
ആസിഡ് കൊണ്ട് മുഖം വിരൂപമാക്കാം, പക്ഷെ ഈ സംരംഭകരുടെ സ്വപ്നങ്ങൾ തകർക്കാനാവില്ല!
പ്രണയം നിരസിച്ചതിൻറെ പേരിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടികളുടെ പോരാട്ടത്തിന്റെ, ചെറുത്തു നിൽപ്പിന്റെ തെളിഞ്ഞ മുഖമാണ് ആഗ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിറാസ് ഹാങ്ഔട്ട് കഫെ
ആസിഡ് ആക്രമണം! ഒരു വ്യക്തിയോട് ചെയ്യാൻ കഴിയുന്നതിൽ വച്ച് അങ്ങേയറ്റം ഹീനമായ കൃത്യം. ഇന്ത്യയിൽ ആസിഡ് ആക്രമണങ്ങളുടെ കേന്ദ്രങ്ങളായാണ് നോർത്ത് ഇന്ത്യൻ നഗരങ്ങൾ അറിയപ്പെടുന്നത് തന്നെ. പ്രണയം നിഷേധിച്ചാൽ, പങ്കാളികൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നാൽ, ആവശ്യങ്ങൾ പരിഗണിക്കാതിരുന്നാൽ... എല്ലാത്തിനുമുള്ള പരിഹാരം ആസിഡ് ആക്രമണമാണ്. അതിനാൽ തന്നെ പ്രതിവർഷം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. നിയമം കൊണ്ട് ആസിഡ് വില്പന നിയന്ത്രിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികൾക്ക് അവർ ആഗ്രഹിക്കുമ്പോൾ ആസിഡ് ലഭിക്കുന്നു.
16 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് ഇത്തരത്തിൽ ആസിഡ് ആക്രമണങ്ങളുടെ ഇരയാകുന്നത്. എന്ത്കൊണ്ടാണ് ഇത്തരത്തിൽ ആസിഡ് ആക്രമണം നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു വ്യക്തിയെ മരണം വരെ കടുത്ത ട്രോമയിലേക്ക് തള്ളിയിടാൻ പര്യാപ്തമായ മറ്റൊരു ഹീനകൃത്യം ഇല്ലെന്നത് തന്നെ കാരണം.
എനിക്ക് ലഭിക്കാത്ത പ്രണയം മറ്റാർക്കും ലഭിക്കേണ്ട എന്ന ദുഷ്ടചിന്തയും. ആസിഡ് ആക്രമണത്തിന്റെ ഇരകൾ തങ്ങളുടെ മുഖമൊന്നു കണ്ണാടിയിൽ നോക്കാൻ പോലും കഴിയാതെ, വേദനിക്കുമ്പോൾ പ്രതിക്ക് ലഭിക്കുന്ന സൈക്കോ ആനന്ദം തന്നെയാണ് ആസിഡ് ആക്രമണങ്ങളുടെ കാതൽ.
പലപ്പോഴും അവിചാരിതമായാണ് ആസിഡ് ആക്രമണങ്ങളുണ്ടാകുന്നത്. അമ്മയ്ക്കോ , സഹോദരിക്കോ ഒപ്പം ഇരിക്കുമ്പോൾ, അല്ലെങ്കിൽ കോളെജിലോ മാർക്കറ്റിലോ പോകുമ്പോൾ വളരെ അവിചാരിതമായി മുഖത്ത് നനുത്ത ചൂടുള്ള ഒരു ദ്രാവകം വീഴുക, എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കുന്നതിനു മുൻപേ ആ ദ്രാവകത്തിന്റെ ചൂട് മാംസത്തെ എരിച്ച് , തൊലിപ്പുറത്ത് കത്തിക്കയറും, ബോധം മറഞ്ഞാൽ ഭാഗ്യം എന്നെ പറയാനാകൂ, പിന്നീട് ഓർമ്മ തെളിയുമ്പോൾ ഏതെങ്കിലും ആശുപത്രിയുടെ ഇന്റെന്‍സീവ് കെയർ യൂണിറ്റിൽ ആയിരിക്കും. പിന്നീടൊരിക്കലും കണ്ണാടിയിൽ തന്റെ മുഖം കാണാൻ ആഗ്രഹിക്കാത്ത രീതിയിൽ അത്, വികൃതമായിട്ടുമുണ്ടാകും.
വളരെ ചെറിയപ്രായത്തിൽ, അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗീതയുടെയും നീതുവിന്റെയും മുഖത്ത് ആസിഡ് വീണത്, ആണ്കുഞ്ഞു ജനിക്കാത്ത ദേഷ്യത്തിൽ അച്ഛൻ ചെയ്ത പ്രതികാരം
ഒരാൾക്കും ചിന്തിക്കാനാവില്ല ഇത്തരമൊരു അവസ്ഥ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയ 5 പെൺകുട്ടികൾ ഇന്ന് പക്ഷെ ലോകത്തിന്റെ തന്നെ അഭിമാനമായി മാറുകയാണ്. ഗീത, ഋതു , നീതു , രൂപ , ഡോളി എന്നിവർ ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. എന്നാൽ അതിലുപരിയായി, തങ്ങളുടെ മുഖം പുറത്ത് കാണിക്കാതെ അവനവനിലേക്ക് ചുരുങ്ങി ജീവിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഉത്തർപ്രദേശിലെ ആഗ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിറാസ് ഹാങ്ഔട്ട് കഫെ എന്ന സ്ഥാപനത്തിലൂടെ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളുമായി സമൂഹമധ്യത്തിലേക്ക് ഇറങ്ങി ചെല്ലുകയാണിവർ.
''മറ്റുള്ളവരുടെ സഹാപാതപത്തിന്റെ പങ്ക് പറ്റി, അവരുടെ ജീവിതത്തിൽ ഒരു ബാധ്യതയായി ജീവിക്കുവാൻ ഞങ്ങൾക്ക് താല്പര്യമില്ല. ഞങ്ങളുടെ മുഖത്ത് ആസിഡ് എറിഞ്ഞു മുഖം വികൃതമാക്കിയവർ ഒരു പക്ഷെ ആഗ്രഹിക്കുന്നത് അതായിരിക്കും. എന്നാൽ അങ്ങനെ തോറ്റു കൊടുക്കുക്കാൻ ഞങ്ങൾക്ക് ഉദ്ദേശമില്ല.
അതിനാൽ മനസ് മടുക്കാത്ത ഞങ്ങൾ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നു, അറിയാവുന്ന തൊഴിൽ ചെയ്യുന്നു, ഞങ്ങളെപ്പോലെ ആസിഡ് ആക്രമണത്തിന് ഇരയായ അനേകംപേർക്ക് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിനായുള്ള ധൈര്യം നൽകുന്നു. 2014 ൽ പ്രവർത്തനമാരംഭിച്ച ഷിറോസ് ഹാങ്ഔട്ട് എന്ന ഈ കഫെയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത് ഇതൊക്കെയാണ്'' ഗീത, ഋതു , നീതു , രൂപ , ഡോളി എന്നിവർ ഒറ്റസ്വരത്തിൽ പറയുന്നു.
ആൺകുഞ്ഞു ജനിക്കാത്തതിൽ അച്ഛന്റെ പ്രതികാരം
പ്രണയം നിഷേധിക്കുമ്പോൾ മാത്രമല്ല, ആസിഡ് ആക്രമണങ്ങൾ നടക്കുന്നതെന്ന് തെളിയിക്കുകയാണ് ഗീതയുടെയും നീതുവിന്റെയും ജീവിതം. വളരെ ചെറിയപ്രായത്തിൽ, അമ്മയുടെ അരികിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഗീതയുടെയും നീതുവിന്റെയും മുഖത്ത് ആസിഡ് വീണത്, ആണ്കുഞ്ഞു ജനിക്കാത്ത ദേഷ്യത്തിൽ അച്ഛൻ ചെയ്ത പ്രതികാരം. തങ്ങളുടെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലാതിരുന്നിട്ടും സ്വന്തം അച്ഛനിൽ നിന്നും ഇത്തരത്തിലൊരു ദുർവിധി നേരിടേണ്ടി വന്നു ഗീതയ്ക്കും നീതുവിനും.
പ്രണയം നിഷേധിച്ചതിനെ പേരിൽ തീർത്തും അപരിചിതനായ ഒരുവനാണ് ഋതുവിന്റെ മുഖം വികൃതമാക്കിയത്. രൂപയുടെയും ഡോളിയുടെയും കാര്യവും വ്യത്യസ്തമല്ല. ഇരുവരും പ്രണയത്തിന്റെ പേരിൽ ആസിഡ് ആക്രണത്തിന്റെ ഇരയായവർ തന്നെ. ഇന്ത്യയിലെ പലസംസ്ഥാനങ്ങളിൽ നിന്നും വന്ന ഇവരെല്ലാം ഷിറോസ് ഹാങ്ഔട്ട് കഫെ എന്ന വലിയ ലക്ഷ്യത്തിനായി ഒന്നിക്കുകയായിരുന്നു.
ആസിഡ് അറ്റാക്ക് ഫൈറ്റർ ലക്ഷ്മിയുടെ കഥയാണ് ഇവർക്കെല്ലാം ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടണമെന്ന ആഗ്രഹം നൽകിയത്. 15 ആം വയസ്സിൽ ആസിഡ് ആക്രമണത്തിനു ഇരയായിട്ടും ജീവിതം പൊരുതി നേടിയ, യുഎന്നിന്റെ പോലും പ്രശംസയ്ക്ക് അർഹയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം 'ചാപക്' എന്ന സിനിമയുടെ രൂപത്തിൽ വെള്ളിത്തിരയിലെത്തിയപ്പോൾ ഷിറോസ് ഹാങ്ഔട്ട് കഫെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പഞ്ചേന്ദ്രിയങ്ങൾ പോലെ അഞ്ചുപേർ !
ആസിഡ് ആക്രമണത്തിന്റെ ഫലമായി ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടവരും കേൾവിശക്തി ഇല്ലാതായവരും സംസാരശേഷി ഭാഗികമായി നഷ്ടമായവരുമൊക്കെ ഗീത, ഋതു , നീതു , രൂപ , ഡോളി എന്നീ അഞ്ചുപേരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ കുറവുകളെക്കുറിച്ച് ചിന്തിക്കാതെ, പരസ്പരം പഞ്ചേന്ദ്രിയങ്ങളായി പ്രവർത്തിക്കാനാണ് ഇവർ തീരുമാനിച്ചത്. ഒരു ആയുസ്സിന്റെ വേദന മുഴുവൻ അനുഭവിച്ചു തീർത്താൽ തന്നെ ഇനി ജീവിതത്തിൽ കരയില്ല എന്ന് ഉറപ്പിച്ചുകൊണ്ടാണ് അഞ്ചുപേരും ആഗ്രയുടെ മണ്ണിൽ സംരംഭകത്വ ചിന്തയുമായി ഒന്നിക്കുന്നത്.
ഒരു ആയുസ്സിന്റെ വേദന മുഴുവൻ അനുഭവിച്ചു തീർത്താൽ തന്നെ ഇനി ജീവിതത്തിൽ കരയില്ല എന്ന് ഉറപ്പിച്ചുകൊണ്ടാണ് അഞ്ചുപേരും ആഗ്രയുടെ മണ്ണിൽ സംരംഭകത്വ ചിന്തയുമായി ഒന്നിക്കുന്നത്
ഓരോ വിധത്തിലുള്ള കഴിവുള്ളവരായിരുന്നു 5 പേരും. ഋതു രൂപ എന്നിവർ നന്നായി വരക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്യും , അറിയപ്പെടുന്ന ഒരു ഡിസൈനർ ആകാനായിരുന്നു ഇവരുടെ ആഗ്രഹം. ഗീതയാകട്ടെ , എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതിൽ മിടുക്കി. നീതു നന്നായി പാചകം പാചകം ചെയ്യും ഈ നാൽവർ സംഘത്തിനു കൂട്ടായി ഡോളി എന്ന 15 കാരിയും. സ്വന്തമായി വരുമാനം എന്ന ചിന്ത ആരംഭിച്ചിടത്താണ് ഷിറോസ് ഹാങ്ങൌട്ട് എന്ന കഫെയുടെ ആശയം ജനിക്കുന്നത്.
കരുത്തായി ലക്ഷ്മി അഗർവാൾ
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടികളെ ധൈര്യസമേതം ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ ലക്ഷ്മി പലശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ ഫലം ലഭിച്ചിട്ടുള്ളൂ. കാരണം, തിരിച്ചെടുക്കാൻ കഴിയാത്തവിധം ആത്മവിശ്വാസം ഇല്ലാതായിക്കഴിഞ്ഞിരുന്നു പലരുടെയും. അങ്ങനെയിരിക്കെയാണ് കാഞ്ഞങ്ങ സംഘത്തിന്റെ ആഗ്രഹം ലക്ഷ്മി അറിയുന്നത്. ലക്ഷ്മിയുടെ ഭർത്താവും സാമൂഹിക പ്രവർത്തകനുമായ അലോക് , കാർട്ടൂനിസ്ട്ടയ ഹാഷിം ത്രിവേദി എന്നിവരും ചാന്വ് ഫൗണ്ടേഷന് എന്ന എന്‍ജിഒയും ഈ സംരംഭത്തിനായുള്ള പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അങ്ങനെ 2014 ഡിസംബറിൽ ആഗ്ര ആസ്ഥാനമായി ഷിറോസ് ഹാങ്ഔട്ട് കഫെ പ്രവർത്തനം തുടങ്ങി.ആഗ്രയില്‍ താജ് മഹലിന് അടുത്താണ് കഫെ സ്ഥിതി ചെയ്യുന്നത്. ആദ്യം കഫെ മാത്രമായാണ് ആരംഭിച്ചത് എങ്കിലും ,പിന്നീട് വിശാലമായ ഒരു ലൈബ്രറിയും കൂടെ ഒരുക്കി. ഇപ്പോൾ പ്രവർത്തനം തുടങ്ങി എട്ടാം വർഷത്തിൽ എത്തി നിൽക്കുന്ന സ്ഥാപനം ആസിഡ് ആക്രമണത്തിന്റെ ഇരകളായ കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞു.
''തുടക്കത്തിൽ, ജനങ്ങൾ പ്രത്യേകിച്ച് താജ്മഹൽ കാണാൻ എത്തുന്ന സഞ്ചാരികൾ എങ്ങനെ ഈ സംരംഭത്തെ സ്വീകരിക്കുമെന്നത് വലിയ ചിന്തയായിരുന്നു. എന്നാൽ, പേടിക്കുന്ന പോലെ ഒന്നും സംഭവിച്ചില്ല. ജനങ്ങൾ ഇരുകയ്യും നീട്ടി ഷിറോസ് ഹാങ്ങൗട്ടിനെ സ്വീകരിച്ചു.പ്രദേശവാസികള്‍ വലിയ തോതില്‍ കഫെയെ പിന്തുണയ്ക്കുന്നുണ്ട്. ചാപക് എന്ന സിനിമ ഇറങ്ങിയ ശേഷം കഫെ കാണുന്നതിന് മാത്രമായി പോലും ആളുകൾ എത്തുന്നുണ്ട്.
ഇപ്പോൾ ഷിറോസ് ഹാങ്ഔട്ടിനോട് ചേർന്ന് സ്റ്റിച്ചിംഗ് യൂണിറ്റ്, ട്യൂഷൻ സെന്റർ തുടങ്ങിയ സംരംഭങ്ങളും നടത്തിവരുന്നു. രൂപയും ഋതുവും ഫാഷൻ ഡിസൈനിംഗ് ചെയ്യുന്നുണ്ട്
വളരെ വലിയ സ്വീകാര്യതയും സ്നേഹവുമാണ് ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത്. ജീവിതത്തിൽ മറ്റേതൊരു വ്യക്തിയേയും പോലെയാണ് ഞങ്ങളും എന്ന തോന്നൽ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇപ്പോൾ ഷിറോസ് ഹാങ്ഔട്ടിനോട് ചേർന്ന് സ്റ്റിച്ചിംഗ് യൂണിറ്റ്, ട്യൂഷൻ സെന്റർ തുടങ്ങിയ സംരംഭങ്ങളും നടത്തിവരുന്നു. രൂപയും ഋതുവും ഫാഷൻ ഡിസൈനിംഗ് ചെയ്യുന്നുണ്ട് '' നീതു പറയുന്നു.
പേര് അർത്ഥമാക്കുന്നത് പോലെ തന്നെ സ്ത്രീ ശാക്തീകരണത്തെ മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്. രണ്ട് നിലകളിലായാണ് കഫെ പ്രവര്‍ത്തിക്കുന്നത്. കഫെയില്‍ വായനാമുറികളുണ്ട്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജേണലുകളും പുസ്തകങ്ങളും തന്നെയാണ് ഈ വായനാമുറിയുടെ പ്രധാന ആകർഷണം. ഭക്ഷണത്തിന്റെ കാര്യം പറഞ്ഞാൽ, ആഗ്ര ഫുഡ് മാത്രമല്ല ഇവിടെ ലഭിക്കുക. ഇന്ത്യയുടെ വ്യത്യസ്തങ്ങളായ രുചികൾ കോർത്തിണക്കിയുള്ള ഭക്ഷണമാണ് പ്രധാന പ്രത്യേകത .
റാമ്പിൽ ചുവടു വച്ച്……
വൈരൂപ്യമുണ്ടെന്നു പറയപ്പെടുന്ന മുഖത്തേപ്പറ്റി മാത്രം ചിന്തിക്കാതെ, ഓരോ നിമിഷവും സന്തോഷിക്കുക, പ്രോഡക്റ്റിവ് ആക്കുക എന്നതാണ് ഷിറോസ് ഹാങ്ഔട്ട് മുന്നോട്ട് വയ്ക്കുന്ന നിർദേശം. അതിനാൽ തന്നെ ചർച്ചകളുടെ ഭാഗമാക്കുക, ഫാഷൻ ഷോകളിൽ പങ്കെടുക്കുക തുടങ്ങി പലവിധ കാര്യങ്ങളിൽ ഇവർ തിരക്കിലാണ്. ഇത്തരത്തിൽ 'സ്റ്റിചിങ്ങ് ഡ്രീംസ്' എന്നാ പേരില്‍ ഡിസൈനർ രൂപ വേദിയിൽ എത്തിച്ച വസ്ത്രങ്ങൾക്കും അത് ധരിച്ച മോഡലുകൾക്കും പ്രത്യേകതകൾ ഏറെയായിരുന്നു.
ഡിസൈനറും റാമ്പിൽ എത്തിയ മോഡലുകളും ആസിഡ് ആക്രമണത്തിന്റെ ഇരകളായിരുന്നു.ജീവിതത്തോടു പോരാടുവാൻ കാണിച്ച ആത്മവീര്യത്തിന്റെ തുടർച്ചയാണ് ഇത്തരം ഫാഷൻ ഷോകൾ.'സ്റ്റിചിങ്ങ് ഡ്രീംസ്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തുണികളിൽ രൂപ തയ്ച്ചിടുന്നത് തന്നെ പോലെ സമാന അവസ്ഥയിലുള്ളവരുടെ സ്വപ്നങ്ങളാണ്. ആസിഡ് ആക്രമണത്തിന്റെ ഇരകളായ ഡോളി , ഗീത, നീതു, സോണിയ, ഫറ, അൻഷു തുടങ്ങി എന്നിവരാണ് രൂപയ്ക്കൊപ്പം റാമ്പിൽ തിളങ്ങിയത്.മിസ്സിസ് ഇന്ത്യ വേൾഡ് വൈഡ് റണ്ണർ അപ്പ് ഹെന്നയായിരുന്നു ഷോ സ്റ്റോപ്പർ ആയി വേദിയിലെത്തിയത്.
പ്രതിസന്ധികളെ ചവിട്ടുപടികളാക്കി ഷിറോസ് ഹാങ്ങൌട്ട് മുന്നേറുമ്പോൾ തങ്ങൾക്കു വൈരൂപ്യം സമ്മാനിച്ചവരോട് ഇവർക്ക് ഒന്നേ പറയാനുള്ളൂ 'ആസിഡ് ഒഴിച്ച് വിരൂപയാക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല'.അണയാത്ത സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി യാത്ര മുന്നോട്ട് തന്നെ.