയിരുന്ന തേജസ് സര്‍ ആണ് സൈക്ലിംഗ് പരിജയപ്പെടുത്തുന്നത്. കൊച്ചി അക്വിനാസ് കോളേജിലേക്ക് അമൃതയെ റഫര്‍ ചെയ്തതും സര്‍ ആണ്. ശേഷം അക്വിനാസില്‍ ബി എസ് സി ഫിസിക്ക്‌സിന് ചേര്‍ന്നപ്പോളാണ് ഹാന്‍ഡ് ബോള്‍ പഠിപ്പിച്ചിരുന്ന ഷാജി സര്‍ എന്ത് കൊണ്ട് സൈക്ലിംഗ് ചെയ്ത് നോക്കികൂടാ എന്ന് ചോദിക്കുന്നതും അപ്പോള്‍ നടന്ന് കൊണ്ടിരുന്ന ഡിസ്ട്രിക്ക്റ്റ് മീറ്റ് കണ്ട് നോക്കൂ താത്പര്യമുണ്ടെങ്കില്‍ ചെയ്യാം എന്ന് പറയുന്നതും.

അവിടെ നിന്നാണ് ഇന്ന് കാണുന്ന രീതിയില്‍ കാര്യങ്ങള്‍ മാറുന്നത്. 2017ല്‍ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ട്രാക്ക് സൈക്ലിംഗില്‍ പങ്കെടുത്തത് തുടങ്ങി, 2017-2018, 2018-2019 വര്‍ഷങ്ങളില്‍ നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗില്‍ രണ്ടാം സ്ഥാനം, സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്, നാഷണല്‍ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ പങ്കാളിത്തം, 2017 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം എം ജി യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം എന്നിവയെല്ലാം കരസ്ഥമാക്കിയത്. സൈക്ലിംഗിന് പുറമേ ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നീ ഇനങ്ങളിലും അമൃത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്‌പോര്‍ട്ട്‌സ് അമൃതക്ക് പാഷന്‍ മാത്രമല്ല, ജീവിതം തിരിച്ച് പിടിക്കാന്‍ സഹായിച്ച പ്രേരണയാണ്. സ്‌പോര്‍ട്ട്‌സ് തന്നെ പ്രൊഫഷന്‍ ആക്കാനാണ് ഉദേശം. രാവിലെ അഞ്ച് മണിക്ക് പ്രാക്റ്റീസ് തുടങ്ങാറുണ്ട്. പ്രതിസന്ധികള്‍ നേരിടേണ്ടി വരാറുണ്ടെങ്കിലും പ്രാക്റ്റീസില്‍ വിട്ട് വീഴ്ച്ച വരുത്താറില്ല. ഇപ്പോള്‍ അമൃത ഡെക്കാത്തലോണ്‍ വൈറ്റിലയില്‍ സൈക്ലിംഗ് വിഭാഗത്തിന്റെ സ്‌പോര്‍ട്ട്‌സ് ഹെഡ് ആയി വര്‍ക്ക് ചെയ്യുകയാണ്. 'ഒളിംപിക്‌സ് ഏതൊരു സ്‌പോര്‍ട്ട്‌സ് പേഴ്‌സണേയും പോലെ എന്റേയും ആഗ്രഹമാണ്. അതിനുള്ള പരിശ്രമം തുടര്‍ന്നും ഉണ്ടാകും. ഇത് പ്രപറേറ്ററി പിരീഡ് ആണ്. അതിനുള്ള പ്രാപ്തി നേടി എന്ന് എനിക്ക് തോന്നുമ്പോള്‍, അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പോകും' അമൃത പറഞ്ഞു.

'ഈ അവസ്ഥയിലൂടെ കടന്ന് പോകുക എന്നത് ആദ്യം ഒന്നും എളുപ്പം ആയിരുന്നില്ല. നമ്മള്‍ തല്‍കാലത്തേക്കെങ്കിലും നമ്മുടെ വിഷമങ്ങള്‍ എല്ലാം മറന്ന് പുറത്തിറങ്ങുമ്പോള്‍ ആകും ചിലര്‍ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെങ്കില്‍ കൂടി ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുന്നത്. നമ്മളെ അറിയുന്നവരും അറിയാത്തവരും അതില്‍ പെടും. അവര്‍ ചിന്തിക്കുന്നില്ല അത് എത്ര ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടാകുമെന്ന്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമൊക്കെ നിന്നിടത്ത് നിന്ന് ഞാന്‍ കരയാറുണ്ടായിരുന്നു. എങ്കില്‍ കൂടി എനിക്ക് തോന്നാറുണ്ട് എന്തിനാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത എന്ന്'.

പോസിറ്റിവ് ആയിരിക്കുക എന്നതാണ് പ്രധാനം

അപകടം മൂലമോ, ശാരീരികമായി തന്നെയോ, ജന്മനാ സംഭവിച്ച കാരണങ്ങള്‍ കൊണ്ടോ അങ്ങനെ പലതരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആ അവസ്ഥ മൂലം ബുദ്ധിമുട്ടുന്നവരും, അനുഭവിച്ച് ശീലം ആയവരും ഉണ്ടാകും. അങ്ങനെ ബുദ്ധിമുട്ടുന്നവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനോ, മറ്റുള്ളവരെ അവരുടെ വിഷമങ്ങള്‍ ഓര്‍മിപ്പിക്കാനോ ശ്രമിക്കരുത്. അങ്ങനെ ഉള്ള മനുഷ്യരെ നോട്ടം കൊണ്ട് പോലും താന്‍ അസ്വസ്ഥപെടുത്താറില്ല. കാരണം ആരെങ്കിലും നോക്കുന്നുണ്ടാകുമോ, എന്തെങ്കിലും പറയുന്നുണ്ടാകുമോ എന്നാകും അവര്‍ ചിന്തിക്കുന്നുണ്ടാകുക. അതിന്റെ വിഷമം തനിക്ക് മനസ്സിലാകും.

എല്ലാവരും നോര്‍മല്‍ ആയൊരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്. പുറത്തിറങ്ങുമ്പോള്‍ തന്നെ ആരും നോക്കിയില്ലെങ്കില്‍ വലിയ സന്തോഷം അനുഭവിച്ചിരുന്നു. ചിലര്‍ തന്നെ കണ്ടിട്ടുണ്ടാകാം എങ്കിലും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ തന്റെ അവസ്ഥ നോര്‍മല്‍ ആണ് എന്ന് തോന്നിയിട്ടുണ്ട്. അന്ന് പല സന്ദര്‍ഭങ്ങളിലും താന്‍ വീണ് പോകാതെയിരുന്നിട്ടുണ്ടെങ്കില്‍ തന്റെ വീട്ടുക്കാര്‍ ആണ് അതിന്റെ കാരണം. എന്നാല്‍ ഇന്ന് അങ്ങനെയുള്ള സന്ദര്‍ഭങ്ങളേയോ അത്തരക്കാരെയോ അവര്‍ പറയുന്നതിനേയോ താന്‍ വിലവയ്ക്കാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ റിയാക്റ്റ് ചെയ്യാന്‍ മുതിരാറില്ല. എന്നാല്‍ അസഹനീയമാകുമ്പോള്‍ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. അല്ലാത്ത പക്ഷം താന്‍ കാര്യമാക്കാറില്ല അമൃത പറഞ്ഞു.

പൊള്ളല്‍ ഏറ്റില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയും വളരുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. പൊള്ളല്‍ മൂലം ഉണ്ടായ ശാരീരിക പരിമിതികള്‍ ഇല്ലാതാക്കാനാണ് ഞാന്‍ സ്‌പോര്‍ട്ട്‌സ് ചെയ്ത് തുടങ്ങിയത്. അത് കൊണ്ടാണ് താന്‍ സൈക്ലിംഗിലേക്ക് ഇറങ്ങിയതും ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചതും, തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതും

'മറ്റുള്ളവര്‍ എന്ത് കരുതുന്നു എന്ത് പറയുന്നു എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, നമ്മള്‍ നമ്മളില്‍ വിശ്വസിച്ചാല്‍ മതി. നമുക്ക് നമ്മുടെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമ്മുടെ മുന്നില്‍ ഒരു ജീവിതം ഉണ്ട്. നമ്മള്‍ നമുക്ക് വേണ്ടി ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ നെഗറ്റിവിറ്റികളിലേക്ക് ശ്രദ്ധിക്കാന്‍ സമയം ഉണ്ടാകില്ല'.

ഓരോരുത്തര്‍ക്കും ഓരോ കഴിവുണ്ടാകും. എനിക്കിങ്ങനെ പറ്റിയത് കൊണ്ടാണ് എനിക്ക് പല കഴിവുകളും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. പൊള്ളല്‍ ഏറ്റില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇത്രയും വളരുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. പൊള്ളല്‍ മൂലം ഉണ്ടായ ശാരീരിക പരിമിതികള്‍ ഇല്ലാതാക്കാനാണ് ഞാന്‍ സ്‌പോര്‍ട്ട്‌സ് ചെയ്ത് തുടങ്ങിയത്. അത് കൊണ്ടാണ് താന്‍ സൈക്ലിംഗിലേക്ക് ഇറങ്ങിയതും ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചതും, തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതും.

ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാന്‍ തനിക്ക് ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാല്‍ അഖില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് ആ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിക്കുന്ന പിന്തുണ വളരേയധികം സന്തോഷവും പോസിറ്റിവിറ്റിയും തരുന്നുണ്ട്. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമ്പോള്‍ അത് ചെയ്യണം, സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് അധികം ആര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണ്, അമൃത കൂട്ടിച്ചേര്‍ത്തു.

നമുക്ക് ഉള്ള കഴിവുകള്‍ പുറത്തേക്കെടുക്കാന്‍ നമ്മള്‍ മടിക്കും. ആളുകള്‍ എന്ത് വിചാരിക്കും, അവര്‍ എങ്ങനെ പ്രതികരിക്കും എന്നെല്ലാമുള്ള സംശയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനെ തരണം ചെയ്യുമ്പോള്‍ പുതിയ അവസരങ്ങള്‍ നമ്മെ തേടി വരും. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില ചാലഞ്ചുകള്‍ നമ്മളെ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളായി മാറാം.

എന്ത് ചെയ്യണം, എവിടെ നിന്ന് തുടങ്ങണം എന്നൊന്നും അറിയാതിരിക്കുമ്പോള്‍ പലപ്പോളും നമുക്ക് ആവശ്യമായി വരുന്നത് ഒരു പുഷ് ആണ്. ഇതായിരുന്നു തനിക്കുള്ള പുഷ് എന്ന് അമൃത വിശ്വസിക്കുന്നു. ജീവിതവിജയം ഭാഗ്യം കൊണ്ടുണ്ടാകുന്നതല്ല, അത് പോരാട്ടങ്ങളിലൂടേയും അതിജീവനത്തിലൂടേയും നേടിയെടുക്കുന്നതാണ്. വീഴ്ച്ചകള്‍ക്കും വേദനകള്‍ക്കും അപ്പുറം ആഗ്രഹിക്കുന്നൊരു ജീവിതം നേടിയെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല, അസാധ്യവുമല്ല എന്ന് അമൃത തെളിയിക്കുന്നു.

A guest post by
Script Writer: She_is_equal , Historica
Subscribe to Teena